ADVERTISEMENT

വര്‍ഷംതോറും ഐക്യരാഷ്ട്രസഭയുടെ സസ്റ്റയ്നബിള്‍ ഡെവലപ്മെന്‍റ് സൊല്യൂഷന്‍സ് നെറ്റ്‌‌വര്‍ക്ക് തയാറാക്കുന്ന ഒന്നാണ് വേൾഡ് ഹാപ്പിനസ് റിപ്പോർട്ട്. ജനങ്ങളുടെ ജീവിത നിലവാരവും അവരുടെ സംതൃപ്തിയും അടിസ്ഥാനപ്പെടുത്തി ഓരോ രാജ്യത്തിനും വിവിധ റേറ്റിംഗുകള്‍ നല്‍കുന്നു. ജനങ്ങളുടെ ദേശീയതലത്തിലുള്ള സന്തോഷവുമായി ബന്ധപ്പെട്ടുള്ള ലേഖനങ്ങളും ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. ഗാലപ്പ് വേൾഡ് പോളിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കുന്നത്. 2021 മാർച്ച് വരെയുള്ള കണക്കനുസരിച്ച് ലോകത്തില്‍ ഏറ്റവും സന്തോഷമേറിയ അഞ്ചു രാജ്യങ്ങള്‍ ഏതൊക്കെയാണ് എന്നു നോക്കാം.

1. ഫിൻലൻഡ്

സ്കോർ 7.842

തുടർച്ചയായ നാലാം വർഷവും ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമായി ഫിൻലൻഡ് തിരഞ്ഞെടുക്കപ്പെട്ടു. ഈ മഹത്തായ നേട്ടത്തിനു പിന്നില്‍ നിരവധി ഘടകങ്ങളുണ്ട്. കൊറോണ പടര്‍ന്നുപിടിച്ച സമയത്ത് ജനങ്ങളുടെ ആരോഗ്യത്തിന്‍റെ സംരക്ഷണം ഉറപ്പുവരുത്തുകയും അവരുടെ ഉപജീവനത്തിന് മുൻഗണന നൽകുകയും ചെയ്തതാണ് ഇവിടുത്തെ ജനങ്ങളെ സംതൃപ്തരാക്കിയ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

finland
By Oleksiy Mark/shutterstock

സഞ്ചാരികളുടെയും പ്രിയഭൂമിയാണ് ഫിൻലൻഡ്. പ്രകൃതിസൗന്ദര്യത്തിലാവട്ടെ, നഗരങ്ങളുടെ സുരക്ഷിതത്വത്തിന്‍റെ കാര്യത്തിലാവട്ടെ, സമൃദ്ധിയാവട്ടെ... എങ്ങനെ നോക്കിയാലും ഫിന്‍ലന്‍ഡ്‌ എപ്പോഴും ഒരുപടി മുന്നില്‍ തന്നെയാണ്. മുപ്പത്തിയൊന്‍പത് ദേശീയ ഉദ്യാനങ്ങളാണ് ഫിൻലാൻഡിലുള്ളത്. ഫിൻലാൻഡിന്റെ തലസ്ഥാനമായ ഹെൽസിങ്കി മനോഹരമായ ദ്വീപുകളാൽ ചുറ്റപ്പെട്ട ഒരിടമാണ്. ലോകം മുഴുവൻ ആരാധിക്കുന്ന സാന്താ ക്ലോസിന്റെ നാടാണ് ഫിൻലാൻഡ്. അവിടേക്കുള്ള യാത്രയിൽ നിങ്ങൾക്കും സാന്തായുമായി നേരിട്ട് സംസാരിക്കാം. മഞ്ഞുകാലവും മൂടിക്കിടക്കുന്ന മഞ്ഞുമൊക്കെ സാഹസിക യാത്രികർക്കും മഞ്ഞിനെ പ്രണയിക്കുന്നവർക്കും ഇഷ്ടമാകും. കരടി പോലെ ധാരാളം വന്യമൃഗങ്ങൾ ഉൾക്കൊള്ളുന്ന കാടുകളും ഫിൻലാൻഡിലുണ്ട്.

2. ഡെൻമാർക്ക്

സ്കോർ 7.620

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളില്‍ രണ്ടാം സ്ഥാനം ഡെൻമാർക്കിനാണ്. സന്തോഷ സൂചിക കണക്കിലെടുക്കുന്ന എല്ലാ ഏകകങ്ങളിലും മികച്ച പ്രകടനം കാഴ്ച വെക്കാന്‍ ഡെൻമാർക്കിനു സാധിച്ചു. ഓഫീസ് ജോലിക്കാര്‍ക്ക് ആഴ്ചയില്‍ വെറും 33 മണിക്കൂര്‍ മാത്രം ജോലി ചെയ്‌താല്‍ മതി എന്നതും ഡെൻമാർക്കിന്‍റെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്നാണ്. മികച്ച വര്‍ക്ക്-ലൈഫ് ബാലന്‍സ് ഉള്ളതിനാല്‍ ഇവിടെ ജോലി ചെയ്യുന്നവര്‍ ലോകത്തിലെ മറ്റെല്ലാ ഇടങ്ങളെയും അപേക്ഷിച്ച് ഏറെ സംതൃപ്തരാണ്.

denmark1

നഗരങ്ങള്‍ പൊതുവേ തിരക്കേറിയതും ഉള്‍പ്രദേശങ്ങള്‍ പ്രകൃതിസൗന്ദര്യം തുടിക്കുന്നതും ശാന്തവുമാണ്. ഹരിത വനങ്ങളാല്‍ സമൃദ്ധമാണ് ഇവിടം. എല്ലാ 50 കിലോമീറ്റർ ദൂരത്തിലും കടല്‍ത്തീരങ്ങളുണ്ട്. ഡെന്മാര്‍ക്കിലെ ജനങ്ങള്‍ അവധിദിനങ്ങള്‍ ചിലവഴിക്കുന്നതും പ്രധാനമായും ബീച്ചുകളിലാണ്.

3. സ്വിറ്റ്സർലൻഡ്

സ്കോർ 7.571

switzerland
By Ireine/shutterstock

ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് സ്വിറ്റ്സർലൻഡ്. കൊറോണയുടെ ആഘാതം കുറയ്ക്കുന്നതിനായി മികച്ച ശ്രമങ്ങളാണ് രാജ്യം നടത്തിയത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വിറ്റ്സർലൻഡിലെ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്ക് ഇതിനു തെളിവാണ്.

4. ഐസ്‌‌‌‌ലൻഡ്

സ്കോർ 7.554

പട്ടികയിൽ നാലാം സ്ഥാനത്തുള്ള ഐസ്‌‌‌‌ലൻഡിനും തൊട്ടു മുന്‍പേയുള്ള സ്വിറ്റ്സർലൻഡിനെ അപേക്ഷിച്ച്, മികച്ച സ്കോർ തന്നെയാണ് ലഭിച്ചത്. കൊറോണ വൈറസിനെ നേരിടുന്നതിനായുള്ള തന്ത്രങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി വനിതാ മേധാവികളുമായി ചര്‍ച്ച നടത്തിയതും ഐസ്‌‌‌‌ലൻഡിനെ ലോകരാജ്യങ്ങള്‍ക്കിടയില്‍ ശ്രദ്ധേയമാക്കി.

iceland

ആർട്ടിക് പ്രദേശത്തെ ഒരു നോർഡിക് ദ്വീപ് രാഷ്ട്രമാണ് ഐസ്‌ലൻഡ്. അഗ്നിപർവതങ്ങൾ, ഒഴുകി നടക്കുന്ന മഞ്ഞുമലകൾ, ചൂട് നീരുറവകൾ, ലാവ വയലുകൾ എന്നിവയടങ്ങിയ അതിശയകരമായ പ്രകൃതിദൃശ്യങ്ങളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. ഐസ്‌ലൻഡുകാർ അവരുടെ രാജ്യത്തെയും പ്രകൃതിയെയും ഒരുപാട് സ്നേഹിക്കുന്നു. ഒരു രാജ്യം എത്രമാത്രം വൃത്തിയാക്കി സൂക്ഷിക്കാം എന്നത് മനസ്സിലാക്കാൻ ഇവിടെ വന്നാൽ മതി.

5. നെതർലാന്‍‍ഡ്

സ്കോർ 7.464

ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനമാണ് നെതർലാന്‍‍ഡിന്. കൊറോണ സമയത്ത് ആളുകൾക്കിടയിൽ ഏറ്റവും കുറഞ്ഞ ശതമാനം ഉത്കണ്ഠയുള്ള രാജ്യമെന്ന നിലയിലും നെതർലാന്‍‍ഡ് ശ്രദ്ധേയമായിരുന്നു.

English Summary: Happiest Countries In The World 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com