അത്യാധുനിക സൗകര്യങ്ങളോടെ ഗുഹാവീട്; സഞ്ചാരികള്‍ക്ക് താമസിക്കാം

Guadix-Cave-House
By Lukasz Janyst/shutterstock
SHARE

വീടുണ്ടാക്കാനുള്ള ടെക്നോളജി അറിവില്ലാതിരുന്ന കാലത്ത് മനുഷ്യർ ഗുഹകളിൽ താമസിച്ചിരുന്നു. എന്നാല്‍ ഇന്നും ഗുഹകളില്‍ താമസിക്കുന്ന മനുഷ്യരുണ്ട്‌. കാട്ടിനുള്ളിലല്ല, എല്ലാവിധ ആധുനിക സൗകര്യങ്ങളുമുള്ള നഗരത്തിനു നടുവില്‍! സ്പെയിനിലാണ് അദ്ഭുതപ്പെടുത്തുന്ന ഈ കാഴ്ച.

തെക്കൻ സ്പെയിനിലുള്ള ആൻഡലൂഷ്യയിലെ സ്വയംഭരണ സമൂഹമായ ഗ്രാനഡ പ്രവിശ്യയുടെ ഭാഗമായ ഒരു നഗരമാണ് ഗ്വാഡിക്സ്. സമുദ്രനിരപ്പില്‍നിന്ന് 913 മീറ്റര്‍ ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഒരു കാലത്ത് കട്ട്ലറിക്ക് പ്രസിദ്ധമായിരുന്ന ഇവിടം ഇന്ന് പ്രത്യേക തരം വീടുകളുടെ പേരിലാണ്‌ ലോകശ്രദ്ധയാകര്‍ഷിക്കുന്നത്. 

Guadix-Cave-House1
By Adwo/shutterstock

ഗ്വാഡിക്സിലെ നിവാസികളിൽ പലരും ഭൂമിക്കടിയിൽ നിര്‍മിച്ച ഗുഹാ വീടുകളിലാണ് ഇന്നും താമസിക്കുന്നത്. വേനല്‍ക്കാലത്ത് കത്തിയെരിയുന്ന ചൂടില്‍നിന്ന് ഇത്തരം വീടുകള്‍ മികച്ച സംരക്ഷണമേകുന്നു. ശൈത്യകാലത്ത് ഇവയ്ക്ക് മുകളില്‍ മഞ്ഞ് മൂടുമെങ്കിലും ഉള്ളില്‍ ചൂട് നിലനില്‍ക്കുന്നു. ഉള്ളില്‍ തീ കായാനുള്ള അടുപ്പുകളുമുണ്ട്. മിക്ക വീടുകളിലും ആധുനിക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എന്തിനേറെ, ചില വീടുകള്‍ക്കുള്ളില്‍ സ്വിമ്മിങ് പൂളുകള്‍ വരെയുണ്ട്!

ഗുഹാവീടുകളില്‍ സഞ്ചാരികള്‍ക്ക് താമസിക്കാം

ഇത്തരം ഗുഹാവീടുകളില്‍ സഞ്ചാരികള്‍ക്ക് താമസിക്കാനാവും. ഗ്വാഡിക്സിലെ തദ്ദേശവാസികളില്‍ പലരും അവരുടെ ഗുഹാവീടുകൾ ഹോട്ടലുകളായും അപ്പാർട്ടുമെന്റുകളായും മാറ്റി പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തിട്ടുണ്ട്. വര്‍ഷം മുഴുവനും ഈ സൗകര്യം ലഭ്യമാണ്. വളരെ വ്യത്യസ്തമായ ഒരു അനുഭവമാണ് ഗ്വാഡിക്സിലെ ഗുഹ താമസം.

നിരവധി ചരിത്രകഥകള്‍ ഉറങ്ങുന്ന ഒരു പുരാതന പട്ടണമാണ് ഗ്വാഡിക്സ്‌. ഗുഹാവീടുകള്‍ കൂടാതെ 1594 ല്‍ നിര്‍മിച്ച കത്തീഡ്രല്‍, ഗുഹാ മ്യൂസിയം, ചിത്രങ്ങളുടെയും ശിൽപങ്ങളുടെയും പതിവ് പ്രദർശനങ്ങൾ നടത്തുന്ന സലാ ഡി എക്സ്പോസിഷൻസ് മുനിസിപ്പൽ എക്സിബിഷൻ ഹാള്‍ തുടങ്ങിയവയും മറ്റു ചില കാഴ്ചകളാണ്.

കൂടാതെ കൈകൊണ്ടു നിര്‍മിച്ച മണ്‍പാത്രങ്ങള്‍ വില്‍ക്കുന്ന പുരുലീന ഗ്രാമം സന്ദര്‍ശിക്കാം. മരുഭൂ പ്രദേശമായ ബെനാലുവ ദേ ഗ്വാഡിക്സിലൂടെ ഡ്രൈവ് ചെയ്യാം. അടുത്തുള്ള ലാ കലഹോര ഗ്രാമത്തിലെ കലഹോര കൊട്ടാരവും കാണാം.

English Summary: Thousands of People Live in These Ancient Spanish Caves

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA