ADVERTISEMENT

മാറുന്ന മലയാളി യുവത്വത്തിന്റെ മുഖമാണ് സാറയിലെ ജീവൻ. ഗർഭം ധരിക്കാനും അമ്മയാകാനും പ്രസവിക്കാനുമുള്ള തീരുമാനം ഭാര്യക്ക് വിട്ടുകൊടുക്കുന്ന ജീവൻ എന്ന കഥാപാത്രം സണ്ണിവെയ്നിന്റെ  കൈയിൽ ഭദ്രമായിരുന്നു. ദുൽഖർ സൽമാന്റെ അരങ്ങേറ്റ ചിത്രമായ സെക്കന്റ് ഷോയിലൂടെ അഭിനയലോകത്തേയ്ക്ക് എത്തിയ ഇൗ താരം പെട്ടെന്നു തന്നെ യുവാക്കളുടെ ഇടയിൽ ഹരമായി മാറി. മലയാള സിനിമയില്‍ എത്തി 9 വർഷം പിന്നിടുമ്പോൾ ഒരു പിടി നല്ല ചിത്രങ്ങളുടെ ടൈറ്റിൽ കാർഡിൽ സണ്ണിവെയ്ൻ ഇടം നേടി. ഈ പ്രതിസന്ധികാലത്ത് ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്ത ചിത്രങ്ങൾക്ക് പ്രേക്ഷക പ്രശംസ നേടിയ സന്തോഷത്തിലാണ് താരം. സിനിമയുടെ വിജയവും യാത്രാ വിശേഷങ്ങളുമൊക്കെ മനോരമ ഒാൺലൈനിൽ പങ്കുവയ്ക്കുകയാണ് സണ്ണി വെയ്ൻ.

ആദ്യ ലോക്‌‍ഡൗണിൽ ബുദ്ധിമുട്ടി

കൊറോണ മനുഷ്യനെ വീടുകളിലേക്ക് ഒതുങ്ങിയ വിരുതനാണ്. കോവിഡിന്റെ രണ്ടാംവരവിൽ അത്യാവശ്യം ഷൂട്ടും തിരക്കുകളുമൊക്കെയായി കടന്നുപോയി. എന്നാൽ സണ്ണിവെയ്നിനെ സംബന്ധിച്ച് ആദ്യ ലോക്ഡൗണായിരുന്നു ഏറെ ബുദ്ധിമുട്ടേറിയത്. കഴിഞ്ഞവര്‍ഷം എവിടെയും യാത്ര പോകാനാവാതെ വീടിനുള്ളിൽ കഴിയേണ്ടി വന്നു. ആദ്യ ദിവസങ്ങളൊക്കെ വെറുതെ ഇരുന്ന് സമയം തള്ളിനീക്കി, പിന്നീട് ആകെ മടുപ്പ് തുടങ്ങി. എവിടെയും ഇറങ്ങാൻ പറ്റാത്ത അവസ്ഥ. വല്ലാത്തൊരു സാഹചര്യം തന്നെയായിരുന്നു അത്.

Sunny-1

എന്റെ ജോലി അഭിനയമാണ്. ഒരു വര്‍ഷത്തിന്റെ ഭൂരിഭാഗവും ഷൂട്ടുണ്ടാകും, രാവിലെ 6 മണിക്ക് തുടങ്ങിയാല്‍ തീരുന്നത് രാത്രി ഒന്‍പതിനായിരിക്കും അല്ലെങ്കില്‍ 12 മണിയാകും. അങ്ങനെ ഒരു ദിവസത്തിൽ പകുതിയോളം സമയം ജോലിയില്‍ മുഴുകിയിരിക്കും. അങ്ങനെയുള്ളവരെ സംബന്ധിച്ച് ലോക്ഡൗണ്‍ക്കാലം ശരിക്കും ബുദ്ധിമുട്ടേറിയതായിരുന്നു. ലോക്ഡൗണ്‍ പോലെയൊരു ലോങ് ബ്രേക്ക് ആവശ്യമായിരുന്നെങ്കിലും ഇത് വല്ലാതെ നീണ്ടൊരു അവധിയായിപ്പോയി. പിന്നീട് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ അയവു വന്ന നവംബറിലാണ് സാറാസിന്റെ ചിത്രീകരണം ആരംഭിക്കുന്നത്.

കഴിഞ്ഞ ലോക്ഡൗണിൽ ആകെ ലോക് ആയിരുന്നു

സത്യം പറഞ്ഞാല്‍ കഴിഞ്ഞ വര്‍ഷം അങ്ങനെ വലിയ യാത്രകളൊന്നും നടത്തിയിട്ടില്ല. എല്ലാവരും വിഷമിച്ച് ബുദ്ധിമുട്ടി ജീവിതം മുന്നോട്ട് കൊണ്ടു പോകുന്ന സമയത്ത് സന്തോഷം നിറച്ചുള്ള ഒരു യാത്രയ്ക്ക് മനസ്സ് അനുവദിച്ചില്ല. വീടിന്റെ നാലുചുവരുകൾക്കുള്ളിലെ നീണ്ട കാത്തിരിപ്പ് വല്ലാത്ത ബുദ്ധിമുട്ടേറിയതായിരുന്നു. എവിടെയെങ്കിലും യാത്ര പോയിരുന്നെങ്കിൽ എന്നു വരെ തോന്നി.  ഇനി കൊറോണ ഒന്നും കുറഞ്ഞ് എല്ലാം ശാന്തമായിട്ടു വേണം ട്രിപ് പ്ലാൻ ചെയ്യാൻ. 

Sunny-2

എവിടേക്കാണ് യാത്ര?

യാത്ര പോകാന്‍ ഇപ്പോള്‍ ആരാണ് ആഗ്രഹിക്കാത്തത്. വലിയ യാത്രകളൊന്നും നടത്താന്‍ സാധിച്ചില്ലെങ്കിലും കേരളത്തിനകത്ത് കുറച്ച് നല്ല സ്ഥലങ്ങളിലൊക്കെ പോയിട്ടുണ്ട്. ട്രെക്കിങ് നടത്തിട്ടുണ്ട്. ചെറുയാത്രകളും നടത്തിയിട്ടുണ്ട്. യാത്രകളിലൂടെ മനസ്സിന് കിട്ടുന്ന പോസിറ്റീവ് എനർജി ഒന്നു വേറേതന്നെയാണ്. ഇപ്പോൾ എന്റെ മനസ്സിലുള്ളത് യൂറോപ്പ് ട്രിപ്പാണ്.

യൂറോപ്പ് എന്നുപറയുമ്പോള്‍ എല്ലാവരും പോകുന്ന സ്ഥിരം സ്ഥലങ്ങളല്ല, ആരും അധികം കാണാത്ത അതിമനോഹരമായൊരു വശം കൂടിയുണ്ട് യൂറോപ്പിന്. അത്തരം കുറച്ച് സ്ഥലങ്ങള്‍ തിര‍ഞ്ഞെടുത്ത് പോകാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. എന്റെ ഒരു സുഹൃത്തിനൊപ്പമാണ് ആ യാത്ര പോകാൻ തീരുമാനിച്ചിരിക്കുന്നതും. കൊറോണ കാരണം മുന്നോട്ട് എങ്ങനെയാണെന്ന് അറിയില്ല, എങ്കിലും അധികം വൈകാതെ തന്നെ ആ യാത്ര സാധ്യമാക്കണം.

Sunny-3

അറിയാത്ത നാടുകളിലൂടെ കാണാത്ത കാഴ്ചകള്‍ കണ്ട്, പലതരം രുചികള്‍ അറിഞ്ഞൊരു യാത്ര. ഞാന്‍ മുമ്പ് യൂറോപ്പ് ട്രിപ്പ് നടത്തിയിട്ടുണ്ട്. ഒറ്റയ്ക്കായിരുന്നു ആ യാത്ര, ആംസ്റ്റര്‍ഡാം, പാരിസ്, ഗ്രീസ്, സ്വിറ്റ്‌സര്‍ലന്‍ഡ് അങ്ങനെ കുറേ സ്ഥലങ്ങള്‍ അന്നു സന്ദർശിച്ചു. ആ യാത്രയ്ക്കിടയില്‍ ഒരു സുഹൃത്ത് ഒപ്പം കൂടി. 

സോളോ ട്രിപ്പ് ഇഷ്ടമാണോ?

