മലഞ്ചെരിവുകളിലെ അദ്ഭുത നഗരങ്ങള്‍; മനംമയക്കും ഈ കാഴ്ച

cliff-side-town3
By Sean Pavone/shutterstock
SHARE

സഞ്ചാരികളെ അദ്ഭുതപ്പെടുത്തുന്ന നിര്‍മിതികള്‍ ലോകത്ത് പലയിടങ്ങളിലുമുണ്ട്. ഇവയില്‍ മനുഷ്യര്‍ നിര്‍മിച്ചതും പ്രകൃതി തന്നെ അണിയിച്ചൊരുക്കിയെടുത്തവയുമുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ പലതും ഇന്ന് പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. സ്വപ്നമാണോ എന്ന് തോന്നിപ്പോകുന്ന വിധത്തില്‍ അവിശ്വസനീയമായി നിര്‍മിക്കപ്പെട്ട ചില മലയോര നഗരങ്ങളുണ്ട്. ഇവിടങ്ങളിലെ കെട്ടിടങ്ങള്‍ നിര്‍മിക്കാനുള്ള അസംസ്കൃതവസ്തുക്കള്‍ എങ്ങനെയാണ് ഇത്രയും ഉയരത്തിലേക്ക് എത്തിച്ചതെന്നോര്‍ക്കുമ്പോള്‍ വിസ്മയം തോന്നാം. സാധാരണ നഗരങ്ങള്‍ക്കുള്ളതു പോലെയുള്ള നിയമവ്യവസ്ഥയും അധികാരകേന്ദ്രങ്ങളും വ്യാപാരസ്ഥാപനങ്ങളും മറ്റുമെല്ലാം ഇവിടെയുമുണ്ട്; മനോഹാരിത അല്‍പം കൂടുമെന്ന് മാത്രം!

ലോകത്തെ ഇത്തരത്തിലുള്ള ചില സുന്ദരമായ മലയോര പട്ടണങ്ങള്‍ പരിചയപ്പെടാം. 

വെർനാസ്സ, ഇറ്റലി

ഇറ്റലിയിലെ സിൻക്യു ടെറെ മേഖലയിലെ അഞ്ച് മനോഹര തീരദേശ പട്ടണങ്ങളിൽ ഒന്നാണ് വെർനാസ്സ. പത്താം നൂറ്റാണ്ടിലാണ് ഈ മധ്യകാല പട്ടണം സ്ഥാപിതമായത്. ഇറ്റലിയിലെ പുരാതന മത്സ്യബന്ധന ഗ്രാമങ്ങളില്‍ ഒന്നാണിവിടം. മലഞ്ചെരിവില്‍ അവിടവിടെയായി കെട്ടിയുയര്‍ത്തിയ മനോഹരമായ വീടുകളാണ് ഇവിടത്തെ പ്രധാന കാഴ്ച. 

cliff-side-town-italy
By Jearu/shutterstock

കടൽക്കൊള്ളക്കാരിൽ നിന്ന് ഗ്രാമങ്ങളെ സംരക്ഷിക്കുന്നതിനായി 11 -ആം നൂറ്റാണ്ടിൽ നിർമ്മിച്ച ഒരു കോട്ട ഗോപുരവും ഇവിടെയുണ്ട്. ഈ ടവറിൽ നിന്ന് നോക്കിയാല്‍ ചുറ്റുമുള്ള കടലിന്‍റെയും പരിസരപ്രദേശങ്ങളുടെയും മനോഹരമായ കാഴ്ചകൾ ആസ്വദിക്കാം.

സാൻഡോരിനി, ഗ്രീസ്

ഏതന്‍‌സിനും ക്രീറ്റിനും മദ്ധ്യത്തിലായി ഈജിയന്‍ കടലിലാണ് പാറക്കെട്ടുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന സാന്‍ഡോരിനി എന്ന ദ്വീപ്‌ സ്ഥിതി ചെയ്യുന്നത്. 'സൈക്ളേഡ്സ്' ദ്വീപു സമൂഹത്തിന്‍റെ ഭാഗമായ സാന്‍ഡോരിനിക്ക് അല്‍പ്പം വളഞ്ഞ ചന്ദ്രക്കലയുടെ രൂപമാണ്. 

വര്‍ണ്ണാഭമായ പാറകളും വെളുത്ത പെയിന്‍റടിച്ച സുന്ദരമായ കെട്ടിടങ്ങളും പ്രകൃതിയുടെ അനന്യമായ സൗന്ദര്യവും ആരെയും മയക്കുന്നത്രയും ഭംഗിയുള്ള സൂര്യാസ്തമയങ്ങളും അഗ്നിപര്‍വ്വതശേഷിപ്പുകളും പഞ്ചാരമണല്‍ വിരിച്ച ബീച്ചുകളുമെല്ലാം ഇവിടേക്ക് നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു. 

അസെൻഹാസ് ഡോ മാർ, പോര്‍ച്ചുഗല്‍

cliff-side-town1

പോർച്ചുഗലിലെ ലിസ്ബൺ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു മലയോര പട്ടണമാണ് അസെൻഹാസ് ഡോ മാർ. അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിലായി സ്ഥിതിചെയ്യുന്ന ഈ മനോഹരമായ പട്ടണം സൂര്യാസ്തമയവും വേലിയേറ്റവും കണ്‍നിറയെ കണ്ടാസ്വദിക്കാനുള്ള അവസരം നല്‍കുന്നു. ഉയർന്ന നിലവാരമുള്ള സമുദ്രവിഭവങ്ങൾക്കും മികച്ച സേവനത്തിനും  പേരുകേട്ടതാണ് പട്ടണത്തിലെ റെസ്റ്റോറന്റുകൾ. 

റോണ്ട, സ്പെയിന്‍

സ്പാനിഷ് പ്രവിശ്യയായ മലാഗയിലെ ഒരു പട്ടണമാണ് റോണ്ട. മലാഗ നഗരത്തിൽ നിന്ന് ഏകദേശം 105 കിലോമീറ്റർ പടിഞ്ഞാറായി, സമുദ്രനിരപ്പിൽ നിന്ന് 750 മീറ്റർ ഉയരത്തിലുള്ള എല്‍ താജോ മലയിടുക്കിലാണ് റോണ്ട സ്ഥിതി ചെയ്യുന്നത്. നിയോലിത്തിക്ക് കാലഘട്ടത്തിലെ നിരവധി വാസസ്ഥലങ്ങളും തെളിവുകളും മറ്റും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. 

Ronda,-Malaga,-Spain4
By K. Roy Zerloch/shutterstock

ഇക്കൂട്ടത്തില്‍ 20000 വർഷം പഴക്കമുള്ള 'ക്യൂവ ഡി ലാ പിലേറ്റ' ശിലാചിത്രങ്ങള്‍ ഏറെ പ്രശസ്തമാണ്. കൂടാതെ, പ്യൂന്റെ ന്യൂവോ പാലം, 5000 പേർക്ക് ഇരിക്കാനുള്ള ശേഷിയുള്ള പ്ലാസ ഡി ടോറോസ് ബുള്‍ റിംഗ്, ഇപ്പോൾ മുനിസിപ്പൽ മ്യൂസിയമായി പ്രവര്‍ത്തിക്കുന്നതും പതിനാലാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതുമായ മോൺഡ്രാഗൺ കൊട്ടാരവുമെല്ലാം അത്യധികം ആകര്‍ഷണീയമായ കാഴ്ചകളാണ്.

റോകാമാഡൂർ, ഫ്രാന്‍സ്

ഫ്രാൻസിലെ ക്വെർസി പ്രവിശ്യയിലെ ലോട്ട് ഡിപ്പാർട്ട്മെന്റിലെ ഒരു മനോഹരമായ ഗ്രാമമാണ് റോകാമാഡൂർ. ഡോർഡോഗ്നെ നദിക്ക് മുകളിലുള്ള ഒരു മലയിടുക്കിലായി സ്ഥിതിചെയ്യുന്ന ഇവിടം പ്രശസ്ത തീർത്ഥാടന കേന്ദ്രം കൂടിയാണ്. സമുദ്രനിരപ്പില്‍ നിന്നും 120 മീറ്റർ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തില്‍ മധ്യകാലഘട്ടത്തില്‍ നിര്‍മ്മിച്ച ധാരാളം വീടുകള്‍ കാണാം. ഇവിടെയുള്ള 'അവര്‍ ലേഡി ഓഫ് റോക്കമഡൂർ' തീർത്ഥാടന കേന്ദ്രം വര്‍ഷംതോറും ഏകദേശം 1.5 ദശലക്ഷം സന്ദർശകരെ ആകർഷിക്കുന്നു. ഒന്‍പതാം നൂറ്റാണ്ടില്‍ നിമ്മിച്ചതെന്നു കരുതുന്ന ഈ ദേവാലയത്തില്‍ വന്നു പ്രാര്‍ത്ഥിച്ചാല്‍ രോഗശാന്തിയുണ്ടാകും എന്നാണു വിശ്വാസം.

English Summary: Spectacular Cliff-Side Towns In The World 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA