മരത്തിനു മുകളില്‍ 'വളരുന്ന' നായ്ക്കള്‍, സഞ്ചാരികള്‍ക്ക് കൗതുകമായി സൈപ്രസ് മരം!

Toora-Dog-Tree
Image From Toora Dog Tree Facebook Page
SHARE

ഓസ്ട്രേലിയയിലെ ടൂറയില്‍ തെക്കൻ ഗിപ്സ്ലാൻഡിലെ ഹൈവേയിലൂടെ കടന്നു പോകുന്ന സഞ്ചാരികള്‍ക്ക് കൗതുകം പകരുന്ന ഒരു കാഴ്ചയുണ്ട്; ഒരു മുത്തശ്ശന്‍ സൈപ്രസ് മരത്തിനു മേല്‍ കൊത്തി വെച്ച നായ്ക്കളുടെ രൂപങ്ങള്‍. കണ്ടാല്‍ ജീവന്‍ തുടിക്കുന്ന ഈ രൂപങ്ങള്‍ സഞ്ചാരികളുടെ സെല്‍ഫി പോയിന്റാണ്. ഇതുവഴി പോകുന്ന ആളുകള്‍ ഈ മരത്തിനു മുന്നില്‍ വാഹനം നിര്‍ത്തി ഫോട്ടോ എടുത്ത ശേഷമേ കടന്നു പോകാറുള്ളൂ.

ജീവനുള്ള നായ്ക്കളെപ്പോലെ ഈ ശില്‍പ്പങ്ങളും വളരും എന്നതാണ് ഇവയുടെ പ്രധാന പ്രത്യേകത. വേരുകള്‍ നീക്കം ചെയ്യാത്തതിനാലാണ് മരം ഇപ്പോഴും വളരുന്നത്. മരം വളരുന്നതനുസരിച്ച് ഈ രൂപങ്ങളും വികസിക്കും.

ദമ്പതിമാരായ ലിന്നി ഹോക്സും ജിയോഫ് ലോഫ്‌റ്റസുമാണ് ഈ വ്യത്യസ്തമായ ആശയത്തിന് പിന്നില്‍. നായപ്രേമികളായ ഇരുവരും അനാഥരായ നിരവധി നായ്ക്കള്‍ക്ക് അഭയമേകുന്നു. ഇങ്ങനെ വ്യത്യസ്ത പ്രായങ്ങളിൽ, വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നും ലഭിച്ചതും ഇരുവരും ചേര്‍ന്ന് അഭയമേകുന്നതുമായ നായ്ക്കളുടെ രൂപമാണ് മരത്തിനു മുകളില്‍ കൊത്തിയിരിക്കുന്നത്. സേവ്ലോയ് ദി കെല്‍പ്പി, ബിർക്ക് ദി സ്കോട്ടിഷ് ഡിയർഹൗണ്ട്, ബ്രൂണോ ടെന്റർഫീൽഡ് ടെറിയർ, ടാങ്ക് ദി ഹസ്കി എന്നിങ്ങനെയാണ് കൊത്തിവെച്ച നായ്ക്കളുടെ പേരുകള്‍.

ലിയോങ്കാത്ത സ്കൂൾ അധ്യാപകനും കലാകാരനുമായ ആൻഡ്രൂ നോബിൾ ആണ് ലിന്നിയുടെയും ജിയോഫിന്‍റെയും ആഗ്രഹത്തിനൊത്ത് ഈ രൂപങ്ങള്‍ കൊത്തിയെടുത്തത്. ശില്‍പ്പചാരുത മാത്രമല്ല, ഓരോ നായ്ക്കളുടെയും നിറമനുസരിച്ച് ഇവയ്ക്ക് പെയിന്‍റടിച്ചിട്ടുമുണ്ട്.  

കുറച്ച് വർഷങ്ങൾക്ക് മുന്‍പാണ് ഈ ദമ്പതികൾ ടൂറയിലേക്ക് താമസം മാറിയത്. തങ്ങളുടെ വീടിനു മുൻവശത്തുള്ള രണ്ട് കൂറ്റൻ സൈപ്രസ് മരങ്ങൾ കടപുഴകാനായി നില്‍ക്കുകയാണ് എന്ന് മനസ്സിലാക്കിയതോടെ, അവ മുറിച്ചു മാറ്റുന്നതിന് പകരം മറ്റെന്തെങ്കിലും ചെയ്യണം എന്ന് ഇവര്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് അവയില്‍ നായ്ക്കളുടെ രൂപം കൊത്താന്‍ തീരുമാനിച്ചത്. പിന്നീട് ഫേസ്ബുക്ക് വഴിയുള്ള അന്വേഷണം അവരെ ആൻഡ്രൂനിനടുത്തേക്ക് എത്തിച്ചു.

ഈ പ്രദേശത്തിനടുത്തായി സഞ്ചാരികള്‍ക്ക് കാണാന്‍ ഫിലിപ്പ് ദ്വീപ്‌, രാമഹ്യൂക്ക് സെമിത്തേരി, കുര്‍ത് കിലന്‍ എന്നിങ്ങനെയുള്ള നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളുമുണ്ട്.

English Summary: Toora Dog Tree,Toora, Australia

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA