വീണുകിട്ടിയ അവധിക്കാലം മോസ്കോയിൽ അടിച്ചുപൊളിച്ച് ചിലവഴിക്കുകയാണ് ബോളിവുഡ് നടി തപ്സി പന്നു. മിക്കവാറും എല്ലാ യാത്രകളിലും തപ്സിക്കൊപ്പം കൂടാറുള്ള സഹോദരി ശഗുന്‍ പന്നുവും ഈ യാത്രയിലും ഒപ്പമുണ്ട്. ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ മോസ്കോയില്‍ നിന്നുള്ള മനോഹര ചിത്രങ്ങള്‍ പങ്കുവയ്ക്കുകയാണ് ഇപ്പോള്‍.
നീലനിറമുള്ള ടോപ്പും ബോട്ടവുമണിഞ്ഞു ഒറ്റച്ചക്രമുള്ള സൈക്കിളില്‍ നില്‍ക്കുന്ന ചിത്രമാണ് തപ്സി ഏറ്റവും പുതുതായി പോസ്റ്റ് ചെയ്തിട്ടുള്ളത്. 'സൈറ്റ് സീയിങ് പാര്‍ട്ണര്‍' എന്നാണ് ഇതിനു കൊടുത്തിരിക്കുന്ന ക്യാപ്ഷന്‍. വെളുത്ത ഷൂസും പരമ്പരാഗത രീതിയിലുള്ള ആഭരണങ്ങളും ക്രോസ് ബാഗുമണിഞ്ഞ് പുഞ്ചിരിച്ചു നില്‍ക്കുന്ന തപ്സിയെ ഈ ചിത്രത്തില്‍ കാണാം.
ഒരു ഹോട്ട് എയര്‍ ബലൂണിനരികെ നില്‍ക്കുന്ന ചിത്രവും തപ്സി പോസ്റ്റ് ചെയ്തിട്ടുണ്ട്. മതിലിനു മുകളില്‍ കയറിയിരുന്ന് ആകാശത്തേക്ക് നോക്കിയിരിക്കുന്ന ഒരു ചിത്രവും കാണാം. ഇവ കൂടാതെ അനേകം മനോഹര ചിത്രങ്ങള്‍ തപ്സിയുടെ സ്റ്റാറ്റസ് അപ്ഡേറ്റില്‍ സേവ് ചെയ്തിട്ടുമുണ്ട്.
വരാനിരിക്കുന്ന ഹസീൻ ദിൽറുബ എന്ന സിനിമയുടെ റിലീസിന് തൊട്ടുമുൻപുള്ള അവധിക്കാലം ആഘോഷിക്കാനായാണ് തപ്സിയും സഹോദരിയും റഷ്യയിലേക്ക് പറന്നത്. വിനിൽ മാത്യു സംവിധാനം ചെയ്ത ഈ ചിത്രം ജൂലൈ 2 ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. വിക്രാന്ത് മാസി, ഹർഷവർധൻ റാണെ എന്നിവർക്കൊപ്പമാണ് തപ്‌സി ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ലൂപ്പ് ലപേട്ടാ, രശ്മി റോക്കറ്റ്, ഷബാഷ് മിഥു എന്നിവയാണ് നടിയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.
കോവിഡ് രണ്ടാം തരംഗത്തിന്‍റെ സമയത്തും ഇന്ത്യന്‍ സഞ്ചാരികള്‍ക്കായി വാതിലുകള്‍ തുറക്കുന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് റഷ്യ. യാത്രക്കാര്‍ക്ക് 30 ദിവസം വരെ സാധുതയുള്ള സിംഗിൾ എൻട്രി/ ഡബിൾ എൻട്രി ടൂറിസ്റ്റ് വിസയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. എല്ലാ യാത്രക്കാരും എത്തിച്ചേരുന്നതിന് പരമാവധി മൂന്ന് ദിവസത്തിനു മുന്‍പ് എടുത്ത നെഗറ്റീവ് ആർടി-പിസിആർ പരിശോധന റിപ്പോര്‍ട്ട് കയ്യില്‍ കരുതണം എന്ന് നിര്‍ബന്ധമുണ്ട്. എത്തിച്ചേരുന്ന സമയത്ത് വീണ്ടും ഒരു ടെസ്റ്റ് കൂടി നടത്തും. ഫലം നെഗറ്റീവ് ആണെങ്കില്‍ മാത്രമേ രാജ്യത്തിനകത്ത് സഞ്ചാരം അനുവദിക്കൂ. പോസിറ്റീവ് ആണെങ്കില്‍ അവരെ ഉടന്‍ തന്നെ കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കും.
റഷ്യയെ കൂടാതെ സെര്‍ബിയ, തുര്‍ക്കി, ഈജിപ്റ്റ്, ദക്ഷിണാഫ്രിക്ക, ഐസ്‍ലൻഡ് മുതലായ രാജ്യങ്ങളും ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.
English Summary: Celebrity Travel,Taapse Vacation in Moscow,Russia