ADVERTISEMENT

നൂറിൽ താഴെ ജനസംഖ്യയുള്ള ചെറിയ ദ്വീപ്,  പ്രവേശനം പരിമിതമായി മാത്രം. ഇന്റർനെറ്റ് വൈദ്യുതി, ആശുപത്രി, പോലീസ് സ്റ്റേഷൻ ഇതൊന്നുമില്ലാത്ത ഇടം. കേൾക്കുമ്പോൾ അതിശയം തോന്നുന്നുണ്ടാവും. മഴവെള്ളം കുടിവെള്ളമായും സൂര്യപ്രകാശം സൗരോർജ്ജമായും ഉപയോഗിക്കുന്ന ഹവായിയുടെ വിലക്കപ്പെട്ട ദ്വീപിന്റെ വിശേഷങ്ങൾ അറിയാം. 

ഇൻറർനെറ്റും മൊബൈൽ ഫോണും ആശുപത്രിയും ഇല്ലാത്ത നാട് 

ഒരു നിമിഷം പോലും മൊബൈൽ ഫോൺ ഇല്ലാത്ത ജീവിതം നമുക്കാർക്കും ചിന്തിക്കാനാകില്ല. അപ്പോൾ ഇന്റർനെറ്റ് അടക്കമുള്ള ആധുനിക സജ്ജീകരണങ്ങളൊന്നുമില്ലാതെ ജീവിക്കേണ്ട അവസ്ഥയോ? നമുക്ക് പറ്റിയില്ലെങ്കിലും നിഹൗ ദ്വീപിലുള്ളവർക്ക് ഇത് സാധിക്കും. ഇവിടുത്തെ സ്ഥിരം താമസക്കാരായ ആളുകളുടെ എണ്ണം നൂറിൽ താഴെയാണ്. ദ്വീപിൽ റോഡുകളോ ആശുപത്രിയോ പൊലീസ് സ്റ്റേഷനോ ഒന്നും തന്നെ ഇവിടെയില്ല. വെള്ളത്തിനായി മഴവെള്ളത്തെയാണ് ഇവർ പൂർണമായും ആശ്രയിക്കുന്നത്.

Niihau
By CSNafzger/shutterstock

ബാഹ്യലോകവുമായി യാതൊരു ബന്ധവുമില്ലാത്തതുകൊണ്ടാവാം  ദ്വീപിന്റെ പൈതൃകവും പരമ്പരാഗതമായ സംസ്കാരവും ഇന്നും കേടുപാടുകൾ ഒന്നുമില്ലാതെ സംരക്ഷിച്ചു പോകാൻ സാധിക്കുന്നത്. വംശനാശ ഭീഷണി നേരിടുന്ന നിരവധി വന്യജീവികളെയും ഇവിടെ കാണാനാകും.

മറ്റൊന്ന് ദ്വീപിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നത് സൗരോർജ്ജത്തിൽ നിന്നുമാണ്. പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഹവായിയിലെ തന്നെ ഏക വിദ്യാലയം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ദ്വീപിൽ കാറുകൾ കുറവാണ്, മിക്ക ആളുകളും ബൈക്കിലോ കാൽനടയായോ ആണ് സഞ്ചാരം. മറ്റൊരു പ്രത്യേകത പൂർവ്വികരിൽ നിന്ന് കൈമാറിയ പഴയ രീതികൾ ഉപയോഗിച്ച് വേട്ടയാടിയും  മീൻപിടിച്ചുമാണ് ഇവിടുത്തെ നിവാസികൾ ഉപജീവനം കഴിക്കുന്നത്.

പ്രവേശനം ക്ഷണക്കത്തിലൂടെ മാത്രം

ദ്വീപിന് പുറത്തുനിന്നുള്ളവർക്ക് അത്രപെട്ടെന്ന് അകത്തേക്ക് പ്രവേശിക്കാനാവില്ല. റോബിൻസൺ കുടുംബം, അവരുടെ ബന്ധുക്കൾ, ക്ഷണിക്കപ്പെട്ട അതിഥികൾ, സർക്കാർ ഉദ്യോഗസ്ഥർ, യുഎസ് നേവി ഉദ്യോഗസ്ഥർ എന്നിവരെ മാത്രമേ ഇവിടെ അനുവദിക്കൂ. 1987 മുതൽ, ദ്വീപിന്റെ ഉടമസ്ഥതയിലുള്ള കുടുംബം ബീച്ചിൽ ടൂറിസം അനുവദിക്കുകയും പരിമിതമായ അളവിൽ വിനോദസഞ്ചാരികൾക്ക് മീൻപിടുത്തം സഫാരി തുടങ്ങിയ പ്രവർത്തനങ്ങളും അനുവദിച്ചിട്ടുണ്ട്. ദ്വീപ് സന്ദർശിക്കാൻ റോബിൻസൺ കുടുംബത്തിലെ അംഗമോ സ്ഥിരമായ നിഹൗ നിവാസിയോ നിങ്ങളെ ക്ഷണിക്കണം.

വിലക്കപ്പെട്ട ദ്വീപ് - നിഹൗ

180 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഹവായിയിലെ ഒരു ചെറിയ ദ്വീപാണ് നിഹൗ. ഈ ദ്വീപ് വിലക്കപ്പെട്ടതായിത്തീർന്നതിന് പിന്നിൽ ഒരു ചരിത്രം തന്നെയുണ്ട്. യഥാർത്ഥത്തിൽ 10,000 ഡോളർ വിലയുള്ള സ്വർണ്ണം കൊടുത്ത് വാങ്ങിയതാണ് ഈ ദ്വീപ്. 1864 -ൽ എലിസബത്ത് സിൻക്ലെയർ എന്ന വിദേശവനിത ഈ ദ്വീപ് 10,000 ഡോളർ സ്വർണ്ണത്തിന് ഹവായിയൻ രാജാവ് കാമെഹമെഹ അഞ്ചാമനിൽ നിന്ന് വാങ്ങുകയായിരുന്നു. ഇന്നത്തെ കാലത്ത് ഈ തുകയ്ക്ക് ഒരു ചെറിയ വീട് വാങ്ങാൻ പോലും കഴിയില്ലെങ്കിലും, അക്കാലത്തത് വളരെ വലിയ തുകയായിരുന്നു.

ദ്വീപ് കൈമാറുമ്പോൾ രാജാവിന്റെ ഒരേയൊരു അഭ്യർത്ഥന സിൻക്ലെയർ കുടുംബം ദ്വീപിനെയും അതിലെ നിവാസികളെയും ബാഹ്യ സ്വാധീനങ്ങളിൽ നിന്ന് സംരക്ഷിക്കണമെന്നത് മാത്രമായിരുന്നു. അത് ഇന്നും തുടരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് ദ്വീപിൽ ജാപ്പനീസ് നാവികസേനയുടെ ഒരു യുദ്ധവിമാനം തകർന്നു വീണ് പൈലറ്റ് മരണപ്പെട്ടിരുന്നു. 

ഭാഷ

ഈ വിലക്കപ്പെട്ട നാടിന്റെ അതിശകരമായ മറ്റൊരു കാര്യമാണ് ഇവിടുത്തെ ഭാഷ. പ്രാഥമിക ഭാഷയായി ഹവായിയൻ സംസാരിക്കുന്ന ലോകത്തിലെ ഒരേയൊരു സ്ഥലമാണ് നിഹൗ. ഒപ്പം ഇവിടുത്തുകാർ തന്നെ വികസിപ്പിച്ചെടുത്ത ഒലെലോ കനക നിഹൗ എന്ന സ്വന്തം ഭാഷയുമുണ്ട്.

English Summary: Exploring Niihau: the forbidden island in Hawaii

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com