ADVERTISEMENT

ലോകത്ത് ‘ഏറ്റവും സുരക്ഷിത നഗരം’ എന്ന വിശേഷണം ഇനി ഡെൻമാർക്കിന്റെ തലസ്ഥാനമായ കോപൻഹേഗന് സ്വന്തമാണ്. ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് അടുത്തിടെ നടത്തിയ പഠനമനുസരിച്ചാണ് കോപൻഹേഗനെ സുരക്ഷിത നഗരമായി തിരഞ്ഞെടുത്തത്. 60 നഗരങ്ങളിൽ പഠനം നടത്തി. ഡിജിറ്റൽ, ആരോഗ്യം, ഇൻഫ്രാസ്ട്രക്ചർ, വ്യക്തിഗത, പാരിസ്ഥിതിക സുരക്ഷ തുടങ്ങി 76 ഓളം സൂചകങ്ങൾ കണക്കിലെടുത്താണ് സുരക്ഷിത ഇടങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയിൽ നിന്നു ന്യൂഡൽഹിയും മുംബൈയും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. 48-ാം സ്ഥാനത്ത് ഡൽഹിയും 50–ാം സ്ഥാനത്ത് മുംബൈയും എത്തി. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ 5 നഗരങ്ങൾ ഇതാ.

കോപ്പൻഹേഗൻ

100ൽ 82.4 പോയിന്റുമായിട്ടാണ് ഡെൻമാർക്കിന്റെ തലസ്ഥാനമായ കോപ്പൻഹേഗൻ  ടോക്കിയോയെയും സിംഗപ്പൂരിനെയും പിന്തള്ളി ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി മാറിയത്. ഭൂമിയിലെ ഏറ്റവും സന്തുഷ്ടരായ ആളുകളെന്നാണ് ഡെന്മാർക്കുക്കാരെ വിളിക്കുന്നത്. കോപ്പൻഹേഗൻ നഗരം ചുറ്റിക്കറങ്ങാനുള്ള മികച്ച മാർഗങ്ങളിലൊന്നാണ് സൈക്ലിങ്. കോപ്പൻഹേഗൻ നഗരത്തിൽ എത്തിയാൽ നിങ്ങൾക്ക് കാണാനാകുന്ന ഏറ്റവും നല്ല കാഴ്ചകളിലൊന്നാണ് സൈക്കിൾ യാത്രികർ. ഇവിടെ കോർപ്പറേറ്റ് കമ്പനികളിൽ ജോലിക്ക് പോകുന്നവർ പോലും സൈക്കിൾ ചവിട്ടിയാണ് സഞ്ചരിക്കുന്നത്. ട്രെയിനുകളിലും  സൈക്കിൾ കയറ്റാം.

കോപ്പൻഹേഗന്റെ അസാധാരണമായ ഭക്ഷണ വൈഭവം,വാസ്തുവിദ്യ, ചരിത്രം എന്നിവയെല്ലാമാണ് സഞ്ചാരികളെയും ഇവിടേയ്ക്ക് ആകർഷിക്കുന്നത്. നിരനിരയായി പണിതുയർത്തിയിരിക്കുന്ന വർണ്ണാഭമായ വീടുകളും ഈ നഗരത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.

denmark-1

ടൊറന്റോ 

കനേഡിയൻ നഗരമായ ടൊറന്റോയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. 82.2 പോയിന്റാണ് ടൊറന്റോയ്ക്ക് ലഭിച്ചത്. വൈവിധ്യമുള്ള കാഴ്ചകളാണ് ഇൗ നാടിന്റെ ആകർഷണം. 250ൽ അധികം വംശീയ വിഭാഗങ്ങളിൽ നിന്നുള്ള 2.9 ദശലക്ഷം നിവാസികൾ 180ൽ അധികം ഭാഷകൾ സംസാരിക്കുന്ന വൈവിധ്യങ്ങളുടെ നഗരമാണ് ടൊറന്റോ.

ടൊറന്റോ തന്നെ ഒരു സാംസ്കാരിക പ്രതിഭാസമാണ്, ലോകമെമ്പാടുമുള്ള താമസക്കാരും നിരവധി ഭാഷകളും ഭക്ഷണങ്ങളും ആചാരങ്ങളും ആഘോഷങ്ങളും - അവയാണ് ഈ നഗരത്തെ മികച്ചതാക്കുന്നത്. കാനഡയിലെ ഏറ്റവും വലിയ നഗരം എന്ന നിലയിലും, ടൊറന്റോയിൽ മികച്ച മ്യൂസിയങ്ങളും ഗാലറികളുമുണ്ട്. തണുപ്പുള്ള ഏതൊരു സ്ഥലത്തെയും പോലെ, വസന്തകാലത്തെയും വേനൽക്കാലത്തെയും ആരാധിക്കുന്നവർക്കുള്ള പറുദീസയാണ് ടൊറന്റോ.

സിംഗപ്പൂർ 

കൊറോണയുടെ പിടിയിലമർന്ന സിംഗപ്പൂർ നഗരം  രണ്ടാം സ്ഥാനത്തു നിന്നും മൂന്നാം സ്ഥാനത്തേക്ക് സുരക്ഷയുടെ കാര്യത്തിൽ ഇത്തവണ പിന്തള്ളപ്പെട്ടു. ഏറ്റവും ശക്തമായ നഗരങ്ങളിൽ ഒന്നാണെങ്കിലും സിംഗപ്പൂർ ഇന്ന് കൊറോണയോട് ശക്തമായി പോരാടുന്ന ഒരു നാട് കൂടിയായി മാറിയിരിക്കുകയാണ്. 

എയർപോർട്ടിൽ വിമാനം ഇറങ്ങുന്നത് മുതൽ കാഴ്ചകൾ ആരംഭിക്കുകയായി സിംഗപ്പൂരിൽ. വിമാനത്താവളം പോലും ഒരു വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റിയ ഈ നഗരം സുരക്ഷയുടെ കാര്യത്തിലും അതീവ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നുണ്ട്.

Singapore

സിഡ്നി 

ഓസ്‌ട്രേലിയയിലെ ഏറ്റവും സുരക്ഷിതമായ നഗരമായ സിഡ്നി, 80.1 പോയിന്റുമായി ലോകത്തിലെ ഏറ്റവും സുരക്ഷിതമായ 10 നഗരങ്ങളിൽ നാലാം സ്ഥാനത്തെത്തി. ലോകത്തിലെ ഏറ്റവും മനോഹരമായ, ആവേശകരമായ നഗരം, സിഡ്നിയെ ഇങ്ങനെയാണ് വിശേഷിപ്പിക്കുന്നത്.

ഭക്ഷണപ്രിയരുടെ സ്വർഗമാണിവിടം. ലോകത്തിലെ ഏറ്റവും പ്രശസ്തമായ സിഡ്നി ഓപ്പറ ഹൗസിനെ കുറിച്ച് കേൾക്കാത്തവർ ഉണ്ടാവില്ല.വിനോദസഞ്ചാരികൾ ഏറെയും യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന ഈ നഗരം സുരക്ഷയുടെ കാര്യത്തിലും ഇന്ന് മുൻപന്തിയിൽ തന്നെയാണ്. 

sydney

ടോക്കിയോ 

സുരക്ഷയുടെ കാര്യത്തിൽ ലോകത്ത് അഞ്ചാം സ്ഥാനത്താണ് ഇന്ന് ടോക്കിയോ നഗരം. ജപ്പാന്റെ തലസ്ഥാനവും ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള മഹാനഗരവുമാണ് ടോക്കിയോ. ഇന്ന്, ടോക്കിയോ സഞ്ചാരികൾക്ക് ഷോപ്പിങ് , വിനോദം, സംസ്കാരം, ഡൈനിങ് എന്നിവയുടെ പരിധിയില്ലാത്ത അവസരങ്ങൾ നൽകുന്നു. 

നിരവധി മികച്ച മ്യൂസിയങ്ങളിലും ചരിത്രപരമായ ക്ഷേത്രങ്ങളിലും പൂന്തോട്ടങ്ങളിലും നഗരത്തിന്റെ ചരിത്രം അനുഭവിച്ചറിയാം. പൊതുവായ ധാരണയ്ക്ക് വിപരീതമായി, ടോക്കിയോ നഗരമധ്യത്തിലും അതിന്റെ പ്രാന്തപ്രദേശത്തുള്ള താരതമ്യേന ചെറിയ ട്രെയിൻ യാത്രകൾക്കിടയിലും ആകർഷകമായ നിരവധി ഹരിത ഇടങ്ങളും നിങ്ങൾക്ക് കണ്ടെത്താനാകും.

tokyo

ടോക്കിയോ ആശ്ചര്യങ്ങളുടെ നഗരമാണ്. പുരാതന ക്ഷേത്രങ്ങൾ ആധുനിക അംബരചുംബികൾക്കിടയിൽ സ്ഥിതിചെയ്യുന്നു. എല്ലാ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഈ മെട്രോപോളിറ്റൻ നഗരം ഏതൊരു സഞ്ചാരിയും ഒരിക്കലെങ്കിലും സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഇടമാണ്. 

English Summary: Copenhagen named world's safest city; two Indian cities make it to Top 50 list

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com