ഇത് ഭൂമിയിലെ ചന്ദ്രനോ? ഇവിടെ എത്തുന്ന സാഹസിക സഞ്ചാരികൾക്ക് ഇന്‍ഷുറന്‍സ്

moon-hill
SHARE

പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ഒട്ടേറെ അദ്ഭുതക്കാഴ്ചകള്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന നാടാണ് ചൈന. ഇവയില്‍ വന്മതില്‍ പോലെ ലോകമെങ്ങും അറിയപ്പെടുന്നതും അധികമാരും അറിയാത്തവയുമുണ്ട്. കോവിഡ് മൂലം മറ്റു രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ക്ക് നിയന്ത്രണങ്ങളും വിലക്കുകളും വന്നതോടെ അത്രയ്ക്കൊന്നും ജനപ്രീതിയില്ലാതിരുന്ന സ്ഥലങ്ങളില്‍ പോലും ഇപ്പോള്‍ ടൂറിസ്റ്റുകളുടെ തള്ളിക്കയറ്റമാണ്. ഇങ്ങനെ ഈയിടെയായി കൂടുതല്‍ സഞ്ചാരികള്‍ എത്തിച്ചേരുന്ന ഇടങ്ങളിലൊന്നാണ് മൂണ്‍ഹില്‍.  

ദക്ഷിണ ചൈനയിലെ ഗുവാങ്സി സ്വയംഭരണപ്രദേശത്ത് യാങ്ഷുവോക്കിനു സമീപം ഏതാനും കിലോമീറ്ററകലെയായി സ്ഥിതിചെയ്യുന്ന ഒരു കുന്നാണ് മൂൺ ഹിൽ. പേരുപോലെ തന്നെ, അര്‍ദ്ധചന്ദ്രാകൃതിയിലുള്ള വലിയ ദ്വാരമുള്ള, പ്രകൃതിദത്തമായ ഒരു കമാനം ഇവിടെ കാണാം. ഏകദേശം അന്‍പതു മീറ്റര്‍ ഉയരമുണ്ട് ഇതിന്. കാണുമ്പോള്‍ ആരോ കൊത്തിയെടുത്തതുപോലെയുള്ള കൃത്യതയാര്‍ന്ന  ഘടനയാണ് ഇതിന്. ചുണ്ണാമ്പുകല്ലില്‍ രൂപപ്പെട്ട ഒരു ഗുഹയുണ്ടായിരുന്നു ഇവിടെ പണ്ടുകാലത്ത്. ഇത് ദ്രവിച്ച് അവസാനം അവശേഷിച്ച ഒരേയൊരു ഭാഗമാണ് ഈ കമാനം. സുഗന്ധപൂരിതമായ ഓസ്‌മാന്തസ് പൂക്കള്‍ക്ക് പേരുകേട്ട ഗിലിന്‍ പര്‍വതനിരകളുടെ ഒരു ഭാഗമാണ് ഈ കുന്നുകള്‍. 

സഞ്ചാരികള്‍ക്ക് ഈ മലനിരകളിലൂടെ കയറി മുകളിലെത്താം. കമാനത്തിലൂടെ കടന്നുപോകുന്ന കോണ്‍ക്രീറ്റ് നിര്‍മിതമായ പാതയുണ്ട്. ഇതിലൂടെയോ വശങ്ങളില്‍ ഉള്ള, അല്‍പ്പം ദുര്‍ഘടമായ മറ്റു വഴികളിലൂടെയോ മലകയറാം. ഏകദേശം എണ്ണൂറോളം പടികളുടെ അത്രയും ഉയരത്തിലുള്ള മുകള്‍ഭാഗത്തെത്താന്‍ ഇരുപതു മിനിറ്റോളം സമയമെടുക്കും. ഏറ്റവും മുകളിലെത്തിയാല്‍ ചുറ്റുമുള്ള പ്രദേശങ്ങളുടെ പ്രകൃതിരമണീയമായ കാഴ്ച കാണാം. ലഘുഭക്ഷണങ്ങളും സുവനീറുകളും മറ്റും വില്‍ക്കുന്ന കച്ചവടക്കാരും ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്. മലകയറാന്‍ എത്തുന്ന സന്ദര്‍ശകരില്‍ നിന്നും പണം  ഈടാക്കുന്നുണ്ട്. 

moon-hill-1

റോക്ക് ക്ലൈംബിങ് പോലെയുള്ള സാഹസിക വിനോദങ്ങള്‍ക്കായും ഇവിടേക്ക് ആളുകള്‍ എത്തുന്നു. ഏകദേശം കാല്‍ കിലോമീറ്റര്‍ ഉയരവും അര കിലോമീറ്റര്‍ നീളവുമുണ്ട് മൂണ്‍ഹില്ലിന്. ചുറ്റും വേറെയും നിരവധി ചെറിയ ചെറിയ കുന്നുകള്‍ ഉള്ളതിനാല്‍ ഇവിടം ഇത്തരത്തിലുള്ള വിനോദങ്ങള്‍ക്ക് അനുയോജ്യമാണ്. തൊണ്ണൂറുകളില്‍ അമേരിക്കയില്‍ നിന്നുള്ള ടോഡ്‌ സ്കിന്നര്‍ എന്നയാള്‍ ഈ മലനിരകളിലുള്ള വിവിധ റോക്ക് ക്ലൈംബിങ് റൂട്ടുകളിലൂടെ കയറി പ്രശസ്തനായിരുന്നു. ഇന്ന് ഇങ്ങനെയുള്ള സാഹസിക കായിക വിനോദ മത്സരങ്ങള്‍ക്കും ഇവിടം വേദിയാകാറുണ്ട്.

സന്ദര്‍ശകര്‍ക്കായുള്ള വ്യൂവിങ് ഡെക്ക് നശിച്ചതിനെ തുടര്‍ന്ന് 2017-ല്‍ മൂണ്‍ഹില്‍ കയറുന്നതിന് നിരോധനമുണ്ടായിരുന്നു. ചുണ്ണാമ്പുകല്ലുകള്‍ കൊണ്ടുള്ള കുന്നുകളായതിനാല്‍ ഇവിടം എപ്പോഴും ദ്രവിച്ചു കൊണ്ടിരിക്കും. അതുകൊണ്ടുതന്നെ അപകടസാധ്യത ഏറെയാണ്‌. പിന്നീട്, രണ്ടുവര്‍ഷം കഴിഞ്ഞാണ് വീണ്ടും സഞ്ചാരികളെ അനുവദിക്കാനാരംഭിച്ചത്. ഇപ്പോള്‍ സ്വകാര്യ കമ്പനിയാണ് ഇവിടം നോക്കിനടത്തുന്നത്. അപകടങ്ങള്‍ ഒഴിവാക്കാനായി വിവിധ റൂട്ടുകളില്‍ സ്ഥിരം പരിശോധന നടത്തുന്നു. മാത്രമല്ല, സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഇന്‍ഷുറന്‍സും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

English Summary: Rock Climbing in Moon Hill China

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA