കൊറോണക്കാലത്തെ ആ യാത്രയ്ക്കു പിന്നിലെ രഹസ്യം; ജിപിയുടെ റഷ്യൻ ട്രിപ്പ്

govind-padmasoorya
SHARE

യാത്രാപ്രേമികളടക്കമുള്ളവർക്ക് കോവിഡിന്റെ രണ്ടാം തരംഗവും സങ്കടകാലമായിരുന്നു. എവിടേക്കും പോകാനാകാതെ വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ കഴിയേണ്ട അവസ്ഥ. പക്ഷേ ഇൗ സാഹചര്യത്തിൽ സുരക്ഷയാണ് പ്രധാനം. ആരോഗ്യമന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ പാലിച്ചാൽ ആരോഗ്യത്തോടെ സുരക്ഷിതമായി തന്നെ മുന്നോട്ടുള്ള യാത്രകളും തുടരാം.

gp-travel1

ലോക്ഡൗണിൽ ഇളവുകള്‍ വന്നതോടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരം ഗോവിന്ദ് പത്മസൂര്യ റഷ്യയ്ക്കു പറന്നു.  യാത്രാവിശേഷങ്ങൾ ആരാധകർക്കായി യൂട്യൂബിലൂടെ പങ്കുവയ്ക്കുകയും ചെയ്തു ജിപി.  റഷ്യൻ യാത്രയുടെ അനുഭവങ്ങൾ മനോരമ ഒാൺലൈൻ വായനക്കാരുമായി പങ്കുവയ്ക്കുകയാണ് ഗോവിന്ദ് പത്മസൂര്യ.

ജിപിയുടെ റഷ്യൻ ട്രിപ്പിനു പിന്നിലെ രഹസ്യം 

ലോക്ഡൗൺ ആയതോടെ ഞാനും മറ്റുള്ളവരെപ്പോലെ വീട്ടിൽത്തന്നെയായിരുന്നു. സിനിമയുടെ തിരക്കുകളോ മറ്റു ജോലികളോ ഒന്നുമില്ല. എന്റെ സുഹൃത്തും ബന്ധുവുമായ അരവിന്ദനാണ് സത്യത്തിൽ ഈ യാത്രയുടെ ഉപജ്ഞാതാവ്. വീട്ടിലിരുന്നു ഭ്രാന്ത് പിടിക്കുന്നു, എവിടേക്കെങ്കിലും യാത്ര പോയാലോ എന്ന അദ്ദേഹത്തിന്റെ ചോദ്യമാണ് റഷ്യൻ യാത്രയ്ക്ക് പ്രേരണയായത്. കേരളത്തില്‍ ലോക്ഡൗൺ തീരുന്നതിനുമുമ്പ് നമുക്കു പോയി വരാം എന്നു പറഞ്ഞ് പുള്ളിയെ ചൂടു പിടിപ്പിച്ചതും ഇറങ്ങിപ്പുറപ്പെട്ടതും അങ്ങനെയാണ്.

gp-travel

ഇപ്പോൾ യാത്രാനുമതിയുള്ള രാജ്യങ്ങൾ നോക്കുക എന്നതായിരുന്നു ആദ്യപടി. മോസ്കോ സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചിരുന്നു. ഇന്ത്യയിൽനിന്നു റഷ്യയിലേക്കു പോകാൻ അധികം നൂലാമാലകൾ ഇല്ലാത്തതിനാൽ കണ്ണുംപൂട്ടി റഷ്യ തന്നെ തിരഞ്ഞെടുത്തു. 

ആദ്യം ഞങ്ങൾ രണ്ടുപേരും ഒരു യാത്ര പോകുന്നു എന്നായിരുന്നു പ്ലാൻ. യാത്ര പോകാനാവാതെ വിഷമിക്കുന്ന അനേകായിരങ്ങൾ ഉണ്ടല്ലോ, 

ഞങ്ങൾ ആസ്വദിക്കുന്ന സന്തോഷം അവരിലേക്കും എത്തട്ടെ എന്ന ചിന്തയിൽനിന്നാണ് യൂട്യൂബ് ചാനലിലൂടെ യാത്രാവിശേഷങ്ങൾ പങ്കുവയ്ക്കാൻ തീരുമാനിച്ചത്.

ഇൗ യാത്രയിൽ ആരാധകരുടെ പ്രതികരണം എങ്ങനെയായിരുന്നു?

