ADVERTISEMENT

നിങ്ങൾ എത്ര രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്? അല്ലെങ്കിൽ കേരളത്തിനു പുറത്ത് എത്ര സംസ്ഥാനങ്ങൾ സന്ദർശിച്ചു? പലർക്കും പല ഉത്തരങ്ങൾ കാണും. അതിൽ 90 ശതമാനവും ഒറ്റ, ഇരട്ട അക്കങ്ങൾ ആകുമല്ലേ. യാത്രകൾ ചിലർക്ക് അനുഭവങ്ങൾ തേടിയുള്ളതാകാം, ചിലർക്ക് ആഗ്രഹവും പ്രണയവുമാകാം, മറ്റു ചിലർക്ക് അത് ഭൂമിയുടെ അദ്ഭുതങ്ങൾ തേടിയുള്ള പ്രയാണമാകാം,  ചിലർക്കത് തീർത്തും ഔദ്യോഗികവുമാവാം. എന്നാൽ ഇവിടെ, യാത്രയെ പാഷനും പ്രഫഷനുമാക്കിയ ഒരു മലയാളിയുണ്ട് – താര ജോർജ്. മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകൻ കെ.ജി. ജോർജിന്റെ മകളെന്നു പറഞ്ഞാൽ കൂടുതൽ സുപരിചിതയാകും. 

11

15 വർഷത്തോളം എമിറേറ്റ്സിലും ഖത്തറിലെ രാജകുടുംബത്തിന്റെ ഫ്ലൈറ്റിലും ക്യാബിൻ ക്രൂവായി ജോലി ചെയ്ത താര കണ്ടത് ഒന്നും രണ്ടുമല്ല, 150 ഓളം രാജ്യങ്ങളാണ്. ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങൾ മുതൽ ‘ഭൂപടത്തിൽ ഇല്ലാത്ത ഇട’ങ്ങൾ വരെ അതിൽപ്പെടും. എത്ര രാജ്യങ്ങൾ സന്ദർശിച്ചുവെന്നു ചോദിച്ചപ്പോൾ സന്ദർശിക്കാത്ത രാജ്യങ്ങൾ ഏതെന്നു നോക്കുന്നതാകും എളുപ്പമെന്നാണ് താരയുടെ മറുപടി. ഇത്രയധികം രാജ്യങ്ങൾ സന്ദർശിച്ച മറ്റൊരു മലയാളിവനിതയുണ്ടോ എന്നുതന്നെ സംശയമാണ്. ഖത്തർ അമീറിന്റെ ഫ്ലൈറ്റിൽ ക്യാബിൻ ക്രൂവാകുന്ന ആദ്യ മലയാളിയാണ് താര. യാത്രകളുടെ അനുഭവങ്ങളും ഇഷ്ടങ്ങളും മനോരമ ഓൺലൈൻ വായനക്കാരുമായി താര ജോർജ് പങ്കുവയ്ക്കുന്നു.

എമിറേറ്റ്സിലേക്ക്..

ക്യാബിൻ ക്രൂ ആയി ജോലി ലഭിച്ചതുകൊണ്ടു മാത്രമാണ് ഇത്രയധികം യാത്രകൾ ചെയ്യാൻ, ഇത്രയും രാജ്യങ്ങൾ സന്ദർശിക്കാൻ എനിക്ക് സാധിച്ചത്. ഒരിക്കലും പ്രതീക്ഷിക്കാതെയാണ് ഇങ്ങനൊരു അവസരം വന്നത്. 2005 ൽ ദുബായിൽ ഉള്ളപ്പോഴാണ് എമിറേറ്റ്സിൽ ക്യാബിൻ ക്രൂവിലേക്ക് ആളുകളെ ക്ഷണിക്കുന്നതു കണ്ടത്. ഞാനും അപേക്ഷിച്ചു. ഇന്റർവ്യൂ അറ്റൻഡ് ചെയ്തു. അത് കിട്ടി. ഒന്നു ശ്രമിച്ച് നോക്കാം എന്നു കരുതിയാണ് പിന്നീട് ജോലിയിൽ പ്രവേശിക്കുന്നത്. 

