ADVERTISEMENT

യാത്രകൾ പോകാനും കാഴ്ചകൾ ആസ്വദിക്കുവാനും പുതിയരുചികൾ അറിയാനുമൊക്കെ ഒരുപാട് ഇഷ്ടമാണ്. വലിയ യാത്രകൾ നടത്തിയിട്ടില്ലെങ്കിലും കണ്ടകാഴ്ചകൾ ഒന്നും മറക്കാനാവില്ല, ഒാരോ യാത്രകളും അനുഭവങ്ങളും ഹൃദയത്തിൽ മായാതെ നിൽക്കുന്നുണ്ട്. മിനിസ്ക്രീന്‍ താരം പ്രതീക്ഷ ജി. പ്രദീപിന്റെ വാക്കുകളാണ്. പ്രതീക്ഷയുടെ യാത്രകൾക്ക് ഉൗർജവും ഉന്മേഷവും നൽകുന്നത് അമ്മയുടെ കൂട്ടാണ്. അമ്മയോടൊപ്പമുള്ള ആ യാത്രകൾ വേദന നിറഞ്ഞ ഒാർമയായി. ഇന്ന് അമ്മ പ്രതീക്ഷയ്ക്ക് ഒപ്പമില്ല.

2021 എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടത്തിന്റെ വർഷമാണ്. അമ്മയുടെ വിയോഗം മനസ്സിനെ വല്ലാതെ തളർത്തി. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ് അമ്മയുടെ വിയോഗം.’ ആ വേദനയിൽനിന്നു പതിയെ ജീവിതത്തിലേക്കു തിരികെ വരികയാണ് മിനിസ്ക്രീന്‍ താരം പ്രതീക്ഷ ജി. പ്രതീപ്.  റോളുകളിൽ വില്ലത്തിയാണെങ്കിലും ജീവിതത്തിൽ കുട്ടികളെപ്പോലെ നിഷ്കളങ്കയാണ് ഇൗ സുന്ദരി. അഭിനയരംഗത്തെ മികവു തന്നെയാണ് പ്രതീക്ഷയുടെ പ്ലസ് പോയിന്റ്.

അമ്മയായിരുന്നു എന്റെ ജീവൻ

1collage

അച്ഛനും അമ്മയും ചേട്ടനും അടങ്ങുന്നതാണ് പ്രതീക്ഷയുടെ കുടുംബം. അച്ഛൻ പ്രദീപും അമ്മ  ഗിരിജയും. ജേഷ്ഠൻ പ്രണവ് എൻജിനീയറാണ്. കുടുംബത്തെ കുറിച്ച് പറയുമ്പോൾ പ്രതീക്ഷയ്ക്കു നൂറ് നാവാണെന്ന് സഹപ്രവർത്തകർ പറയും. പ്രതീക്ഷയുടെ താങ്ങും തണലും നിഴലുമായിരുന്നു അമ്മ ഗിരിജ. ആ അമ്മയുടെ വിയോഗം താരത്തെ തളർത്തിക്കളഞ്ഞു. ഇപ്പോൾ വീണ്ടും പ്രതീക്ഷയുടെ പുതിയ  തീരങ്ങൾ തേടുകയാണ് ആ അഭിനേത്രി.

2collage

കൊറോണക്കാലം എല്ലാവർക്കും മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ നൽകി. എന്നാൽ കഴിഞ്ഞ രണ്ടു വർഷം അമ്മയുടെ രോഗത്തിന്റെ വ്യാകുലതകളും പേറി, മനസ്സിനുള്ളിലെ സങ്കടം പുറത്തു കാണിക്കാതെ ചിരിക്കാനും അഭിനയിക്കാനും പ്രതീക്ഷ ശ്രമിച്ചുകൊണ്ടിരുന്നു. ഒടുവിൽ ഈ വർഷമാദ്യം വേദനകളുടെ ലോകത്തുനിന്ന് അമ്മ വിട പറഞ്ഞപ്പോൾ പെട്ടെന്ന് താൻ ഒറ്റയ്ക്കായി എന്ന അവസ്ഥയിലായിരുന്നു പ്രതീക്ഷ. 

4collage

‘അമ്മയ്ക്ക് കാൻസറായിരുന്നു. കഴിഞ്ഞ രണ്ടു വർഷത്തിലേറെയായി അമ്മയുടെ ചികിത്സയും ശുശ്രൂഷയുമൊക്കെയായി വീട്ടിൽ തന്നെയായിരുന്നു ഞാൻ. എന്റെ കൂടെ എപ്പോഴും ഷൂട്ടിങ് സെറ്റിൽ വന്നുകൊണ്ടിരുന്നത് അമ്മയായിരുന്നു. ഇൻഡസ്ട്രിയിൽ അമ്മയെ അറിയാത്തവരായി ആരുമുണ്ടാകില്ല. എല്ലാവരും കൊറോണയുടെ ആരംഭം മുതൽ  വീടുകളിൽത്തന്നെ സമയം ചെലവഴിക്കുകയായിരുന്നു.ഷൂട്ടിങ് നിർത്തിവച്ച സമയമായതുകൊണ്ട് അമ്മയ്ക്കൊപ്പം മുഴുവൻ സമയവും ചെലവഴിക്കാനായി. പക്ഷേ ഈ വർഷം ആദ്യം  അമ്മ ഞങ്ങളെ വിട്ടു പോയി. 

ആഗ്രഹങ്ങൾ ബാക്കിയായി

3collage

ഒത്തിരി സ്വപ്നങ്ങളുണ്ടായിരുന്നു അമ്മയോടൊപ്പം ഒരുപാട് സ്ഥലങ്ങൾ സന്ദർശിക്കണമെന്നും അടിച്ചുപൊളിക്കണമെന്നുമൊക്കെ, ആ സ്വപ്നം ഇന്നും ബാക്കിയാണ്. അമ്മയുടെ ആരോഗ്യം വഷളായതോടെ അമ്മയെയും കൂട്ടി എവിടേക്കും യാത്ര പോകാൻ സാധിച്ചില്ല.

collage00

ഷൂട്ടിങ് പുനരാരംഭിച്ചു. ഇപ്പോൾ ഞാൻ കന്യാകുമാരിയിലാണ് ഉള്ളത്. ചിത്രീകരണത്തിന്റെ ഭാഗമായിട്ടാണ് എത്തിയതതെങ്കിലും ഇവിടം ശരിക്കും ആസ്വദിക്കാനാകുന്നുണ്ട്. വിവേകാനന്ദ പാറയുടെ അടുത്തായിട്ടാണ് പലപ്പോഴും ഷൂട്ടിങ്. അതുകൊണ്ട് സ്ഥലങ്ങളൊക്കെ കാണാനും കൂട്ടുകാർക്കൊപ്പം സമയം ചെലവഴിക്കാനും സാധിക്കുന്നതിൽ സന്തോഷമുണ്ട്. ഷൂട്ട് എവിടെയാണെങ്കിലും എന്റെ കൂടെ വന്നുകൊണ്ടിരുന്നത് അമ്മയായിരുന്നു. അമ്മയെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട് ഓരോ നിമിഷവും.

കോവിഡ് കാലം വീട്ടിൽ തന്നെ ആയിരുന്നു, കാരണം ആ സമയം എല്ലാവരും സുരക്ഷിതമായി ഇരിക്കുക എന്നതാണല്ലോ മുഖ്യം. ഷൂട്ടിങ്ങുകൾ നിർത്തിവച്ചിരിക്കുകയായിരുന്നു.  യാത്ര പോകാനുള്ള പ്ലാനൊന്നും ഇല്ലായിരുന്നു. കൂട്ടുകാർക്കൊപ്പം യാത്ര പോകാനാണ് എനിക്ക് ഏറ്റവും ഇഷ്ടം. വലിയ യാത്രകൾ ഒന്നും അങ്ങനെ നടത്തിയിട്ടില്ല. അവർക്കൊപ്പം ചെറിയ ഒരു യാത്രയാണെങ്കിലും ആസ്വദിക്കാറുണ്ട്. 

