ADVERTISEMENT

ലോകത്തെ അതിപ്രശസ്തമായ നിരവധി മ്യൂസിയങ്ങളുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും പ്രശസ്തമായ ഒന്നാണ് തായ്‌‌‌‌ലൻഡിലുള്ള മ്യൂയാങ്ങ്‌ ബോറന്‍. ലോകത്തിലെ ഏറ്റവും വലിയ ഔട്ട്‌ഡോര്‍ മ്യൂസിയമാണിത്. തായ്‍‍ലൻഡ് എന്നാല്‍ വെറും ബീച്ചുകളും ലൈംഗികടൂറിസവും മാത്രമാണെന്ന ധാരണ തിരുത്താന്‍ മ്യൂസിയത്തിനുള്ളില്‍ അല്‍പ്പസമയം ചിലവഴിച്ചാല്‍ മതിയാകും. ഈ രാജ്യത്തിന്‍റെ സമ്പന്നമായ പാരമ്പര്യവും കലാചാതുര്യവും എത്രത്തോളമുണ്ടെന്ന് ഇവിടെയുള്ള ഒരോ സൃഷ്ടിയും സഞ്ചാരികളോട് വിളിച്ചുപറയും.

തായ് വ്യവസായിയായിരുന്ന ലേക്ക് വിരിയാഫന്‍റ് നിര്‍മിച്ച ഈ മ്യൂസിയത്തിന് ഇരുന്നൂറ് ഏക്കറോളം വിസ്തൃതിയുണ്ട്. സമൂത് പ്രകൻ പ്രവിശ്യയിലെ ക്രോക്കഡൈല്‍ ഫാമിന് സമീപത്താണ് ഇതുള്ളത്. തായ്‍‍‍‍ലൻഡിന്റെ ആകൃതിയിലാണ് ഇത് നിര്‍മിച്ചിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. തായ്‍‍‍‍ലൻഡിലെ ഏറ്റവും പ്രധാനപ്പെട്ട 116 സ്മാരകങ്ങളുടെ ഘടനകളുടെയും വാസ്തുവിദ്യാ ആകർഷണങ്ങളുടെയും മാതൃകകള്‍ ഇവിടെയുണ്ട്.

ലേക്ക് വിരിയാഫന്‍റെ കരവിരുത്

museum-in-Thailand

കലാസ്നേഹിയായ ഒരു ബിസിനസുകാരനായിരുന്നു ലേക്ക് വിരിയാഫന്‍റ്. പരമ്പരാഗത തായ് കെട്ടിടങ്ങളുടെ മിനിയേച്ചറുകള്‍ നിറഞ്ഞ ഒരു ഗോൾഫ് കോഴ്‌സ് നിര്‍മിക്കാനായിരുന്നു ലേക്ക് ആദ്യം തീരുമാനിച്ചത്. പിന്നീട്, രാജ്യത്തിന്‍റെ കലാപരവും സാംസ്കാരികവുമായ ഓർമകൾ സംരക്ഷിക്കുന്ന ഒരു സ്ഥലമാക്കി ഇവിടം മാറ്റിയെടുത്താലെന്തെന്ന് അദ്ദേഹം ചിന്തിച്ചു. അങ്ങനെയാണ് മ്യൂയാങ്ങ്‌ ബോറന്‍ മ്യൂസിയം പിറവിയെടുത്തത്.

ചരിത്രപരമായ കൃത്യത ഉറപ്പുവരുത്തുന്നതിനായി ദേശീയ മ്യൂസിയത്തിലെ വിദഗ്ധരുടെ സഹായത്തോടെയാണ് ഈ പകർപ്പുകൾ നിർമിച്ചത്. 1767 ലെ ബർമീസ് ആക്രമണത്തിൽ നശിപ്പിക്കപ്പെട്ട ഗ്രാന്റ് പാലസ് ഓഫ് ആയുത്തായ, നഖോൺ റാറ്റ്ചാസിമയിലെ ഫിമൈ സാങ്ച്വറി, കമ്പോഡിയൻ അതിർത്തിയിലെ വാട്ട് ഖാവോ ഫ്രാ വിഹാൻ എന്നിവയുടെ മാതൃകകള്‍ ശ്രദ്ധേയമാണ്. 

വിസ്തീർണ്ണം വളരെ കൂടുതലായതിനാല്‍ മ്യൂസിയം മുഴുവന്‍ നടന്നു കാണുക എന്നത് അത്ര പ്രായോഗികമല്ല. സന്ദര്‍ശകര്‍ക്ക് സൈക്കിൾ, ഗോൾഫ് കാർട്ട് മുതലായവ വാടകയ്‌ക്കെടുക്കാന്‍ ഇവിടെ സൗകര്യമുണ്ട്. പ്രവേശന കവാടത്തിൽ തന്നെ ഇവ ലഭ്യമാണ്. സമയക്രമം, ചാര്‍ജുകള്‍, ഗ്രൂപ്പ് ടൂറുകൾ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ https://www.muangboranmuseum.com/ എന്ന ഔദ്യോഗിക വെബ്സൈറ്റിൽ കാണാം:

English Summary: Ancient City, the world’s largest outdoor museum in Thailand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com