ഇവിടെ ആപ്പിള്‍മരങ്ങള്‍ ഐസ് കൊണ്ട് മൂടുന്നതിനു പിന്നിലെ രഹസ്യം!

apple-orchards1
By AerialVision_it/shutterstock
SHARE

കുറഞ്ഞ തുക മുടക്കി കണ്ടു വരാൻ കഴിയുന്ന രാജ്യമാണ് ഇറ്റലി. ലോകത്തിലെ മറ്റേതൊരു രാജ്യത്തിനവകാശപ്പെടാവുന്നതിലധികം, ചരിത്ര പൈതൃകവും പ്രകൃതിഭംഗിയും ഈ രാജ്യത്തിനുണ്ട്. സാംസ്കാരിക പൈതൃകം ഉള്ള രാജ്യം കൂടിയാണ് ഇറ്റലി. ചരിത്രാന്വേഷികളുടെ പറുദീസ. സഞ്ചാരികള്‍ ഏറെ ഇഷ്ടപ്പെടുന്നതാണ് ഇറ്റലിയിലെ വെനീസ്, കായലിനു നടുവിൽ ഉയർന്നു നിൽക്കുന്ന കെട്ടിടങ്ങളുടെ നഗരമാണ്. ഇൗ കാഴ്ചകൾക്കപ്പുറം സഞ്ചാരികളെ അതിശയിപ്പിക്കുന്ന ഇടങ്ങളും ഇന്നാട്ടിലുണ്ട്.

ഐസ് കൊണ്ട് മൂടുന്ന ആപ്പിളുകൾ

ഇറ്റലിയിലെ തന്നെ ഏറ്റവും രുചികരമായ ആപ്പിളുകള്‍ക്ക് പേരുകേട്ട ഇടമാണ് ആൽപ്‌സ് പര്‍വതനിരകള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന വാൽ‌ടെലിന താഴ്‌വര. ഇവിടെ മലഞ്ചെരിവുകള്‍ തട്ടുതട്ടാക്കി തിരിച്ച്, നട്ട ആപ്പിള്‍മരങ്ങളില്‍ ചുവന്നുതുടുത്ത ആപ്പിളുകള്‍ തൂങ്ങിക്കിടക്കുന്നത് അതിമനോഹരമായ കാഴ്ചയാണ്. ഹൃദ്യമായ സുഗന്ധവും പ്രത്യേക രുചിയുമാണ് ഈ ആപ്പിളുകള്‍ക്ക്. 

സീസണ്‍ സമയത്ത് ആപ്പിളുകള്‍ വിളഞ്ഞുകിടക്കുന്ന കാഴ്ച കാണാനായി നിരവധി സഞ്ചാരികള്‍ ഇവിടേക്ക് എത്താറുണ്ട്. വസന്തകാലത്ത്, ആപ്പിള്‍ മരങ്ങളില്‍ പൂക്കള്‍ വിടരുന്ന സമയത്ത് കാൽനടക്കാരും ബൈക്ക് യാത്രക്കാരുമെല്ലാം ഇവിടേക്ക് ഒഴുകിയെത്തുന്നത് പതിവാണ്. എന്നാല്‍, ഈയിടെയായി മറ്റൊരു കാഴ്ചയാണ് വാൽ‌ടെലിന താഴ്‌വരയെ വാര്‍ത്തകളില്‍ നിറച്ചത്. ആപ്പിള്‍ കർഷകർ അവരുടെ പൂക്കള്‍ വിരിഞ്ഞ ആപ്പിൾ മരങ്ങൾ ഐസ് കൊണ്ട് മൂടുന്ന കാഴ്ചയാണ് അത്.

apple-orchards
By AerialVision_it/shutterstock

എന്തുകൊണ്ടാണ് അവര്‍ ഈ ആപ്പിള്‍ മരങ്ങളില്‍ ഐസ് കൊണ്ടു പൊതിഞ്ഞത്? മാർച്ചിലെ വേനല്‍ക്കാലത്തിനു ശേഷം, ഈ പ്രദേശങ്ങളില്‍ കടുത്ത തണുപ്പനുഭവപ്പെട്ടിരുന്നു. ഏപ്രിൽ മാസത്തെ താപനില പ്രതിമാസ ശരാശരിയേക്കാൾ കുറവായി. ഫ്രാൻസ്, ഇറ്റലി, സ്പെയിൻ എന്നിവിടങ്ങളിലുടനീളമുള്ള കർഷകർ അവരുടെ വിളകളെ തണുപ്പിൽ നിന്ന് രക്ഷിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കൈക്കൊണ്ടു. ഉദാഹരണത്തിന്,  പല വൈൻ നിർമാതാക്കളും, താപനില വളരെ കുറയുന്നത് തടയാൻ മുന്തിരിത്തോട്ടങ്ങള്‍ക്കിടയില്‍ കൂറ്റൻ മെഴുകുതിരികൾ കത്തിച്ചു വച്ചിരുന്നു. ഇങ്ങനെ മെഴുകുതിരികള്‍ നിറഞ്ഞ മുന്തിരിത്തോട്ടങ്ങളുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 

ഇതുപോലെ, തികച്ചും ശാസ്ത്രീയമായ രീതിയില്‍ തണുപ്പിനെ പ്രതിരോധിക്കുന്നതിനായാണ് അവര്‍ ഈ മാര്‍ഗ്ഗം അവലംബിച്ചത്. തണുപ്പില്‍ നിന്നും പ്രതിരോധം നല്‍കുന്ന വസ്തുവായതിനാല്‍, വാൽ‌ടെലിനയിലെ ആപ്പിള്‍ കര്‍ഷകര്‍ അവരുടെ ആപ്പിള്‍ മരങ്ങള്‍ മുഴുവന്‍ ഐസ് കൊണ്ടു മൂടി. അങ്ങനെ കടുത്ത വിളനാശത്തില്‍ നിന്നും അതുമൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തില്‍ നിന്നും സ്വയം രക്ഷിക്കാന്‍ അവര്‍ക്കായി. 

ഐസ് കൊണ്ടു മൂടിയ ആപ്പിള്‍ മരങ്ങളുടെ കാഴ്ചയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഏപ്രില്‍ മാസത്തെ സൂര്യരശ്മികളില്‍, തിളങ്ങുന്ന ഐസ് ശിൽപങ്ങൾ പോലെ അതിമനോഹരമായി നില്‍ക്കുന്ന ആപ്പിള്‍ മരങ്ങളുടെ ദൃശ്യം അതീവഹൃദ്യമായിരുന്നു. ചുറ്റുമുള്ള, മഞ്ഞുമൂടാത്ത പര്‍വതങ്ങളുടെ പശ്ചാത്തലം കൂടിയായപ്പോള്‍ അവയുടെ സൗന്ദര്യം ഇരട്ടിച്ചു. 

തണുത്ത താപനില സാധാരണയായി വിളകളെ, പ്രത്യേകിച്ച് അതിലോലമായ പൂക്കളെ നശിപ്പിക്കും. എന്നാൽ തണുപ്പുള്ള കാലാവസ്ഥയില്‍ ഐസിന് ഇവയ്ക്ക് സംരക്ഷണമേകാന്‍ സാധിക്കും. ഐസിന് താപചാലകത കുറവായതിനാല്‍ ഉള്ളിലെ തണുപ്പ് വീണ്ടും കുറയില്ല. മഞ്ഞുവീടുകളായ ഇഗ്ളൂകളില്‍ ഇന്യൂട്ട്‌ വംശജര്‍ പ്രയോഗിക്കുന്ന അതേ തത്വം തന്നെയാണ് ഇവിടെയും ബാധകമാകുന്നത്. 

വാൽടെലിനയിലെ ആപ്പിൾ തോട്ടങ്ങളിൽ 25 ശതമാനവും ഇത്തരം പ്രതിരോധ ജലസേചന സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. കൂറ്റൻ സ്പ്രിംഗളറുകൾ ഉപയോഗിച്ചാണ് മരങ്ങളില്‍ വെള്ളം തളിക്കുന്നത്. അന്തരീക്ഷ താപനില ഒരു നിശ്ചിത അളവില്‍ താഴുമ്പോള്‍ എത്തുമ്പോൾ ഇവ പ്രവര്‍ത്തന സജ്ജമാകും. ഇത്തരം സജ്ജീകരണങ്ങള്‍ ഇല്ലാത്ത ആപ്പിള്‍ തോട്ടങ്ങളില്‍ ഇക്കുറി കടുത്ത നാശനഷ്ടങ്ങളാണ് ഉണ്ടായത്. 

English Summary: Why Italian Apple Farmers Are Coating Their Orchards in Ice

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA