ADVERTISEMENT

പടിഞ്ഞാറിന്‍റെ പാരീസ് എന്നാണ് കാലിഫോർണിയന്‍ നഗരമായ സാൻ ഫ്രാൻസിസ്കോയെ വിളിക്കുന്നത്. വെറും 121 ചതു‌രശ്ര കി.മി വിസ്തൃതിയുള്ള ഈ അമേരിക്കന്‍ നഗരം പാരീസ് പോലെ തന്നെ സഞ്ചാരികളുടെ പറുദീസയാണ്. അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കിയ അംബരചുംബികളായ കെട്ടിടങ്ങളും മനോഹരമായ ഭൂപ്രകൃതിയുമെല്ലാം സാന്‍ ഫ്രാന്‍സിസ്കോ നഗരത്തിന്‍റെ മുഖമുദ്രകളാണ്.

യുഎസിന്‍റെ പടിഞ്ഞാറേ തീരത്താണ് സാൻഫ്രാൻസിസ്കോ നഗരം സ്ഥിതിചെയ്യുന്നത്. ഒരുവശത്ത് പസഫിക് സമുദ്ര തീരവും മറുവശത്ത് സാൻഫ്രാൻസിസ്കോ ബേയും അതിരിടുന്നു. അൽകാട്രസ്, ട്രഷർ ഐലന്‍റ്, യെർബ ബ്യൂണ എന്നീ ദ്വീപുകളും അൽമേഡാ, റെഡ് റോക്ക്, എയ്ഞ്ചൽ എന്നീ ദ്വീപുകളുടെ ചില ഭാഗങ്ങളും ഒപ്പം മനുഷ്യവാസമില്ലാത്ത ഫറോലോൺ ദ്വീപുമെല്ലാം സാൻഫ്രാൻസിസ്കോയുടെ ഭാഗമാണ്. കൂടാതെ, നോബ് ഹിൽ, പോട്രെറോ ഹിൽ, റഷ്യൻ ഹിൽ തുടങ്ങി അന്‍പതോളം കുന്നുകളും ഈ കൊച്ചുനഗരത്തിലുണ്ട്. 

San-Francisco4

വര്‍ഷംതോറും ദശലക്ഷക്കണക്കിന് സഞ്ചാരികളാണ് സാൻഫ്രാൻസിസ്കോയിലേക്ക് ഒഴുകിയെത്തുന്നത്.  ഗോള്‍ഡന്‍ ഗേറ്റ് ബ്രിഡ്ജ്, ചൈനാടൌണ്‍ തുടങ്ങിയ ആകര്‍ഷണങ്ങള്‍ക്കൊപ്പം ട്വിറ്റർ, സ്ക്വയർ, എയർബിഎന്‍ബി, ലെവി സ്ട്രോസ് & കമ്പനി, ഗ്യാപ് ഇങ്ക്, സെയിൽസ്ഫോഴ്സ്, ഡ്രോപ്പ്ബോക്സ്, പസഫിക് ഗ്യാസ് ആൻഡ് ഇലക്ട്രിക് കമ്പനി, ഊബർ, ലിഫ്റ്റ് തുടങ്ങിയ കമ്പനികളുടെ ആസ്ഥാനങ്ങളും ഇവിടെയാണ്‌ സ്ഥിതിചെയ്യുന്നത്. സാൻഫ്രാൻസിസ്കോ സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ ഒരിക്കലും വിട്ടു പോകരുതാത്ത ചില മനോഹര കാഴ്ചകളും അനുഭവങ്ങളുമുണ്ട്. അവയില്‍ ചിലത് പരിചയപ്പെടാം.

ഗോൾഡൻ ഗേറ്റ് ബ്രിഡ്ജിലൂടെ നടക്കാം

സാൻഫ്രാൻസിസ്കോയുടെ മുഖമുദ്രകളില്‍ ഒന്നാണ് ഗോൾഡൻ ഗേറ്റ് ബ്രിഡ്ജ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഫോട്ടോകളില്‍ പ്രത്യക്ഷപ്പെട്ട കാഴ്ചകളില്‍ ഒന്നുകൂടിയാണ് മനോഹരമായ ഈ പാലം. സാൻഫ്രാൻസിസ്കോയെയും കാലിഫോർണിയയിലെ മാരിൻ കൗണ്ടിയേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ തൂക്കുപാലം സാൻഫ്രാൻസിസ്കോ ഉൾക്കടലിലാണ് നിർമ്മിച്ചിരിക്കുന്നത്.  1.7 മൈൽ നീളമുള്ള പാലത്തിലൂടെ പ്രതിദിനം ഏകദേശം 120,000 വാഹനങ്ങൾ കടന്നുപോകുന്നു. കാല്‍നടയാത്രക്കാര്‍ക്കായി പ്രത്യേക പാതയുണ്ട്. 

San-Francisco3

കടലിനു നടുവിലെ ജയില്‍

സാൻ ഫ്രാൻസിസ്കോ ഉൾക്കടലിന്‍റെ മധ്യത്തിലായി സ്ഥിതിചെയ്യുന്ന അൽകാട്രാസ് ദ്വീപ്‌ ആണ് മറ്റൊരു പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രം. അമേരിക്കയിലെ ഏറ്റവും കുപ്രസിദ്ധരായ ചില കുറ്റവാളികളെ തടവിലാക്കിയിരുന്ന അൽകാട്രാസ് ജയില്‍ ഇവിടെയാണ്‌. 1960 കളിൽ ജയിൽ അടച്ചു. ഇപ്പോഴും സഞ്ചാരികള്‍ക്ക് ഇവിടം സന്ദര്‍ശിക്കാം. ഇതിനായി പ്രത്യേകം സര്‍വീസ് നടത്തുന്ന ബോട്ടുകളുണ്ട്. 

കേബിള്‍ കാര്‍ യാത്ര

പത്തൊൻപതാം നൂറ്റാണ്ടിന്‍റെ അവസാനം മുതൽക്കു കേബിൾ കാറുകൾ സാൻ ഫ്രാൻസിസ്കോയിലുണ്ട്. ഇവയുടെ മണികൾ ബ്ലോക്കുകളിൽ നിന്ന് മുഴങ്ങുന്നത് നഗരത്തിലെങ്ങും കേൾക്കാം. എട്ടു ഡോളര്‍ മുതലാണ്‌ കേബിള്‍ കാര്‍ യാത്രക്കുള്ള ടിക്കറ്റുകള്‍ ലഭ്യമാവുക. നഗരത്തിലെ കുന്നുകളുടെ മനോഹരമായ കാഴ്ചകള്‍ കണ്ട് കേബിള്‍ കാറില്‍ യാത്ര ചെയ്യാം.

Cable-Ca-San-Francisco

കടല്‍സിംഹങ്ങളെ കാണാം

നഗരത്തിലെ മറ്റൊരു ആകര്‍ഷണമാണ് ഫിഷര്‍മാന്‍സ് വാര്‍ഫ്.  പിയർ 39ല്‍ സ്ഥിതിചെയ്യുന്ന ഈ പ്രദേശം പേരുപോലെ തന്നെ മത്സ്യങ്ങള്‍ക്കും കടല്‍ജീവികള്‍ക്കും പേരുകേട്ടതാണ്. കാഴ്ചക്കാര്‍ക്ക് കൗതുകം പകര്‍ന്ന്, സീ ലയണ്‍ എന്ന് വിളിക്കപ്പെടുന്ന കടല്‍ജീവികളെ ഇവിടെ കാണാം. മാത്രമല്ല, കാലിഫോര്‍ണിയയിലെ ഏറ്റവും രുചികരമായ മത്സ്യവിഭവങ്ങള്‍ ലഭിക്കുന്ന കടകള്‍ ഇവിടെ ധാരാളമുണ്ട്. എപ്പോഴും ഉത്സവച്ഛായയുള്ള ഈ പ്രദേശത്ത് സാൻ ഫ്രാൻസിസ്കോ തടവറ, മാഡം തുസാഡ്‌സ്, 3 ഡി ഇല്ല്യൂഷന്‍ മ്യൂസിയം, കാർട്ടൂൺ ആർട്ട് മ്യൂസിയം, ബൌബേക്കറി തുടങ്ങി മറ്റു നിരവധി ആകര്‍ഷണങ്ങളുമുണ്ട് കാണാന്‍.

san-Francisco1

പാര്‍ക്കുകളില്‍ പിക്നിക് നടത്താം

പ്രിയപ്പെട്ടവരോടൊപ്പം ഒരു ദിവസത്തെ പിക്നിക് നടത്താന്‍ പറ്റിയ കുറെ ഇടങ്ങളും ഇവിടെയുണ്ട്. ഡോളോറസ് പാർക്ക്, പ്രെസിഡിയോ പാര്‍ക്ക്‌, ഗോൾഡൻ ഗേറ്റ് പാർക്ക് എന്നിങ്ങനെ മനോഹരമായ നിരവധി പാര്‍ക്കുകള്‍ സാന്‍ ഫ്രാന്‍സിസ്കോ നഗരത്തിലുണ്ട്.

3San-Francisco

ഉത്സവങ്ങളില്‍ പങ്കുചേരാം

എല്ലാ പ്രായത്തിലുമുള്ള ആളുകൾക്കും പങ്കുചേരാനാവുന്ന നിരവധി ഔട്ട്‌ഡോര്‍ ഫെസ്റ്റിവലുകള്‍ സാൻ ഫ്രാൻസിസ്കോയിലുണ്ട്. മെയ് മുതല്‍ ഒക്ടോബർ വരെയുള്ള  വേനൽക്കാലത്ത് നടക്കുന്ന യെർബ ബ്യൂണ ഗാർഡൻസ് ഫെസ്റ്റിവൽ,  1938 മുതൽ സാൻ ഫ്രാൻസിസ്കോയില്‍ നടന്നുവരുന്ന  സംഗീതോല്‍സവമായ സ്റ്റേണ്‍ ഗ്രോവ് ഫെസ്റ്റിവൽ എന്നിവ അവയില്‍ ചിലതാണ്.

 നഗരം ചുറ്റിക്കാണാന്‍ ടൂറുകള്‍

അധികം വിസ്തൃതിയില്ലാത്തതിനാല്‍ കാല്‍നടയായി കണ്ടുതീര്‍ക്കാവുന്ന നഗരമാണ് സാൻ ഫ്രാൻസിസ്കോ. സഞ്ചാരികള്‍ക്കായി വാക്കിംഗ് ടൂറുകള്‍ സംഘടിപ്പിക്കുന്ന നിരവധി കമ്പനികള്‍ ഇവിടെയുണ്ട്. നോര്‍ത്ത് ബീച്ച്, ചൈനാ ടൌണ്‍ തുടങ്ങി നഗരത്തിലെ പ്രശസ്തമായ സ്ഥലങ്ങള്‍ കാണാനും ഭക്ഷണ വിഭവങ്ങള്‍  ആസ്വദിക്കാനുമൊക്കെ പ്രത്യേകം ടൂറുകളുണ്ട്. കാല്‍നടയായി മാത്രമല്ല, വേണമെങ്കില്‍ ബൈക്കിലും നഗരം ചുറ്റാം. ഇതിനായുള്ള സൗകര്യങ്ങളും നഗരത്തിലുണ്ട്. 

English Summary: San Francisco Travel Guide 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com