ADVERTISEMENT

ഭൂമിയുടെ പല ഭാഗങ്ങളിലും വില മതിക്കാനാവാത്തതും പല നിറങ്ങളില്‍ ഉള്ളതുമായ രത്‌‌നക്കല്ലുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ പലതും ഇന്ന് പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളുമാണ്. എന്നാല്‍ രത്‌‌നം പോലെ തിളങ്ങുന്നതും എന്നാല്‍ അക്കൂട്ടത്തില്‍ പെടുത്താനാവാത്തതുമായ അപൂര്‍വ കല്ലുകള്‍ നിറഞ്ഞ പ്രദേശങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ? 

പഞ്ചമഹാതടാകങ്ങളുടെ തീരത്തും, മിനസോട്ട, വിസ്കോൺസിൻ, സോൾട്ട് സ്റ്റെ തുടങ്ങിയ സ്ഥലങ്ങളിലും ഇത്തരം കല്ലുകള്‍ കണ്ടെത്തിയിട്ടുണ്ട്.  ന്യൂ ജേഴ്സിയിലെ സ്റ്റെർലിംഗ് ഹിൽ ആണ് ഇത്തരം കല്ലുകള്‍ കാണുന്ന മറ്റൊരിടം. 

രത്‌‌നക്കല്ലുകളുടെയും ധാതുക്കളുടെയും ഡീലര്‍ ആയ റിന്റമാകി എന്നയാളാണ് ഇവ ആദ്യം കണ്ടെത്തിയത്. യൂപ്പര്‍ലൈറ്റ്സ് എന്നാണ് ഇത്തരം ഫ്ലൂറസെന്‍റ് കല്ലുകളെ വിളിക്കുന്നത്. മിഷിഗണിന്‍റെ അപ്പര്‍ പെനിന്‍സുലയില്‍ നിന്നുമാണ് ഇവ ആദ്യം ലഭിച്ചത്, അതുകൊണ്ടുതന്നെ അവിടെയുള്ള ആളുകളെ വിളിക്കുന്ന 'യൂപ്പര്‍' എന്ന പേരില്‍ നിന്നുമാണ് റിന്റമാകി കല്ലുകള്‍ക്ക് പേര് നല്‍കിയത്. യൂപ്പർലൈറ്റുകൾ കണ്ടെത്താനുള്ള ഉപകരണം റിന്റമാകി ഓണ്‍ലൈനില്‍ വില്‍ക്കുന്നുണ്ട്. ഇതിനു പുറമേ മിഷിഗണില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് തീരങ്ങളില്‍ നിന്നും ഇത്തരം കല്ലുകള്‍ ശേഖരിക്കാനുള്ള അവസരവും ഇപ്പോഴുണ്ട്. ഇതിനായി റിന്റമാകി തന്നെ മുന്‍കയ്യെടുത്ത് ടൂര്‍ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നുണ്ട്. 

സാധാരണ വെളിച്ചത്തില്‍ നോക്കിയാല്‍ ഈ കല്ലുകളുടെ തിളക്കം കാണാനാവില്ല. അള്‍ട്രാവയലറ്റ് രശ്മികളുടെ സാന്നിദ്ധ്യത്തിലാണ് ഇവ തിളങ്ങുന്നത്. ഗ്രേ, വെള്ള, പിങ്ക്, പച്ച, ഓറഞ്ച് തുടങ്ങി വിവിധ നിറങ്ങളില്‍ ഈ കല്ലുകള്‍ കാണാം. ഇത്തരം കല്ലുകള്‍ ശേഖരിക്കുന്നതിനായി റിന്റമാകി പ്രത്യേകം ഉപകരണം നിര്‍മിച്ചിട്ടുണ്ട്.

മിഷിഗൺ ടെക് സർവകലാശാലയും സസ്‌കാച്ചെവൻ സർവകലാശാലയും ചേർന്നാണ് യൂപ്പർലൈറ്റുകളെക്കുറിച്ച് കൂടുതല്‍ പഠനം നടത്തിയത്. ഈ കല്ലുകള്‍ "ഫ്ലൂറസന്റ് സോഡലൈറ്റ്" അടങ്ങിയവയാണെന്ന് അവർ കണ്ടെത്തി. ഗ്രാനൈറ്റിന് സമാനമായ ഘടനയുള്ളതും അഗ്നിപര്‍വതജന്യവുമായ ഇത്തരം കല്ലുകളില്‍ ഫ്ലൂറസന്റ് ഗുണമുള്ള സോഡലൈറ്റ് ഉള്ളതാണ് അവയുടെ തിളക്കത്തിന് കാരണം. സോഡലൈറ്റ് എന്ന ധാതു, ലോങ്‌വേവ് അൾട്രാവയലറ്റ് പ്രകാശത്തില്‍ തിളക്കം കാണിക്കും. 

എന്നാല്‍, യൂപ്പർലൈറ്റുകൾ മിഷിഗണില്‍ രൂപപ്പെട്ടതല്ലെന്നും കാനഡയിലെ ഒന്റാറിയോയിലുള്ള കോൾഡ്‌വെൽ ആൽക്കലൈൻ കോംപ്ലക്‌സിൽ നിന്നാണ് ഉത്ഭവിച്ചതെന്നും ഗവേഷക സംഘം വിശ്വസിക്കുന്നു. യൂപ്പർലൈറ്റുകൾ പിന്നീട് ഭൂഖണ്ഡാന്തര വഴി ചലനം വഴി സുപ്പീരിയർ തടാകത്തിലെത്തി. 1811 ൽ ഗ്രീൻലാന്റിലാണ് സോഡലൈറ്റ് ആദ്യമായി കണ്ടെത്തിയത്, പക്ഷേ 1891 ൽ കാനഡയിലെ ഒന്റാറിയോയിൽ കണ്ടെത്തിയതിന് ശേഷമാണ് ഇവ ജനപ്രിയമാകുന്നത്.

 

English Summary: Great Lakes’ Glowing Rocks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com