ലോകത്തിലെ ഏറ്റവും ആഴമുള്ള പൂളിൽ നിങ്ങൾക്കും ചാടാം; അറിയാം കൂടുതൽ വിശേഷങ്ങൾ

deep-dive-dubai1
SHARE

മായികനഗരത്തിന്‍റെ പൊലിമയേറ്റി, ലോകത്തെ ഏറ്റവും ആഴമേറിയ സ്വിമ്മിങ് പൂള്‍ ദുബായില്‍ തുറന്നത് സഞ്ചാരികൾ ഹർഷാരവത്തോടെയാണ് വരവേറ്റത്. ബുര്‍ജ് ഖലീഫയും ദുബായ് ഫ്രെയിമും ദുബായ് മാളും ഉൾപ്പെടെ സഞ്ചാരികൾക്കായി നിരവധി അദ്ഭുതങ്ങൾ കാത്തിരിക്കുന്ന ദുബായിലെ ഡീപ് ഡൈവ് പൂൾ സഞ്ചാരികൾക്ക് ഇതുവരെ ലഭിക്കാത്ത അനുഭവം നൽകുന്ന ഒരു യാത്രായിടമാകുമെന്നതിൽ സംശയമേതുമില്ല.

ഡീപ് ഡൈവ് – അറിയാം കൂടുതൽ വിശേഷങ്ങൾ

deep-dive-dubai2

ദുബായിലെ നാദ് അൽ ഷെബ പരിസരത്താണ് ഈ ഡീപ് ഡൈവ്. 60 മീറ്ററിലധികം ആഴത്തിൽ ഡൈവിങ് ചെയ്യാന്‍ പറ്റുന്ന ഈ പൂളില്‍ 14 ദശലക്ഷം ലിറ്റർ വെള്ളം കൊള്ളും. ആറോളം ഒളിമ്പിക് സൈസ് പൂളുകളുടെ വലുപ്പം വരും. ലോകത്തിലെ ഏറ്റവും ആഴത്തിലുള്ള നീന്തൽക്കുളമെന്ന ഗിന്നസ് റെക്കോർഡ് നിലവില്‍ ഈ പൂളിനാണ്.

നൂതനമായ ഹൈപ്പർബാറിക് ചേംബർ ഉൾപ്പെടെയുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യകളാണ് ഇതിനുള്ളില്‍ ഉപയോഗിച്ചിരിക്കുന്നത്. കാഴ്ചകള്‍ കൂടുതല്‍ രസകരമാക്കുന്നതിനായി, മുങ്ങിപ്പോയ ഒരു നഗരത്തിന്‍റെ മാതൃകയും അടിത്തട്ടില്‍ ഒരുക്കിയിരിക്കുന്നു. ഫ്രീഡൈവിങ്, സ്കൂബ ഡൈവിങ് മുതലായവ പഠിപ്പിക്കാനും പരിശീലനം നല്‍കാനുമായി അന്തർ‌ദ്ദേശീയ ഡൈവിങ് പ്രൊഫഷണലുകളുടെ ഒരു ടീമും ഇവിടെയുണ്ടാകും.

1,500 ചതുരശ്ര മീറ്റര്‍ ഏരിയയിലാണ് പൂള്‍ ഉള്ളത്. ദുബായുടെ പേള്‍ ഡൈവിങ് പാരമ്പര്യം കണക്കിലെടുത്ത്, വലിയൊരു ചിപ്പിയുടെ ആകൃതിയിലാണ് ഈ സൗകര്യം ഉള്ളത്. രണ്ടു ഡ്രൈ ചേംബറുകള്‍, പൂളിന്‍റെ എല്ലാ വശങ്ങളും കാണാനാകുന്ന അണ്ടർവാട്ടർ ക്യാമറകൾ, നൂതന ശബ്ദ, മൂഡ് ലൈറ്റിങ് സംവിധാനങ്ങൾ എന്നിവയാണ് പൂളിന്‍റെ മറ്റുചില  സവിശേഷതകൾ. നാസ വികസിപ്പിച്ചെടുത്ത ഫിൽട്ടർ സാങ്കേതികവിദ്യയും യുവി വികിരണങ്ങളും ഉപയോഗിച്ച് ഓരോ ആറു മണിക്കൂറിലും പൂളിലെ വെള്ളം ശുദ്ധീകരിക്കുന്നു. 

അദ്ഭുതമായി പൂൾ

ദുബായിലെ സാഹസിക കായിക വിനോദങ്ങളുടെ മേഖലയിലെ ഏറ്റവും പുതിയ നിക്ഷേപമായാണ് ഈ പൂള്‍ കണക്കാക്കപ്പെടുന്നത്. വര്‍ഷം മുഴുവന്‍ ഇവിടെ സഞ്ചാരികള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കും. സഞ്ചാരികള്‍ക്ക് പൂര്‍ണ്ണ സുരക്ഷിതത്വവും സ്വകാര്യതയും ഉറപ്പുവരുത്തിക്കൊണ്ട് നീന്തല്‍ ആസ്വദിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. തുടക്കക്കാർ മുതൽ പ്രൊഫഷണൽ ഡൈവേഴ്‌സ്, അത്‌ലറ്റുകൾ വരെയുള്ള, 10 വയസ്സും അതിനു മുകളില്‍ പ്രായമുള്ളവരുമായ എല്ലാവര്‍ക്കും നീന്താന്‍ അനുവാദമുണ്ട്.

ഡിസ്കവർ, ഡൈവ്, ഡവലപ്പ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് നീന്തല്‍ പ്രോഗ്രാമുകള്‍ ലഭ്യമാവുക. ഒരൊറ്റ ഡൈവ് മാത്രം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കായാണ് ഡിസ്കവർ വിഭാഗം. നിലവില്‍ സർട്ടിഫിക്കേഷൻ ഉള്ള ആളുകള്‍ക്കായാണ് ഡൈവ് വിഭാഗം. എക്സ്പീരിയന്‍സ് അനുസരിച്ചുള്ള നീന്തല്‍ ആണിത്. എൻട്രി ലെവൽ മുതൽ ടെക്നിക്കൽ, ഇൻസ്ട്രക്ടർ ലെവൽ വരെയുള്ള കഴിവുകൾ വികസിപ്പിക്കുന്നതിനും സ്കൂബ ഡൈവിങ്, ഫ്രീഡൈവിങ് സർട്ടിഫിക്കേഷനുകൾ എന്നിവ നേടുന്നതിനുമുള്ള പരിശീലനത്തിനായാണ് ഡവലപ്പ് വിഭാഗം.

ഡൈവിങ്ങിനുള്ള ലോകത്തിലെ ഏറ്റവും ആഴത്തിലുള്ള പൂള്‍ എന്നതിനപ്പുറം, ഏറ്റവും വലിയ അണ്ടർവാട്ടർ ഫിലിം സ്റ്റുഡിയോയും ഇവിടെയാണ്‌ ഉള്ളത്. മീഡിയ എഡിറ്റിംഗ് റൂം, വീഡിയോ വാള്‍, 56 അണ്ടർവാട്ടർ ക്യാമറകൾ, 164 വ്യത്യസ്ത മൂഡ്‌ ലൈറ്റുകൾ എന്നിവ ഇവിടെയുണ്ട്. ഒപ്പം 100 പേർ അടങ്ങുന്ന കോണ്‍ഫറന്‍സുകളും പരിപാടികളും നടത്താനുള്ള സൗകര്യവും ഓൺസൈറ്റ് കാറ്ററിംഗ് ഓപ്ഷനുകളും ഒരുക്കിയിട്ടുണ്ട്. 

പൂളില്‍ ഇറങ്ങിയ ശേഷം ബുര്‍ജ് ഖലീഫയിലേക്ക് യാത്ര വേണ്ട

പൂളില്‍ ഡീപ് ഡൈവ് ചെയ്ത ശേഷം ബുർജ് ഖലീഫ സന്ദർശിക്കരുത് ഡീപ് ഡൈവ് ദുബായ് സന്ദർശകരോട് ശുപാർശ ചെയ്യുന്നു. ഡൈവിങ്ങിന് ശേഷം, 300 മീറ്ററിൽ (1,000 അടി) കൂടുതല്‍ ഉയരത്തിൽ കയറുന്നതിന് 18-24 മണിക്കൂർ കാത്തിരിക്കണം. എന്നാല്‍ ബുര്‍ജ് ഖലീഫ സന്ദർശിച്ച ശേഷം ഡൈവിങ് ചെയ്യുന്നതില്‍ അപകടമില്ല എന്ന് ഡീപ് ഡൈവ് ദുബായിയുടെ വെബ്‌സൈറ്റി(deepdivedubai.com)ല്‍ പറയുന്നു.

English Summary:  World's Deepest Pool In Dubai

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA