ഭൂമിയുടെ വടക്കേ അറ്റത്തുള്ള ദ്വീപ്‌ കണ്ടെത്തി ശാസ്ത്രജ്ഞര്‍

greenland
icebergs in Greenland,By Robert Haasmann/shutterstock
SHARE

ലോകത്തിലെ ഏറ്റവും വലിയ ദ്വീപാണ്‌ ഗ്രീൻലൻഡ്. ഉത്തര അറ്റ്ലാന്റിക് സമുദ്രത്തിലുള്ള ഈ ദ്വീപിലാണ് ലോകത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. അനവധി ഗവേഷണ കേന്ദ്രങ്ങളും ഇവിടെയുണ്ട്. ഇപ്പോള്‍ ഗ്രീന്‍ലന്‍ഡ് വാര്‍ത്തകളില്‍ നിറയുന്നത് മറ്റൊരു കാരണത്താലാണ്; ലോകത്തിന്‍റെ വടക്കേ അറ്റത്തുള്ള ദ്വീപ്‌ ഇവിടെ കണ്ടെത്തിയതായി നോര്‍വേയില്‍ നിന്നുള്ള ഒരു പറ്റം ഗവേഷകര്‍ പറയുന്നു. കോപ്പൻഹേഗൻ സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഈ കണ്ടെത്തലിനു പിന്നില്‍. 

ഇതുവരെ ലോകത്തിന്‍റെ വടക്കുള്ള ദ്വീപായി അറിയപ്പെട്ടിരുന്നത് ഓഡാക്ക് ആയിരുന്നു. തങ്ങള്‍ ഓഡാക്കിലാണ് എത്തിയതെന്നാണ് ആദ്യം വിചാരിച്ചതെന്ന് യൂണിവേഴ്സിറ്റിയിലെ ജിയോസയൻസസ് ആൻഡ് നാച്ചുറൽ റിസോഴ്സ് മാനേജ്മെൻറ് വിഭാഗത്തിലെ പര്യവേഷകനായ മോർട്ടൻ റാഷ് പറഞ്ഞു. പിന്നീട് ദ്വീപിന്‍റെയും അതിന്‍റെ കോർഡിനേറ്റുകളുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തപ്പോള്‍ അത് ഓഡാക്ക് അല്ലെന്നു പറഞ്ഞ് നിരവധിപ്പേര്‍ രംഗത്തെത്തി.

മഞ്ഞും മനോഹരകാഴ്ചകളും വിരുന്നൊരുക്കുന്ന ഗ്രീന്‍ലന്‍ഡ്

ടൂറിസത്തിന് വളരെയേറെ പ്രാധാന്യമുള്ള ഒരു ദ്വീപ്‌ രാഷ്ടമാണ് ഗ്രീന്‍ലന്‍ഡ്. വര്‍ഷംതോറും ദശലക്ഷക്കണക്കിനു സഞ്ചാരികളാണ് ഇവിടം സന്ദര്‍ശിക്കുന്നത്. ടൂറിസം രാജ്യത്തിന്‍റെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങളില്‍ ഒന്നുകൂടിയാണ്. മനോഹരമായ പ്രകൃതിദൃശ്യങ്ങളും വൈക്കിങ് ചരിത്രത്തിന്‍റെയും സമകാലീന ഇൻയൂട്ട് സംസ്കാരത്തിന്‍റെയും മിശ്രണവുമെല്ലാം ചേര്‍ന്ന് ഒരു അദ്ഭുതലോകമാണ് ഹിമത്തിന്‍റെ ഈ വിദൂര ദേശം കണ്ണുകള്‍ക്ക് മുന്നില്‍ തുറന്നിടുന്നത്. 

സഞ്ചാരികള്‍ക്കായി മഞ്ഞിന്‍റെ കാഴ്ചകള്‍ ആസ്വദിച്ചു കൊണ്ട് ക്രൂസ് ടൂർ, ഹെലികോപ്റ്റർ യാത്ര, ആർട്ടിക് സർക്കിളിലെ ഹൈക്കിങ്, ഗ്ലേഷ്യൽ ലഗൂണുകളിലൂടെയുള്ള കയാക്കിങ് തുടങ്ങിയ നിരവധി സാഹസിക വിനോദങ്ങളും ഇവിടെ ധാരാളമുണ്ട്. ഭൂമിയിലെ ഏറ്റവും മനോഹര കാഴ്ചകളില്‍ ഒന്നായ അറോറ ബോറിയാലിസ് കാണാനും ധാരാളം സഞ്ചാരികള്‍ ഗ്രീന്‍ലന്‍ഡിലെത്തുന്നു.

ദ്വീപ് അധികകാലം ഉണ്ടാവില്ല

ഓഡാക്കിന് 780 മീറ്റര്‍ വടക്കായാണ് പുതുതായി കണ്ടെത്തിയ ദ്വീപ്‌ സ്ഥിതിചെയ്യുന്നത്. 30 മുതൽ 60 വരെ മീറ്റർ വലുപ്പമുള്ളതും സമുദ്രനിരപ്പിൽനിന്ന് മൂന്ന് മുതൽ നാല് വരെ മീറ്റർ ഉയരത്തിലുമാണ് ഇത്. പുതിയ ദ്വീപിന് ഇതുവരെ പേരിട്ടിട്ടില്ല. ഗ്രീൻലൻഡിക് ഭാഷയിൽ "വടക്കേ അറ്റത്തുള്ള ദ്വീപ്" എന്നർഥം വരുന്ന 'ക്യൂക്കർതാഖ് അവാനാർലക്' എന്ന് ഇതിനു പേരിടാന്‍ ആലോചനയുണ്ട്. 

കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഫലമായി ഉണ്ടായതല്ല ദ്വീപെന്നാണ് ഗവേഷകരുടെ അഭിപ്രായം. ചെളിയും ചരലും നിറഞ്ഞ ചെറിയ കുന്നുകളാണ് ഇവിടെ പ്രധാനമായും കാണുന്നത്.  ഒരു വലിയ കൊടുങ്കാറ്റിന്‍റെ ഫലമായി കടൽത്തീരത്തു നിന്നുള്ള വസ്തുക്കള്‍ അടിഞ്ഞുകൂടി രൂപപ്പെട്ടതായിരിക്കാം ദ്വീപെന്നാണ് പ്രാഥമിക നിഗമനം. അതുകൊണ്ടുതന്നെ ഈ ദ്വീപ് ദീർഘകാലം നിലനിൽക്കില്ലെന്നും ഡാനിഷ് ഗവേഷകർ കരുതുന്നു. ശക്തമായ ഒരു കൊടുങ്കാറ്റ് വീശിയാല്‍ ഈ ദ്വീപ്‌ അപ്രത്യക്ഷമായേക്കാം. 

English Summary: Scientists find world's 'northernmost' island

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA