ADVERTISEMENT

എല്ലാ തിരക്കുകളില്‍ നിന്നും മാറി സ്വസ്ഥമായി ഇരിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് ലെന. ഷൂട്ടിങ് തിരക്കുകള്‍ക്കിടയില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയാകുന്ന ലെന പിന്നെ പ്രത്യക്ഷപ്പെടുന്നത് ഏതെങ്കിലും സുന്ദരമായ വിനോദസഞ്ചാരകേന്ദ്രത്തിലായിരിക്കും. കൂടുതലും സോളോ ട്രിപ്പുകളാണ് താരത്തിന് ഇഷ്ടം. ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്കു ശേഷം പുതിയ യാത്രാവ്ളോഗുമായി താരം എത്തിയിരിക്കുന്നത്.

കാനഡയിലെ ട്യൂലിപ് ഫെസ്റ്റിവല്ലിന്റെ വിഡിയോ ഇന്‍സ്റ്റഗ്രാമിലും യുട്യൂബിലും പങ്കുവച്ചിരിക്കുകയാണ് താരം. വര്‍ണ മനോഹരമായ ട്യൂലിപ് പുഷ്പങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്ന ലെനയെയും കാണാം. 

യാത്രാവിശേഷങ്ങൾ ഉൾപ്പടെ യുട്യൂബ് ചാനല്‍ തുടങ്ങാന്‍ കാരണമായത് എന്തെന്നും ലെന വ്യക്തമായി സമൂഹമാഃ‌ധ്യമത്തിൽ പങ്കുവച്ച ചിത്രത്തിനൊടൊപ്പം കുറിച്ചിട്ടുണ്ട്. ''രണ്ട് മാസത്തെ ഹിമാലയ യാത്രക്ക് ശേഷം ഞാന്‍ മടങ്ങിയെത്തിയപ്പോൾ എല്ലാവര്‍ക്കും എന്‍റെ യാത്രകളുടെ ഫോട്ടോകളും വിഡിയോകളും കാണണമായിരുന്നു. വിഡിയോകൾ അല്‍പ്പം ദൈർഘ്യമേറിയതിനാൽ, എന്‍റെ യാത്രാനുഭവങ്ങൾ കുടുംബവുമായും സുഹൃത്തുക്കളുമായും പങ്കിടാനുള്ള ഒരു വഴി ആയാണ് ഞാൻ യുട്യൂബ് ചാനൽ ആരംഭിച്ചത്'' ലെന കുറിച്ചിരിക്കുന്നു. ഈ വിഡിയോ എപ്പോഴാണ് എടുത്തത് എന്നത് വ്യക്തമല്ല.

മനോഹരകാഴ്ച

രണ്ടാം ലോക മഹായുദ്ധത്തെത്തുടർന്ന്, രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന്‍റെ പ്രതീകമായി ഡച്ചുകാര്‍ കാനഡയ്ക്ക് നല്‍കിയ സമ്മാനമാണ് ട്യൂലിപ് പുഷ്പങ്ങള്‍. ചരിത്രപരമായ ഈ രാജകീയ സമ്മാനത്തിന്‍റെ ഓര്‍മക്കായാണ് കനേഡിയൻ ട്യൂലിപ് ഫെസ്റ്റിവൽ ആരംഭിച്ചത്. കാനഡയിൽ ജനിച്ച ഒരേയൊരു രാജകീയ വ്യക്തിത്വമായ മാർഗ്രിയറ്റ് രാജകുമാരിയുടെ ജനനവും ഇതോടൊപ്പം ആഘോഷിക്കപ്പെടുന്നു. രണ്ടാം ലോക മഹായുദ്ധസമയത്ത് ഒട്ടാവയിൽ ജനിച്ച ഡച്ച് രാജകുമാരിയാണ് മാർഗ്രിയറ്റ്.  

1953 മുതല്‍ എല്ലാ വര്‍ഷവും ട്യൂലിപ് ഫെസ്റ്റിവല്‍ കാനഡയില്‍ നടക്കുന്നുണ്ട്. ലോകപ്രശസ്ത ഫോട്ടോഗ്രാഫർ മലക് കാർഷിന്‍റെ നിർദ്ദേശപ്രകാരമാണ് ആദ്യത്തെ കനേഡിയൻ ട്യൂലിപ് ഫെസ്റ്റിവൽ നടന്നത്. ട്യൂലിപ് വസന്തകാലത്ത് അരങ്ങേറുന്ന ഈ ഉത്സവം കാണാന്‍ ലോകമെങ്ങു നിന്നുമുള്ള സഞ്ചാരികള്‍ എത്തുന്നു. ഈ വര്‍ഷം കോവിഡ് മൂലം മേയ് മാസം 14 മുതല്‍ 24 വരെ ഓണ്‍ലൈനിലാണ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്. 

ഇന്ത്യയിലും ട്യൂലിപ് ഫെസ്റ്റിവല്‍ നടക്കാറുണ്ട്. ജമ്മു കാശ്മീരില്‍ എല്ലാ വർഷവും ഏപ്രിൽ ആദ്യ പതിനഞ്ച് ദിവസങ്ങളിൽ ട്യൂലിപ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കാറുണ്ട്. ശ്രീനഗറിലെ ഇന്ദിരാഗാന്ധി മെമ്മോറിയൽ ട്യൂലിപ് ഗാർഡനിലാണ് ഇത് നടക്കുന്നത്. ഇന്ത്യക്ക് അഭിമാനമായി, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ട്യൂലിപ് പൂന്തോട്ടമാണ് ഇവിടെയുള്ളത്. 

English Summary: Celebrity Travel,Lena Shares Beautiful Pictures From Canada Tulip Festival

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com