ബെസോസും ബ്രാൻസനും മാത്രമല്ല, ബഹിരാകാശത്തേക്ക് ഇനി നമ്മുടെ സന്തോഷ് കുളങ്ങരയും; ആ യാത്ര എന്ന്?

santhosh-george-kulangara
(ചിത്രത്തിനു കടപ്പാട്: സഫാരി ചാനൽ (ഇടത്), ബഹിരാകാശ പരിശീലന പറക്കലിനിടെ സന്തോഷ് ജോർജും സംഘവും (വലത്)
SHARE

ലോകത്തിലെ ആദ്യ ബഹിരാകാശ ടൂറിസ്റ്റുകളായി മാറിയിരിക്കുന്നതു രണ്ടു കോടീശ്വരന്മാരാണ്–ഒരാൾ ലോകത്തിലെ ഏറ്റവും വലിയ ധനികൻ ജെഫ് ബെസോസ്, രണ്ടാമത്തെയാൾ ബ്രിട്ടിഷ് ശതകോടീശ്വരൻ റിച്ചഡ് ബ്രാൻസൻ. പ്രതിവർഷം 300 കോടി ഡോളറിലേറെ ഇടപാടു നടക്കുന്ന മേഖലയായി ബഹിരാകാശ ടൂറിസം ഒരു ദശാബ്ദത്തിനകം മാറുമെന്നാണ് നിരീക്ഷകർ പറയുന്നത്. ശതകോടീശ്വരന്മാർക്കു മാത്രം സാധ്യമായതാണോ ബഹിരാകാശ യാത്രയെന്ന സ്വപ്നം? 

അല്ലെന്ന് ഉറപ്പിച്ചു പറയാൻ കേരളത്തിൽ ഒരാളുണ്ട്. സ്പേസ് ടൂറിസം എന്ന ചൂടൻ വിഷയവുമായി ബന്ധപ്പെട്ട് അഭിമാനത്തോടെ എല്ലാ മലയാളികൾക്കും ചൂണ്ടിക്കാണിക്കാൻ സാധിക്കുന്നൊരാൾ–സന്തോഷ് ജോർജ് കുളങ്ങര. ആരും കൊതിച്ചുപോകുന്ന യാത്രാജീവിതം സ്വന്തമാക്കിയ ലോകസഞ്ചാരി. വൻകരകൾ താണ്ടിയുള്ള അദ്ദേഹത്തിന്റെ യാത്രയ്ക്ക് തല്‍ക്കാലം ഒരു ‘ബ്രേക്ക്’. ഇനി നീലാകാശത്തിനുമപ്പുറത്തേക്കാണ് അദ്ദേഹത്തിന്റെ യാത്ര. 

സന്തോഷിന്റെ ക്യാമറക്കണ്ണുകളിലൂടെ വൈകാതെതന്നെ ബഹിരാകാശം കാണാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണു മലയാളികളും. ബഹിരാകാശ യാത്രയ്ക്കുള്ള ഒരുക്കങ്ങളെക്കുറിച്ചും കേരള ടൂറിസത്തെക്കുറിച്ചും അദ്ദേഹം ‘മനോരമ ഓൺലൈനി’നോടു മനസ്സു തുറക്കുന്നു...

∙ ഇന്ത്യയിൽനിന്നുള്ള ആദ്യ ബഹിരാകാശ വിനോദസഞ്ചാരി എന്ന നേട്ടത്തിലേക്കുള്ള തയാറെടുപ്പിലാണല്ലോ ? ബഹിരാകാശ ടൂറിസത്തിന്റെ സാധ്യതകൾ എത്രത്തോളമുണ്ട് ?

വരും വർഷങ്ങളിൽ ഏറ്റവ‌ും അധികം സാധ്യതകൾ തുറന്നുതരുന്ന ഒരു മേഖലയാകും ബഹിരാകാശ വിനോദയാത്ര. ആളുകൾ കഥകളിൽ കേട്ട്, സ്വപ്നം കണ്ട സ്ഥലത്തേക്കു യാത്രകൾ ചെയ്തു തുടങ്ങി. ഇതൊരു വലിയ കാര്യമല്ലേ? 130ന് അടുത്ത രാജ്യങ്ങൾ ഞാൻ സന്ദർശിച്ചിട്ടുണ്ട്. ഭൂമിയിലെ പ്രധാനപ്പെട്ട കാഴ്ചകൾ കണ്ടുകഴിഞ്ഞു. ഇനിയെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരമാണിത്.

∙ ബഹിരാകാശ യാത്രയ്ക്കു കൂടുതൽ ഒരുക്കം വേണ്ടിവരുമല്ലോ? എന്തെല്ലാം കടമ്പകളാണ് മുന്നിലുള്ളത്?

2007ലാണ് അമേരിക്കൻ ബഹിരാകാശ യാത്രാ കമ്പനിയായ വെർജിൻ ഗലാക്റ്റിക്കിനെ ഞാൻ സമീപിക്കുന്നത്. കമ്പനി തിരഞ്ഞെടുത്ത ആദ്യ ഇന്ത്യക്കാരനും ഞാനാണ്. അതിനുശേഷം നിരവധി വൈദ്യപരിശോധനകൾ നടത്തി. ബഹിരാകാശ യാത്രയ്ക്കു മുന്നോടിയായി ഗുരുത്വാകർഷണമില്ലാത്ത സീറോ ഗ്രാവിറ്റി പരിശീലനങ്ങൾ അമേരിക്കയിലെ കെന്നഡി സ്പേസ് സെന്ററിൽ‌നിന്നു പൂർത്തിയാക്കി. ബഹിരാകാശ യാത്രയ്ക്കുള്ള വാഹനങ്ങളുടെ കമേഴ്സ്യൽ പറക്കലിനുള്ള ലൈസൻസ് നൽകുന്ന ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ അനുമതി ലഭിക്കാൻ വൈകിയതാണ് യാത്ര താമസിപ്പിച്ചത്.

∙ സന്തോഷ് ജോർജ് കുളങ്ങരയുടെ ക്യാമറക്കണ്ണുകളിലൂടെ ബഹിരാകാശവും കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ? അത് സാധ്യമാകുമോ?

എന്നെ വളർത്തിയതു മലയാളികളാണ്. ഇത് അവർക്കായുള്ള യാത്രയാണ്. മലയാളികളുടെ യാത്ര. സ്പേസ് യാത്രാവിവരണം അവർക്കായി നൽകും.

∙ എന്നാണു മലയാളികൾ കാത്തിരിക്കുന്ന ആ യാത്ര?

തീയതി പുറത്തു പറയാറായിട്ടില്ല. അതിന് ഇനിയും സമയം വേണം. ബാച്ചിൽ നേ‌രത്തെ തീരുമാനിച്ചിരുന്നത് 2 പൈലറ്റുകളടക്കം 8 പേർ എന്നായിരുന്നു. ഇപ്പോൾ അത് 6 ആയി കുറച്ചിട്ടുണ്ട്. ബാച്ചിന്റെ കാര്യത്തിൽ തീരുമാനമായിട്ടുണ്ട്.

∙ എവിടേക്കായിരുന്നു ജീവിതത്തിലെ ആദ്യ യാത്ര...?

ഓർമയിൽ ആദ്യ യാത്ര നാലാം വയസ്സിൽ മലയാറ്റൂരിലേക്കാണ്. ട്രാവലറിലായിരുന്നു ആ യാത്ര. മലയാറ്റൂർ കണ്ടതായി ഓർക്കുന്നിലെങ്കിലും കാലടി പാലത്തിനു മുകളിലൂടെ പോകവെ വള്ളം കണ്ടതായി ഓർ‍മയുണ്ട്. ആദ്യമായാണ് അന്നു ഞാൻ വള്ളം കാണുന്നത്.

∙ കോവിഡിൽ തകർന്നിരിക്കുന്ന ടൂറിസം മേഖല എങ്ങനെ ഉയിർത്തെഴുന്നേൽക്കും ?

ലോക്ഡൗൺ മാറി വിമാനങ്ങൾ ഓടിത്തുടങ്ങണം. വിദേശികൾ വരണം. വിദേശികൾ കേരളം കാണണമെന്ന് ആഗ്രഹിക്കണം.

∙ കോവിഡിനു മുൻപ് കേരളം കാണണമെന്ന ആഗ്രഹം വിദേശ സഞ്ചാരികൾക്ക് ഉണ്ടായിരുന്നോ ?

കേരളം ടൂറിസത്തിന്റെ ശൈശവത്തിൽതന്നെയാണ്. മൂന്നോ നാലോ വിദേശ സഞ്ചാരികൾ നടക്കുന്നതല്ല ടൂറിസം എന്നതുകൊണ്ട് ഉദേശിക്കുന്നത്. അവരെല്ലാം കേരളം എന്തെന്ന് അറി‍ഞ്ഞുവരുന്നവരായിരിക്കില്ല. നമ്മുടെ വമ്പൻ കമ്പനികൾ എക്സ്പോകളിൽ പോയി ചാക്കിട്ടു പിടിക്കുന്നവരാണ്. അവർക്കായി നമ്മൾ ഒരുക്കുന്നതാകട്ടെ സ്ഥിരം കഥകളിയും കഞ്ഞിയും വ‍ഞ്ചി സഫാരിയുംതന്നെ. റിസോർട്ടുകളാണെങ്കിലും പുതുമ കണ്ടെത്തുന്നില്ല. ഒരാൾ കണ്ടുപിടിച്ച ആശയം മറ്റൊരാൾ കോപ്പിയടിക്കുന്നു. ഒരാൾ കുഴിമന്തിക്കട തുടങ്ങിയാൽ അതിനു ചുറ്റും 4 കടകൾ വരും. എന്നിട്ടു കോപ്പിയടിക്കു നമ്മൾ ചൈനക്കാരെ കുറ്റം പറയും!

∙ വിദേശികളെ എങ്ങനെ ആകർഷിക്കാൻ കഴിയും ?

അവർ ലോകം കണ്ടു വരുന്നവരാണ്. അവരെ അദ്ഭുതപ്പെടുത്താൻ കഴിയണം. നമ്മൾ വിദേശ സ്ഥലങ്ങൾ തേടി പോകുന്നതു പോലെ അവർ കേരളം തേടി എത്തണം. അതിനായി ടൂറിസം മേഖല മാറണം. നല്ല റോഡുകൾ വരണം. ഓരോ സ്ഥലത്തെയും പറ്റി ഇവിടെ എത്തുന്നതിനു മുൻപുതന്നെ അവർ അറിഞ്ഞിരിക്കണം. അതിനായി ആപ്ലിക്കേഷനുകൾ തയാറാക്കണം. സ്ഥലങ്ങ‌ളുടെ പ്രത്യേകതയും അവിടെ ലഭിക്കുന്ന ഭക്ഷണ വിഭവങ്ങളും താമസ സൗകര്യവും ചരിത്രവുമെല്ലാം അതിൽ ഉൾപ്പെടുത്താൻ കഴിയണം.

∙ ടൂറിസം വകുപ്പു മന്ത്രിയുമായുള്ള കൂടിക്കാഴ്ചയെപ്പറ്റി ?

ടൂറിസം വകുപ്പിന്റെ വികസനത്തിനായുള്ള നിർദേശങ്ങൾക്കായാണു മന്ത്രി സമീപിച്ചത്. എന്റെ അഭിപ്രായങ്ങൾ നൽകിയിട്ടുണ്ട്. സന്ദർശിച്ചിട്ടുള്ള രാജ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പഠനങ്ങളുടെ ഫലമാണവ. ആഗ്രഹങ്ങളും സ്വപ്നങ്ങളുമുള്ള ആളാണ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. അദ്ദേഹത്തിൽ പ്രതീക്ഷയുണ്ട്.

∙ യാത്രകൾ ചെയ്യാൻ ആഗ്രഹമുണ്ടെങ്കിലും സാഹചര്യങ്ങൾ അനുവദിക്കുന്നില്ല എന്നു പറയുന്നവരല്ലേ കൂടുതലും ?

ആദ്യ വിദേശയാത്രയ്ക്കു നേപ്പാളിലേക്കു പോകുമ്പോൾ കൈവശമുണ്ടായിരുന്നത് 7500 രൂപയാണ്. അന്ന് അത്രയും രൂപ കൈവശമുള്ള ആളുകൾ നാട്ടിൽതന്നെ ഉണ്ടായിരുന്നു. വിദേശത്തേക്കു പോ‌കുന്നവ മാത്രമല്ല യാത്രകൾ. ചെറ‌ിയ യാത്രകളിലും ആനന്ദം കണ്ടെത്താൻ കഴിയണം. ഓരോ യാത്രയും പഠനമാണ്. ഞാൻ വിനോദത്തിനായി യാത്ര ചെയ്യാറില്ല. ബഹിരാകാശത്തേക്കു പോകുന്നതും അതിൽനിന്നു പഠിക്കാനാണ്.

English Summary: Interview with Santhosh George Kulanagara on His Space Trip with Virgin Galactic

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA