ADVERTISEMENT

തീരത്തുനിന്നുള്ള കാഴ്ചകൾക്കപ്പുറം കടലിന് അടിത്തട്ടിലെ മനോഹാരിത കാണാൻ ആർക്കാണ് ഇഷ്ടമില്ലാത്തത്? താമസ സൗകര്യമൊരുക്കുന്ന ഹോട്ടലുകൾ, കടൽക്കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് ഭക്ഷണം കഴിക്കാൻ അവസരമൊരുക്കുന്ന റസ്റ്ററന്റുകൾ തുടങ്ങിയവയൊക്കെ ഇന്ന് കടലിനടിയിലുണ്ട്. ഇൗ ഹോട്ടലുകൾക്കു പുറമേ അത്യാഡംബരം നിറഞ്ഞ, ഒഴുകുന്ന ഹോട്ടലുകളുമുണ്ട്. കടൽ സമ്മാനിക്കുന്ന കൗതുകലോകം കണ്ടാസ്വദിക്കാം.

ക്വാനിനി, ദ് മാന്റ റിസോർട്ട്, പെംബാ ദ്വീപ്, സാൻസിബാർ 

പെമ്പ ദ്വീപിൽ സ്ഥിതി ചെയ്യുന്ന മാന്റ റിസോർട്ടിന്റെ ഒരു ഭാഗം അണ്ടർവാട്ടർ റൂമുകളാണ്. മൈക്കിൾ ഗെൻബെർഗ് എന്ന വ്യക്തിയാണ് ഈ റിസോർട്ടിന്റെ രൂപകൽപന നിർവഹിച്ചത്. ജലോപരിതലത്തിൽ ഒഴുകി നടക്കുന്നതുപോലെയുള്ള മനോഹരമായ ഘടന ഈ റിസോർട്ടിനെ വേറിട്ടതാക്കുന്നു. ഇലക്രോണിക്‌സ് ഉപകരണങ്ങളൊന്നുമില്ലാതെ വേണം സമുദ്രാന്തർഭാഗത്തെ ഈ റിസോർട്ടിലേക്കു പ്രവേശിക്കാൻ.

Manta-Resort--Tanzania
Image From Official Site

സ്‌നോർക്കലിങ്ങിലൂടെയോ ഡൈവിങ്ങിലൂടെയോ ഇവിടെ എത്തിച്ചേരാം. റിസോർട്ടിലെ താമസവും ഇവിടുത്തെ രാത്രികളും  ഇതുവരെ കാണാത്ത ഇമ്പമാർന്ന കാഴ്ചകൾ കണ്ണുകൾക്ക് പ്രദാനം ചെയ്യും. മുറിക്കുള്ളിലെ വെളിച്ചത്തിൽ ആകൃഷ്ടരായി കടലിലെ ചെറുജീവികളും വലിയ മത്സ്യങ്ങളും റിസോർട്ടിലെ ചില്ലുജാലകത്തിനു സമീപമെത്തും. ആ കാഴ്ചകൾ അതിഥികൾക്കു മനോഹരമായ ഒരു രാത്രി സമ്മാനിക്കുമെന്നതിൽ തർക്കമില്ല. 

ക്വായ് ജംഗിൾ റാഫ്റ്റ്സ്, തായ്‌‌ലൻഡ്

തായ്‍‍ൻഡിൽ ക്വായ് നദിക്കരയിൽ സ്ഥിതിചെയ്യുന്ന പരിസ്ഥിതി സൗഹാർദ ഫ്ലോട്ടിങ് ഹോട്ടലാണ് ജംഗിൾ റാഫ്റ്റ്സ്. കാടിനു നടുക്ക് പ്രക‍ൃതിയുടെ മനോഹാരിത ആസ്വദിച്ച് താമസിക്കാൻ മികച്ചയിടമാണിത്. ക്വായ് ജംഗിൾ റാഫ്റ്റുകൾ മുളയിലാണ് നിർമിച്ചിരിക്കുന്നത്, റിസോർട്ടിന്റെ അകത്തളം മരം കൊണ്ടുള്ള ഫർണിച്ചറുകളിലാണ് അലങ്കരിച്ചിരിക്കുന്നത്., കൂടാതെ ഓരോ മുറിക്കും ബാൽക്കണിയുമുണ്ട്. പാരിസ്ഥിതിക സംരക്ഷണ ആശയം മുൻനിർത്തി ഹോട്ടലിൽ വൈദ്യുതി ഉപയോഗിക്കുന്നില്ല, പകരം രാത്രിയിൽ പ്രകൃതിദത്തമായ മൺചിരാതുകളാണ് വെളിച്ചം നൽകുന്നത്.  റിേസാർട്ടിന് സമീപമുള്ള വെള്ളച്ചാട്ടങ്ങളും മനോഹരകാഴ്ചകളും ആസ്വദിക്കാനാകും. മോൺ ഗോത്രവർഗങ്ങളുമായി ഇടപഴകാനും അവരുടെ ആചാരപരമായ നൃത്തങ്ങൾ കാണാനും പ്രാദേശിക ആചാരങ്ങളിൽ പങ്കെടുക്കാനും അതിഥികളെ പ്രോത്സാഹിപ്പിക്കുന്നുണ്ട് ക്വായ് ജംഗിൾ റാഫ്റ്റ്സ്.

River-Kwai-Jungle-Rafts--Thailand
Image From Official Site

പൂന്ത കാരക്കോൾ അക്വാ ലോഡ്ജ്, പാനമ

ലോകത്തിലെ ഏറ്റവും റൊമാന്റിക്കായ ആഡംബര റിസോർട്ടാണിത്. മധുവിധു ആഘോഷമാക്കുവാനായി നിരവധി പേർ ഇവിടെ എത്തിച്ചേരാറുണ്ട്. പാനമയിലെ അതിശയകരമായ ബോകാസ് ഡെൽ ടോറോ ദ്വീപസമൂഹത്തിലാണ് ഈ പരിസ്ഥിതി സൗഹൃദ റിസോർട്ട് നിലകൊള്ളുന്നത്. വെള്ളത്താൽ ചുറ്റപ്പെട്ട റിസോർട്ടാണിത്. ഈ ചെറിയ പറുദീസയിലേക്ക് പ്രവേശിക്കുന്ന നിമിഷത്തിൽത്തന്നെ നിങ്ങൾ അതിശയത്തിന്റെ കൊടുമുടി കയറും.  ഡോൾഫിനുകളുടെ കാഴ്ചയാണ് ഇവിടെ എത്തുന്ന സന്ദർകരെ അദ്ഭുതപ്പെടുത്തുന്ന മറ്റൊരു ആകർഷണം. സോളാർ പാനലുകളിൽ നിന്നുമാണ് റിസോർട്ടിലേക്കുള്ള വൈദ്യുതി ശേഖരിക്കുന്നത്. സന്ദർശകർക്കായി സ്നോർക്കെലിങ്, കയാക്കിങ്, സ്റ്റാർഫിഷ് ബീച്ചിലേക്കുള്ള ദൈനംദിന ബോട്ട് യാത്ര തുടങ്ങിയവയുമുണ്ട്.

താജ് ലേക്ക് പാലസ്, ഇന്ത്യ

പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ തടാകനടുവിലൊരു കൊട്ടാരം– അതാണ് ലേക്ക് പാലസ്. ജഗ് നിവാസ് എന്നൊരു വിളിപ്പേര് കൂടി ഇന്ത്യയിലെ ഏറ്റവും റൊമാന്റിക് ഹോട്ടലായ ലേക്ക് പാലസിനുണ്ട്. വെളുത്ത മാർബിള്‍ ചുമരുകളുള്ള ഈ കൊട്ടാരത്തിന്റെ ദൃശ്യചാരുത ആരെയും വിസ്മയിപ്പിക്കും.

Taj-Lake-Palace--Udaipur
Dari photoff/shutterstock

ഉദയ്പുർ രാജാവായിരുന്ന മഹാറാണാ ജഗത് സിങ് രണ്ടാമന്റെ വേനൽക്കാല വസതിയായിരുന്നു അദ്ദേഹത്തിന്റെ തന്നെ പേരിലുള്ള ജഗ് നിവാസ്. ചിച്ചോല തടാകത്തിന്റെ നടുവിലുള്ള ദ്വീപിൽ നാല് ഏക്കറിലാണ് ലേക്ക് പാലസ്. അതിഥികളെ കൊട്ടാരത്തിലെത്തിക്കുന്നതിനായി തടാകക്കരയിലെ ജെട്ടിയിൽനിന്നു സ്പീഡ് ബോട്ട് സൗകര്യമുണ്ട്. 83 മുറികളും സ്യൂട്ടുകളുമുള്ള ഈ കൊട്ടാരമിന്നു താജ് ഗ്രൂപ്പിന്റെ കീഴിൽ ഹോട്ടലായി പ്രവർത്തിക്കുന്നു.

കോൺറാഡ് മാൽദീവ്സ്, രംഗലി ദ്വീപ്

ആധുനികസൗകര്യങ്ങളുടെ പ്രൗഢിയിൽ കടലിനടിയിൽ താമസിക്കാം. കടലിനടിയിലെ അദ്ഭുതകാഴ്ചകളുമായി മാലദ്വീപിലെ മുറാക്കാ. സുഖവാസ കേന്ദ്രങ്ങളിലൊന്നായ കോൺറാഡ് രംഗോലി ഐലൻഡിലെ രണ്ടു നില ഹോട്ടലാണ് മുറാക്കാ. ഹോട്ടലിന്റെ ഒരു ഭാഗത്ത് ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഉപരിതലത്തിൽനിന്ന് 16.4 അടി താഴ്ചയിൽ സഞ്ചാരികൾക്ക്  താമസിക്കുവാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.  

floating-hotels1
Image From Official Site

പവിഴദ്വീപിലെ അദ്ഭുതകാഴ്ചകൾ തേടിയെത്തുന്ന സഞ്ചാരികളെ പ്രതീക്ഷിച്ചാണ് ഇൗ സ്വപ്ന കൊട്ടാരം പണിതുയർത്തിയിരിക്കുന്നത്. സഞ്ചാരികൾക്ക് താമസിക്കാൻ തക്കവണ്ണം എല്ലാ അത്യാധുനിക സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ബാർ, ജിം, വിസ്താരമേറിയ നീന്തല്‍ക്കുളം, സമുദ്രത്തെ അഭിമുഖീകരിച്ചു കൊണ്ടുള്ള ബാത്ത് ടബ് തുടങ്ങിയവ ഹോട്ടലിന്റെ മാറ്റു കൂട്ടുന്നു. ഹോട്ടലിന്റെ പ്രധാന ആകർഷണം സമുദ്രദൃശ്യഭംഗി ആസ്വദിക്കാവുന്ന തരത്തിൽ കടലിന്റെ അടിത്തട്ടിൽ ഒരുക്കിയിരിക്കുന്ന കിടപ്പറയാണ്. രാജകീയ സൗകര്യങ്ങളുള്ള കിടപ്പറയും സ്വീകരണമുറിയും ബാത്ത് റൂമും ഉൾപ്പെട്ടതാണ് കടലിനടിത്തട്ടിലെ മുറികൾ. 

English Summary: World's Best Floating Hotels

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com