Thara-George

2005 മുതൽ 2012 വരെയാണ് എമിറേറ്റ്സിൽ ഉണ്ടായിരുന്നത്. ലോകത്തെ എല്ലാ മഹാനഗരങ്ങളിലേക്കും എമിറേറ്റ്സ് പറക്കുന്നതിനാൽ ജോലിയുടെ ഭാഗമായി അൻപതോളം രാജ്യങ്ങൾ സന്ദർശിച്ചു. എവിടേക്കാണ് ഫ്ലൈറ്റ് എന്ന് ഒരു മാസം മുൻപേ അറിയാം. ഓഗസ്റ്റിലേക്ക് ഉള്ള ചാര്‍ട്ട് ജൂലൈ അവസാനത്തോടെ ലഭിക്കും. അത് അനുസരിച്ച്, എവിടെയൊക്കെ പോകാം എന്നു പ്ലാൻ ചെയ്യും.  

ഒരു രാജ്യത്ത് ലാൻഡ് ചെയ്തു ഹോട്ടലിൽ ചെക്ക് ഇൻ ചെയ്താൽ 24 മണിക്കൂറെങ്കിലും നമുക്ക് നമ്മുടേതായ സമയം കിട്ടും. അപ്പോൾ എവിടെ വേണമെങ്കിലും പോകാം. ഒരു തവണ ഒരു സ്ഥലത്ത് എത്തിയാൽ പിന്നീട് അവിടേക്ക് വരാൻ കഴിയുമോ എന്ന് അറിയില്ല. അതുകൊണ്ടു തന്നെ പരമാവധി ഇടങ്ങൾ സന്ദർശിക്കാനാണ് ശ്രമിക്കുക. 

ഓരോ സ്ഥലത്തു പോകുമ്പോഴും അവിടെ എന്താണ് പ്രത്യേകത എന്ന് അന്വേഷിക്കും. അതനുസരിച്ചാണ് പ്ലാൻ ചെയ്യുക. വിയന്നയിൽ മോസാർട്ടിന്റെ ഓർക്കസ്ട്ര ഷോകൾ കണ്ടത് ഇതുപോലെ നേരത്തേ പ്ലാൻ ചെയ്താണ്. പാരിസിൽ ഓരോ പ്രദേശവും ചരിത്രത്തെ അടയാളപ്പെടുത്തുന്നതാണെന്ന് തോന്നിയിട്ടുണ്ട്. ഏഴു ഭൂഖണ്ഡങ്ങളും ഈ കാലയളവിൽ സന്ദർശിക്കാൻ സാധിച്ചു.

thara-trip

രാജകുടുംബത്തോടൊപ്പം...

എമിറേറ്റ്സിൽ ഏഴു വർഷത്തോളം ആയപ്പോഴാണ് ഖത്തറിലെ രാജകുടുംബത്തിന്റെ എയർലൈൻസിലേക്ക് ഓഫർ വരുന്നത്. ഒരു കൊമേഷ്യൽ എയർലൈൻസിൽനിന്ന് സ്വകാര്യ എയർലൈൻസിലേക്കു പോകുമ്പോൾ ആദ്യം ബുദ്ധിമുട്ട് തോന്നിയെങ്കിലും പിന്നീട് അത് നല്ലൊരു തീരുമാനമായി തോന്നി. വളരെ സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് ഖത്തർ അമീർ ഉൾപ്പെടെ കുടുംബത്തിലെ എല്ലാവരും പെരുമാറുക. ക്യാബിൻ ക്രൂ എന്ന നിലയിലല്ല, ഒരു കുടുംബാംഗത്തെ പോലെയാണ് അവരുടെ പെരുമാറ്റം. അവരുടെ കൂടെ യാത്ര ചെയ്യുമ്പോഴും നമുക്ക് ആ ശ്രദ്ധ കിട്ടാറുണ്ട്. 

14

 

16

നൂറോളം രാജ്യങ്ങളാണ് രാജകുടുംബത്തോടൊപ്പം സന്ദർശിച്ചത്. അതിൽ പ്രധാന നഗരങ്ങൾ മാത്രമല്ല ചെറിയ ദ്വീപുകൾ വരെയുണ്ട്. നമ്മളൊരിക്കലും കേൾക്കാത്തതും കാണുമെന്ന് ഒരിക്കൽപോലും പ്രതീക്ഷിക്കാത്തതുമായ സ്ഥലങ്ങൾ വരെ അതിൽ ഉൾപ്പെടും. മൊറോക്കയുടെ തലസ്ഥാനമായ റബാദ്, സ്കാൻജിയസ് തുടങ്ങിയ പ്രദേശങ്ങളൊക്കെ അതിൽ ഉൾപ്പെടും. ഒറ്റപ്പെട്ട, അതിവിദൂര സ്ഥലങ്ങളിലേക്കു വരെ എത്തിയിട്ടുണ്ട്. എവിടേക്കാണ് പോകുന്നതെന്ന് മെസജ് വരുമ്പോഴാകും ചിലപ്പോൾ ഇങ്ങനെയുള്ള സ്ഥലങ്ങളൊക്കെ ഉണ്ടെന്നുതന്നെ അറിയുന്നത്. ഇനി ഒരിക്കൽ അവിടേക്ക് പോകാനാകുമോയെന്ന് എനിക്കറിയില്ല. ഒരു എയർലൈൻ പോലുമില്ലാത്ത രാജ്യം വരെയുണ്ട്. 

എമിറേറ്റ്സിലെ ജോലിക്കാലത്ത്, ഒരു രാജ്യത്ത് ഇറങ്ങിയാൽ തിരികെ പറക്കുംവരെ നാം സ്വതന്ത്രരായിരിക്കും. പക്ഷേ രാജകുടുംബത്തിനൊപ്പം ജോലി ചെയ്യുമ്പോൾ, നാം എപ്പോഴും ഓൺ കോളിലായിരിക്കും. എപ്പോൾ വിളിച്ചാലും തിരികെയെത്തേണ്ടി വരും. അതേസമയം, അത്യാവശ്യം എല്ലായിടവും സന്ദർശിക്കാനാകും. നൈജീരിയ പോലുള്ള രാജ്യങ്ങളിൽ കനത്ത സുരക്ഷയിലായിരിക്കും നാം എന്നുമാത്രം. 

13

ഖത്തർ രാജകുടുംബത്തിനൊപ്പം 35 ദിവസം നീണ്ടുനിന്ന ഒറ്റയാത്രയിൽ ലോകംമുഴുവൻ കറങ്ങാൻ സാധിച്ചതാണ് ഏറ്റവും ദൈർഘ്യമേറിയ യാത്ര. ദോഹയിൽനിന്ന് ആരംഭിച്ച യാത്ര ഏതാണ്ട് ‘ഭൂഗോളത്തിന്റെ ആകൃതി’യിൽ കറങ്ങിയാണ് തിരിച്ചുവന്നത്. അക്കാലത്തു സന്ദർശിച്ച പല സ്ഥലങ്ങളും സുരക്ഷാ കാരണങ്ങളാൽ വെളിപ്പെടുത്താൻ സാധിക്കില്ല. 

പ്രിയപ്പെട്ടത്...

15

പോയതിൽ എറ്റവും ഇഷ്ടമുള്ള നഗരമേതെന്നു ചോദിച്ചാൽ അത് ന്യൂയോർക്കാണ്. തിരക്കിന്റെ കൈയിൽ എപ്പോഴും അമർന്നിരിക്കുന്ന ന്യൂയോർക്കിന് ഒരു പ്രത്യേക എനർജിയുണ്ട്. എന്നാൽ ഏറ്റവും ആകർഷിച്ച അല്ലെങ്കിൽ സ്വാധീനിച്ച  സ്ഥലം രാജകുടുംബത്തോടൊപ്പം സന്ദർശിച്ച സൗത്ത് പസഫിക്കിലെ ടഹിറ്റിയാണ്. രണ്ടായിരത്തോളം കിലോമീറ്റർ‌ പരന്നു കിടക്കുന്ന നൂറോളം ദ്വീപുകളുടെ കൂട്ടായ്മയാണ് ടഹീറ്റ. പണ്ട് ഫ്രഞ്ച് കോളനിയായിരുന്ന പ്രദേശമാണിത്. അതുകൊണ്ട് ഫ്രഞ്ച് പോളിനേഷ്യ എന്നാണ് ഇവ അറിയപ്പെടുന്നത്. ഫ്രഞ്ച് പൊളിനേഷ്യയിലെ ഏറ്റവും വലുതും നീളം കൂടിതുമായ ദ്വീപ് സമൂഹമാണ് ടഹിറ്റി. തെക്കൻ ഹവായിൽനിന്ന് 4400 കിലോമീറ്ററും ചിലെയിൽ നിന്ന് 7900 കിലോമീറ്ററും ഓസ്ട്രേലിയയിൽനിന്ന് 5700 കിലോമീറ്ററും ദൂരെയാണിത്.  

