ഭൂമിയിലെ ഏറ്റവും മനോഹരമായ ഉദയക്കാഴ്ച കാണാൻ ഈ ഒരിടമേയുള്ളൂ

Looking-Glass-Rock
By Dave Allen Photography/shutterstock
SHARE

സൂര്യോദയത്തിന്‍റെയും അസ്തമയത്തിന്‍റെയും കാഴ്ചകള്‍ കാണുക എന്നത് എല്ലാ സഞ്ചാരികള്‍ക്കും ഒരേപോലെ പ്രിയപ്പെട്ട കാര്യങ്ങളില്‍ ഒന്നാണ്. ഭൂമിയില്‍ എല്ലായിടത്തും ഒരൊറ്റ സൂര്യന്‍ മാത്രമേയുള്ളൂ, എന്നാല്‍ കാലദേശങ്ങള്‍ മാറുന്നതനുസരിച്ച് എത്രയെത്ര മനോഹരഭാവങ്ങളാണ് അതിന്! ലോകത്തിലെ ഏറ്റവും മനോഹരമായ ഉദയക്കാഴ്ച കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പോകാന്‍ ഈ ഭൂമിയില്‍ ഒരൊറ്റ ഇടമേയുള്ളൂ; അതാണ്‌ നോര്‍ത്ത് കരോലിനയിലെ ബ്രിവാര്‍ഡിനടുത്ത് പിസ്ഗാ നാഷണല്‍ ഫോറസ്റ്റിനുള്ളിലാണ് സഞ്ചാരികള്‍ക്ക് ആ കാഴ്ച കാണാനുള്ള അവസരം ഉള്ളത്.  

സമുദ്രനിരപ്പില്‍ നിന്നും 3,969 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ പ്രദേശത്ത്, ഏകദേശം 390 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് രൂപംകൊണ്ട ഒരു പാറയുണ്ട്.  'ലുക്കിംഗ് ഗ്ലാസ് റോക്ക്' എന്നാണ് ഇതിന്‍റെ പേര്. വെളുത്ത നിറത്തിലുള്ള ഗ്രാനൈറ്റ് കൊണ്ടാണ് പാറ നിര്‍മിക്കപ്പെട്ടിരിക്കുന്നത്. ഭൗമ ശാസ്ത്രജ്ഞർ ഇതിനെ "പ്ലൂട്ടോൺ" എന്ന് വിളിക്കുന്നു. പുലര്‍കാലങ്ങളില്‍ ഈ പാറയുടെ ഒരു വശത്തുള്ള പരന്ന ഉപരിതലത്തിൽ മഴവെള്ളം തണുത്തുറഞ്ഞ് സൂര്യനെ ഒരു കണ്ണാടി പോലെ പ്രതിഫലിപ്പിക്കും. ദൂരെ നിന്ന് നോക്കുന്നവര്‍ക്ക് സ്വര്‍ണ്ണം ഉരുക്കിയൊഴിച്ചതു പോലെ തിളങ്ങുന്ന പാറയായിരിക്കും കാണാനാവുക. ഹൃദയം നിലച്ചു പോകുന്നത്ര മനോഹാരിതയാര്‍ന്ന ഈ കാഴ്ച കാണാനായി നിരവധി സഞ്ചാരികളാണ് ഇവിടേക്കെത്തുന്നത്. 

Looking-Glass-Rock.jpg1
By J.K. York/shutterstock

കാനനഭംഗി കണ്‍കുളിര്‍ക്കെ ആസ്വദിച്ചു കൊണ്ട് മലമുകളിലേക്ക് ഹൈക്കിംഗ് നടത്താം. ഇതിനായി ആറര മൈലോളം നീളത്തില്‍ ഹൈക്കിംഗ് പാതയുണ്ട്. യാത്ര പൂര്‍ത്തിയാവാന്‍ ആറു മണിക്കൂറോളം സമയമെടുക്കും. ഹൈക്കിംഗിനിടെ രണ്ടു മൈല്‍ സഞ്ചരിച്ചു കഴിഞ്ഞാല്‍ വിശാലമായ കുന്നിന്‍ചെരിവില്‍ യാത്രക്കാര്‍ക്ക് അല്‍പ്പനേരം വിശ്രമിക്കാം. പരിക്കേറ്റ ഹൈക്കര്‍മാര്‍ക്ക് സഹായമെത്തിക്കാനും മറ്റുമായി ഉപയോഗിക്കുന്ന ഹെലികോപ്റ്ററുകള്‍ പറന്നിറങ്ങുന്ന ഒരു ഹെലിപ്പാഡ് ഇവിടെയുണ്ട്. അടുത്ത് സ്നാക്സും മറ്റും ലഭിക്കുന്ന കടകള്‍ ഒന്നുമില്ലാത്തതിനാല്‍ സാധാരണയായി സഞ്ചാരികള്‍ അവ കൂടെ കരുതാറുണ്ട്. ഇവിടെയിരുന്ന് ലഘുഭക്ഷണം കഴിച്ച ശേഷം, അല്‍പ്പനേരം ക്ഷീണം മാറ്റി അവര്‍ വീണ്ടും യാത്ര തുടരും. 

താഴ്‍‍‍വാരം നീളെ വിരിഞ്ഞു നില്‍ക്കുന്ന റോഡോഡെന്‍ഡ്രോണ്‍ പുഷ്പങ്ങളുടെ മനോഹാരിത ആസ്വദിക്കാം. ഹൈക്ക് ചെയ്യുന്ന വഴിയിലാണ് പ്രശസ്തമായ ലുക്കിംഗ് ഗ്ലാസ്, മൂര്‍ കോവ്, സ്ലൈഡിംഗ് റോക്ക്, സ്ലിക്ക് റോക്ക്, ദാനിയേല്‍ റിജ്, ലോഗ് ഹോളോ തുടങ്ങിയ വെള്ളച്ചാട്ടങ്ങള്‍ സ്ഥിതിചെയ്യുന്നത്. മാത്രമല്ല, പെറിഗ്രീന്‍ ഫാല്‍ക്കണ്‍ പോലെയുള്ള ധാരാളം അപൂര്‍വ പക്ഷികളുടെ ആവാസകേന്ദ്രം കൂടിയായതിനാല്‍ പക്ഷിനിരീക്ഷകരുടെ പറുദീസയാണ്‌ ഇവിടം. മഞ്ഞുകാലങ്ങളില്‍ ഐസ് മൂടിക്കിടന്ന് യാത്ര ബുദ്ധിമുട്ടാകും, അതിനാല്‍ വേനല്‍ക്കാലങ്ങളിലാണ് ഇവിടേക്ക് കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നത്. 

ഇതിനടുത്തായി സ്ഥിതിചെയ്യുന്ന വൈല്‍ഡ് ലൈഫ് എജുക്കേഷന്‍ സെന്ററില്‍ സഞ്ചാരികള്‍ക്കായി വിശ്രമമുറികളും വെൻഡിംഗ് മെഷീനുകളും ഒരുക്കിയിട്ടുണ്ട്. കൂടാതെ, ബ്രിവാര്‍ഡില്‍ ധാരാളം ഷോപ്പുകളും റസ്‌റ്റോറന്റുകളും മ്യൂസിയങ്ങളുമെല്ലാമുണ്ട്. യാത്രയുടെ ഓര്‍മ്മ എക്കാലത്തേക്കും സൂക്ഷിച്ചു വെക്കാനും തിരിച്ചു നാട്ടിലേക്ക് എത്തുമ്പോള്‍ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാനുമായി സുവനീറുകള്‍ വില്‍ക്കുന്ന കടകളും ഇവിടെ ധാരാളമുണ്ട്.

English Summary: Looking Glass Rock Brevard, North Carolina

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA