കടലിനു നടുവിൽ കാറ്റേറ്റിരിക്കാം, ചൂടുറവകളില്‍ കുളിക്കാം; ഇറ്റലിയിലെ ഇയോലിയന്‍ ദ്വീപുകള്‍!

Aeolian-Islands
Dari Solomakha/shutterstock
SHARE

അത്രയധികം പറഞ്ഞു കേട്ടിട്ടില്ലാത്തതും എന്നാല്‍ അതിമനോഹരവുമായ ഒട്ടനവധി ഭൂപ്രദേശങ്ങള്‍ നമ്മുടെ ഈ ഭൂമിയിലുണ്ട്. സമൂഹമാധ്യമത്തിലൂടെ സൂപ്പർഹിറ്റായ ഇടങ്ങളുമുണ്ട്. അത്തരത്തിലുള്ള ഒരിടമാണ് ഇറ്റലിയിലെ സിസിലിക്ക് വടക്ക് മെഡിറ്ററേനിയൻ കടലിലെ അഗ്നിപർവത ദ്വീപസമൂഹമായ ഇയോലിയന്‍ ദ്വീപുകള്‍. വേനല്‍ക്കാലമാകുമ്പോള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിന്‌ സഞ്ചാരികള്‍ പറന്നെത്തുന്ന വിനോദസഞ്ചാര കേന്ദ്രമാണ് ഇവിടം. അഗ്നിപർവത ദ്വീപുകളിലെ ചരിത്രപരമായ നിര്‍മിതികളും തുടർച്ചയായ അഗ്നിപർവത പ്രതിഭാസങ്ങളും കണക്കിലെടുത്ത് യുനെസ്കോ 2000ൽ ഇയോലിയൻ ദ്വീപുകൾ ലോക പൈതൃക സൈറ്റായി പട്ടികപ്പെടുത്തിയിരുന്നു.

ഇറ്റാലിയന്‍ വിശ്വാസമനുസരിച്ച്, കാറ്റിന്‍റെ ദേവനായ ഇയോലിയസിന്‍റെ പേരില്‍ നിന്നാണ് ദ്വീപസമൂഹത്തിനു ആ പേര് ലഭിച്ചത്. ലിപാരി, വൾക്കാനോ, സലീന, സ്ട്രോംബോളി, ഫിലിക്കുടി, ആലിക്കുടി, പനാരിയ എന്നിങ്ങനെ ഏഴ് പ്രധാന ദ്വീപുകളും കൂടാതെ പനാരിയയ്ക്കും ബസിലുസ്സോയ്ക്കും ഇടയിലുള്ള ചെറിയ ദ്വീപുകളും പാറക്കെട്ടുകളുമാണ് ഈ ദ്വീപസമൂഹത്തില്‍ ഉള്‍പ്പെടുന്നത്. ലിപാരിയാണ് ഇവയില്‍ ഏറ്റവും വലുപ്പമേറിയ ദ്വീപ്‌. സിസിലിയൻ പ്രവിശ്യയായ മെസീനയുടെ ഭാഗമാണ് ഈ ദ്വീപുകൾ.

ദ്വീപുകള്‍ ഉണ്ടായതെങ്ങനെ

ടെക്റ്റോണിക് പ്ലേറ്റുകളുടെ ചലനഫലമായാണ് ദ്വീപുകള്‍ ഉണ്ടായത്. ഏതാണ്ട് 260,000 വർഷക്കാലത്തെ അഗ്നിപർവത പ്രവർത്തനങ്ങളുടെ ഫലമായാണ് ഇയോലിയൻ ദ്വീപുകള്‍ക്ക് ഇപ്പോഴുള്ള രൂപം കൈവന്നത്. 1,600 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഏഴ് ഇയോലിയൻ ദ്വീപുകളുടെ സമുച്ചയം, ടൈറേനിയൻ കടലിന്‍റെ അടിത്തട്ടിലുള്ള ഒരു വലിയ സമതലമായ ടൈറേനിയൻ തടത്തിൽ നിന്നാണ് ഉത്ഭവിച്ചത്. ഏകദേശം 3,600 മീറ്റർ ആഴത്തിൽ നിന്നുള്ള ലാവയുടെ ഉറവ, ഇയോലിയൻ, ഉസ്റ്റിക്ക മുതലായ ദ്വീപുകളുടെ രൂപീകരണത്തിന് കാരണമായി, കൂടാതെ മാഗ്നാനി, വാവിലോവ്, മാർസിലി, പാലിനുറോ മുതലായ വെള്ളത്തിനടിയിലെ അഗ്നിപർവ്വതങ്ങളും ഇങ്ങനെയാണ് ഉണ്ടായത്. 

Aeolian-Islands1
Dari luigi nifos/shutterstock

സ്ട്രോംബോളി, വൾക്കാനോ എന്നിങ്ങനെ രണ്ട് സജീവ അഗ്നിപർവതങ്ങളുണ്ട് ഇയോലിയനില്‍. കൂടാതെ മിക്ക ദ്വീപുകളിലും ഇവയുടെ പ്രവര്‍ത്തനഫലമായി, നീരാവി ഉയരുന്ന ജലാശയങ്ങളും കാണാം. അഗ്നിപർവത പ്രവർത്തനങ്ങൾ ദ്വീപുകളില്‍ ഫലഭൂയിഷ്ഠമായ മണ്ണ് ഉണ്ടാകാന്‍ കാരണമായി. അതുകൊണ്ടുതന്നെ ഇവിടങ്ങളില്‍ മികച്ച ജൈവവൈവിധ്യവും കാണാന്‍ സാധിക്കും.

ടൂറിസ്റ്റുകളുടെ വരവു മൂലം ഇവിടുത്തെ സ്വാഭാവിക ആവാസ വ്യവസ്ഥയ്ക്കും പ്രകൃതിവിഭവങ്ങള്‍ക്കും ദോഷമുണ്ടാകുന്നുണ്ട്. കൂടാതെ അശാസ്ത്രീയമായ നിര്‍മാണപ്രവര്‍ത്തനങ്ങളും ദ്വീപിനെ നാശത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനു തടയിടാനായി പ്രത്യേക പ്ലാനുകളും മറ്റും രൂപീകരിച്ചെങ്കിലും അതത്ര ഫലപ്രദമായി നടപ്പിലാക്കാന്‍ ആരംഭിച്ചിട്ടില്ല.

English Summary: Isole Eolie (Aeolian Islands) - Unesco World Heritage Centre

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ക്രിക്കറ്റ് 20 ഓവറിലേക്കു ചുരുങ്ങിയത് എങ്ങനെ?

MORE VIDEOS
FROM ONMANORAMA