ADVERTISEMENT

ഒരു വർഷത്തിലേറെ നീണ്ട കോവിഡ് നിയന്ത്രണങ്ങൾക്കു ശേഷം വിനോദസഞ്ചാരികൾക്കായി വാതിൽ തുറന്നിരിക്കുകയാണ് യൂറോപ്പ്. ടൂറിസം കേന്ദ്രങ്ങളിലേക്കും ഹോട്ടലുകളിലേക്കുമൊക്കെ സഞ്ചാരികൾ വീണ്ടുമെത്തുന്നതോടെ പഴയ പ്രതാപം വീണ്ടെടുക്കാമെന്നാണു പ്രതീക്ഷ. 2020 മാർച്ചിനുശേഷം ആദ്യമായി യൂറോപ്യൻ യൂണിയന്റെ (ഇയു) വാതിലുകൾ ഓരോന്നായി അതിഥികൾക്കു മുന്നിൽ തുറക്കുമ്പോൾ ഏറെ നിയന്ത്രണങ്ങളുമുണ്ട്.

27 രാജ്യങ്ങളുള്ള ഇയുവിന് ഏകീകൃത കോവിഡ് ടൂറിസം നയമോ നിയന്ത്രണങ്ങളോ ഇല്ല. എന്നാൽ, വാക്സീനെടുത്തവരോ നിശ്ചിത സമയത്തിനകം കോവിഡ് പരിശോധന നടത്തി നെഗറ്റീവ് ആയവരോ ആയ സഞ്ചാരികൾക്ക് ഈ രാജ്യങ്ങളിലൂടെ സന്ദർശിക്കാൻ സഹായിക്കുന്ന സംയുക്ത ഡിജിറ്റൽ ട്രാവൽ സർട്ടിഫിക്കറ്റ് നിലവിലുണ്ട്. സ്പെയിൻ, ജർമനി, ഗ്രീസ്, ബൾഗേറിയ, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്, ഡെൻമാർക്ക്, പോളണ്ട് ഉൾപ്പെടെ രാജ്യങ്ങളിൽ ഈ സംവിധാനമുണ്ട്. ബാക്കിയിടങ്ങളിൽ ജൂലൈ 1 മുതൽ ഇതു പ്രാബല്യത്തിൽ വന്നേക്കും.

paris-travel

∙ ഫ്രാൻസ്

ഈ മാസം ഒൻപതിന് അതിർത്തികൾ വീണ്ടും തുറന്ന ഫ്രാൻസ്, കുത്തിവയ്പ് എടുത്തവരെ സ്വാഗതം ചെയ്യുകയാണ്. പക്ഷേ, യൂറോപ്യൻ യൂണിയൻ അംഗീകരിച്ച 4 വാക്സിനുകളിൽ ഒന്നാകണം എടുത്തതെന്നു മാത്രം; ഫൈസർ, അസ്ട്രാസെനക, മോഡേണ അല്ലെങ്കിൽ ജോൺസൻ & ജോൺസൻ.

യൂറോപ്പിനു പുറത്തുനിന്നും ‘ഗ്രീ‍ൻ ലിസ്റ്റി’ലെ ചില രാജ്യങ്ങളിൽനിന്നുമുള്ള സന്ദർശകർക്ക് 72 മണിക്കൂറിനുള്ളിലെ നെഗറ്റീവ് പിസിആർ റിപ്പോർട്ടോ 48 മണിക്കൂറിനുള്ളിലെ നെഗറ്റീവ് ആന്റിജൻ റിപ്പോർട്ടോ നിർബന്ധമാണ്. വാക്സീനെടുത്തിട്ടില്ലാത്ത 11 വയസ്സു വരെയുള്ള കുട്ടികളെ, വാക്സീനെടുത്ത മുതിർന്നവർക്കൊപ്പം അനുവദിക്കും. ഇന്ത്യ, ദക്ഷിണാഫ്രിക്ക, ബ്രസീൽ ഉൾപ്പെടെ ‘റെഡ് ലിസ്റ്റ്’ പട്ടികയിലെ 16 രാജ്യങ്ങളിൽനിന്നുള്ള വിനോദസഞ്ചാരികൾക്ക് ഇപ്പോഴും അനുമതിയില്ല.

italy-trip

∙ ഇറ്റലി

യുഎസ് സഞ്ചാരികൾക്കു മേയ് പകുതി മുതൽ ഇറ്റലി പ്രവേശനം അനുവദിച്ചിട്ടുണ്ട്. എന്നാൽ, യാത്രയ്ക്കു മുൻപും ശേഷവും പരിശോധന നടത്തുന്ന ‘കോവിഡ് ടെസ്റ്റഡ്’ വിമാനങ്ങളിലല്ല എത്തുന്നതെങ്കിൽ 10 ദിവസം ഐസലേഷനിൽ കഴിയേണ്ടതുണ്ട്. യുഎസിനു പുറമേ കാനഡ, ജപ്പാൻ, യുഎഇ എന്നിവിടങ്ങളിൽ നിന്നും ‘കോവിഡ് ടെസ്റ്റഡ്’ വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്. ബ്രിട്ടൻ, ഇസ്രയേൽ എന്നിവിടങ്ങളിൽനിന്നുള്ള സഞ്ചാരികൾക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്.

Greece1

∙ ഗ്രീസ്

ടൂറിസത്തെ ആശ്രയിക്കുന്ന ഗ്രീസ് ഏപ്രിലിൽത്തന്നെ അമേരിക്കൻ യാത്രക്കാർക്കു പ്രവേശനം അനുവദിച്ചിരുന്നു. ഇപ്പോൾ ചൈന, ബ്രിട്ടൻ ഉൾപ്പെടെ 20 രാജ്യക്കാർക്കുകൂടി അനുമതിയുണ്ട്. എല്ലാവരും വാക്സിനേഷൻ സർട്ടിഫിക്കറ്റോ നെഗറ്റീവ് പിസിആർ പരിശോധനാഫലമോ നൽകണം. ഈ നിർദേശം ജൂൺ 14 വരെയാണു ബാധകമെങ്കിലും നീട്ടുമെന്നാണു സൂചന.

spain

∙ സ്പെയിൻ

ഈയാഴ്ചയാണു സ്പെയിനിൽ വേനൽക്കാല ടൂറിസം സീസൺ ആരംഭിച്ചത്. യുഎസ്, ബ്രിട്ടൻ ഉൾപ്പെടെ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്കാണ് അനുമതി. വാക്സീൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. നെഗറ്റീവ് പരിശോധനാഫലമുള്ള യൂറോപ്യൻ സന്ദർശകർക്കുമെത്താം. ഇയു അംഗീകാരമുള്ള 4 വാക്സീനുകളും ലോകാരോഗ്യ സംഘടന അംഗീകരിച്ച 2 ചൈനീസ് വാക്സീനുകളും സ്വീകാര്യമാണ്. ബ്രസീൽ, ദക്ഷിണാഫ്രിക്ക, ഇന്ത്യ എന്നിവിടങ്ങളിൽനിന്നുള്ളവർക്കു യാത്രാനിരോധനമുണ്ട്.

English Summary: Which European Countries open Their Doors for Tourists?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com