ഇന്നത്തെ കാഴ്ചകൾ അടുത്ത ദിവസം ചാനലിലൂടെ ആരാധകരിലേക്ക് എത്തിക്കുക, വിഡിയോയ്ക്ക് താഴെയുള്ള കമന്റുകൾ അടുത്ത ദിവസം വായിക്കുക എന്നൊക്കെയായിരുന്നു എന്റെ പ്ലാൻ. ആദ്യം കരുതിയത് ഇങ്ങനെയൊരു യാത്ര ആരും കാര്യമായി എടുക്കില്ല, വേണ്ട പിന്തുണ നൽകില്ല എന്നൊക്കെയായിരുന്നു. പക്ഷേ ആ ചിന്തകളെ മാറ്റിമറിച്ചു ആരാധകർ. വളരെ നല്ല പ്രതികരണമാണു ലഭിച്ചത്. എന്നെ അമ്പരപ്പിച്ചുകൊണ്ട് ആയിരക്കണക്കിന് പേരാണ് ഓരോ വിഡിയോയ്ക്കും കമന്റ് ഇട്ടത്.  ഒരുപാട് സന്തോഷം തോന്നി.

കേരളത്തിൽനിന്ന് തുടങ്ങിയ യാത്രയുടെ വിശേഷങ്ങൾ

യാത്ര തുടങ്ങുന്നത് കൊച്ചി വിമാനത്താവളത്തിൽനിന്നാണ്. അവിടെനിന്നു മുംബൈ, പിന്നെ ഡൽഹി. ആദ്യ വിഡിയോയിൽ ഡൽഹി വരെയുള്ള യാത്രാവിശേഷങ്ങളായിരുന്നു. വിഡിയോയുടെ അവസാനം, യാത്ര എങ്ങോട്ടേക്കാകും എന്ന് ഉൗഹിച്ചു പറയാമോ എന്ന് ആരാധകരോട് ചോദിക്കുന്നുണ്ട്.

Govind

അടുത്ത വിഡിയോയിൽ, ആരാധകർ അയച്ച ഏറ്റവും നല്ല കമന്റുകൾ വായിക്കാം എന്ന ഉറപ്പിലാണ് യാത്രതുടങ്ങുന്നത്. ഒരുപാടു പേർ സന്ദേശങ്ങൾ അയച്ചു. പലരും പല സ്ഥലങ്ങളുടെയും പേരുകൾ പറഞ്ഞു. അടുത്ത വിഡിയോ ആരംഭിക്കുന്നത് മോസ്കോയിൽ നിന്നായിരുന്നു. മുമ്പു പറഞ്ഞത് പോലെ ഏറ്റവും മികച്ച കുറച്ച് കമന്റുകൾ വായിച്ചിരുന്നു. വളരെ രസകരമായ കമന്റുകൾ അയച്ചവർ വരെയുണ്ട്. ഇത്രയും നല്ലൊരു പ്രതികരണം കിട്ടുമെന്ന് ഞാൻ കരുതിയതല്ല. സത്യത്തിൽ ഇത് ആരാധകരോടൊപ്പമുള്ള എന്റെ യാത്രയായിരുന്നു.

ജിപിക്ക് എപ്പോഴും ഒാർത്തിരിക്കാവുന്ന കമന്റ്?

എന്റെ മനസ്സിൽ തട്ടിയ ഒരു സന്ദേശം ഡോക്ടർ രേവയുടേതാണ്. പിപിഇ കിറ്റും മാസ്ക്കും എല്ലാം ധരിച്ച് ഒരു ദിവസം മുഴുവനും ആശുപത്രിയിൽ ചെലവഴിച്ചതിനുശേഷം അതൊക്കെ അഴിച്ചുവെച്ച് കുറച്ചു നേരം സ്വസ്ഥമായിരിക്കുമ്പോഴാണ് ഇങ്ങനെ ഒരു വിഡിയോ കാണുന്നത്. അതു വളരെ ആശ്വാസം നൽകുന്നതായിരുന്നുവെന്നും അവർ കുറിച്ചിരുന്നു. വരൂ, നമുക്ക് ഒരുമിച്ച് എടിഎം അന്വേഷിച്ച് പോകാം എന്നുമുണ്ടായിരുന്നു. കാരണം ആ വിഡിയോയുടെ അവസാനം എടിഎം അന്വേഷിക്കണമെന്നും കയ്യിൽ പണം ഇല്ലെന്നും പറയുന്നുണ്ടായിരുന്നു. 

കോവിഡ് ഡ്യൂട്ടിക്കിടയിലും ഏറ്റവും വിഷമിച്ചു നിൽക്കുന്ന ഇങ്ങനെയൊരു ഘട്ടത്തിലും ഈ ഡോക്ടറെ പോലെയുള്ളവർക്ക് ഇൗ വിഡിയോയിലൂടെ അല്പം സന്തോഷം നൽകാനായതിൽ അതിയായ സന്തോഷമുണ്ട്. ഞാൻ അവർക്ക് നൽകിയ മറുപടിയും അങ്ങനെയായിരുന്നു. ഇൗ മഹാമാരിയിൽ ഡോക്ടർമാരും നഴ്സുമാരും ചെയ്യുന്നതുപോലെ ഒന്നും ഞങ്ങൾക്ക് ചെയ്യാനാകില്ല, ഇൗ വിഷമഘട്ടത്തിൽ എന്ത് ചെയ്യണമെന്നും അറിയില്ല. കോവിഡിനെ പ്രതിരോധിക്കാൻ അഹോരാത്രം പരിശ്രമിക്കുമ്പോൾ എനിക്കു സാധിക്കുന്നത്, എന്റെ ജോലിയിലൂടെ നിങ്ങളെ സന്തോഷിപ്പിക്കുക എന്നുമാത്രമാണ് എന്നായിരുന്നു മറുപടി

യാത്രയിലെ പൊലീസും വിശേഷങ്ങളും 

പട്ടാമ്പിയിൽനിന്നാണ് കൊച്ചി വിമാനത്താവളത്തിലേക്കു യാത്ര തിരിച്ചത്. യാത്രാ പദ്ധതിയെല്ലാം ചുരുങ്ങിയ സമയം കൊണ്ടാണ് റെഡിയായത്. ചെന്നൈ കോൺസുലേറ്റ് അടച്ചതിനാൽ മുംബൈ കോൺസുലേറ്റ് വഴിയായിരുന്നു വീസ നടപടികളും മറ്റും. അവിടെനിന്നു വീസയും പാസ്പോർട്ടും എല്ലാം കൊച്ചിയിലേക്ക് അയച്ചു. അതിനാൽ കൊച്ചിയിൽചെന്ന് രേഖകൾ കൈപ്പറ്റി വേണം യാത്ര ആരംഭിക്കാൻ. 

പട്ടാമ്പിയിൽനിന്നു കൊച്ചി എയർപോർട്ട് വരെ റോഡ്  യാത്രയായിരുന്നു. സത്യവാങ്മൂലവും കരുതിയിരുന്നു. ഏഴോ എട്ടോ സ്ഥലത്ത് പൊലീസ് വാഹനം തടഞ്ഞ് എവിടേക്കാണെന്നു തിരക്കി. പൊലീസ് വളരെ നല്ല രീതിയിലാണ് പെരുമാറിയതും. ലോക്ഡൗൺ ആയതിനാൽ വഴി പൂർണമായും വിജനമായിരുന്നു. ഹർത്താൽ ദിനത്തിൽ പോലും കൊച്ചി ഇങ്ങനെ കാലിയായി കിടക്കുന്നതു കണ്ടിട്ടില്ല. 

Govind-2

റഷ്യ തിരഞ്ഞെടുക്കാനുള്ള കാരണം ?

എന്റെ യാത്രാലിസ്റ്റിലുള്ള പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് റഷ്യ. പലതവണ അവിടെപ്പോകാൻ മോഹിച്ചിരുന്നു. സംഗതി ഒത്തുവന്നത് ഇൗ സാഹചര്യത്തിലാണെന്നു മാത്രം. 

കൊറോണക്കാലത്ത് വിനോദസഞ്ചാരികൾക്കായി ടൂറിസം പുനരാരംഭിച്ച ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നു കൂടിയായിരുന്നു റഷ്യ. പിന്നെ വീസയുടെ മറ്റും കാര്യങ്ങളൊക്കെ എളുപ്പത്തിൽ നടക്കുകയും ചെയ്യും. മാത്രമല്ല റഷ്യയ്ക്ക് ക്വാറന്റീൻ വ്യവസ്ഥയും ഇല്ലായിരുന്നു. സഞ്ചാരികൾക്ക് ആർടിപിസിആർ നെഗറ്റീവായ സർട്ടിഫിക്കറ്റ് കരുതിയാൽ മതിയായിരുന്നു. എങ്കിലും ഇൗയൊരു ട്രിപ് ഞാൻ മാത്രമല്ല എന്നോടൊപ്പം കൂടിയവരെല്ലാം ശരിക്കും ആസ്വദിച്ചു.

