ADVERTISEMENT

ചുറ്റുമുള്ള രാജ്യങ്ങളിൽ നിന്നു ഏറെ വ്യത്യസ്തമാണ് നമ്മുടെ അയൽരാജ്യമായ മ്യാൻമർ. സുവർണഭൂമി എന്നൊരു പേരുകൂടിയുണ്ട് ആ രാജ്യത്തിന്. എന്തുകൊണ്ടാണ് ആ രാജ്യത്തിനു ഇങ്ങനെയൊരു പേരുലഭിച്ചതെന്നറിയണമെങ്കിൽ മണ്ഡലായ്, യാങ്കോൺ എന്നീ നഗരങ്ങളിലൂടെ ഒരു യാത്രപോയാൽ മതി. സ്തൂപങ്ങളും പഗോഡകളും സ്വർണത്തിൽ കുളിച്ചു നിൽക്കുന്ന കാഴ്ച കണ്ടാൽ കാര്യങ്ങൾ മനസിലാകും. പതിനായിരത്തിലുമധികം വരുന്ന ബുദ്ധക്ഷേത്രങ്ങൾ മ്യാന്മറിന്റെ പ്രധാന സവിശേഷതകളിലൊന്നാണ്. അന്നാട്ടിലെ കാഴ്ചകൾ കാണാനിറങ്ങുമ്പോൾ, അധികമൊന്നും ദൂരവ്യത്യാസമില്ലാതെ നിരവധി ബുദ്ധക്ഷേത്രങ്ങൾ കാണുവാൻ കഴിയും. 

സഞ്ചാരികള്‍ക്ക് കണ്ണുനിറയെ കാണാന്‍ മതിയാവോളം കാഴ്ചകളും കേള്‍ക്കാന്‍ ഒട്ടനവധി കഥകളും മ്യാന്‍മറിലുണ്ട്. എന്നാല്‍ അവയ്ക്കെല്ലാമപ്പുറം ഉത്തരം കിട്ടാത്ത നിരവധി നിഗൂഢതകള്‍ ഒളിപ്പിച്ച ഒരിടം കൂടിയാണ് മ്യാന്മര്‍. വര്‍ഷങ്ങളായി നാട്ടുകാരെയും ഗവേഷകരേയും കുഴക്കുന്ന ഒന്നാണ് ധമ്മസേദി എന്ന് പേരുള്ള ഭീമന്‍ മണിയുടെ കഥ. 

myanmar

കൗതുകകരമായ ചരിത്രവും എങ്ങും ചൂഴ്ന്നു നില്‍ക്കുന്ന നിഗൂഢതയും കാരണം ലോകമെങ്ങു നിന്നും നിരവധി സഞ്ചാരികള്‍ ഇന്നും ഇവിടേക്ക് എത്തുന്നു. പ്രശസ്തമായ ഒരു ഡൈവിങ് പോയിന്‍റ് കൂടിയാണ് ഇവിടം.

ലോകത്തെ ഏറ്റവും വലിയ മണി

ലോകത്തില്‍ ഇന്നുണ്ടാക്കിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലുപ്പമുള്ള മണിയാണ് ധമ്മസേദി എന്ന് പറയപ്പെടുന്നു. 1484- ല്‍ മ്യാന്മാറിലെ ഹന്താവാടി പ്രവിശ്യ ഭരിച്ചിരുന്ന ധമ്മാസേദി രാജാവിന്‍റെ ആജ്ഞ പ്രകാരമാണ് ഇത് നിര്‍മിച്ചത്. ശേഷം, യാങ്കൂണിലുള്ള ഗോള്‍ഡന്‍ പഗോഡയില്‍ ഇത് സ്ഥാപിക്കപ്പെട്ടു. 

ഏകദേശം 294 ടണ്‍ ഭാരം വരുന്ന ലോഹക്കൂട്ടാണ് മണിയുടെ നിര്‍മാണത്തിനായി ഉപയോഗിച്ചത്. ഇതില്‍, വെള്ളി, സ്വർണം, ചെമ്പ്, ടിൻ എന്നിവയും ഉൾപ്പെടുന്നു. ഇതിന് പന്ത്രണ്ട് മുഴ ഉയരവും എട്ട് മുഴ വീതിയും ഉണ്ടായിരുന്നതായി പറയപ്പെടുന്നു.

ജ്യോത്സ്യന്‍ പ്രവചിച്ച നിര്‍ഭാഗ്യം

മണി നിര്‍മാണം മറ്റൊരു സമയത്തേക്ക് മാറ്റിവെക്കാന്‍ ധമ്മസേദി രാജാവിന്‍റെ ജ്യോത്സ്യന്‍ അദ്ദേഹത്തെ ഉപദേശിച്ചിരുന്നു എന്നാണു പറയുന്നത്. ജ്യോതിശാസ്ത്രപരമായി മോശം സമയമായിരുന്നു അത്. ഈ മണി മുഴങ്ങില്ലെന്ന് അദ്ദേഹം പ്രവചിച്ചു. അദ്ദേഹം പറഞ്ഞതുപോലെ തന്നെ, പണി പൂർത്തിയാക്കിയ ശേഷം, അസുഖകരമായ ശബ്ദമായിരുന്നു മണിയില്‍ നിന്നും പുറത്തുവന്നത്. 

