ADVERTISEMENT

ടോക്കിയോ യൂണിവേഴ്സിറ്റിയുടെ ക്ഷണപ്രകാരം പഠനയാത്രയ്ക്ക് അവിടം സന്ദർശിച്ച കാർഷിക സർവകലാശാലയിലെ മുൻ ഇന്റലക്ച്വൽ പ്രോപർട്ടി സെൽ മേധാവി ഡോ. സി.ആർ. എൽസി തന്റെ യാത്രാനുഭവങ്ങൾ ഒളിംപിക്സിന്റെ പശ്ചാത്തലത്തിൽ പങ്കുവയ്ക്കുന്നു. സാങ്കേതിക വിദ്യയുടെ പുരോഗതി അവിടുത്തെ സാമൂഹിക ബന്ധങ്ങളിലുണ്ടാക്കുന്ന മാറ്റങ്ങളാണ് ലേഖിക നിരീക്ഷിക്കുന്നത്. 

ലോകം ഇപ്പോൾ ടോക്കിയോയിലേക്കു നോക്കിക്കൊണ്ടിരിക്കുകയാണല്ലോ. ടോക്കിയോയുടെ നോട്ടം എങ്ങോട്ടായിരിക്കും.? എന്റെ ഈ സംശയത്തിലെ കൗതുകം മാറ്റി നിർത്തുക. വർഷങ്ങൾക്കു മുൻപ് ഞാൻ കണ്ട ടോക്കിയോയുടെ നോട്ടം എപ്പോഴും താഴോട്ടായിരുന്നു. സാങ്കേതിക വിദ്യയുടെ തോളിലേറി കുതിച്ചു ചാടിയ ഒരു തലമുറയുടെ പിന്തുടർച്ചാവകാശികളെയാണ് ഞാൻ അവിടെ കണ്ടത്. ഉയരങ്ങളിൽനിന്ന് അവർ എപ്പോഴും താഴോട്ടു നോക്കിയിരിക്കാൻ കാരണം ഈ സാങ്കേതികവിദ്യ തന്നെയാണെന്നത് മറ്റൊരു തമാശ. കാണികളെ അകറ്റിനിർത്തിക്കൊണ്ടുള്ള കായികമാമാങ്കമാണല്ലോ നടക്കുന്നത്. എന്നാൽ കോവിഡിനൊക്കെ മുൻപുതന്നെ ആ നാട്ടുകാർ സ്വന്തമായി സൃഷിച്ചെടുത്ത ഒരു അകലത്തിലാണ് പരസ്പരം നിലകൊള്ളുന്നത് എന്നാണ് എനിക്കു തോന്നിയത്. 

japan-trip2
പ്രഫ. സി.ആർ. എൽസി ടോക്കിയോയിൽ പഠന യാത്രയ്ക്കിടെ

കേൾവികേട്ട ജപ്പാൻ മെട്രോ സർവീസിലടക്കം പൊതുസ്ഥലത്തുകൂടി പലതവണ ഞങ്ങൾ യാത്ര ചെയ്തു. നാട്ടിലെ ശബ്ദകോലാഹലമൊന്നും അവിടെ പ്രതീക്ഷിക്കാൻ കഴിയില്ല. എന്നാലും നമ്മളെ അസ്വസ്ഥരാക്കുന്ന നിശബ്ദതയായിരുന്നു അവിടെ. കണ്ണിമ വെട്ടാതെ കയ്യിലെ മൊബൈൽ ഫോണിൽ മുഖം പൂഴ്ത്തിയിരിക്കുന്ന തലമുറ. തൊട്ടു തൊട്ടിരിക്കുന്നവർ പരിചയക്കാരോ ബന്ധുക്കളോ ആണോ എന്നു പോലും നമുക്ക് തിരിച്ചറിയാൻ കഴിയില്ല. കിലോമീറ്ററുകൾ പിന്നിടുന്ന യാത്രയിൽപോലും അവർ പരസ്പരം സംസാരിക്കുന്നതു പോയിട്ട് ഒന്നു നോക്കുന്നതുപോലും കണ്ടില്ല. 

വിവിധ രാജ്യങ്ങളിൽ നിന്നുള്ള പഠനസംഘം 19 ദിവസമാണ് ടോക്കിയോയിലുണ്ടായിരുന്നത്. താമസസ്ഥലത്തുനിന്നു 15 മിനിറ്റ് നടന്നാൽ മെട്രോ സ്റ്റേഷനായി. 9.08 ന് പ്ലാറ്റ്ഫോമിൽ നിൽക്കുന്ന ട്രെയിനിന്റെ നമ്പർ പോലും നോക്കേണ്ട ആവശ്യമില്ല. അറിയാമല്ലോ! ജപ്പാൻ ട്രെയിനുകൾ ഒരു സെക്കൻഡ് പോലും വൈകില്ല. ‘‘സാറേ വണ്ടി വൈകുമോ’’ എന്നു ചോദിക്കാനുള്ള അവസരം പോലും ആർക്കും കിട്ടില്ല എന്നർഥം. ട്രെയിനിന്റെ വാതിലുകളുടെ സ്ഥാനം നോക്കി യാത്രക്കാർ ക്യൂ നിൽക്കുന്നുണ്ടാവും. യന്ത്രനിയന്ത്രിത വാതിലുകൾ തുറക്കുമ്പോൾ കുറേപ്പേർ ചലിക്കുന്ന യന്ത്രപ്പാവകളെ പോലെ അകത്തേക്കും പുറത്തേക്കും. 

