ADVERTISEMENT

ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെക്കുറിച്ച് സ്ഥിരം കേള്‍ക്കാറുണ്ട്. സ്വന്തം വാഹനത്തിലും പൊതുഗതാഗത സൗകര്യങ്ങള്‍ ഉപയോഗിച്ചും ഇങ്ങനെ യാത്ര ചെയ്യുന്ന ആളുകളുടെ എണ്ണം കൂടി വരികയാണ്. ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമായി വാഹനങ്ങള്‍ ഉപയോഗിക്കാതെ കാല്‍നടയായി മാത്രം 5,000 മൈലുകള്‍ (ഏകദേശം 8046.72 കിലോമീറ്റർ) താണ്ടിയ ഉര്‍സുല മാര്‍ട്ടിന്‍ എന്ന യുവതിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്ന പുതിയ താരം.

ഉക്രേനിയൻ തലസ്ഥാനമായ കിയെവിൽ നിന്ന് പുറപ്പെട്ട് ഏകദേശം മൂന്നു വർഷത്തിന് ശേഷമാണ് ഉർസുല മാർട്ടിൻ ഇക്കഴിഞ്ഞ ഞായറാഴ്ച പവീസിലെ ലാനിഡ്‌ലോസിൽ തിരിച്ചെത്തിയത്. അണ്ഡാശയ കാൻസറിനെക്കുറിച്ച് അവബോധം വളർത്തുന്നതിനായിരുന്നു ഈ യാത്ര. 10 വർഷം മുന്‍പ് ഉർസുലയ്ക്ക് അണ്ഡാശയ ക്യാൻസര്‍ കണ്ടെത്തിയിരുന്നു. 

ജർമനിയിൽ നിന്ന് റൊമാനിയയിലേക്ക് ഒഴുകുന്ന ഡാനൂബ് നദീഭാഗത്ത് കയാക്കിങ് കഴിഞ്ഞ് യുകെയിലേക്ക് മടങ്ങാനിരിക്കെയായിരുന്നു തനിക്ക് കാന്‍സര്‍ ആണെന്ന് ഉര്‍സുല തിരിച്ചറിഞ്ഞത്. അങ്ങനെയാണ് ഈ രോഗത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനുള്ള ഒരു കാല്‍നടയാത്ര തുടങ്ങിയാലോ എന്ന ചിന്ത ഉര്‍സുലയുടെ മനസ്സിലേക്ക് കടന്നുവന്നത്. 

യാത്രക്കിടെ തങ്ങാനുള്ള സ്ഥലങ്ങള്‍ കണ്ടുപിടിക്കാന്‍ സുഹൃത്തുക്കളും കുടുംബവും സഹായിച്ചു. ഇടയ്ക്ക് കൊറോണ മൂലമുണ്ടായ ലോക്ഡൗണ്‍ സമയത്ത് മൂന്നു മാസത്തോളം യാത്ര ചെയ്യാനായില്ല. ഫ്രാന്‍സിനു തെക്ക്, ഒരു സുഹൃത്തിന്‍റെ വീട്ടിലായിരുന്നു അക്കാലമത്രയും തങ്ങിയത്. പിന്നീട് യാത്ര തുടര്‍ന്നപ്പോഴും പലയിടങ്ങളിലും ലോക്ഡൗണ്‍ ആയതു കാരണം യാത്രയുടെ വേഗം കുറഞ്ഞു. അതിനാല്‍, കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ അവസാനിക്കേണ്ടിയിരുന്ന യാത്ര, ആറുമാസം വൈകി ഈ ജൂണിലാണ് അവസാനിച്ചത്. യാത്ര തീര്‍ന്നപ്പോള്‍ ഏറെ നഷ്ടബോധം തോന്നുന്നു എന്ന് ഉര്‍സുല പറയുന്നു.

ഇത്തരത്തിലുള്ള യാത്രകള്‍ ഇനിയും തുടരാനാണ് ഉര്‍സുലയുടെ തീരുമാനം. വരുന്ന ജനുവരിയില്‍ അണ്ഡാശയ കാൻസര്‍ കണ്ടെത്തിയതിന്‍റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ഇത്തരത്തിലുള്ള അടുത്ത ഒരു കാല്‍നട യാത്രക്ക് ഒരുങ്ങുകയാണ് ഉര്‍സുല ഇപ്പോള്‍.

 

English Summary: woman has completed her 5,000-mile Walk from Ukraine to Wales

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com