പാമ്പിന്‍ കഴുത്തു പോലെ ഇടുങ്ങിയ ലിറ്റില്‍ സ്നേക്ക് കാന്യന്‍; ഇത് ഒമാനിലെ അതിശയകാഴ്ച

snake-canyon-in-oman1
By macs197/shutterstock
SHARE

സാഹസിക വിനോദ സഞ്ചാരികൾ ഏറെ എത്തുന്ന ഒമാനിലെ ആഡ് ദഖിലിയാ മേഖലയിലുള്ള ഒരു മലയിടുക്കാണ് സ്നേക്ക് ഗോര്‍ജ്. നിസ്വയ്ക്കും റസ്താഖിനും ഇടയിലായും ഹജ്ജാർ പർവതനിരകൾക്ക് കുറുകെയായും സ്ഥിതിചെയ്യുന്ന ഈ പ്രദേശം, ഒമാനിലെ ഏറ്റവും വലിയ താഴ്‌വരകളിലൊന്നാണ്. ചുറ്റും മനോഹരമായ ഒട്ടനവധി ഗ്രാമങ്ങളും പ്രകൃതി വിസ്മയങ്ങളും നിറഞ്ഞ പ്രദേശം കൂടിയാണിത്.

നിറയെ ജലാശയങ്ങളും ചെറിയ മലകളുമെല്ലാം നിറഞ്ഞ ഈ പര്‍വതപ്രദേശം കാഴ്ചയ്ക്ക് അതിസുന്ദരമാണ് എന്നു മാത്രമല്ല, മനസ്സു നിറഞ്ഞ് ഉല്ലസിക്കാനായി നിരവധി വിനോദങ്ങളും ഇവിടെയുണ്ട്.

സഞ്ചാരികള്‍ക്കായി പ്രകൃതി തന്നെ ഒരുക്കിയ ഒരു വാട്ടര്‍ തീം പാര്‍ക്ക് എന്ന് ഈ പ്രദേശത്തെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. ചെറിയ മലകള്‍ക്ക് മുകളില്‍ കയറി അവിടവിടെയായി കാണുന്ന ജലാശയങ്ങളിലേക്ക് ചാടാം... പ്രകൃതിദത്തമായ വാട്ടര്‍ സ്ലൈഡുകളും ഇവിടെ നിരവധിയുണ്ട്. കൂടാതെ പ്രകൃതിദത്തമായ നിരവധി വെള്ളച്ചാട്ടങ്ങളും ഈ പ്രദേശത്തുണ്ട്. പ്രകൃതിയുടെ മടിത്തട്ടില്‍ അന്തിയുറങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ക്യാമ്പിങ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. 

snake-canyon-in-oman
By Baiju Jose/shutterstock

ഇവിടെയുള്ള മറ്റൊരു കാഴ്ചയാണ് മലയിടുക്കില്‍ അവിടവിടെയായി കാണുന്ന വര്‍ണ്ണാഭമായ പാറകള്‍. പല നിറത്തില്‍ കാണപ്പെടുന്ന ഈ മനോഹരമായ പാറകളില്‍ പലതും കാലങ്ങളായുള്ള വെള്ളത്തിന്‍റെ ഒഴുക്കുകാരണം അവിശ്വസനീയമാംവിധം മിനുസമാർന്നതാണ്. മലയിടുക്കുകളിലൂടെ സഞ്ചരിക്കേണ്ടി വരുമ്പോള്‍ ഇരുവശത്തുമുള്ള പാറകളില്‍ പിടിച്ചു വേണം മുന്നോട്ടു പോകാന്‍. എന്നാല്‍, അതിയായ മിനുസം കാരണം ഉണങ്ങിയ അവസ്ഥയില്‍ പോലും ഇവയിലൂടെ പിടിച്ചു നടക്കാന്‍ ബുദ്ധിമുട്ടാണ്. 

സ്നേക്ക് ഗോര്‍ജിന്‍റെ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു ഭാഗമാണ് പാമ്പിന്‍ കഴുത്തു പോലെ ഇടുങ്ങിയ ലിറ്റില്‍ സ്നേക്ക് കാന്യന്‍. താഴ‍‍‍‌്‌‌‌വരയിലെ തന്നെ ഏറ്റവും വീതി കുറഞ്ഞ ഭാഗമാണ് ഇതെന്നു പറയാം. ഏകദേശം 200 അടിയോളം നീളമുള്ള മനോഹരമായ ഒരു കുളമുണ്ട് ഇവിടെ. ഇടുങ്ങിയ പ്രദേശമായതിനാല്‍ ഇവിടേക്ക് സൂര്യപ്രകാശം കടന്നുചെല്ലാന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ എപ്പോഴും തണുപ്പാണ് ഇവിടെ. 

സഞ്ചാരികള്‍ക്കായി നിരവധി കാഴ്ചകളും അനുഭവങ്ങളും കാത്തുവെച്ചിട്ടുണ്ടെങ്കിലും ഈ പ്രദേശം യാത്രക്ക് അത്ര സുരക്ഷിതമല്ല. സ്ഥിരമായി വെള്ളപ്പൊക്കം ഉണ്ടാകുന്ന പ്രദേശങ്ങളില്‍ ഒന്നാണിവിടം. 1996- ല്‍ ഇവിടെ ഹൈക്കിംഗ് നടത്താനെത്തിയ സഞ്ചാരികളുടെ ഒരു സംഘം വെള്ളപ്പൊക്കത്തില്‍ മുങ്ങിമരിക്കുകയുണ്ടായി. 2014 ൽ യുഎഇയിലെ ദുബായിൽ നിന്നുള്ള 11 വിനോദസഞ്ചാരികൾ മഴയില്‍ കുടുങ്ങി. വെള്ളപ്പൊക്കത്തില്‍ വാഹനം നഷ്ടപ്പെട്ട സഞ്ചാരികള്‍ രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതുവരെ 2 മണിക്കൂർ പാറകളിൽ അള്ളിപ്പിടിച്ചു കിടന്നാണ് സ്വന്തം ജീവന്‍ രക്ഷപ്പെടുത്തിയത്. 

ഇപ്പോള്‍ സര്‍ക്കാര്‍ തന്നെ മുന്‍കയ്യെടുത്ത് സഞ്ചാരികള്‍ക്കായി കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. ഈ പ്രദേശത്തെന്തെങ്കിലും അപകട സാഹചര്യമുണ്ടോ എന്ന് റോയല്‍ ഒമാന്‍ പൊലീസ് നിരന്തരം നിരീക്ഷിക്കുകയും ഉണ്ടെങ്കില്‍ അവ ജനങ്ങളെ അറിയിക്കുകയും ചെയ്യുന്നു. 

English Summary: Snake Canyon in Oman

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA