ADVERTISEMENT

ബുര്‍ജ് ഖലീഫയുടെ മുകളില്‍ കയറി നില്‍ക്കുന്ന യുവതിയുടെ വിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇത് യഥാര്‍ത്ഥ്യമാണോ അതോ എഡിറ്റിങ് ആണോ എന്ന് പലര്‍ക്കും സംശയമായി. ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന്‍റെ ഏറ്റവും മുകളില്‍, ഒരു ഇടുങ്ങിയ സ്ഥലത്ത് ചിരിച്ചുകൊണ്ട് നില്‍ക്കുന്ന യുവതിയുടെ വിഡിയോ അതിശയത്തോടെയാണ് ലോകം കണ്ടത്.  ഇത് എഡിറ്റിങ് അല്ല, ശരിക്കും ചിത്രീകരിച്ച വിഡിയോ തന്നെയാണ്!

എമിറേറ്റ്സിന്‍റെ ക്യാബിന്‍ ക്രൂ യൂണിഫോം അണിഞ്ഞുകൊണ്ട് കയ്യില്‍ പോസ്റ്ററുകളുമായി നില്‍ക്കുന്ന യുവതിയുടെ വിഡിയോ ആണിത്. എമിറേറ്റ്സിന്‍റെ ഏറ്റവും പുതിയ പരസ്യചിത്രമാണിത്. കോവിഡുമായി ബന്ധപ്പെട്ട് യുഎഇ, യുകെയുടെ റെഡ് ലിസ്റ്റില്‍ നിന്നും ആംബര്‍ ലിസ്റ്റിലേക്ക് മാറിയത് ആഘോഷിക്കാനായിരുന്നു ഈ വിഡിയോ. 'ഇത് തങ്ങളെ ലോകത്തിന്‍റെ നെറുകയില്‍ എത്തിച്ചിരിക്കുന്നു' എന്നു പോസ്റ്ററില്‍ പറയുന്നുണ്ട്. 

 'ലോകത്തെ ഏറ്റവും ധീരയായ സ്ത്രീ'

നിക്കോള്‍ സ്മിത്ത് ലുഡ്വിക്ക് എന്ന ഫ്ലൈറ്റ് അറ്റന്‍ഡന്‍റ്  ആണ് വിഡിയോയില്‍ കാണുന്ന യുവതി. ലോക സഞ്ചാരിയും സ്കൈഡൈവറും യോഗ പരിശീലകയും സാഹസിക യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന ആളുമാണ് താനെന്ന് നിക്കോള്‍ ഇന്‍സ്റ്റഗ്രാമില്‍ സ്വയം പരിചയപ്പെടുത്തുന്നു. ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും അദ്ഭുതകരവും ആവേശകരവുമായ അനുഭവമായിരുന്നു ഈ വിഡിയോയുടെ ചിത്രീകരണം എന്ന് നിക്കോള്‍ കുറിക്കുന്നു. വിഡിയോ നിർമിച്ച പ്രൈം പ്രൊഡക്ഷൻസ് എഎംജി കമ്പനി 'ലോകത്തെ ഏറ്റവും ധീരയായ സ്ത്രീ' എന്നാണു നിക്കോളിനെ വിശേഷിപ്പിച്ചത്.  

പ്രത്യേക ഇഫക്റ്റുകളൊന്നുമില്ലാതെയാണ് പരസ്യം ചിത്രീകരിച്ചത്. എന്നാല്‍, ദിവസങ്ങള്‍ നീണ്ട ആസൂത്രണവും പരിശീലന പരിപാടികളും പരിശോധനയുമെല്ലാമുണ്ടായിരുന്നു ഇതിനു പിന്നില്‍. അങ്ങേയറ്റം അപകടകരമായ ഷൂട്ട്‌ ആയതിനാല്‍ സുരക്ഷാ പ്രോട്ടോക്കോൾ കൃത്യമായി പാലിച്ചുകൊണ്ടായിരുന്നു ഷൂട്ടിങ്. കെട്ടിടത്തിന്‍റെ ഏറ്റവും മുകളില്‍, 828 മീറ്റർ ഉയരത്തിൽ വെറും 1.2 മീറ്റർ മാത്രം ചുറ്റളവ് ഉള്ള ഏരിയയിലായിരുന്നു നിക്കോള്‍ നിന്നത്. ഇതിനായി പ്രത്യേകം പ്ലാറ്റ്ഫോം നിര്‍മിച്ചിരുന്നു. കൂടാതെ യൂണിഫോമിനടിയിലൂടെ ദേഹത്ത് ഘടിപ്പിച്ച സുരക്ഷാ ക്രമീകരണങ്ങളും ഉണ്ടായിരുന്നു.

ഷൂട്ട് ചെയ്യുന്നതിന് ഒരു ഹെലികോപ്റ്ററും ഡ്രോണുമാണ് പ്രൊഡക്ഷൻ കമ്പനി ഉപയോഗിച്ചത്. അങ്ങേയറ്റം വൈദഗ്ധ്യമുള്ള ടീമിനെ കൂടാതെ, സര്‍ക്കാരില്‍ നിന്നുള്ള അനുമതിയും ഷൂട്ടിനാവശ്യമായിരുന്നു.

മികച്ച വെളിച്ച ക്രമീകരണത്തിനായി സൂര്യോദയത്തോടെയാണ് ചിത്രീകരണം ആരംഭിച്ചത്. നിക്കോള്‍ ഉള്‍പ്പെടെയുള്ള ടീം സൂര്യോദയത്തിന് ഏറെ മുമ്പ് തന്നെ കെട്ടിടത്തിനു മുകളിലേക്ക് കയറാൻ തുടങ്ങിയിരുന്നു. ഷൂട്ടിനായുള്ള അവസാനഘട്ട ക്രമീകരണങ്ങള്‍ പൂര്‍ത്തിയാവാന്‍ ഏകദേശം രണ്ടു മണിക്കൂര്‍ സമയമെടുത്തു. അഞ്ചു മണിക്കൂറോളം എടുത്താണ് ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. 

എമിറേറ്റ്‌സിന്‍റെ സ്വന്തം ക്യാബിൻ ക്രൂ ടീമിനുള്ളില്‍ നിന്നും പരസ്യചിത്രത്തില്‍ അഭിനയിക്കാന്‍ താല്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചിരുന്നു. സന്നദ്ധരും കഴിവുള്ളവരുമായ നിരവധിപ്പേര്‍ മുന്നോട്ടുവന്നു. എന്നാല്‍ പരമാവധി സുരക്ഷ ഉറപ്പാക്കാനാണ് ഒരു പ്രൊഫഷണൽ സ്കൈഡൈവിങ് പരിശീലകയായ നിക്കോളിനെത്തന്നെ തിരഞ്ഞെടുത്തത്. 

English Summary: Woman Stands A top Burj Khalifa In Viral Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com