'കൊറോണ' യാത്രയുടെ അനുഭവം

യാത്രകളെ പ്രണയിക്കുന്ന എനിക്ക് മറക്കാനാവാത്ത ഒരുപാട് ഒാർമകളുമുണ്ട്. കൊറോണക്കാലത്തെ യാത്രകളും ഒരുപാട് അനുഭവങ്ങൾ സമ്മാനിച്ചു. എല്ലാവരും മാസ്ക് ധരിച്ചാണ് യാത്ര ചെയ്യുന്നത്. എന്നാൽ വിമാനത്തിനകത്ത് കയറിയാൽ അതൊക്കെ മറക്കും. ആരും മാസ്ക് വയ്ക്കുന്നില്ല. 

അടുത്തത് ഇറങ്ങാൻ നേരത്തുള്ള തിക്കും തിരക്കുമാണ്.പണ്ടേ ആളുകൾക്ക് ഒരു സ്വഭാവമുണ്ട് ഫ്ലൈറ്റിൽനിന്ന് ഇറങ്ങാൻ നേരമാകുമ്പോൾ എഴുന്നേറ്റ് ഡോറിന് അടുത്തേക്ക് പോയി ക്യൂ നിൽക്കുന്നത്. അതിന് ഇപ്പോഴും ഒരു മാറ്റവും സംഭവിച്ചിട്ടില്ല. എന്നാൽ ഞാൻ ഒരിക്കലും അങ്ങനെ നിൽക്കാറില്ല. ഏറ്റവും അവസാനം വിമാനത്തിൽനിന്ന് ഇറങ്ങുന്ന ആളായിരിക്കും ചിലപ്പോൾ ഞാൻ. ലോകത്തെ പിടിച്ചുലച്ച കൊറോണയെ ഇപ്പോഴും ആളുകൾ ഭയക്കുന്നില്ല എന്നാണ് ഇൗ പ്രവൃത്തികളിലൂടെ മനസ്സിലാകുന്നത്.

റഷ്യൻ എയർപോർട്ടിൽ ഞങ്ങൾ ഇറങ്ങുന്നത് പുലർച്ച 5 30 നാണ്. ഞങ്ങൾ വിമാനത്തിനു പുറത്തിറങ്ങുന്നത് രണ്ടു മണിക്കൂറിനു ശേഷമാണ്. ആദ്യം എയർപോർട്ട് അധികൃതർ വിമാനത്തിനുള്ളിൽ വന്നു തെർമൽ സ്കാനർ പോലെയുള്ള ഒരു മെഷീൻ ഉപയോഗിച്ച് എല്ലാവരെയും സ്കാൻ ചെയ്യും. രണ്ടാമത്, വിമാനമിറങ്ങിയ എല്ലാവരെയും ആർടിപിസിആർ ചെയ്തിട്ടാണ് അവർ പുറത്തേക്ക് വിട്ടത്. ഇതൊക്കെ പുതിയൊരനുഭവം ആയതുകൊണ്ട്  ഈ കൊറോണക്കാലത്തെ യാത്ര  ഇങ്ങനെ ചില നിമിഷങ്ങളിൽ കൂടിയും അവിസ്മരണീയമായി.

പുതിയ ഐഡിയയും വിശേഷങ്ങളുമായി അടുത്ത ട്രിപ് ഉണ്ടോ?

ഐഡിയകൾ ഇഷ്ടംപോലെയുണ്ട്.  ഈ യാത്ര വേണമെങ്കിൽ ഒരു വിനോദയാത്രയായി മാത്രം ചുരുക്കമായിരുന്നു. അല്ലെങ്കിൽ പോയി വന്നിട്ട് സമയമെടുത്ത് എഡിറ്റ് ചെയ്ത് ഒരു വിഡിയോ ഇട്ടാൽ മതിയായിരുന്നു. പക്ഷേ എനിക്കു കിട്ടുന്ന സന്തോഷം എന്റെ പ്രേക്ഷകരും അനുഭവിക്കണം എന്ന് തോന്നിയത് കൊണ്ടാണ് ഇത്തരത്തിൽ ഒരു ട്രിപ്പ് പ്ലാൻ ചെയ്തത്. ഒരു ട്രാവലോഗിനേക്കാൾ, ഒരു യാത്ര ചെയ്യുന്നതായി അവർക്കും തോന്നണം അതായിരുന്നു ഇൗ എന്റെ ലക്ഷ്യം. 

English Summary: Celebrity Travel,Russian Travel Experiences By Govind Padmasoorya

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA