ADVERTISEMENT

പല ടൂറിസ്റ്റ് കേന്ദ്രങ്ങളിലും സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന താമസസൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ആധുനിക സൗകര്യങ്ങള്‍ നിറഞ്ഞ ഹണിമൂണ്‍ കോട്ടേജുകളായും ഹോളിഡേ ഹോമുകളായും മറ്റും മാറ്റുന്ന ട്രെന്‍ഡും ഇപ്പോള്‍ കാണുന്നുണ്ട്. പ്രകൃതിയെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് ഏറുമാട വീടുകള്‍.

മരത്തിന്‍റെ വേരുകള്‍ കൊണ്ട് നിര്‍മിച്ച വീട്

മരത്തിന്‍റെ മുകളില്‍ മാത്രമല്ല, ഇത്തരം മരവീടുകള്‍ ഉള്ളത്. തായ്‌വാനിലെ തായ്നാന്‍ പ്രവിശ്യയിലുള്ള ആന്‍പിങ് ജില്ലയില്‍ ലോകപ്രശസ്തമായ ഒരു വീടുണ്ട്, 'ആന്‍പിങ് ട്രീ ഹൗസ്' എന്നാണ് ഇത് അറിയപ്പെടുന്നത്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട ഒരു വെയര്‍ഹൗസാണ് യഥാര്‍ത്ഥത്തില്‍ ഇത്.

anping-tree-house
Dari Kobby Dagan/shutterstock

പതിറ്റാണ്ടുകള്‍ക്ക് ശേഷം ഉപേക്ഷിക്കപ്പെട്ട ഈ കെട്ടിടത്തിനു ചുറ്റും അടുത്തുള്ള ആല്‍മരത്തിന്‍റെ വേരുകളും കൊമ്പുകളും പടര്‍ന്നു കയറി. ഇപ്പോള്‍ പുറത്തുനിന്നു നോക്കുന്നവര്‍ക്ക് മരത്തിന്‍റെ വേരുകള്‍ കൊണ്ട് നിര്‍മിച്ച ഒരു കെട്ടിടമായാണ് ആദ്യകാഴ്ചയിൽ തോന്നുക. ആന്‍പിങ്ങിലെ പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് ഇന്ന് ഈ വീട്. സഞ്ചാരികള്‍ക്ക് കാഴ്ചകള്‍ കൂടുതല്‍ വിശദമായി കാണുന്നതിനായി ഇവിടെ ഒരു സ്കൈവേയും നിര്‍മിച്ചിട്ടുണ്ട്. 

പഞ്ചസാരയും കര്‍പ്പൂരവും സൂക്ഷിക്കുന്ന വെയര്‍ഹൗസ്

ചൈനയിലെ അവസാന രാജവംശമായിരുന്ന ചിങ്, 1858-ല്‍ ടിയന്‍സ്റ്റിന്‍ ഉടമ്പടി ഒപ്പുവച്ചതിനു ശേഷം, രാജ്യാന്തര വ്യാപാരത്തിനായി തുറന്ന തുറമുഖങ്ങളില്‍ ഒന്നായിരുന്നു ആന്‍പിങ്. അക്കാലത്തെ പ്രധാന വ്യാപാരക്കമ്പനികളില്‍ ഒന്നായിരുന്ന ടെയ്റ്റ് ആന്‍ഡ്‌ കമ്പനിയാണ് 1867- ല്‍ ഈ വെയര്‍ഹൗസ് നിര്‍മിച്ചത്. പഞ്ചസാരയും കര്‍പ്പൂരവും കയറ്റുമതിക്ക് മുമ്പ് സാധനങ്ങൾ സൂക്ഷിക്കാനുള്ള ഗോഡൗണ്‍ ആയാണ് ഇവിടം ഉപയോഗിച്ചിരുന്നത്. 

ഉപേക്ഷിക്കപ്പെട്ട വെയര്‍ഹൗസ്

1895-ൽ ജപ്പാൻ സാമ്രാജ്യം തായ്‌വാനിലെത്തിയ ശേഷം, കർപ്പൂരത്തിന്‍റെയും ഓപിയത്തിന്‍റെയും വ്യാപാരം സർക്കാരിനു കീഴിലാക്കി. വിദേശ വ്യാപാരികളെ ബിസിനസിൽ നിന്ന് ഒഴിവാക്കിയതോടെ ടെയ്റ്റ് ആന്‍ഡ്‌ കമ്പനി ഉൾപ്പെടെയുള്ളവര്‍ക്ക് തായ്‌വാനിൽ നിന്ന് പുറത്തുപോകേണ്ടിവന്നു. അങ്ങനെ ഈ വെയര്‍ഹൗസ് ഉപേക്ഷിക്കപ്പെട്ടു. കാലം കഴിഞ്ഞതോടെ, ചുറ്റുമുള്ള ആല്‍മരത്തിന്‍റെ ശാഖകളും വേരുകളുമെല്ലാം ഇതിന്മേല്‍ പടര്‍ന്നുകയറി. 

മരവീടാക്കി മാറ്റുന്നു

1945 ൽ ജപ്പാന്‍ ചൈനയ്ക്ക് തായ്‌വാൻ കൈമാറിയ ശേഷം, ഈ വെയർഹൗസ് തായ്നാന്‍ സാൾട്ട് വർക്ക്സിന്‍റെ ഓഫീസായി മാറി. 1981 ൽ കെട്ടിടം നവീകരിച്ചു. 2004 ൽ, വെയർഹൌസിനെ ടൂറിസ്റ്റ് ആകര്‍ഷണമാക്കി മാറ്റാൻ തായ്നാന്‍ നഗരസഭ ഡിസൈനർമാരെ ക്ഷണിച്ചു. തുടര്‍ന്ന് കെട്ടിടത്തിനു മുകളിലേക്ക് കയറാന്‍ മരം, മെറ്റൽ സ്റ്റെയർകെയ്‌സുകളും സന്ദർശകർക്ക് മുഴുവൻ പ്രദേശങ്ങളും കാണാനാവുന്ന പ്ലാറ്റ്ഫോമുകളും നിർമിച്ചു. 

anping-tree-house1
Dari SweetRiver/shutterstock

2004 ൽ നാഷണൽ ആൻ‌പിങ് ഹാർബർ ഹിസ്റ്റോറിക് പാർക്കിന്‍റെ ഭാഗമായി 'ആൻ‌പിങ് ട്രീ ഹൗസ്' എന്ന പേരിൽ കെട്ടിടം പൊതുജനങ്ങൾക്കായി തുറന്നു. ഇന്ന് തായ്‌വാന്‍ സന്ദര്‍ശിക്കുന്ന മിക്ക സഞ്ചാരികളും ഈ അദ്ഭുതക്കാഴ്ച കൂടി കണ്ടാണ്‌ മടങ്ങുന്നത്.

English Summary: Anping Tree HouseTainan City, Taiwan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com