യാത്രകൾ മറക്കാനാവില്ല

Pratheeksha

യാത്രകള്‍ ചെറുതോ വലുതോ എന്നല്ല, എന്നെ സംബന്ധിച്ച് എല്ലാം നല്ല ഓർമകളാണ്. സുഹൃത്തിനൊപ്പമാണെങ്കിലും കുടുംബവുമൊത്താണെങ്കിലും യാത്രകളെല്ലാം ഞാൻ ആസ്വദിക്കും. പുതിയ കാഴ്ചകൾ കണ്ടുള്ള യാത്ര, മനസ്സിന് വല്ലാത്തൊരു ഉന്മേഷം നൽകും. 

മാലദ്വീപിൽ പോകണമെന്നത് എന്റെ വലിയൊരു ആഗ്രഹമാണ്. ദ്വീപിന്റെ സൗന്ദര്യവും വിശേഷങ്ങളും കേട്ട നാൾ മുതൽ മനസ്സിൽ കയറിയതാണ് മാലദ്വീപ്. സാഹചര്യങ്ങൾ അനുവദിച്ചാൽ അവിടെ പോകണം.

ഇഷ്ടമുള്ള നാട്

വയനാട് എനിക്കൊരുപാട് ഇഷട്മുള്ള നാടാണ്. സഞ്ചാരപ്രിയർക്ക് വയനാട് എന്നുമൊരു സാഹസിക കേന്ദ്രം തന്നെയാണ്. തീരാത്ത ദൃശ്യാനുഭവം സമ്മാനിക്കുന്ന അദ്ഭുതലോകം എന്നുതന്നെ വിശേഷിപ്പിക്കാം. കാപ്പിയുടെ ഗന്ധം പരക്കുന്ന കാറ്റും പച്ചപ്പ് തുടിക്കുന്ന പ്രകൃതിയും കോടമഞ്ഞും... വയനാട് ഗവൺമെന്റ് കോളജിലായിരുന്നു എന്റെ ചേട്ടൻ എൻജിനീയറിങ് പഠിച്ചത്. ആ സമയത്തായിരുന്നു ഡാഡിയും മമ്മിയും ഒരുമിച്ച് ഞങ്ങൾ വയനാടിന്റെ ഹൃദയത്തിലേക്ക് സഞ്ചരിച്ചത്. നഗരത്തിന്റെ തിരക്കുകളിൽ താമസിച്ചാലും ഗ്രാമത്തിന്റെ സൗന്ദര്യവും പ്രകൃതിയുടെ തുടിപ്പും അടുത്തറിയണമെങ്കിൽ വയനാട് പോലെയുള്ള ശാന്തസുന്ദരമായ ഭൂമിയിൽ താമസിക്കണം. ഒരുപാട് ഇഷ്ടപ്പെട്ട നാടാണ് വയനാട്.

ഡൽഹിയിൽ പോകണം പാനീപൂരി കഴിക്കണം

ഡാഡി ആർമിയിലായതുകൊണ്ട് എന്റെ കുട്ടിക്കാലം ഡൽഹിലായിരുന്നു. അതുകൊണ്ടുതന്നെ ഇന്നും എനിക്കേറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങളിൽ ഒന്നാം സ്ഥാനം ‍ഡൽഹിക്ക് തന്നെയാണ്. നോര്‍ത്തിന്ത്യൻ വിഭവങ്ങൾ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. പാനിപൂരിയും ഗോൽഗപ്പയും സ്ട്രീറ്റ് ഫൂഡുമൊക്കെയാണ് പ്രിയം. എപ്പോഴും ഡല്‍ഹിയിൽ പോകുവാൻ ആഗ്രഹിക്കുന്നതും ഇക്കാരണങ്ങൾ കൊണ്ടാണ്. 

അമ്മയുടെ സ്വപ്നങ്ങളുമായി എനിക്ക് യാത്ര നടത്തണം. എന്റെ സന്തോഷത്തിൽ നിഴലായി അമ്മ എന്നും ഒപ്പമുണ്ടാകും, അതാണ് എന്റെ ആഗ്രഹവും വിശ്വാസവും.’

 

English Summary: Celebrity Travel, Memorable Travel Experience Pratheeksha G Pradeep 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com