ADVERTISEMENT

ആകാശനീല നിറത്തില്‍ പരന്നുകിടക്കുന്ന തടാകം. ഇറങ്ങിയാലോ, നല്ല ചൂടുവെള്ളത്തില്‍ കുളിച്ചു കയറാം! ഈ വെള്ളം ചര്‍മത്തെ മനോഹരമാക്കുകയും ചെയ്യും. ഐസ്‌ലൻഡിലെ ബ്ലൂ ലഗൂണ്‍ എന്ന ഈ ജിയോതെര്‍മല്‍ ജലാശയം എപ്പോഴും സഞ്ചാരികളെക്കൊണ്ട് നിറഞ്ഞിരിക്കും. മനോഹരമായ ലഗൂണ്‍ കാണാനും വെള്ളത്തിലിറങ്ങാനുമായി വര്‍ഷംതോറും നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്.

തെക്കുപടിഞ്ഞാറൻ ഐസ്‌ലൻഡിലെ ഗ്രിൻഡാവക്കിനടുത്തുള്ള ലാവ പ്രദേശത്ത്, റെയ്ക്ജാനസ് പെനിൻസുലയിലെ ഓർബ്ജോർൺ പർവതത്തിന് മുന്നിലാണ് ബ്ലൂ ലഗൂണ്‍. ഇത് മനുഷ്യനിര്‍മിതമായ ജലാശയമാണ്. അടുത്തുള്ള സ്വാർട്ട്സെംഗി ജിയോതർമൽ പവർ സ്റ്റേഷനിൽ ഉപയോഗിക്കുന്ന വെള്ളം സംഭരിക്കുന്നതിനു വേണ്ടിയാണ് ഈ ലഗൂണ്‍ ഉപയോഗിക്കുന്നത്. ഇവിടെനിന്ന് ഒഴുകിയെത്തുന്നതിനാലാണ് ഈ വെള്ളത്തിന് എപ്പോഴും ചൂടുണ്ടാകുന്നത്.

Blue-Lagoon-3

1981-ൽ ഈ ലഗൂണില്‍ കുളിച്ച സോറിയാസിസ് രോഗിയായ ഒരാള്‍, തനിക്ക് അല്‍പം രോഗശമനം ഉണ്ടായതായി കണ്ടെത്തി. അങ്ങനെയാണ് ഈ വെള്ളത്തിന് ഔഷധഗുണം ഉണ്ടെന്ന രീതിയില്‍ ആളുകള്‍ സംസാരിച്ചു തുടങ്ങുന്നത്. 1987 ൽ ഇവിടെ സന്ദര്‍ശകര്‍ക്ക് കുളിക്കാനുള്ള സൗകര്യമൊരുക്കി. ലഗൂണിന്റെ മേൽനോട്ടത്തിന് 1992 ൽ ബ്ലൂ ലഗൂൺ കമ്പനിയും തുറന്നു.

പിന്നീട്, ലഗൂണിലെ സള്‍ഫര്‍ അടങ്ങിയ വെള്ളം സോറിയാസിസിന് ശമനമുണ്ടാക്കുമെന്ന് 1990 കളിൽ നടത്തിയ പഠനങ്ങൾ ശാസ്ത്രീയമായി സ്ഥിരീകരിച്ചു. 1994 ൽ ഇവിടെ ഒരു സോറിയാസിസ് ക്ലിനിക്കും ആരംഭിച്ചു, 1995 ൽ ബ്ലൂ ലഗൂൺ കമ്പനി സിലിക്ക, ആൽഗ, ഉപ്പ് എന്നിവ അടങ്ങിയ ചർമസംരക്ഷണ ഉൽപന്നങ്ങൾ വിപണനം ചെയ്യാനും തുടങ്ങി.

സയനോബാക്ടീരിയയുടെ സാന്നിധ്യമുള്ളതിനാലാണ് ലഗൂണിലെ വെള്ളത്തിന്‌ മനോഹരമായ നീലനിറം ലഭിക്കുന്നത്. സൗന്ദര്യവർധക, രോഗശാന്തി ഗുണങ്ങളുള്ള ഒരുതരം ആൽഗയും ഇവിടെയുണ്ട്. 

Blue-Lagoon

സഞ്ചാരികളെ കാത്ത്

മസാജ് സെന്റർ, ആവിക്കുളി, ടർക്കിഷ് ബാത്ത്, റസ്റ്ററന്റ്, വെള്ളത്തിനു നടുവിൽ സ്ഥിതിചെയ്യുന്ന മനോഹരമായ ബാർ തുടങ്ങിയവയും ഇവിടെ സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഓരോ 48 മണിക്കൂറിലും ലഗൂണിലെ വെള്ളം മാറ്റിക്കൊണ്ടിരിക്കുന്നതിനാല്‍ ശുചിത്വവും ഉറപ്പാക്കപ്പെടുന്നു. 

2017 ൽ 1.3 ദശലക്ഷം സന്ദർശകരാണ് ലഗൂണില്‍ എത്തിയത്. 2015 ൽ ഇത് 919,000 ആയിരുന്നു. മില്യന്‍ കണക്കിനാണ് കമ്പനിക്ക് ഇന്ന് ഇവിടെനിന്നു വരുമാനം ലഭിക്കുന്നത്. കമ്പനിയില്‍ 600 ലധികം ജീവനക്കാരുണ്ട്. ഒരാള്‍ക്ക് 64 ഡോളര്‍ മുതലാണ്‌ പ്രവേശന ഫീസ്. 

കെഫ്‌ലാവക്  രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ഏകദേശം 20 കിലോമീറ്റർ അകലെയാണ് ബ്ലൂ ലഗൂൺ, ഐസ്‌ലൻഡിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണിത്.

 

English Summary:Blue Lagoon,The Most Famous Geothermal Pool In Iceland

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com