ADVERTISEMENT

പഴയകാല സംസ്കാരികതകളില്‍ വച്ച് ഏറ്റവും പുരോഗതി പ്രാപിച്ച ഒരു ജനതയായിരുന്നു മായന്മാര്‍. എഡി 250- 900 കാലഘട്ടത്തില്‍ യുക്കാറ്റൻ ഉപഭൂഖണ്ഡം, മെക്സിക്കോ, ഗ്വാട്ടിമാല, എൽ സാൽവദോർ, ഹോണ്ടുറാസ് തുടങ്ങിയ മേഖലകളില്‍ നിലനിന്നിരുന്ന അമേരിക്കൻ- ഇന്ത്യന്‍ സംസ്കാരമായിരുന്നു മായൻ സംസ്കാരം. സ്വന്തമായി ഭാഷയും കലണ്ടർ, ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം, വനശാസ്ത്രം, ചിത്രംവര, കൃഷി, കെട്ടിടനിര്‍മാണം തുടങ്ങിയവയിൽ അഗാധമായ അറിവുമുണ്ടായിരുന്നു ഇവര്‍ക്ക്. പിന്നീട് എ.ഡി. 900 ആയപ്പോഴേക്കും സ്പാനിഷ് അധിനിവേശം, ഭക്ഷണ ദൗർലഭ്യം തുടങ്ങി ഇന്നും വ്യക്തമല്ലാത്ത പല കാരണങ്ങളാലും മായൻ സംസ്കാരം നശിച്ചു പോയി. ഒരു കാലത്ത് ഉഗ്രപ്രതാപത്തോടെ ജീവിച്ചിരുന്ന മായന്മാരുടെ അവശേഷിപ്പുകള്‍ ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ പല രീതികളും ഇന്നും ലോകം അദ്ഭുതത്തോടെയാണ്‌ നോക്കിക്കാണുന്നത്. 

 

 

San-Pedro1
Dari Michael Bogner/shutterstock

ആംബർഗ്രിസ് മ്യൂസിയം

 

ഇന്നും ഈ മഹത്തായ സംസ്കാരത്തിന്‍റെ അവശേഷിപ്പുകള്‍ ലോകത്ത് പലയിടങ്ങളിലും സൂക്ഷിച്ചിട്ടുണ്ട്. ബെലീസില്‍ത്തന്നെ ഇത്തരത്തിലുള്ള ഒരു മ്യൂസിയമുണ്ട്. ബെലീസിലെ ഏറ്റവും വലിയ ദ്വീപായ ആംബര്‍ഗ്രിസ്‌ കീയില്‍ നിന്നും ലഭിച്ച അവശിഷ്ടങ്ങളാണ് ഇവിടെ സൂക്ഷിച്ചിട്ടുള്ളത്. ഈ ദ്വീപിന്‍റെ മുഴുവന്‍ മായന്‍ ചരിത്രവും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കൂടാതെ, ആഭ്യന്തര യുദ്ധത്തിന്‍റെ ഭീകരതയ്ക്ക് ശേഷം സാൻ പെഡ്രോ നഗരം ഉണ്ടാക്കിയതും ദ്വീപ് കടൽക്കൊള്ളക്കാരുടെ അഭയസ്ഥാനമായി മാറിയതിനെക്കുറിച്ചുമുള്ള  വിവരങ്ങളും മത്സ്യബന്ധന ഗ്രാമത്തിലെ ജീവിതവുമെല്ലാം ഇവിടെ കാണാം. 

San-Pedro3
Dari Photo Spirit/shutterstock

 

ഇരുപതുവർഷത്തെ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം, തങ്ങളുടെ പൈതൃകം സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകത തിരിച്ചറിഞ്ഞ ഒരു കൂട്ടം ദ്വീപ്‌വാസികളാണ് ആംബർഗ്രിസ് മ്യൂസിയം എന്ന ആശയം കൊണ്ടുവന്നത്. അങ്ങനെ, 1998 ഫെബ്രുവരിയിൽ ബാരിയർ റീഫ് ഡ്രൈവിലെ ഐലന്‍ഡ് പ്ലാസയിൽ ആംബർഗ്രിസ് മ്യൂസിയം ആദ്യമായി തുറന്നു. സർക്കാരിൽ നിന്ന് സ്വതന്ത്രമായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സംരംഭമായാണ് മ്യൂസിയം രജിസ്റ്റർ ചെയ്തിരിക്കുന്നത്. വ്യക്തികൾക്കും ബിസിനസുകൾക്കും ഭാവിയിൽ പദ്ധതിയുടെ ഭാഗമാകാനുള്ള അവസരം നൽകിക്കൊണ്ട് ഒരു ഫ്രണ്ട്സ് ഓഫ് മ്യൂസിയം ഗ്രൂപ്പും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

 

കൊളംബസിനുമുന്നേ ആംബർഗ്രിസ് ദ്വീപില്‍ താമസിച്ചിരുന്ന ആളുകള്‍ ചുവപ്പ് ചായം പൂശിയ സെറാമിക്സ് പാത്രനിര്‍മാണത്തില്‍ വിദഗ്ധരായിരുന്നു. ഇതിന്‍റെ അവശിഷ്ടങ്ങള്‍ മ്യൂസിയത്തിലുണ്ട്. വിവിധ അസ്ഥികൂടങ്ങളും മായന്മാര്‍ക്കിടയില്‍ നടന്നുവന്നിരുന്ന ഡെന്റൽ മ്യൂട്ടിലേഷന്‍റെ ഉദാഹരണങ്ങളും ഇവിടെ കാണാം. 17, 18 നൂറ്റാണ്ടുകളിൽ നിര്‍മിച്ച ഗ്ലാസ് കുപ്പികൾ, വെള്ളി നാണയങ്ങൾ, എന്നിവയുടെ ശേഖരവുമുണ്ട്. 

 

150 വർഷങ്ങൾക്കുമുമ്പ് യുകാറ്റനിലെ ആഭ്യന്തര യുദ്ധത്തിൽ നിന്നും രക്ഷപെട്ടോടിയ നിന്നുള്ള അഭയാർഥികളാണ് സാൻ പെഡ്രോയില്‍ ആദ്യമായി താമസമാക്കിയതെന്ന് ചരിത്രം പറയുന്നു. മത്സ്യബന്ധന, നാളികേര വ്യവസായങ്ങളെ ആശ്രയിച്ചായിരുന്നു അവരുടെ ജീവിതം. അവരുടെ ആഴമേറിയ മതഭക്തിയും ലളിതമായ സാമൂഹിക ആനന്ദങ്ങളും പ്രതിഫലിപ്പിക്കുന്ന, 1950 കളിലും 70 കളിലുമുള്ള സാൻ പെഡ്രോയുടെ ഫോട്ടോഗ്രാഫുകളും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മ്യൂസിയത്തിന്‍റെ ധനസമാഹരണത്തിനായി ബെലിസിയൻ സെറാമിക്സും നെയ്ത്തും വിൽക്കുന്ന ഒരു ചെറിയ ഗിഫ്റ്റ് കൗണ്ടറും വശത്തായി കാണാം.

 

തിങ്കള്‍ മുതല്‍ ശനിയാഴ്ച വരെ ഉച്ചയ്ക്ക് 2 നും രാത്രി 8 നും ഞായറാഴ്ച ഉച്ചയ്ക്ക് 1 നും 6 നും ഇടയിലുള്ള സമയത്തും ആംബർഗ്രിസ് മ്യൂസിയം സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാം. മ്യൂസിയം കാണാന്‍ ചെറിയൊരു ഫീസുണ്ട്. മുതിർന്ന പൗരന്മാർക്ക് പ്രവേശന ഫീസില്‍ ഇളവുണ്ട്. ഞായറാഴ്ചകളില്‍ പകുതി ഫീസ്‌ നല്‍കിയാല്‍ മതി. 

 

English Summary: Ambergris Museum is a Mesoamerican archaeology Museum in Belize

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com