ADVERTISEMENT

ലോകരാജ്യങ്ങളില്‍ എറിയപങ്കും കോവിഡെന്ന വില്ലനോട് പോരടിക്കുകയാണ്. എന്നാൽ, വീണിടം വിഷ്ണുലോകമാക്കിയ കൂട്ടരും ലോകത്തിന്റെ ഒരു കോണിൽ ഉണ്ട്. ആ അറിവ് ലോകത്തിന് നല്‍കുന്ന സന്തോഷവും ആത്മവിശ്വാസവും ചില്ലറയല്ല. ഏത് മഹാമാരിയോടും ഉൾക്കരുത്തോടെ പോരാടിയാൽ അവിടെ തീരും വെല്ലുവിളികളുടെ ആയുസ്. ഇങ്ങനെ പഠിപ്പിച്ചത് റഷ്യയിലെ ഒരു കൊച്ചു​ഗ്രാമമാണ്. ക്രാസ്നയ പോളിയാന. 

റഷ്യയുടെ ഒരോ കഥകളും അത്ഭുതത്തോട് മാത്രമെ ലോകം കേൾക്കാറുള്ളൂ. ചരിത്രവും പാരമ്പര്യവും ഇഴചേരുന്ന അത്തരം കഥകളല്ല, യഥാർഥ്യമായി മുന്നിൽ നിൽക്കുകയാണ് ക്രാസ്നയ പോളിയാന. ശരിക്കും, കോവിഡ് മൂലം പച്ചപിടിച്ച ഇടമാണിവിടെ. റഷ്യയിലെ സോചിന് അടുത്തുള്ള ക്രാസ്നയ പോളിയാന എന്ന ഗ്രാമം കോവിഡ് കാലത്ത് വലിയ സാമ്പത്തിക നേട്ടമാണുണ്ടാക്കുന്നത്. ഈ ഗ്രാമത്തിൽ ഒരു തരി മണ്ണ് സ്വന്തമാക്കാൻ വമ്പൻ ബിസിനസുകരാണ് ഇപ്പോൾ മത്സരിക്കുന്നത്.

ക്രാസ്നായ പോളിയാന അഥവാ ചുവന്ന പുൽമേട് എന്നറിയപ്പടുന്ന റഷ്യൻ നാട്. കോക്കസസ് പർവതനിരകളുടെ മനോഹരമായ പശ്ചാത്തലത്തിലാണ് ക്രാസ്നയ പോളിയാന സ്ഥിതിചെയ്യുന്നത്, അതിമനോഹരമായ കാഴ്ചകളാൽ സമ്പന്നമായ ഒരിടം.

സ്വതവേ ശാന്തവും ഭംഗിയുള്ളതുമായ ഈ ഗ്രാമം പർവ്വതങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുകയാണ്. അഞ്ച് സ്ട്രീറ്റുകളാണ് ഇവിടെയുള്ളത്. വെറും അയ്യായിരം ആളുകൾ മാത്രമാണ് ഗ്രാമത്തിലുള്ളത്. കരിങ്കടലിനോട് ചേർന്നു കിടക്കുന്ന ക്രാസ്നായ പോളിയാന റഷ്യയിൽ പ്രസിദ്ധമായിരിക്കുന്നത് ഇവിടുത്തെ ശുദ്ധവായുവിന്‍റെയും പ്രകൃതിഭംഗിയുടെയും പേരിലാണ്.

മഹാമാരി തുടങ്ങിയ ശേഷം ഇവിടെ ഭൂമിയുടെ വില കുതിച്ചുയരുകയാണ്. ന​ഗരത്തിന്റെ ബഹളവും തിരക്കും ഇല്ലാതെ സ്വൈര്യമായി ഇരിക്കാൻ പറ്റുന്ന ഒരിടമായാണ് സഞ്ചാരികൾ ആദ്യം ഇവിടെ എത്തിയത്. എന്നാൽ, റഷ്യയിലെ പല നഗരങ്ങളിലും കോവിഡ് പ്രതിസന്ധി സൃഷ്ടിച്ചതോടെ അവിടങ്ങളിൽ നിന്നെല്ലാം ആളുകൾ ഇങ്ങോട്ടേക്ക് ഒഴുക്കി. മോസ്കോയിൽ നിന്നാണ് ഏറ്റവുമധികം ആളുകൾ ഇവിടേക്ക് വരുന്നത്.  ​ഗ്രാമത്തിൽ ഒരു തുണ്ട് ഭൂമിയ്ക്കായാണ് ഈ ന​ഗരവാസികളിൽ പലരും  എത്തുന്നത്.

പ്രകൃതിയുടെ വശ്യമായ സൗന്ദര്യവും ആളുകളെ ചേർത്തുനിർത്തി. വെറുതെ സ്ഥലം കണ്ടുപോകാൻ വരുന്ന സഞ്ചാരികളല്ല ഭൂരിഭാഗവും. വില പറഞ്ഞ് സ്ഥലം സ്വന്തമാക്കാൻ വരുന്നവരാണ് ഏറിയപങ്കും. ഫ്ലാറ്റോ കോട്ടേജോ വാങ്ങുകയോ ആണ് ആളുകൾ ചെയ്യുന്നത്. സ്ഥലം വാങ്ങാനും നിക്ഷേപം നടത്താനുമുള്ള ആളുകളുടെ കുത്തൊഴുക്ക് സാമ്പത്തികരം​ഗത്ത് ക്രാസ്നായ പോളിയാനയ്ക്ക് നൽകിയ ഉൗർജം ചില്ലറയല്ല. റഷ്യയിൽ ഭൂമിയുടെ വില നിശ്ചയിക്കുന്നത് 100 ചതുരശ്രമീറ്റർ കണക്കാക്കിയാണ്. സോറ്റ്കി എന്നും ഇതിനെ പറയുന്നു. കോവിഡിന് മുമ്പ് ക്രാസ്നയ പോളിയാനയിലെ ഒരു സോട്ട്കയുടെ വില ഏകദേശം 10 ലക്ഷം രൂപയ്ക്ക് അടുത്തായിരുന്നു. 

എന്നാൽ കോവിഡ് കാലത്ത് ആളുകൾ ഇവിടേക്ക് ചേക്കേറിയതോടുകൂടി, വിലയും കുതിച്ചുയർന്നു. ഇപ്പോൾ ക്രാസ്നയ പോളിയാനയിൽ ഒരു സോട്ട്കയുടെ വില 50 ലക്ഷം രൂപ വരെയായിട്ടുണ്ട്. എന്നാൽ, ഇടനിലക്കാരുടെ പ്രതീക്ഷ അവിടെയും നിൽക്കുന്നില്ല.  2021 ന്റെ അവസാനത്തോടെ വില 70 ലക്ഷം കടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

നാലു കോടിക്കും 90 കോടിക്കും ഇടയിലാണ് കോട്ടേജുകളുടെ വില. വീടുകളുടെ വാടകയും കുതിച്ചുയർന്നിട്ടുണ്ട്. ഗ്രാമത്തിൽ നിന്നും 40 കിലോമീറ്റർ സഞ്ചരിച്ചാൽ എയർപോർട്ടിൽ എത്താം. എന്നാൽ സാധാരണക്കാരനായ റഷ്യൻ പൗരനെ ഉദ്ദേശിച്ചല്ല ഇതൊന്നും. വലിയ ന​ഗരങ്ങളിലെ വമ്പൻ ബിസിനസുകാരാണ് ഈ നാട് ലക്ഷ്യമിടുന്നത്. ഇക്കഴിഞ്ഞ കാലം വരെ ഗ്രാമത്തിൽ ​ഗതാ​ഗത പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. 2014ലെ വിന്റർ ഒളിമ്പിക്‌സിന്റെ സമയത്ത് ​ഗതാ​ഗതം മെച്ചപ്പെടുത്തുന്നതിനായി, ഒരു റെയിൽവേ ലൈൻ നിർമ്മിച്ചു, ഈ പ്രദേശത്തെ വിമാനത്താവളം, സോചി ഒളിമ്പിക് വില്ലേജ്, സെൻട്രൽ സോചി എന്നിവയുമായി ബന്ധിപ്പിച്ചു. എന്നാൽ ഈ മാറ്റങ്ങൾക്ക് മുമ്പേ മാറാൻ ഈ കുഞ്ഞു ​ഗ്രാമം ശ്രമിച്ചിരുന്നു. 2014ലെ വിന്റെർ ഒളിമ്പിക്സ് കാലത്ത് നിന്ന് ഈ ഗ്രാമം ഇന്ന് ഏറെ മുന്നോട്ടുപോയിരിക്കുന്നു. 20 കഫേകളും ധാരാളം റസ്റ്റോറന്റുകളും ഒരു പബ്ബും ബാറും എല്ലാം ഒറ്റ വർഷം കൊണ്ട് ഇവിടെ ആരംഭിച്ചുകഴിഞ്ഞു. വൈഫൈ  അടക്കം എല്ലാ സൗകര്യങ്ങളും ലഭ്യം. ശൈത്യകാലത്തും വേനൽക്കാലത്തും വിനോദസഞ്ചാരികളെയും സന്ദർശകരെയും ഒരു പോലെ സ്വീകരിക്കുന്ന ഈ നാടിന്റെ സാമ്പത്തിക അടിത്തറ തന്നെ ടൂറിസത്തിലാണ്.

ശൈത്യകാലത്ത് സ്കീയിങ്ങ് നടത്താനുള്ള സൗകര്യവും ഇവിടുത്തെ മറ്റൊരു ആകർഷണമാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുട്ടിൻ  ബെലാറസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോയെ ക്രാസ്നയ പോളിയാനയിൽ സ്കീയിംഗിന് ക്ഷണിച്ചതും വാർത്തയായിരുന്നു. ഇവിടം പുട്ടിന്റെയും ഫേവറൈറ്റ് ടൂറിസ്റ്റ് സ്പോട്ട് എന്നുവേണമെങ്കിൽ പറയാം. വാക്സീൻ ടൂറിസം അടക്കം പദ്ധതിയിടുന്ന ഈ രാജ്യത്തിന് ഒരു മുതൽക്കൂട്ട് തന്നെയാണ് ഈ ഗ്രാമം.

ലോകത്തിന്റെ കണ്ണുകൾ ഈ ഗ്രാമത്തിലേക്ക് തിരിയുമ്പോൾ, ഈ നേട്ടത്തെ ഒട്ടും ചെറുതായി കാണരുത്. ലക്ഷങ്ങളുടെ കളിയാണ് ഈ കുഞ്ഞു​ഗ്രാമത്തിൽ അരങ്ങേറുന്നത്. അങ്ങനെ ഒരു നാടിന്റെ സാമ്പത്തിക അടിത്തറ ഭഭ്രമാകുന്നു. ഇക്കാലമത്രയും കോവിഡ് തകർത്തെറിഞ്ഞ സാമ്പത്തിക രംഗവും, ജീവിതവും മാത്രം കേട്ടറിഞ്ഞ ലോകത്തിന് ഇതു പുതിയ ഉണർവാണ്. ഏത് തലവരയും അധ്വാനവും നിശ്ചയദാര്‍ഢ്യവും കൊണ്ട് മാറ്റിവരയ്ക്കാമെന്ന വലിയൊരു പാഠം.

English Summary: Small Village Thrives During Covid Pandemic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com