ADVERTISEMENT

കരയിലെ യാത്രകള്‍ മടുത്തെങ്കില്‍ ഉലകം ചുറ്റാന്‍ ഇനി കടലിലേക്കിറങ്ങാം, അതും എല്ലാ വിധ ആഡംബരങ്ങളോടും കൂടിയ കപ്പലില്‍! ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷനാണ്(IRCTC) തിരകള്‍ക്ക് മുകളിലെ ഈ സ്വപ്നയാത്രയ്ക്ക് സഞ്ചാരികള്‍ക്ക് അവസരമൊരുക്കുന്നത്. സ്വകാര്യ കമ്പനിയായ കോർഡേലിയ ക്രൂസുമായി സഹകരിച്ച്, ഐആര്‍സിടിസി ഒരുക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ആഡംബര തദ്ദേശീയ ക്രൂസ് ലൈനർ യാത്രക്കാര്‍ക്കായി ബുക്കിങ് ആരംഭിച്ചു. താല്‍പര്യമുള്ള സഞ്ചാരികള്‍ക്ക് ഐആർസിടിസി വെബ്സൈറ്റ് ആയ http://www.irctctourism.com- ൽ ബുക്കിങ് നടത്താം

luxury-cruise4
Image From cordelia cruises Official Site

ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ ആഡംബര കപ്പലിന്‍റെ പ്രൊമോഷനും മാര്‍ക്കറ്റിംഗിനുമായി കോർഡേലിയ ക്രൂസുമായി കരാർ ഒപ്പിട്ടതായി ഐആർസിടിസിയാണ് അറിയിച്ചത്. ജനങ്ങള്‍ക്കായി ഐആർസിടിസി ഒരുക്കുന്ന മറ്റൊരു അവിശ്വസനീയമായ ആഡംബര യാത്രാ ഓഫറാണിതെന്ന് റെയിൽവേ യൂണിറ്റ് പ്രസ്താവനയിൽ പറയുന്നു.

luxury-cruise1
Image From cordelia cruises Official Site

ആഡംബരവും സ്റ്റൈലും ഒരുപോലെ ഒത്തുചേരുന്നതും ഇന്ത്യയുടെ തനതായതുമായ അനുഭവങ്ങളിലൂടെ രാജ്യത്ത് ക്രൂസ് സംസ്കാരത്തെ പ്രോത്സാഹിപ്പിക്കാനും വളര്‍ത്താനുമാണ് പ്രീമിയം ക്രൂസ് ലൈനറായ കോർഡീലിയ ക്രൂസ് ലക്ഷ്യമിടുന്നത്. ഇന്ത്യക്കാര്‍ ഇഷ്ടപ്പെടുന്ന തരത്തിലുള്ള ഒരു അവധിക്കാലമായിരിക്കും ക്രൂസില്‍ ഒരുങ്ങുക. പദ്ധതിയുടെ ഭാഗമായി ഗോവ, ദിയു, ലക്ഷദ്വീപ്, കൊച്ചി, ശ്രീലങ്ക തുടങ്ങിയ മനോഹരമായ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ക്രൂസ് യാത്ര ഒരുക്കും. 

luxury-cruise2
Image From cordelia cruises Official Site

സെപ്റ്റംബർ 18 മുതൽ കോർഡേലിയ ക്രൂസ് യാത്ര ആരംഭിക്കും. ആദ്യ ഘട്ടത്തിൽ മുംബൈയില്‍ നിന്നും വിവിധ ഇന്ത്യൻ ലക്ഷ്യസ്ഥാനങ്ങളിലൂടെ സഞ്ചരിക്കും. പിന്നീട് 2022 മെയ് മുതൽ കപ്പൽ ചെന്നൈയില്‍ നിന്നും ശ്രീലങ്കയിലെ കൊളംബോ, ഗാലി, ട്രിങ്കോമാലി ജാഫ്ന തുടങ്ങിയ ഇടങ്ങളിലേക്ക് യാത്ര നടത്തും. മുംബൈ-ഗോവ-മുംബൈ, മുംബൈ-ദിയു-മുംബൈ, മുംബൈ-കടൽയാത്ര-മുംബൈ, കൊച്ചി-ലക്ഷദ്വീപ്-കടല്‍യാത്ര-മുംബൈ, മുംബൈ-കടൽയാത്ര-ലക്ഷദ്വീപ്-കടൽയാത്ര-മുംബൈ എന്നിങ്ങനെയാണ് ഇപ്പോള്‍ കോർഡേലിയ ക്രൂസ് ഒരുക്കുന്ന പ്രധാന ടൂറുകള്‍.

സഞ്ചാരികള്‍ക്കായി റെസ്റ്റോറന്റുകൾ, സ്വിമ്മിങ് പൂൾ, ബാറുകൾ, ഓപ്പൺ സിനിമാസ്, തിയേറ്റർ, കിഡ്സ് ഏരിയ, ജിംനേഷ്യം എന്നിങ്ങനെ ധാരാളം ആഡംബരങ്ങളും വിനോദങ്ങളുമെല്ലാം ക്രൂയിസുകള്‍ക്കുള്ളിലുണ്ടാകും. 

കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിച്ചായിരിക്കും യാത്ര. ക്രൂ അംഗങ്ങൾ എല്ലാവരും തന്നെ പൂർണ്ണമായും പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കപ്പലിനുള്ളില്‍ അതിഥികളുടെ എണ്ണം പരിമിതപ്പെടുത്തും. ആവശ്യമായ എല്ലാ മെഡിക്കൽ അവശ്യവസ്തുക്കളും ഉൾക്കൊള്ളുന്ന ഒരു മെഡിക്കൽ സെന്ററും ഇതിനുള്ളില്‍ ഉണ്ടാകും. 

luxury-cruise
Image From cordelia cruises Official Site

എല്ലാ പ്രമുഖ രാജ്യാന്തര ക്രൂസ് ലൈനറുകളുമായും കരാർ ഒപ്പിടാനുള്ള ശ്രമത്തിലാണ് ഐആർസിടിസി. കോവിഡ് സാഹചര്യം മാറി കമ്പനികള്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതോടെ പദ്ധതി കൂടുതല്‍ വിപുലമാകും എന്നാണു പ്രതീക്ഷിക്കുന്നത്.  

English Summary: IRCTC to launch India's first luxury cruise liner from 18 September, bookings open

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com