സോളോ ട്രിപ്പും ഇഷ്ടമാണ്, തനിച്ചുള്ള യാത്രകള്‍ക്ക് കുറേ ഗുണങ്ങളുണ്ട്. പെട്ടെന്ന് വല്ലതും ഉണ്ടായാല്‍ തനിച്ച് ഓടിയാല്‍ മതിയല്ലോ. തമാശയായി പറഞ്ഞതാണ്. എന്നാലും തനിച്ച് യാത്ര ചെയ്യുമ്പോഴുള്ള രസമൊന്ന് വേറെയാണ്. നമ്മുടെ ഇഷ്ടത്തിൽ ടെന്‍ഷനൊന്നുമില്ലാതെ സഞ്ചരിക്കാം. ഇഷ്ടമുള്ള രീതിയിൽ സ്വാതന്ത്ര്യത്തോടെ യാത്ര ചെയ്യാം. താമസം, ഭക്ഷണം അങ്ങനെ പലതിനെക്കുറിച്ചും ആശങ്കപ്പെടാതെ യാത്ര തുടരാം. അവനവന്റെ ഇഷ്ടം പോലെ യാത്ര പ്ലാൻ ചെയ്യാനും സോളോ ട്രിപ് നല്ലതാണ്.

ജോലിയും യാത്രയും

ഷൂട്ടിങ്ങിനായി ഒത്തിരി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. 2019 ല്‍ കൊറോണ നമ്മുടെ നാട്ടിലേക്ക് വരുന്നതിനു മുമ്പ് രാജസ്ഥാന്‍, ബെംഗളൂരു, മുംബൈ, ഷിംല മൈസൂര്‍, ഗുജറാത്ത് അങ്ങനെ ഒരു മാസത്തിനിടെ കുറേയെറേ യാത്രകള്‍ നടത്തിയിട്ടുണ്ട്. യാത്ര എന്ന് പറയാന്‍ പറ്റില്ല. കാരണം ജോലിയുടെ ഭാഗമായിട്ടാണല്ലോ പോകുന്നത്. എങ്കിലും അത്യാവശ്യം കാഴ്ചകളൊക്കെ കാണാനായി. ഗുജറാത്ത് ആദ്യമായി കണ്ടത് ആ യാത്രയിലാണ്. കാണാത്ത കുറേ സ്ഥലങ്ങള്‍ അന്ന് കാണാന്‍ പറ്റിയെന്നതാണ് ഒരു ഗുണം.

തണുപ്പ് അതികഠിനം

ഡിസംബറില്‍ ഷിംലയിലേക്ക് പോകുമ്പോള്‍ ശക്തമായ മഞ്ഞുവീഴ്ചയുള്ള സമയമായിരുന്നു. മരവിപ്പിക്കുന്ന തണുപ്പിലായിരുന്നു ഷൂട്ടിങ്. എന്റെ ഷോട്ടില്‍ കയ്യില്‍ ഗ്ലൗസ് ഉപയോഗിക്കാന്‍ പാടില്ലായിരുന്നു. അതികഠിനമായ ആ തണുപ്പത്ത് വിറങ്ങലിച്ച് നിന്നാണ് ഞാനടക്കമുള്ളവര്‍ അഭിനയിച്ചത്. ഭയങ്കര ബുദ്ധിമുട്ടിയ സമയമായിരുന്നു. 4 മണിയാകുമ്പോള്‍ വെളിച്ചം പോകും. ലൈറ്റ് തീരെയില്ല, ഷൂട്ടൊക്കെ കഴിഞ്ഞ് അവിടെ അടുത്തുതന്നെയുള്ള ഒരു ഹോട്ടലിലാണ് വിശ്രമിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നത്.

Sunny-4

താമസിക്കുന്ന സ്ഥലമല്ലായിരുന്നു, ആഹാരം കഴിക്കാനും മറ്റുമൊക്കെയായി ഒരുക്കിയിരിക്കുന്ന ഹോട്ടലായിരുന്നു, അവിടെ ക്യാംപ് ഫയര്‍ സെറ്റ് ചെയ്തിരുന്നു. ഒരു പത്ത് മിനിറ്റെങ്കിലും ആ തീയുടെ അടുത്ത് കൈ വച്ചാലേ നോര്‍മല്‍ അവസ്ഥയിലക്ക് നമ്മുടെ ശരീരം എത്തുകയുള്ളൂ, അതികഠിന തണുപ്പിൽ അന്ന് എന്റെ കൈകൾ മരവിച്ചുപോയിരുന്നു.

പണ്ടൊരിക്കല്‍ മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിനായി ലഡാക്കിലേക്ക് പോയിരുന്നു. രാത്രി രണ്ട് മണിയ്ക്കായിരുന്നു ഷൂട്ട്. പാങ്കോങ് തടാകത്തിന് അടുത്തായിരുന്നു ചിത്രീകരണം എന്നാണ് ഒാർമ. എനിക്കും നായികയ്ക്കും മാത്രമേ സീനുള്ളു. കാലാവസ്ഥ എന്നുപറയുന്നത് -14 ഡിഗ്രിയാണ്.  മനുഷ്യന്‍ കോച്ചുന്ന തണുപ്പ്. ആ കൊടും തണുപ്പത്ത് എങ്ങനെയാണ് അന്ന് ഷൂട്ട് ചെയ്തതെന്ന് എനിക്കിന്നും അറിയില്ല. കനത്ത മഞ്ഞുവീഴ്ചയുമുണ്ടായിരുന്നു. വല്ലാത്തൊരു അനുഭവമായിരുന്നു.

ഷൂട്ട് എടുക്കുന്നതിന്റെ അടുത്തായി ഒരു പുഴയുണ്ടായിരുന്നു. ഒഴുക്കുള്ള ആ പുഴ ഐസായിരിക്കുന്നു. അതിന്റെ കരയില്‍ ഞങ്ങള്‍ രണ്ടുപേരും ആകാശം നോക്കിക്കിടക്കുന്ന സീന്‍. ആ പുഴ പോലെ ഞങ്ങളും ഐസായിരിക്കുന്ന അവസ്ഥയായിരുന്നു എനിക്ക് അന്ന് തോന്നിയത്. ഒരു ചൂട് ചായ കുടിക്കണമെന്ന് തോന്നിയാല്‍പ്പോലും നടക്കില്ല. ഷൂട്ട് നടക്കുന്നയിടം മുകളിലായിട്ടാണ് സെറ്റ് ചെയ്തിരിക്കുന്നത്. അവിടെ നിന്നും ചായ എന്റെ അടുത്തെത്തുന്നതിന് മുമ്പ് തന്നെ ഐസ് കട്ടയാകും. ഒരു മിനിറ്റ്‌പോലും വേണ്ട തിളപ്പിച്ച വെള്ളം ഐസ് വെള്ളമാകാൻ. അത്രയ്ക്കും കഠിന തണുപ്പായിരുന്നു. 

മറക്കാനാവില്ല ആ യാത്ര

രാജീവ് രവി സർ സംവിധാനം ചെയ്യുന്ന കുറ്റവും ശിക്ഷയും എന്ന സിനിമയ്ക്കുവേണ്ടി രാജസ്ഥാനിലേക്കുള്ള പോയ യാത്രയും മറക്കാനാവില്ല. അന്ന് വലിയൊരു ടീമിനൊപ്പമായിരുന്നു യാത്ര. രാജീവ് രവി സർ, ആസിഫ് അലി, അലന്‍സിയര്‍, ഷറഫുദീന്‍ അങ്ങനെ എല്ലാവരുമുണ്ടായിരുന്നു. ക്രൂ അംഗങ്ങളടക്കം ഞങ്ങൾക്ക് എല്ലാവർക്കും താമസിക്കാനായി പാലസ് ആയിരുന്നു തരപ്പെടുത്തിയിരുന്നത്. പാലസ് എന്നുപറയുമ്പോള്‍ പണ്ട് രാജാക്കന്മാർ വേട്ടയ്ക്കു പോകുമ്പോൾ വിശ്രമിക്കാനായി നിർമിച്ച ചെറിയ കൊട്ടാരമായിരുന്നു അത്. 

അവിടുത്തെ താമസം മറക്കാനാവാത്തൊരു അനുഭവമായിരുന്നു. നഗരത്തിരക്കുകളിൽ നിന്നും ഒച്ചപ്പാടുകളിൽ നിന്നും മാറി വളരെ ശാന്തമായ ഒരു സ്ഥലം. ജയ്പൂരിൽ നിന്നും വീണ്ടും അഞ്ചുമണിക്കൂർ ഉള്ളിലേക്ക് സഞ്ചരിച്ചാലാണ് ഇവിടെ എത്തുക. ഞങ്ങൾ താമസിക്കുന്ന ആ പാലസിന് ചുറ്റും ഔഷധച്ചെടികൾ ഉണ്ടായിരുന്നു. ആര്യവേപ്പ് മരങ്ങൾ കൊണ്ട് സമൃദ്ധമായിരുന്നു അവിടം. രാജീവ് രവി സർ അദ്ദേഹത്തിൻറെ സിനിമയിൽ എന്നെ ഭാഗമാക്കിയത് കൊണ്ടുകൂടിയാണ് ഇവിടെയൊക്കെ പോകാനും സാധിച്ചത്. ജോലിയുടെ ഭാഗമായിട്ട് പോകുന്നതായതുകൊണ്ട് ഇതൊന്നും യാത്രയായി കണക്കാക്കാനാവില്ല. എങ്കിലും പോയ യാത്രകളൊക്കെ ആസ്വദിക്കാനായിട്ടുണ്ട്.

ഭാര്യ യാത്രാപ്രേമി– ഒരുമിച്ചുള്ള യാത്രകൾ

കല്യാണത്തിന് മുമ്പാണ് ഞങ്ങള്‍ കൂടുതല്‍ യാത്ര ചെയ്തിട്ടുണ്ടാവുക. പിന്നെ ഭാര്യ രഞ്ജിനി യാത്രാ പ്രേമിയാണ്. എല്ലാവര്‍ഷവും മുടങ്ങാതെ ലഡാക്കിലേക്ക് ട്രെക്കിങ് നടത്തും. വിവാഹശേഷം അധികം യാത്രകള്‍ ഞങ്ങള്‍ക്ക് ഒരുമിച്ച് പോകാനായിട്ടില്ല. രഞ്ജിനി ഈ ഓഗസ്റ്റില്‍ ലഡാക്കിലേക്ക് വീണ്ടും പോവുകയാണ്. എനിക്ക് പൂര്‍ത്തിയാക്കാനുള്ള കുറച്ചു ജോലികൂടിയുള്ളതിനാല്‍ രഞ്ജിനിക്ക്  കൂടാനാകില്ല എന്ന പ്രയാസമാണ്. 

കഴിഞ്ഞ രണ്ടു തവണയും പോകാന്‍ പറ്റാത്തതിന്റെ വിഷമം കൂടി രഞ്ജിനി ഈ യാത്രയിലങ്ങ് തീര്‍ക്കും. ഞങ്ങളൊരുമിച്ച് കശ്മീരിലേക്ക് പോകാനായി ടിക്കറ്റ് ബുക്ക് ചെയ്തതായിരുന്നു. അതും നടന്നില്ല. പിന്നെ കൊറോണയുടെ താണ്ഡവം തുടങ്ങി. പിന്നെ കൊറോണ ആരേയും എവിടേക്കും പോകാന്‍ അനുവദിച്ചില്ല. ഇനി മനസ്സിലുള്ളത് യൂറോപ്പ് ട്രിപ്പാണ്. സമയം കണ്ടെത്തി അതൊന്ന് പൂര്‍ത്തിയാക്കണം. പിന്നെ ലോകം കാണുക എന്നുപറയുന്നത് തന്നെ ഒരു അനുഭവമല്ലേ. കുറേസ്ഥലങ്ങള്‍ മനസ്സിലുണ്ട്. ഇന്നലെ രഞ്ജിനിയുടെ പിറന്നാളായിരുന്നു. ഞങ്ങൾ ഒരുമിച്ച് ആഘോഷിച്ചു. റിലീസായ ചിത്രങ്ങൾക്കെല്ലാം നല്ല പ്രതികരണം ലഭിക്കുന്നുണ്ടെന്ന് അറിയുന്നതിൽ സന്തോഷമേറെയുണ്ട്.

English Summary: Celebrity Travel,Memorable Travel Experiences by Sunny Wayne 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com