japan-trip
പ്രഫ. സി.ആർ. എൽസി ടോക്കിയോയിൽ പഠന യാത്രയ്ക്കിടെ

ഇപ്പോൾ നമ്മൾ നിശബ്ദതയുടെ വലിയ പേടകത്തിലാണ്. മൊബൈൽ നോക്കാത്തവർ അവരുടെ ഹെഡ്ഫോണിൽ പാട്ടുകേട്ടിരിക്കുന്നു. ചിലർ ഉറങ്ങുന്നു. (അതോ സംസാരം ഒഴിവാക്കാൻ ഉറക്കം നടിക്കുന്നതോ?) ഇതു ഞങ്ങൾ ഇന്ത്യയിൽനിന്നു പോയവരുടെ മാത്രം നിരീക്ഷണമാണെന്നു കരുതരുത്. ഞങ്ങളുടെ ട്രെയിനിങ് അസിസ്റ്റന്റായിരുന്ന മിച്ചി എന്ന വനിതയുമായി ഞങ്ങൾ ഇക്കാര്യം പങ്കുവച്ചു. മിച്ചി അതു തീർത്തും ശരിവച്ചു. ‘‘ഇവിടെ ആളുകൾ തമ്മിൽ സംസാരിക്കുന്നത് കുറഞ്ഞു കുറഞ്ഞു വരുന്നു. വീടുകൾക്കകത്തുപോലും ആശയവിനിമയം കുറഞ്ഞു വരുകയാണ്. യുവാക്കൾക്ക് അതിന്റെ മാനസിക പ്രശ്നങ്ങളുണ്ട്. സാങ്കേതിക വിദ്യ വളർന്നു വരുന്നതിന്റെ ദൂഷ്യവശം’’– മിച്ചി പറഞ്ഞു. 

ഒരു നിമിഷമൊന്നു നാട്ടിലേക്കു വരാം. അപരിചിതമായ ഒരു സ്ഥലത്ത് നമ്മൾ ആശയവിനിമയത്തിന്റെ വഴി തുറക്കുന്നതെങ്ങനെയായിരിക്കും. പോകേണ്ട സ്ഥലത്തേക്കുള്ള വഴി ചോദിച്ചു തന്നെ. നാട്ടിൻപുറത്തൊക്കെയാണെങ്കിൽ ചോദ്യങ്ങളും ഉപചോദ്യങ്ങളുമായി തുടർ ചർച്ചയ്ക്കുതന്നെ അതു വഴിവച്ചേക്കാം. ആശയ വിനിമയത്തിന്റെ ഈ നാടൻ രീതികൾക്കൊക്കെ സാമൂഹിക ജീവിതത്തിലുള്ള പ്രാധാന്യം ജപ്പാനിൽ കുറച്ചു കാലം താമസിച്ചതിൽ നിന്നാണ് ശരിക്കും മനസ്സിലായത്. എത്ര ചെറിയ യാത്രയായാലും അച്ചടിച്ച മാപ്പുകൾ സുലഭം. ഇറങ്ങേണ്ട സ്ഥലങ്ങളിലേക്ക് വഴികാട്ടി ബോർഡുകൾ ഇഷ്ടംപോലെ. എന്നാലും മനഃപൂർവം ഒന്നു ചോദിക്കാം എന്നുവച്ചാൽ ഇംഗ്ലിഷ് അറിയുന്നവർ കഷ്ടി. കടകളിൽ പോയാലും ഇതേ അനുഭവം. വൈൻഡിങ് മെഷീനുകൾ നിരന്നിരിക്കുന്നതിനാൽ ഒന്നും ചോദിച്ചു വാങ്ങേണ്ട. ചുരുക്കത്തിൽ, ഒന്നു കറങ്ങിയെത്തുമ്പോൾ നിങ്ങൾ ആരോടും സംസാരിക്കുന്നില്ല എന്ന് അവിടുത്തെ രീതികൾ ‘ഉറപ്പാക്കുന്നു’. ബഹളവും കുശലപ്രശ്നങ്ങളും അൽപം പരദൂഷണവുമൊക്കെയായി ചെറിയ യാത്രകൾ ആഘോഷമാക്കുന്ന നമുക്ക് ഇതെങ്ങനെ ദഹിക്കാൻ! 

എന്തിനും ഏതിനും സാങ്കേതിക വിദ്യയുടെ തണലിൽ വളരുന്ന യുവാക്കൾക്ക് അന്തർമുഖത്വം കൂടിവരുകയാണ് എന്ന മിച്ചിയുടെ ആശങ്ക ശരിവയ്ക്കുന്നതായിരുന്നു അവിടുത്തെ ഓരോ അനുഭവവും. നാട്ടുകാർക്ക് പൊതുവേ ഇംഗ്ലിഷിനോടുള്ള താൽപര്യക്കുറവും പെട്ടെന്നു നമ്മുടെ ശ്രദ്ധയിൽപ്പെടും. ഞങ്ങളുടെ ക്ലാസുകൾ കൈകാര്യം ചെയ്ത പ്രഫസർമാരിൽ ഇംഗ്ലിഷ് അറിയാവുന്നവർ വളരെ ചുരുക്കമായിരുന്നു. അറിയുന്നവർ തന്നെ പറഞ്ഞാൽ മനസ്സിലാവുകയുമില്ല. ക്ലാസുകൾ തർജമ ചെയ്തു തരാൻ ഒരു വനിതയുടെ സഹായം ഏർപ്പെടുത്തിയിരുന്നു. എന്നിട്ടും ചൈനയിൽനിന്നു വന്ന യുവാൻ എന്ന ഗവേഷണ വിദ്യാർഥിക്ക് ക്ലാസുകൾ ഒരു ഡിക്‌ഷണറിയുടെ സഹായത്തോടെ വീണ്ടും ചൈനീസ് ഭാഷയിലേക്കു തർജമ ചെയ്തു കൊടുക്കേണ്ടി വന്നു. 

മഹായുദ്ധത്തിന്റെ മുറിവുകളെ മറികടന്ന ഒരു ജനതയാണ്. സ്വാശ്രയശീലം രക്തത്തിൽ അലിഞ്ഞുചേർന്നവരാണ്. അതേക്കുറിച്ചൊന്നു സൂചിപ്പിക്കാതെ ഇതവസാനിപ്പിക്കാൻ പറ്റില്ല. കാർഷിക ഗവേഷക എന്ന നിലയിൽ എന്റെ ശ്രദ്ധ പിടിച്ചു പറ്റിയത് ടോക്കിയോയിലെ പാതയോരങ്ങളെ പച്ചപ്പണിയിച്ച ജിങ്കോ മരങ്ങളായിരുന്നു. ടോക്കിയോ സർകവലാശാലയിലെ എംബ്ലത്തിലും ജിങ്കോ മരങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്. അന്വേഷിച്ചപ്പോൾ അറിഞ്ഞു, ജിങ്കോ അവർക്കൊരു വെറും വൃക്ഷമല്ല. 1945 ൽ പതിനായിരങ്ങളെ തുടച്ചു നീക്കിയ ആറ്റംബോംബ് ആക്രമണവുമായി അതിനു ബന്ധമുണ്ട്. ബോംബിൽനിന്നുള്ള ന്യൂക്ലിയർ വികിരണങ്ങൾ കാരണം ഇനിയൊന്നും ബാക്കിയുണ്ടാവില്ല എന്ന് എല്ലാവരും കരുതി. മനുഷ്യനടക്കമുള്ള ജീവജാലങ്ങൾക്കും പ്രകൃതിയുടെ പച്ചപ്പിനുമൊക്കെ ഇതൊരു വിലക്കപ്പെട്ട പ്രദേശമാവുമെന്നായിരുന്നു ആശങ്ക. എന്നാൽ എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് അവിടെ മുളച്ചുപൊന്തിയ വൃക്ഷമാണ് ജിങ്കോ. ന്യൂക്ലിയർ വികിരണങ്ങൾ കാരണം ഇതിന്റെ ജനിതക ഘടനയിൽ ഒരു മാറ്റവും വന്നില്ല. അതിജീവനത്തിന്റെ ഈ കാതലുറപ്പിന് ജിങ്കോ ബൈലോബ എന്നാണ് ശാസ്ത്രീയ നാമം. ഇതിന് ഒട്ടേറെ ഔഷധഗുണങ്ങളുമുണ്ടത്രേ.

japan-trip1
പ്രഫ. സി.ആർ. എൽസി ടോക്കിയോയിൽ പഠന യാത്രയ്ക്കിടെ

∙∙

എന്റെ ജപ്പാൻ യാത്ര കഴിഞ്ഞി‍്ട്ട് കാലമേറെയായി. നാട്ടിലും ചുറ്റുവട്ടത്തും പുറത്തേക്കുള്ള ചില യാത്രകളെങ്കിലും എന്നെ ടോക്കിയോയിലെ തെരുവുകളെ ഓർമിപ്പിക്കുന്നു. അളവറ്റ ആതിഥേയ മര്യാദയുടെ പേരിലോ അനുപമമായ വൃത്തിബോധത്തിന്റെ പേരിലോ അല്ല അത്. ഹെഡ്ഫോണും മൊബൈലുമായി സ്വന്തം ലോകത്തേക്കു ചുരുങ്ങുന്ന കുട്ടികളാണ് ടോക്കിയോയെ ഓർമകളിലേക്കു തിരിച്ചുവിളിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com