ADVERTISEMENT

സ്ഥിരമായി യാത്ര ചെയ്തുകൊണ്ടിരുന്നവര്‍ക്ക് തലയ്ക്കേറ്റ അടി പോലെയായിരുന്നു കൊറോണ വൈറസ് മൂലമുണ്ടായ യാത്രാ നിയന്ത്രണങ്ങള്‍. കരയിലും കടലിലും ആകാശത്തുമെല്ലാം വൈറസ് സഞ്ചാരികള്‍ക്ക് വിലങ്ങുതടിയായി. വൈറസ്‌ പോയിട്ട് യാത്ര പുനരാരംഭിക്കാമെന്നു വച്ചാല്‍ അതിനി എത്ര കാലം നീളും എന്നൊരു ഉറപ്പുമില്ല. അത്രയും കാലം ലോകത്തിനു നിലച്ചു പോകാനാവില്ലല്ലോ. ആവശ്യമായ പ്രതിരോധനടപടികളും മുന്‍കരുതലുകളും സ്വീകരിച്ചു കൊണ്ട് മറ്റെല്ലാ മേഖലകളും വീണ്ടും സജീവമാകാന്‍ തുടങ്ങിയതു പോലെത്തന്നെ യാത്രാമേഖലയും ഇപ്പോള്‍ വീണ്ടും ഉണര്‍ന്നെണീക്കാന്‍ തുടങ്ങിയിട്ടുണ്ട്. സഞ്ചാരികളാവട്ടെ, വീണ്ടും ചിറകുകള്‍ വിരിക്കാനുള്ള ആവേശം ഉള്ളില്‍ നിറച്ച്, പ്രതീക്ഷയോടെയാണ് പുതിയ ലോകത്തെ നോക്കിക്കാണുന്നത്.

പുതുമാറ്റങ്ങള്‍ക്കനുസൃതമായി, പുതുമയാര്‍ന്ന ഓഫറുകളും വിവിധ യാത്രാ കമ്പനികള്‍ അവതരിപ്പിക്കുന്നുണ്ട്. ആവേശത്തോടെയാണ് ഇവ സഞ്ചാരികള്‍ സ്വീകരിക്കുന്നത്. റീജന്‍റ് സെവൻ സീസ് ക്രൂയിസിന്‍റെ 2024 വേൾഡ് ക്രൂസ് യാത്ര ഇക്കൂട്ടത്തില്‍ ഒന്നായിരുന്നു. ഒരാള്‍ക്ക് $73,000(54,37,846 ഇന്ത്യന്‍ രൂപ) മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. വില്‍പന ആരംഭിച്ച് മൂന്നുമണിക്കൂറിനുള്ളില്‍ തന്നെ ഇതിന്‍റെ മുഴുവന്‍ ടിക്കറ്റുകളും വിറ്റഴിഞ്ഞു. ജൂലൈ 14 ന് രാവിലെ 8:30 ന് ആരംഭിച്ച ടിക്കറ്റ് ബുക്കിങ് രാവിലെ 11 മണിയോടെ അവസാനിച്ചുവെന്ന് കമ്പനിയുടെ പത്രക്കുറിപ്പില്‍ പറയുന്നു.

Cruise1

ടിക്കറ്റിന്‍റെ എണ്ണത്തെക്കാള്‍ എത്രയോ ഇരട്ടി ആളുകള്‍ വെയിറ്റിങ് ലിസ്റ്റിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇത് സൂപ്പര്‍ഹിറ്റാകുമെന്ന് അറിയാമായിരുന്നെന്ന് റീജന്‍റ് സെവൻ സീസ് ക്രൂയിസ് പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ജേസൺ മൊണ്ടേഗ് പ്രസ്താവനയിൽ പറഞ്ഞത്.

കപ്പലില്‍ ലോകം ചുറ്റാം

സെവൻ സീസ് മാരിനർ ക്രൂസ് 2024 ജനുവരി 6ന് മയാമിയിൽ നിന്നും യാത്ര ആരംഭിക്കും. ഏകദേശം അഞ്ചു മാസത്തോളമാണ് കപ്പലില്‍ ലോകം ചുറ്റാനാവുക. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ 34,500 നോട്ടിക്കൽ മൈലുകള്‍ ക്രൂസ് സഞ്ചരിക്കും. മധ്യ അമേരിക്ക, ഹവായ്, ദക്ഷിണ പസഫിക്, തെക്കുകിഴക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ്, മെഡിറ്ററേനിയൻ എന്നിവയുൾപ്പെടെ, 31 രാജ്യങ്ങളിലും നാല് ഭൂഖണ്ഡങ്ങളിലുമുള്ള 66 തുറമുഖങ്ങളിലൂടെ കടന്നുപോകും.

cruise

സ്ഥിരമായി കപ്പല്‍യാത്ര നടത്തുന്നവര്‍ മാത്രമല്ല, ആദ്യമായി കടല്‍യാത്രയില്‍ ഭാഗ്യപരീക്ഷണം നടത്താനായി ഇറങ്ങിയവരും ടിക്കറ്റ് കിട്ടിയവരുടെ കൂട്ടത്തിലുണ്ട്. ഇവരില്‍ പലരും കൂടുതല്‍ വിലയുള്ള ടിക്കറ്റുകളാണ് സ്വന്തമാക്കിയത്.  കപ്പലിലെ ഒരു മാസ്റ്റർ സ്വീറ്റിന് 199,999 ഡോളർ വരെ നിരക്കുണ്ട്. ഇന്ത്യന്‍ രൂപ ഒന്നരക്കോടിയോളം വരുമിത്‌. ഫസ്റ്റ് ക്ലാസ് വിമാന യാത്ര, ഒരു പ്രീ-ക്രൂയിസ് ഗാല ഇവന്‍റ്, മിയാമിയിലെ ഹോട്ടൽ താമസം, എക്സ്ക്ലൂസീവ് ബീച്ച് അനുഭവങ്ങൾ, ഡോര്‍ ടു ഡോര്‍ ലഗേജ് സേവനം എന്നിവയും കൂടാതെ വിസകളും ടിക്കറ്റ് നിരക്കില്‍ ഉള്‍പ്പെടുന്നു. 

വേൾഡ് ക്രൂസ‌‌ിലെ യാത്രക്കാർക്കായി 442 തീര വിനോദയാത്രകള്‍ ഒരുക്കിയിട്ടുണ്ട്. 61- ഓളം യുനെസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റുകള്‍ കാണാം. പനാമ, സൂയസ് കനാലുകൾ മുറിച്ചുകടന്നാണ് യാത്ര.

തുടർച്ചയായ മൂന്നാം വർഷമാണ് വേൾഡ് ക്രൂസ് ടിക്കറ്റുകള്‍ക്ക് ആവേശകരമായ സ്വീകരണം ലഭിക്കുന്നത്. 2023-ല്‍ നടക്കാനിരിക്കുന്ന ലോകയാത്രക്കുള്ള ടിക്കറ്റുകള്‍ കഴിഞ്ഞ സെപ്റ്റംബറിൽ ബുക്കിങ് വച്ചിരുന്നു. ഇതും ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ വിറ്റുപോയി.

English Summary: Luxurious 132-night World Cruise Sold Out Within 3 Hours

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com