ADVERTISEMENT

കലാകാരന്മാരെക്കൊണ്ട് അനുഗ്രഹീതമായ നാടാണ് ഫ്രാന്‍സ്. ലോകപ്രശസ്തമായതും അല്ലാത്തതുമായ ഒട്ടേറെ നിര്‍മിതികളും സൃഷ്ടികളും ഇവിടെ കാണാം. ഇക്കൂട്ടത്തിലുള്ള ഏറെ സുന്ദരമായ കാഴ്ചയാണ് 'ബബിള്‍ പാലസ്' അഥവാ 'പലൈസ് ബുള്‍സ്' എന്ന് പേരുള്ള കുമിളക്കൊട്ടാരം. കോണുകളോ അരികുകളോ ഇല്ലാതെ, കുമിളകളുടെ ആകൃതിയില്‍ രൂപകൽപ്പന ചെയ്‌തിരിക്കുന്ന കെട്ടിടങ്ങളുടെ ഒരു കൂട്ടമാണിത്. വര്‍ഷങ്ങളായി, ഫ്രാന്‍സില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട കാഴ്ചകളില്‍ ഒന്നുകൂടിയാണ് വിചിത്രമായ ഈ നിര്‍മിതി.

കുമിള കൊട്ടാരത്തിലെ കാഴ്ച (Image From palaisbulles Official Site)

ഫ്രാൻസിലെ കാൻസിൽ നിന്ന് ഏതാനും മൈൽ അകലെയുള്ള തിയോൾ-സർ-മെറിലെ ഒരു മലഞ്ചെരിവിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ചരിത്രാതീത കാലത്തെ മനുഷ്യരുടെ ഗുഹാവാസത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ആകൃതിയിലുള്ള കെട്ടിടങ്ങള്‍ക്കുള്ളില്‍, അതിനൂതന സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്ന വിരോധാഭാസകരമായ നിര്‍മിതിയാണ് ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകത. 13,000 ചതുരശ്രയടി വിസ്തീർണ്ണമുള്ള ഈ കെട്ടിട സമുച്ചയത്തില്‍ പത്ത് കിടപ്പുമുറികളടക്കം 29  മുറികളും 11 ബാത്ത്‌റൂമുകളും 3700 ചതുരശ്രയടി വിസ്തീർണമുള്ള സ്വീകരണമുറിയും മൂന്നു നീന്തൽക്കുളങ്ങളും ഉദ്യാനവും ജലധാരകളുമുണ്ട്. മാത്രമല്ല, 500 പേരെ ഉള്‍ക്കൊള്ളാനാവുന്ന ഒരു ആംഫിതിയേറ്ററും ഇവിടെയുണ്ട്. 

Bubbles-Palace6
കുമിള കൊട്ടാരത്തിലെ ഉൾവശം (Image From palaisbulles Official Site)

ഫ്രഞ്ച് വ്യവസായിയായ പിയറി ബെർണാഡിനായി ഹംഗേറിയൻ ആർക്കിടെക്റ്റ് ആന്‍റി ലോവാഗ് ആണ് ഈ കെട്ടിടം രൂപകൽപ്പന ചെയ്തത്. 1975 നും 1989 നും ഇടയിലുള്ള കാലഘട്ടത്തിലായിരുന്നു ഇതിന്‍റെ നിര്‍മ്മാണം. നേര്‍രേഖകളും കോണുകളും അരികുകളുമെല്ലാം പ്രകൃതിയുടെ സ്വഭാവികതയ്ക്ക് വിരുദ്ധമാണ് എന്നായിരുന്നു പിയറി വിശ്വസിച്ചിരുന്നത്‌. അങ്ങനെയാണ് വീടിന് ഗുഹയുടെ ആകൃതി കൊടുക്കാന്‍ തീരുമാനിച്ചത്. പിന്നീട് 1991-ല്‍ പിയറി ബെർണാഡിന്‍റെ മരണശേഷം, ഫാഷൻ ഡിസൈനർ പിയറി കാർഡിൻ തന്‍റെ അവധിക്കാല വസതിയായി ഇത് വാങ്ങി.

കെട്ടിടത്തിന്‍റെ ആകൃതിക്ക്‌ സമാനമായി നിര്‍മിച്ച ഫർണിച്ചറുകൾ ആണ് ഉള്ളില്‍ ഉപയോഗിച്ചിരിക്കുന്നത്. ജനാലകളും വൃത്താകൃതിയിലാണ്. ഫ്രഞ്ച് കലാകാരന്മാരായ ഫ്രാങ്കോയിസ് ചോവിൻ, പാട്രിസ് ബ്രെറ്റോ, ജെറാർഡ് ക്ലോറക് എന്നിവരാണ് മുറികള്‍ക്കുള്ളിലെ കലാസൃഷ്ടികള്‍ക്ക് പിന്നില്‍. 

Bubbles-Palace7
(Image From palaisbulles Official Site)

എഴുപതുകളിലെ ഫ്യൂച്ചറിസ്റ്റ് വാസ്തുവിദ്യയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രതീകങ്ങളില്‍ ഒന്നായാണ് ഈ കെട്ടിടം വിലയിരുത്തപ്പെടുന്നത്. 1999 ലും 2016 ലും "ഫ്രഞ്ച് സാംസ്കാരിക മന്ത്രാലയത്തിന്‍റെ ചരിത്ര സ്മാരകങ്ങ"ളുടെ പട്ടികയിൽ ഈ കെട്ടിടം ഉൾപ്പെടുത്തിയിരുന്നു. 

2017-ല്‍ ഫ്രഞ്ച് ആർക്കിടെക്റ്റ് ഓഡിലെ ഡെക്ക് നടത്തിയ അഞ്ച് വർഷത്തെ നവീകരണത്തിന് ശേഷം, യൂറോപ്പിലെ തന്നെ റെക്കോർഡ് റിയൽ എസ്റ്റേറ്റ് വിലയായ 400 ദശലക്ഷം യൂറോയ്ക്കാണ് വീട് വില്‍പ്പനയ്ക്ക് വച്ചിരുന്നു. എന്നാല്‍ ഇത് വാങ്ങാന്‍ ആളുണ്ടായില്ല. 

ബ്രിട്ടീഷ് പോപ്പ് ഗായികയായ എമ്മ ബണ്ടന്‍റെ 'ഫ്രീ മീ' എന്ന ആൽബവും 'അബ്സല്യൂട്ട്ലി ഫാബുലസ്' എന്ന ഹോളിവുഡ് ചിത്രവും ഷൂട്ട്‌ ചെയ്തത് ഈ വീടിനുള്ളിലാണ്.

English Summary: Palace of Bubbles in France

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com