ADVERTISEMENT

വീട്ടുമുറ്റത്ത് മനോഹരമായി ഇന്റർലോക്ക് ടൈലുകളിട്ടതുപോലെ അടുക്കടുക്കായി കല്ലുകൾ നിരത്തിയിരിക്കുന്ന കടൽത്തീരത്തിന്റെ കാഴ്ചയിൽ ആരും അതിശയിക്കും. അയർലൻഡിലാണ് പ്രകൃതിയൊരുക്കിയ ഈ വിസ്മയം. ഇന്ന് അയർലൻഡിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണിവിടം.

രാക്ഷസന്മാരുടെ നടപ്പാത

ഈ കാഴ്ച കണ്ടാൽ ആരും പറയും ഇത് രാക്ഷസന്മാർ നിർമിച്ചതാണെന്ന്. ഒരു കടൽത്തീരം മുഴുവൻ വളരെ കൃത്യമായും വൃത്തിയോടെയും കല്ലുകൾ അടുക്കിവെയ്ക്കാൻ മനുഷ്യർക്കു സാധ്യമാണോ എന്ന് ആർക്കും സംശയം തോന്നാം. 60 ദശലക്ഷം വർഷം മുമ്പാണ് ജയന്റ് കോസ്‌വേ എന്ന ഈ അദ്ഭുത പ്രതിഭാസം ആദ്യമായി രൂപപ്പെട്ടതെന്നു കണക്കാക്കപ്പെടുന്നു. അഗ്നിപർവതത്തിന്റെ പ്രവർത്തനഫലമായാണ്  ഇതു സൃഷ്ടിക്കപ്പെട്ടതെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. ലാവ തണുത്തുറഞ്ഞ് അവിശ്വസനീയമായ ഇന്റർലോക്കിങ് ബസാൾട്ട് നിരകൾ രൂപപ്പെടുകയായിരുന്നത്രേ. ഓരോ നിരയും തികച്ചും ഷഡ്ഭുജാകൃതിയിലാണ്. 

വടക്കൻ അയർലൻഡിന്‍റെ വടക്കൻ തീരത്ത്, ഷ്മിൽസ് പട്ടണത്തിന് മൂന്ന് മൈൽ വടക്കുകിഴക്കായി കൗണ്ടി ആൻട്രിമിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. ഇന്റർലോക്ക് ഇഷ്ടികകൾ പോലെയുള്ള പരന്ന കല്ലുകൾ കൂടാതെ കുത്തനെ പില്ലറുകൾ പോലെയുള്ളവയും ഈ തീരത്തുണ്ട്. ഇവയുടെയൊക്കെ ഘടന കണ്ടാൽ ആരും അദ്ഭുതപ്പെട്ടുപോകും. മനോഹരമായും അടുക്കോടെയും ചിട്ടയോടെയും കല്ലുകൾ ഇവിടെ എങ്ങനെ സൃഷ്ടിക്കപ്പെട്ടുവെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്.

giants-causeway1
Dari tamsindove/shutterstock

ഇതിനു പിന്നിലുള്ള കഥയാണ് രസകരം. രണ്ട് രാക്ഷസന്മാർ തമ്മിലുള്ള ശക്തിപരീക്ഷണത്തിന്റെ ഫലമാണ് ഇതെന്നാണ് ഐതിഹ്യങ്ങളിൽ പറയുന്നത്. കടൽ മുറിച്ചുകടക്കാൻ അവർ നിർമിച്ച പാലത്തിന്റെ ബാക്കിയാണ് ഈ അടുക്കിയ കല്ലുകൾ എന്നാണത്രേ കഥ. എന്തായാലും ഇന്ന് ലോകം മുഴുവനും അറിയപ്പെടുന്ന, സഞ്ചാരികളുടെ യാത്രാപുസ്തകത്തിലെ ഏറ്റവും അദ്ഭുതാവഹമായ കാഴ്ചകളിലൊന്നാണ് ജയന്റ് കോസ്‌വേ.

English Summary:  Giant's Causeway is one of Northern Ireland's best-known Natural Wonders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com