കാടിനുള്ളിലൂടെ സൈക്കിള്‍ ഓടിക്കാനുള്ള അവസരമൊരുക്കി ദുബായ്

Mushrif-National-Park
Mushrif National Park,Dubai Image By Viktor Pazemin/shutterstock
SHARE

നഗര ഹൃദയത്തില്‍ കാടിനു നടുവിലൂടെ സൈക്ലിങ് നടത്താനുള്ള പാതയൊരുക്കി സ്വപ്നനഗരമായ ദുബായ്. ടൂറിസ്റ്റുകള്‍ക്കും സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കുമുള്ള മികച്ച അവസരമാണിത്. ദുബായിയെ ലോകത്തെ ഏറ്റവും മികച്ച സൈക്കിള്‍ സൗഹൃദ നഗരമാക്കുന്നതിന്‍റെ ഭാഗമായാണ് ദുബായ് മുനിസിപ്പാലിറ്റി ആദ്യമായി ഇത്തരമൊരു ഉദ്യമത്തിനൊരുങ്ങുന്നത്. 

ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പദ്ധതിക്ക് അംഗീകാരം നൽകി. മുഷ്രിഫ് നാഷണൽ പാർക്കിലാണ് 50 കിലോമീറ്റർ നീളമുള്ള മണൽ ബൈക്ക് ട്രാക്ക് വികസിപ്പിക്കുന്നത്.  

പാര്‍ക്കിനുള്ളില്‍ ഏകദേശം 70,000 മരങ്ങൾ ഉൾക്കൊള്ളുന്ന  സമൃദ്ധമായ വനത്തിനുള്ളിലാണ് ട്രാക്ക് സജ്ജീകരിക്കുന്നത്. പുതിയ ട്രാക്ക് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ദുബായിലെ നിലവിലുള്ള ആസൂത്രിത സൈക്കിള്‍ ട്രാക്കുകളുടെ നീളത്തിലേക്ക് 276 കിലോമീറ്റർ കൂടി കൂട്ടിച്ചേർക്കപ്പെടും. 2026 ഓടെ മൊത്തം സൈക്കിൾ ട്രാക്കുകളുടെ ആകെ നീളം 739 കിലോമീറ്ററായി മാറും.

ദുബായിയെ ലോകത്തിലെ ഏറ്റവും മികച്ച നഗരമാക്കി മാറ്റുക എന്ന കാഴ്ചപ്പാടോടെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മുന്നോട്ടുവെച്ച ആശയങ്ങളില്‍ ഒന്നാണ് ഈ സൈക്കിള്‍ ട്രാക്ക്. ദുബായിയെ ലോകത്തിലെ ഏറ്റവും മികച്ച സൈക്കിൾ സൗഹൃദ നഗരമാക്കി മാറ്റാനും ആരോഗ്യമുള്ളതും സുസ്ഥിരവുമായ ഒരു ജീവിതശൈലി പ്രോത്സാഹിപ്പിക്കാനും സൈക്ലിങ് കായികമായി പരിശീലിക്കാൻ ആവശ്യമായ ഉയർന്ന നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കാനുമായി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദും നിർദ്ദേശങ്ങൾ നല്‍കി. 

മൂന്ന് മീറ്റർ വീതിയായിരിക്കും ട്രാക്കിനുണ്ടാവുക. ആദ്യ ഘട്ടത്തിൽ പ്രതിദിനം മൂവായിരത്തിലധികം സൈക്കിൾ യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷി ഇതിനുണ്ടാകും. പാർക്കിന്‍റെ പ്രധാന കവാടത്തിന് സമീപം നിന്ന് ആരംഭിക്കുന്ന ട്രാക്ക് ഇതേ സ്ഥലത്ത് തന്നെയാണ് അവസാനിക്കുന്നത്. വഴിയില്‍ മൂന്ന് റെസ്റ്റ് സ്റ്റോപ്പുകളും രണ്ട് ബൈക്ക് വാടക, റിപ്പയർ ഷോപ്പുകളുമുണ്ട്. തുടക്കക്കാർക്ക് പോലും ആസ്വാദ്യകരമായ റൈഡിംഗ് അനുഭവമായിരിക്കും ഇത്. 

പ്രദേശത്തിന്‍റെ തനതായ ഭൂപ്രകൃതിക്കനുസൃതമായി ഉയർന്ന രാജ്യാന്തര മാനദണ്ഡങ്ങളും സവിശേഷതകളും സാങ്കേതിക മാർഗ്ഗനിർദ്ദേശങ്ങളും അനുസരിച്ചാണ് മണൽ ട്രാക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അമേച്വർ, പ്രൊഫഷണൽ സൈക്ലിസ്റ്റുകള്‍ക്ക് മാത്രമല്ല, സൈക്ലിംഗ് പരിശീലനത്തിനും ട്രാക്ക് ഉപയോഗിക്കാം. ഭാവിയിൽ പ്രാദേശിക, അന്തർദേശീയ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള കേന്ദ്രമായും ഇവിടം മാറിയേക്കും. 

നഗരമധ്യത്തിൽ നിന്ന് 20 കിലോമീറ്ററും ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് 10 കിലോമീറ്ററും അകലെയായി സ്ഥിതിചെയ്യുന്ന മുഷ്രിഫ് നാഷണൽ പാർക്ക് ദുബായിലെ ഏറ്റവും പഴയതും ജനപ്രിയവുമായ പാർക്കുകളിൽ ഒന്നാണ്. നിരവധി പക്ഷികളും വന്യജീവികളും പച്ചപ്പും നിറഞ്ഞതും 5.25 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ളതുമായ ഈ പാർക്കിൽ 70,000 മരങ്ങളുണ്ട്. 

English Summary:New 50km sand Bike Track to be Built in Dubai

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA