ADVERTISEMENT

ഓരോ നാടിനും അതിന്റേതായ ഗന്ധമുണ്ട്. ഒരിക്കൽ സന്ദർശിച്ച രാജ്യത്തിന്റെ പേരു കേൾക്കുമ്പോൾ ഓർത്തെടുക്കാവുന്ന അനുഭവമാണ് ആ ഗന്ധം. തുർക്കിയിലെ ഇസ്താംബുളിനെ ഓർക്കുമ്പോൾ മൊരിഞ്ഞ ഇറച്ചിയുടെ ഗന്ധം. ജോർദാനിലെ അമൻ നഗരത്തിനു കട്ടൻകാപ്പിയുടെ ഗന്ധം. യൂറോപ്പിലെ പ്രേഗിന് ബീയറിന്റെ മാസ്മരിക സുഗന്ധം... തീർച്ചയായും, യാത്രാനുഭവം ഓരോരുത്തർക്കും വ്യത്യസ്തമാണ്.

പ്രേഗ് നഗരത്തിന് പുരാതന തനിമയുടെ മുഖവും പുതുമോടിയണിഞ്ഞ രൂപവുമുണ്ട്. ‘പുതുനഗര’ത്തിലെ ഹോസ്റ്റലിലാണ് റൂം ബുക്ക് ചെയ്തത്. മുറിയിൽ കയറി ബാഗ് വച്ചതിനു ശേഷം തെരുവിൽ ഇറങ്ങി. യാത്രക്കാരുമായി സർവീസ് നടത്തുന്ന ‘ട്രാം’ ശബ്ദമാണ് ആദ്യം കേട്ടത്. കൊളോണിയൽ കാലഘട്ടത്തിൽ ആരംഭിച്ച ട്രാമുകൾ ഇപ്പോഴും പ്രേഗിലെ തെരുവികളിലൂടെ ഓടുന്നുണ്ട്.

Prague2


വ്ലാറ്റാവ നദിയുടെ തീരത്താണ് പ്രേഗ് നഗരം. പ്രദേശിക ഭാഷയിൽ ‘പ്രാഹ’യാണ് പ്രേഗ്. വെൻസെസ്‌ലാസ് ചത്വരമാണു നഗരത്തിന്റെ ഹൃദയഭാഗം. വിസ്താരമേറിയ ചത്വരം വിനോദസഞ്ചാരികൾക്കു പ്രിയപ്പെട്ട സ്ഥലമാണ്. ഹോട്ടൽ, റസ്റ്ററന്റ്, ബാങ്ക് തുടങ്ങിയ കെട്ടിടങ്ങൾ സമീപത്തുണ്ട്. ചത്വരത്തിന്റെ ഒരറ്റത്തുള്ള വലിയ കെട്ടിടം പഴയ കൊട്ടാരമാണ്. തെരുവു വിളക്കുകൾ തെളിയുന്ന രാത്രികളിൽ കൊട്ടാരത്തിനു ഭംഗി വർധിക്കുന്നു.

Prague1

ചത്വരം നിർമിച്ച സ്ഥലം പണ്ട് കുതിരച്ചന്ത ആയിരുന്നത്രേ. സോവിയറ്റ് റഷ്യയുടെ അധികാരത്തിൽ നിന്നു സ്വാതന്ത്ര്യം നേടാനായി പ്രേഗ് ജനത നടത്തിയ 1989 വെൽവെറ്റ് വിപ്ലവത്തിന്റെ തുടക്കം ചത്വരം സ്ഥിതി ചെയ്യുന്ന സ്ഥലത്തു നിന്നായിരുന്നു.പ്രേഗിലെ ഒട്ടുമിക്ക കെട്ടിടങ്ങൾക്കും 600 വർഷം പഴക്കമുണ്ട്.

പ്രേഗ് ഐക്കൺ

ഒട്ടേറെ യുദ്ധങ്ങളെ അതിജീവിച്ചിട്ടുള്ള യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ കെട്ടിടങ്ങൾക്കു നാശം സംഭവിക്കാത്ത നഗരമാണു പ്രേഗ്. പഴയ കെട്ടിടങ്ങൾ പൊളിക്കാതെ സംരക്ഷിച്ചു പോരുന്ന ഭരണകൂടം പ്രശംസ അർഹിക്കുന്നു. പുതിയ നിർമിതികൾ പഴയ കെട്ടിടങ്ങൾക്കു ദോഷകരമല്ലെന്ന് ഉറപ്പു ലഭിച്ചാൽ മാത്രമേ നിർമാണത്തിന് അനുമതി ലഭിക്കൂ.

യൂറോപ്പിലെ മറ്റു രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ളവരും ചരിത്രപുസ്തകം വായിച്ചിട്ടുള്ളവരുമായ സഞ്ചാരികൾക്ക് പ്രേഗിൽ ചെന്നിറങ്ങുമ്പോൾ മധ്യകാലയൂറോപ്പിൽ എത്തിയ പോലെ തോന്നും.

യൂറോപ്യൻ വാസ്തുവിദ്യയുടെ പൂർണത അവിടെ കണ്ടു മനസ്സിലാക്കാം. വെനീസ്, പാരിസ്, റോം എന്നീ രാജ്യങ്ങളിലെ പഴയ കെട്ടിടങ്ങളുടെ തനിയാവർത്തനം. ക്ലോക്ക് ടവറാണ് ഓൾഡ് ടൗണിലെ മറ്റൊരു കൗതുകം. 1410ൽ സ്ഥാപിച്ച അസ്‌ട്രോണോമിക്കൽ ക്ലോക്ക് തെറ്റുകൂടാതെ സമയം പ്രദർശിപ്പിക്കുന്നു. മാസം, വർഷം, തീയതി, സൂര്യചന്ദ്രന്മാരുടെ സ്ഥാനം എന്നിവയും ക്ലോക്കിൽ നോക്കി മനസ്സിലാക്കാം.

‘പ്രേഗ് ഐക്കൺ’ എന്നു വിശേഷിപ്പിക്കാവുന്ന ചാൾസ് ബ്രിജ് കാണാൻ നേരം പുലരുന്നതിനു മുൻപ് മുറിയിൽ നിന്നിറങ്ങി. സന്ദർശകരുടെ തിരക്ക് ഒഴിവാക്കാനാണ് സൂര്യോദയം തിരഞ്ഞെടുത്തത്. വ്ളാറ്റാവ നദിക്കു കുറുകെയാണ് ചാൾസ് ബ്രിജ് നിർമിച്ചിട്ടുള്ളത്. പാലത്തിനു മുകളിൽ വാഹനങ്ങൾക്കു പ്രവേശനമില്ല. തൂണുകളുടെ ബലവും നിർമാണ വൈദഗ്ധ്യവും അദ്ഭുതകരം. മുപ്പതു തൂണുകളിലും പ്രതിമകൾ കൊത്തിവച്ചിട്ടുണ്ട്. വിളക്കു ഘടിപ്പിച്ച നീളമുള്ള കാലുകളും നിരയായി നിൽക്കുന്ന തൂണുകളും അതിമനോഹരം.

പൂർണരൂപം വായിക്കാം

Story By Zaibakash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com