മണി മോഷ്ടിക്കപ്പെടുന്നു

പുരാതന ബര്‍മ്മയുടെ ചരിത്രവും വിദേശശക്തികളുടെ അധിനിവേശവുമായി ഏറെ അടുത്ത ബന്ധമാണ് ധമ്മസേദി മണിക്കുള്ളത്. പതിനാറാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ തന്നെ, യൂറോപ്യൻ പര്യവേഷകരും വ്യാപാരികളും ലോവർ ബർമയിലേക്ക് എത്തിച്ചേരാന്‍ തുടങ്ങി. 1590 കളിൽ പോർച്ചുഗീസ് യുദ്ധപ്രഭുവായിരുന്ന ഫിലിപ്പ് ഡി ബ്രിട്ടോ ഇ നിക്കോട്ട് ലോവർ ബർമയിൽ എത്തി. അക്കാലത്ത്, സിറിയം (ഇപ്പോൾ തൻലിൻ എന്നറിയപ്പെടുന്നു) ഇവിടത്തെ ഒരു പ്രധാനപ്പെട്ട തുറമുഖമായിരുന്നു.

1599-ൽ അരാക്കനീസ് പട നയിച്ച്, ഡി ബ്രിട്ടോ സിറിയത്തെയും തലസ്ഥാനമായ പെഗുവിനെയും കീഴടക്കി. സന്തുഷ്ടനായ അരാക്കനീസ് രാജാവ് ഡി ബ്രിട്ടോയെ സിറിയത്തിന്‍റെ ഗവർണറായി നിയമിച്ചു. 1600 ആയപ്പോഴേക്കും ഡി ബ്രിട്ടോ ബാഗോ നദിക്ക് കുറുകെ കടന്ന് ഡാഗോണിലേക്കും ചുറ്റുമുള്ള ഗ്രാമപ്രദേശങ്ങളിലേക്കും തന്‍റെ ശക്തി വ്യാപിപ്പിച്ചു. 1603-ൽ ഡി ബ്രിട്ടോ അരാക്കനീസ് രാജാവിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും പോർച്ചുഗീസ് ഇന്ത്യയുടെ വൈസ്രോയിയായ അയേഴ്സ് ഡി സൽദാൻഹയുടെ കീഴിൽ പോർച്ചുഗീസ് ഭരണം സ്ഥാപിക്കുകയും ചെയ്തു.

1608-ൽ ഡി ബ്രിട്ടോയും കൂട്ടരും ഗോള്‍ഡന്‍ പഗോഡയിൽ നിന്ന് ധമ്മസേദി മണി നീക്കം ചെയ്യുകയും സിംഗുട്ടാര കുന്നിൽ നിന്ന് പസുണ്ടാങ് ക്രീക്കിലേക്ക് ഉരുട്ടിവിടുകയും ചെയ്തു. മണി ഉരുക്കി പീരങ്കികള്‍ നിര്‍മ്മിക്കാനായിരുന്നു അവരുടെ പ്ലാന്‍. അതിനായി അവര്‍ ഒരു തോണിയില്‍ മണിയും കയറ്റി യാത്ര ചെയ്യവേ, ബങ്കോ, യാങ്കോൺ നദികളുടെ സംഗമസ്ഥാനത്ത്, ഇപ്പോൾ മങ്കി പോയിന്‍റ് എന്നറിയപ്പെടുന്ന സ്ഥലത്ത് വച്ച് തോണി മുങ്ങി. മണി നദിയുടെ ആഴങ്ങളിലേക്ക് മുങ്ങിപ്പോയി.

നൂറ്റാണ്ടുകളായി നീളുന്ന തിരച്ചില്‍

നദിയില്‍ മുങ്ങിപ്പോയ ധമ്മസേദി മണി കണ്ടെത്താനായി ഇന്നേവരെ മുങ്ങല്‍ വിദഗ്ധര്‍ അടക്കം നൂറുകണക്കിന് ആളുകള്‍ ശ്രമിച്ചിട്ടുണ്ട്. ഇവിടെ മുന്‍പ് മൂന്നു കപ്പലപകടം നടന്നതിനാലും ചെളിയും പായലും നിറഞ്ഞു കിടക്കുന്ന സ്ഥലമായതിനാലും ഇവിടെ തിരച്ചില്‍ നടത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഏകദേശം 25 അടി താഴെയായി ഈ മണി മുങ്ങിക്കിടപ്പുണ്ടാവാം എന്നാണു കരുതുന്നത്. 

മണി സൂക്ഷിക്കുന്നത് ആത്മാക്കളോ?

ബുദ്ധിസ്റ്റ് സന്യാസികളുടെ ആത്മാക്കള്‍ ഈ മണി സംരക്ഷിക്കുകയാണ് എന്നാണു നാട്ടുകാര്‍ക്കിടയിലുള്ള കഥ. ആരെങ്കിലും കണ്ടെത്താതെ അവര്‍ ഈ മണി മറയ്ക്കുന്നു. നിലാവുള്ള രാത്രികളില്‍ മണി ജലോപരിതലത്തിലേക്ക് പൊങ്ങി വരുന്നത് കണ്ടതായും ആളുകള്‍ പറയുന്നു. എന്തായാലും സാങ്കേതിക വിദ്യ ഇത്രയും പുരോഗമിച്ച ഇക്കാലത്തും ഇത്രയും വലുപ്പമുള്ള ഒരു വസ്തുവായിട്ടു പോലും ധമ്മസേദി കണ്ടെത്താനാവാത്തത് എന്തുകൊണ്ട് എന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു.

English Summary: Myanmar's mysterious Dhammazedi Bell

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com