ആകാശത്ത് മാത്രമല്ല ഭൂമിയിലും ചന്ദ്രനുണ്ട്: വിചിത്ര കാഴ്ചകൾ നിറഞ്ഞ 'ചന്ദ്രന്‍റെ താഴ്‌‌‌വര'

valley-of-the-moon3
By sunsinger/shutterstock
SHARE

ചന്ദ്രനിലേക്ക് യാത്ര ചെയ്യണമെന്നു എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ? അക്കാര്യം നടക്കാന്‍ സാധ്യത കുറവാണെങ്കിലും വിഷമിക്കേണ്ട, ചന്ദ്രനിലേതു പോലെയുള്ള അനുഭവം ഒരുക്കുന്ന പ്രദേശങ്ങള്‍ നമ്മുടെ ഈ ഭൂമിയിലുണ്ട്!

അർജന്റീനയിലെ ഒരു വിദൂര താഴ്‌വരയാണ് 'വല്ലെ ഡി ലാ ലൂണ'. 'ചന്ദ്രന്‍റെ താഴ്‌‌‌വര' എന്നാണു ഈ പേരിനര്‍ത്ഥം. സാൻ ജുവാന്‍റെ തലസ്ഥാനത്ത് നിന്ന് 300 കിലോമീറ്റർ അകലെയായി, ഇഷിഗുവലാസ്റ്റോ പ്രൊവിൻഷ്യൽ പാർക്കിനുള്ളിലാണ് ഈ സ്ഥലം. വിചിത്രമായ കളിമൺ രൂപങ്ങളും വൈവിധ്യമാർന്ന നിറങ്ങളും ധാതുക്കളുടെ വ്യത്യസ്ത പാളികളുമെല്ലാം നിറഞ്ഞ ഈ പ്രദേശം ട്രയാസിക് കാലഘട്ടത്തിലെ ഭൂമിയുടെ പരിണാമത്തിന്‍റെ നേര്‍ക്കാഴ്ചയായാണ്‌ കരുതപ്പെടുന്നത്. കാറ്റ് മൂലമുണ്ടാകുന്ന മണ്ണൊലിപ്പ് കാരണം വിചിത്രരൂപികളായ പാറകളാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം. ആദ്യകാഴ്ചയില്‍ത്തന്നെ ചന്ദ്രനില്‍ വന്നിറങ്ങിയത് പോലെയുള്ള അനുഭൂതിയാണ് ഈ പ്രദേശം സഞ്ചാരികള്‍ക്ക് നല്‍കുന്നത്.

valley-of-the-moon1
By sunsinger/shutterstock

അർജന്റീനയിലെ മറ്റ് മനോഹര പ്രദേശങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ഈ പ്രദേശം. ഭൂമിയിലെ ജീവന്‍റെ പരിണാമത്തെക്കുറിച്ച് പഠിക്കാന്‍ താല്‍പ്പര്യമുള്ള സഞ്ചാരികള്‍ക്ക് ഒരു അമൂല്യ നിധിയാണ്‌ ഈ  താഴ്‍‍‍വരയിലെ കാഴ്ചകള്‍. പൂര്‍ണ്ണ ചന്ദ്രന്‍ ഉദിക്കുന്ന രാത്രികളില്‍ പറഞ്ഞറിയിക്കാനാവാത്തത്ര സൗന്ദര്യമാണ് ഈ  താഴ്‍‍‍വരയ്ക്ക്. ഈ കാഴ്ച ആസ്വദിക്കാനായി നിരവധി സഞ്ചാരികള്‍ ഇച്ചിഗുവലാസ്റ്റോയിലേക്ക് എത്താറുണ്ട്.

ഒരു കാലത്ത് ഫലഭൂയിഷ്ഠമായിരുന്നു ഈ താഴ്‍‍‍വര. അതിന്‍റെ തെളിവായി സസ്യങ്ങളുടെയും ജന്തുക്കളുടെയും നിരവധി ഫോസിലുകൾ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. അവയെക്കുറിച്ച് പഠനം നടത്താന്‍ ലോകമെമ്പാടുമുള്ള പാലിയന്റോളജിസ്റ്റുകൾ ഇവിടേക്ക് എത്തുന്നു. സഹസ്രാബ്ദങ്ങളായി തുടരുന്ന മണ്ണൊലിപ്പ് മൂലം ഫോസിലുകളും മറ്റും കാലക്രമേണ കണ്ടെത്താന്‍ കൂടുതല്‍ എളുപ്പമായിത്തീരുന്നു. ടെക്റ്റോണിക് പ്ലേറ്റുകളുടെ ചലനങ്ങളും കൂട്ടിയിടികളും മൂലം ഭൂമിക്കടിയിലുള്ള പാറകള്‍ മുകളിലേക്ക് പൊങ്ങി വരുന്നതും ഇവിടെ സാധാരണയാണ്. 

valley-of-the-moon
By Alfredo Cerra/shutterstock

ഭൂമിയിലെ സസ്യജന്തുജാലങ്ങളുടെ തുടക്കം മുതലുള്ള കഥ പറയാന്‍ ഈ  താഴ്‍‍‍വരയില്‍ നിന്നും ലഭിക്കുന്ന തെളിവുകള്‍ക്കാകും എന്ന് ഗവേഷകര്‍ കരുതുന്നു. മണ്ണൊലിപ്പു കാരണം ഉണ്ടായ വിചിത്രരൂപങ്ങള്‍ക്ക് വിവിധ പേരുകള്‍ നല്‍കിയിട്ടുണ്ട്. "ദി വേം", "പെയിന്റ്ഡ് വാലി", "ദി സ്ഫിങ്ക്സ്", "ബൗളിംഗ് ഫീൽഡ്", "ദി സബ്മറൈൻ", "മഷ്റൂം", "റെഡ് റാവെയിൻസ്", "ദി പാരറ്റ്", "അലാദീന്‍സ് ലാമ്പ്" തുടങ്ങിയവ അവയില്‍ ചിലതാണ്. 

English Summary: Visit Argentina's Valley Of The Moon

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS