ADVERTISEMENT

അവതാരകനും നടനുമായ ആര്‍ജെ മിഥുന്‍ യാത്രകളെ പ്രണയിക്കുന്നയാളാണ്. എത്ര തിരക്കായാലും കുടുംബവുമൊത്തുള്ള യാത്രകൾക്കായി മിഥുൻ എങ്ങനെയും സമയം കണ്ടെത്തും. ലോക്ഡൗണിൽ ഇളവുകൾ വന്നതോടെ കുടുംബവുമൊത്ത് മിഥുൻ യാത്രയിലാണ്. ജോര്‍ജിയന്‍ നഗരമായ ടിബിലിസിലൂടെയാണ് ഇവരുടെ യാത്ര. യാത്രയുടെ തുടക്കത്തിൽ മിഥുൻ പങ്കുവച്ച വിമാനത്തിലിരിക്കുന്ന ചിത്രത്തിനൊപ്പം ഇനി മധുരമുള്ള ഓർമകൾ സ്വന്തമാക്കാനുള്ള സമയമാണെന്നും കുറിച്ചിട്ടുണ്ട്.

സുഹൃത്തുക്കൾക്കൊപ്പം യാത്ര തിരിച്ച  മിഥുനും കുടുംബവും അവിടുത്തെ മനോഹര ചിത്രങ്ങളും വിഡിയോകളുമെല്ലാം സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. മനോഹരമായ മലനിരകളുടെ പശ്ചാത്തലത്തില്‍ ഹാര്‍മോണിയം വായിച്ച് ഹിന്ദിപ്പാട്ട് പാടുന്ന ജോര്‍ജിയന്‍ ഗായകന്‍റെ വിഡിയോ മിഥുന്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. രാജ്കപൂര്‍ അനശ്വരമാക്കിയ 'മേരാ ജൂതാ ഹേ ജപ്പാനി' എന്ന പാട്ടാണ് പാടുന്നത്. താന്‍ ജോര്‍ജിയന്‍ രാജ്കപൂര്‍ ആണെന്ന് വഡിയോയില്‍ ഇയാള്‍ പറയുന്നുണ്ട്.

കൂടാതെ നഗരക്കാഴ്ചകളും കുടുംബചിത്രങ്ങളുമെല്ലാം മിഥുന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. കോവിഡും ലോക്ഡൗണും കാരണം നീണ്ട ഇടവേളയ്ക്കു ശേഷമുള്ള യാത്രയാണിത്. ഏറെ സന്തോഷത്തിലാണ് ഇവർ. സുഹൃത്തുക്കൾ ഒരുമിച്ച ചിത്രവും പങ്കുവച്ചിട്ടുണ്ട്. 

മനോഹരമീ നഗരം

ജോര്‍ജിയയുടെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ്  ടിബിലിസി അഥവാ 'തിഫ്‌ലിസ്'. കുറാനദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഈ മനോഹരനഗരം അഞ്ചാം നൂറ്റാണ്ടിലാണ് സ്ഥാപിക്കപ്പെട്ടത്. പിന്നീട് പല സമയങ്ങളിലായി 29 തവണയോളം പുതുക്കിപ്പണിത ഈ നഗരം, പഴമയുടെയും പുതുമയുടെയും കൗതുകമുണര്‍ത്തുന്ന സങ്കലനമാണ്. വര്‍ഷംതോറും ലോകമെങ്ങു നിന്നുമുള്ള നിരവധി സഞ്ചാരികളാണ് ഇവിടേക്കെത്തുന്നത്.

പഴമ നിറഞ്ഞു നില്‍ക്കുന്ന ആര്‍ട്ട് ഷോപ്പുകളും വൈന്‍ ഹൗസുകളും വീടുകളില്‍ നടത്തുന്ന ഗസ്റ്റ് ഹൗസുകളുമെല്ലാം ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളില്‍പ്പെടുന്നു. കൂടാതെ, പട്ടണത്തിന്‍റെ നടുവിലുള്ള അബനോടുബാനി പ്രദേശത്ത് സഞ്ചാരികള്‍ക്ക് പ്രസിദ്ധമായ സൾഫർ ബാത്ത് നടത്താനുള്ള സൗകര്യമുണ്ട്. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കത്തീഡ്രലായ ഹോളി ട്രിനിറ്റി കത്തീഡ്രല്‍,  ടിബിലിസിയുടെ ഏറ്റവും ഉയർന്ന പ്രദേശത്ത്, നഗരത്തിന്‍റെ ആകാശക്കാഴ്ച കാണാനാവുന്ന വിധത്തില്‍ നിര്‍മിച്ചിരിക്കുന്ന ടാറ്റ്സ്മിന്‍ഡ പാര്‍ക്ക് എന്നിവയും സന്ദര്‍ശിക്കേണ്ട ഇടങ്ങളാണ്.

തെരുവരികുകളിലെ പഴയ ബാബുഷ്കകളില്‍ കിട്ടുന്ന ചർച്ച്‌ചെല, തക്ൽ‌പി എന്നിങ്ങനെ രണ്ടുതരം കാന്‍ഡികള്‍ ജോര്‍ജിയയുടെ മുഖമുദ്രകളില്‍ ഒന്നാണ്. ടിബിലിസിയില്‍ എവിടെ നോക്കിയാലും ഇത്തരത്തിലുള്ള ഷോപ്പുകൾ കാണാം.  മുട്ടയും ചീസും ബ്രഡും ഉപയോഗിച്ച് ഉണ്ടാക്കുന്ന 'ഖച്ചപുരി', ചൈനീസ്, മെക്സിക്കന്‍, തായ് ഭക്ഷണങ്ങള്‍ എന്നിവയും ഭക്ഷണപ്രിയര്‍ക്ക് ജോര്‍ജിയയെ പ്രിയപ്പെട്ടതാക്കുന്ന ചില വിഭവങ്ങളാണ്.

യാത്ര നിയന്ത്രണം ഇങ്ങനെ

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ജോര്‍ജിയയിലേക്ക് പ്രവേശിക്കുന്നതിനായി ഇപ്പോള്‍ കടുത്ത നിയന്ത്രണങ്ങളുണ്ട്‌. ഇന്ത്യയില്‍ നിന്ന് യാത്ര ചെയ്യുന്നവരോ, യാത്രക്ക് 14 ദിവസങ്ങള്‍ക്കിടയില്‍ എപ്പോഴെങ്കിലും ഇന്ത്യയിലൂടെ സഞ്ചരിച്ചിട്ടുള്ളവരോ ആയ യാത്രക്കാര്‍ ജോര്‍ജിയയില്‍ എത്തുമ്പോള്‍, സ്വന്തം ചിലവില്‍ 14 ദിവസത്തെ ക്വാറന്റീന്‍ പാലിക്കേണ്ടതുണ്ട്.

യുഎഇ റെസിഡന്‍സ് പെര്‍മിറ്റ്‌ ഉള്ളവര്‍ യാത്രക്ക് പരമാവധി 72 മണിക്കൂറിനകം എടുത്ത നെഗറ്റീവ് കോവിഡ് റിപ്പോര്‍ട്ട് കയ്യില്‍ കരുതണം. മാത്രമല്ല, രാജ്യത്തെത്തി മൂന്നാം ദിവസം വീണ്ടും കോവിഡ് പരിശോധന നടത്തുകയും വേണം.  14 ദിവസത്തെ ക്വാറന്റീന്‍ പാലിക്കുന്നവര്‍ക്ക് വീണ്ടും പരിശോധന നടത്തേണ്ടതില്ല.

English Summary: Celebrity Travel,Mithun Ramesh Share Beautiful Travel Pictutres from Tbilisi Georgia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com