ADVERTISEMENT

സഞ്ചാരികളുടെ പ്രിയയിടമായ തായ്‌‌ലൻഡിൽ സുന്ദരകാഴ്ചകള്‍ മാത്രമല്ല, ആരും മൂക്കത്ത് വിരൽവയ്ക്കുന്ന അമ്പരപ്പിക്കുന്ന കാഴ്ചകളുമുണ്ട്. അങ്ങനെയൊന്നാണ് വെജിറ്റേറിയന്‍ ഫെസ്റ്റിവൽ. ഫുക്കറ്റ് നഗരത്തിൽ ആഘോഷിക്കപ്പെടുന്ന ഇൗ വെജിറ്റേറിയൻ ഉത്സവം തായ്‌ലൻഡിലെ പ്രശസ്തമായ ആഘോഷങ്ങളിൽ ഒന്നാണ്. വിചിത്രമെന്ന് തോന്നാവുന്ന ഇവിടുത്തെ ഉത്സവം കാണാൻ ലോക സഞ്ചാരികൾ എത്താറുണ്ട്.

കത്തി മുതൽ കോടാലി വരെ

തായ്‍‍ലൻഡിലെ ഈ ഉത്സവത്തിൽ കത്തികൾ, ഗ്യാസ് നോസിൽ, കാർ ഷോക്ക് അബ്സോർബർ, മൂർച്ചയുള്ള ആയുധങ്ങൾ, ബ്ലേഡുകൾ, വാളുകൾ, ഇരുമ്പ് കമ്പികൾ അങ്ങനെ മൂർച്ചയുള്ള എന്തും കവിളിലൂടെ കുത്തിയിറക്കും. ആൺ-പെൺ ഭേദമന്യേ ഉത്സവത്തിൽ പങ്കെടുക്കുന്ന എല്ലാവരും ദേവൻമാരെ പ്രീതിപ്പെടുത്തുന്നതിനായി ഇതൊക്കെ ചെയ്യും. വായിലൂടെയുള്ള കുത്തിയിറക്കൽ മാത്രമല്ല തീക്കനലീലൂടെ നടക്കുക, ബ്ലേഡുകൾ ഘടിപ്പിച്ച ഗോവണി ചവിട്ടി കയറുക തുടങ്ങിയ സാഹസങ്ങളും ഇതിൽ പങ്കെടുക്കുന്നവർ ചെയ്യുന്നു. ഇതൊക്കെ മാനസിക-ശാരീരിക ആരോഗ്യത്തിന് വേണ്ടിയാണത്രേ. 

ഘോഷയാത്ര സമയത്ത്, മസോംഗ് എന്ന് വിളിക്കുന്ന ദേവന്മാരുടെ ആത്മാക്കളെ സ്വന്തം ശരീരത്തിലേക്ക് ക്ഷണിക്കുന്ന ആളുകളാണ് ഇൗ ആചാരങ്ങൾ ചെയ്യുന്നത്. അവർക്ക് വേദന അനുഭവപ്പെടില്ലെന്നും മുറിവുകളിൽ നിന്ന് ശരീരത്തിലേക്കു കയറുന്ന ആത്മാക്കൾ അവരെ സംരക്ഷിക്കുമെന്നുമാണ് വിശ്വാസം.

ചാന്ദ്രമാസത്തിൽ

ചൈനീസ് കലണ്ടറിലെ ചാന്ദ്രമാസത്തിൽ അതായത് സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബർ മാസങ്ങളിൽ നടക്കുന്ന വാർഷിക പരിപാടിയാണ് ഫുക്കറ്റ് വെജിറ്റേറിയൻ ഫെസ്റ്റിവൽ. മാംസവും വിവിധ ഉത്തേജക വസ്തുക്കളും ഉപേക്ഷിച്ച്  നല്ല ആരോഗ്യവും മനസമാധാനവും നേടാൻ വേണ്ടിയാണ് ഇവിടെയുള്ള ചൈനീസ് സമൂഹം ഈ ആചാരങ്ങൾ നടത്തുന്നത്.

Phuket-Vegetarian-Festival-5

വെജിറ്റേറിയൻ ഫെസ്റ്റിവല്‍

ഇൗ ഉത്സവം ഫുക്കറ്റിലെ  ആറ് ചൈനീസ് ക്ഷേത്രങ്ങളിലാണ് നടക്കുന്നത്. ഒമ്പത് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തില്‍ പങ്കെടുക്കുന്ന എല്ലാവരും ചില നിയമങ്ങൾ കർശനമായി പിന്തുടരണം. ഉത്സവത്തിന്റെ സമയത്ത് മത്സ്യവും മാംസവും കടകളിൽ വിൽക്കുന്നതും വിലക്കാണ്. മാസമുറയുള്ള സ്ത്രീകളും ഗർഭിണികളും ഉത്സവത്തിൽ പങ്കെടുക്കാനോ അത് കാണാനോ പാടില്ല.

വെജിറ്റേറിയൻ ഫെസ്റ്റിവൽ ഫുക്കറ്റിൽ മാത്രമല്ല തായ്‌ലൻഡിലുടനീളം ആഘോഷിക്കുന്നുണ്ട്.

English Summary: Nine Emperor Gods Festival,Phuket Vegetarian Festival 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com