12

അവിടെയെത്തിയാൽ പിന്നെ പുറത്തുള്ള ലോകത്തെ നാം മറന്നുപോകും. അവിടെ അവരുടേതായ നിയമങ്ങളാണ്. പരസ്പര സ്നേഹത്തിന്റെ പ്രതിരൂപം എന്നുതന്ന ഈ ദ്വീപു സമൂഹത്തെ പറയാം. പ്രകൃതിയെ വളരെധകം വിലമതിക്കുന്ന ആളുകളാണ് ഇവിടെയുള്ളത്. ‘അവതാർ ’ സിനിമ പിന്നീട് കണ്ടപ്പോൾ എനിക്ക് ടഹിറ്റിയാണ് ഓർമവന്നത്. പ്രകൃതിയോട് ഇണങ്ങിച്ചേർന്ന് ജീവിക്കുന്ന മനുഷ്യരാണ് അവിടെയുള്ളത്. മൗറി എന്ന ഒരു ട്രൈബൽ ഗ്രൂപ്പാണ് അവിടെയുള്ളത്. നവംബർ, ഡിസംബർ മാസങ്ങളിലായി തണുപ്പ് കാലത്തോട് അനുബന്ധിച്ച് ഇവരുടെ പരമ്പരാഗത നൃത്തപരിപാടികളൊക്കെ അരങ്ങേറുന്നുണ്ട്.  ദ്വീപ് ആയതു കൊണ്ടുതന്നെ സീ ഫുഡാണ് പ്രധാന ഭക്ഷണം. ഒരാഴ്ചയോളം അവിടെ താമസിച്ചിട്ടുണ്ട്. എന്നെങ്കിലും ഒരവസരം ലഭിച്ചാൽ വീണ്ടും അവിടെപോയി താമസിക്കണമെന്ന് ആഗ്രഹമുണ്ട്. 

എന്റെ കേരളം എന്നും സുന്ദരം..

ഒരു അവധി കിട്ടിയാൽ ഓടിവരാൻ എന്നും ഇഷ്ടപ്പെടുന്നത് കേരളത്തിലേക്കാണ്. ഇവിടെയെല്ലാമുണ്ടല്ലോ– കാടും കടലും പർവതങ്ങളും തിരക്കുളള നഗരങ്ങളും അങ്ങനെയെല്ലാം. ഒന്നും പ്രത്യേകം കാണാനായി മറ്റൊരു രാജ്യത്തേക്ക് പോകേണ്ട അവസ്ഥ ഇല്ലല്ലോ. 15 വർഷത്തെ എയർലൈൻസ് ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയിട്ട് രണ്ടു വർഷമായി. ഇനി ഇന്ത്യയിൽ എല്ലായിടത്തും പോകണമെന്നാണ് ആഗ്രഹം. കുറേയൊക്കെ കണ്ടു. കോവിഡ് കാരണം ഇടയ്ക്ക് യാത്രകൾ മുറിഞ്ഞു. ഇനിയും കാണാൻ ധാരാളമുണ്ട്. കേരളത്തിൽ ഇപ്പോൾ ഓഫ് റോഡിങ്ങിലാണ് താൽപര്യം. അതിന് കൂട്ടായി മഹീന്ദ്രയുടെ ഥാറുമുണ്ട്. മഹാമാരിയുടെ ഈ പ്രതിസന്ധികാലം ഉടൻ അവസാനിക്കുമെന്നും ഒരിക്കലും അവസാനിക്കാത്ത യാത്രകൾ വീണ്ടും തുടരാൻ പറ്റുമെന്നാണ് വിശ്വാസം. ഓരോ യാത്രയും പുതിയ അനുഭവങ്ങളാണ്. മനസ്സിനും ശരീരത്തിനും ഒരുപോലെ ഉണർവേകുന്നത്. പ്രതീക്ഷയോടെ മുന്നോട്ടുള്ള യാത്രകളുടെ വഴിതിരയുകയാണ്.

English Summary: Thara George ,daughter of renowned film director KG George shares her passion for journey and the experiences gained by touching down nearly 150 nations.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com