ലോകത്ത് ഏറ്റവും സന്തോഷമുള്ള ജനത ഇവിടെയാണ്

finland
SHARE

കഥകളിലൂടെയും പുസ്തകങ്ങളിലൂടെയും കേട്ടറിഞ്ഞ ചരിത്രത്തിലേക്കു യാത്ര ചെയ്യുകയെന്നത് ഏതൊരു സഞ്ചാരിയുടെയും ആഗ്രഹമാണ്. ജോലിത്തിരക്കുകൾക്കിടയിൽ നിന്ന് കാലങ്ങൾ പിന്നിലേക്കൊരു യാത്ര ആരും കൊതിക്കും. ഒരിക്കലെങ്കിലും ഇത്തരം ടൈം ട്രാവൽ സ്വപ്നങ്ങൾ കാണാത്ത ആരുമുണ്ടാകില്ല. 

finland-travel

ഇന്നും വർഷത്തിന്റെ മുക്കാൽ ഭാഗവും കടുത്ത ശൈത്യത്തിലാണ്ടു കിടക്കുന്ന കുഞ്ഞൻ രാജ്യമാണ് ഫിൻലൻഡ്. മരം കോച്ചുന്ന തണുപ്പിനെ അതിജീവിച്ച് ഇന്നാട്ടുകാർ മുന്നേറി. വികസനത്തിന്റെ പടവുകൾ ഒന്നൊന്നായി കീഴടക്കി. വിവിധ പഠനങ്ങളിൽ ലോകത്തേറ്റവും സന്തോഷവാന്മാരായ ജനത ഇന്ന് ഫിൻലൻഡിലെയാണ്. 

finland-travel1

അസ്ഥികൾ പോലും മരവിക്കുന്ന കൊടും തണുപ്പിൽ ഫിൻലൻഡിലെ പൂർവികർ എങ്ങനെ അതിജീവിച്ചു എന്നതിന്റെ നേർക്കാഴ്ച ഫിൻലൻഡ് സഞ്ചാരികൾക്കായി ഒരുക്കുന്നുണ്ട്. കിയേറിക്കി എന്ന ശിലായുഗ ഗ്രാമത്തിലാണ് പഴമയുടെ കാഴ്ചകൾ ഇന്ന് സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്. 2001 മുതൽ ഇതു തുറന്നു നൽകി. 

∙ വൈവിധ്യത്തിന്റെ ഫിൻലൻഡ്

സാങ്കേതിക വിദ്യയിൽ  മുൻനിരയിലാണെന്നതിനൊപ്പം ചരിത്രവും, പ്രകൃതിയും, സംരക്ഷിക്കുന്നതിലും ഫിൻലൻഡ് വലിയ പ്രാധാന്യം  കൊടുക്കുന്നുണ്ട്. യൂറോപ്യൻ  യൂണിയനിലെ രാജ്യങ്ങളിൽ ഭൂമിയുടെ ഏറ്റവും വടക്കേയറ്റത്താണ് ഫിൻലൻഡിന്റെ സ്ഥാനം. ജനസാന്ദ്രതയും കൃഷിയും കേന്ദ്രീകരിച്ചിരിക്കുന്നത് തെക്കൻ ഫിൻലൻഡിലാണ്. കൂടുതൽ സമയം മഞ്ഞു മൂടിക്കിടക്കുന്ന വടക്കൻ ഫിൻലൻഡിൽ താരതമ്യേന ജന സാന്ദ്രത കുറവാണ്. വൈവിധ്യങ്ങളുടെയും വൈരുധ്യങ്ങളുടെയും സമ്മേളനമാണ് ഫിൻലൻഡിലെ ശൈത്യവും വേനലും. 

finland-travel2

മഞ്ഞു കാലത്തു വെള്ളപ്പുതപ്പു വിരിച്ച പോലെ മഞ്ഞു പടർന്നു നിറയും. എന്നാൽ തീരെച്ചെറിയ  കാലമെങ്കിലും വേനലിൽ പച്ച പുതച്ചു  ഉന്മേഷവതിയാകും പ്രകൃതി. അത് കൊണ്ട് മേയ് അവസാനം മുതൽ സെപ്റ്റംബർ അവസാനം വരെയുള്ള സമയങ്ങളിൽ കിട്ടുന്നിടത്തോളം സമയം പ്രകൃതിയിലേക്കിറങ്ങുക എന്നതാണ് മിക്കവരുടെയും ഒഴിവുകാല വിനോദം. 

കോവിഡ് കാരണം രാജ്യത്തിന് പുറത്തേക്കുള്ള യാത്രകൾക്കു നിയന്ത്രണമുണ്ടായപ്പോഴാണ് കിയെറിക്കി എന്ന സ്ഥലത്തു വളരെ വ്യത്യസ്തമായ  ഒരു പുരാവസ്തു പര്യവേഷക കേന്ദ്രമുണ്ടെന്നറിഞ്ഞത്. അതോടെ യാത്ര അവിടേക്ക്.

∙ അതിജീവനത്തിന്റെ നേർക്കാഴ്ച: കിയേറിക്കി

ആധുനിക സൗകര്യങ്ങളൂടെ സഹായത്താൽ ശൈത്യത്തെ സുഖകരമായി തരണം ചെയ്യാമെങ്കിലും  ഇതൊന്നുമില്ലാതിരുന്ന ഒരു കാലത്ത് മനുഷ്യന്റെ അതിജീവനത്തിന്റെ നേർക്കാഴ്ചയാണ് കിയേറിക്കിയിലെ ശിലായുഗ ഗ്രാമത്തിൽ ഒരുക്കിയിരിക്കുന്നത്. 1960കളിൽ തുടങ്ങിയ പര്യവേഷണത്തിലാണ് ഇവിടെ ശിലായുഗ ജീവിതത്തിന്റെ തെളിവുകൾ ലഭിക്കുന്നത്. അതുവരെ മഞ്ഞുറഞ്ഞു കിടക്കുന്ന വടക്കൻ മേഖലകളിൽ ജീവിച്ചിരുന്ന പൗരാണിക മനുഷ്യർ ഒരു സ്ഥലത്തു തന്നെ സ്ഥിരമായി താമസിക്കാതെ തണുപ്പ് കാലത്തു മറ്റു സ്ഥലങ്ങളിലേക്കു പോകുകയും ,കാലാവസ്ഥ അനുകൂലമാകുമ്പോൾ തിരിച്ചെത്തുകയും ചെയ്യുന്ന രീതിയിൽ അലഞ്ഞു തിരിയുന്ന ജീവിതമാണ് നയിച്ചിരുന്നത് എന്നായിരുന്നു  അനുമാനം. 

finland-travel3

എന്നാൽ കിയെറിക്കിയിൽ നിന്നു കുഴിച്ചെടുത്ത തെളിവുകൾ സൂചിപ്പിച്ചതു വർഷം മുഴുവൻ നദീ തീരത്തു തന്നെ വീടുണ്ടാക്കി, നദിയെയും, ചുറ്റുമുള്ള  കാടിനെയും ആശ്രയിച്ച് എല്ലാ കാലവും അവിടെത്തന്നെ കഴിഞ്ഞ മനുഷ്യരുടെ കഥയാണ്. കൃഷി തീരെ ഉണ്ടായില്ലെങ്കിലും, സുലഭമായ മത്സ്യ സമ്പത്തും , വേട്ടയാടിപ്പിടിക്കുന്ന മൃഗങ്ങളും, വേനൽക്കാലത്തു പലതരം ബെറികൾ നിറയുന്ന കാടും ഇവിടെ അതിജീവനം സാധ്യമാക്കി. വേട്ടയാടിപ്പിടിച്ച മൃഗങ്ങൾ ഭക്ഷണമായും അവയുടെ തോൽ തണുപ്പിനെ അകറ്റാനുള്ള വസ്ത്രങ്ങളായും പരിണമിച്ചു. 

finland-travel8

വേട്ടയാടാൻ  ഉപയോഗിച്ചിരുന്ന പലതരം ആയുധങ്ങൾ, മൃഗത്തോൽ കൊണ്ടുള്ള വസ്ത്രങ്ങൾ, പ്രകൃതിജന്യ വസ്തുക്കൾ മാത്രമുപയോഗിച്ചു നിർമിച്ച ചെറിയ കുടിലുകൾ തുടങ്ങിയവ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ബിർച്ചും പൈൻ മരങ്ങളും തിങ്ങി വളരുന്ന കാട്ടിനുള്ളിൽ ചെറുതും വലുതുമായ പലതരം മൃഗങ്ങളെ പിടിക്കാൻ ഉപയോഗിച്ചിരുന്ന കെണികളും കാണാം. 

∙ ചരിത്രം കൺമുന്നിൽ

വളരെ നല്ല രീതിയിൽ ക്രമീകരിച്ച മ്യൂസിയത്തിൽ നിന്നാണു കാഴ്ചകൾ തുടങ്ങുന്നത്. മ്യൂസിയത്തിനുള്ളിലെ തിയറ്ററിൽ ശിലായുഗ ജീവിതത്തിന്റെ ഒരു   ഷോർട് ഫിലിം പ്രദർശനവും ഉണ്ടായി. മ്യൂസിയത്തിനുള്ളിൽ പലപ്പോഴായുള്ള പുരാവസ്തു  പര്യവേഷണത്തിൽ ലഭിച്ച പല തരം വസ്തുക്കൾ അടുക്കോടെയും ചിട്ടയായും സൂക്ഷിച്ചിരിക്കുന്നു. മ്യൂസിയത്തിന്റെ കവാടത്തിനടുത്തു തന്നെ ഒന്നര കിലോമീറ്റര് നീളമുള്ള പലകകൾ പാകിയ ഒരു നടപ്പാതയുണ്ട്. അതവസാനിക്കുന്നത് മനോഹരമായ നദീതീരത്താണ്. 

finland-travel4

കുറച്ചധികം സ്ഥലം വിശാലമായ മണൽപ്പരപ്പിൽ പരന്നു കിടക്കുന്നു. അവിടെയാണ് ശിലായുഗ മനുഷ്യരുടെ കുടിലുകളും , ആയോധന വിദ്യയുടെ പ്രദർശനവും. യൂണിവേഴ്സിറ്റിയിൽ ചരിത്രം പഠിക്കുന്ന രണ്ടു പേർ സമ്മർ ഇന്റേൺസായി അവിടെയുണ്ട് , കൂടുതൽ വിശദീകരണങ്ങൾ നൽകാനും , അമ്പും വില്ലും ഉപയോഗിക്കുന്നത് കാണിക്കാനുമൊക്കെയായി. സന്ദർഭോചിതമായ സ്വാഭാവികത തോന്നിയ്ക്കാൻ , മൃഗത്തോൽ കൊണ്ടുള്ള വേഷമാണ് രണ്ടാൾക്കും. 

finland-travel7

∙ യാത്ര, നൂറ്റാണ്ടുകൾ പിന്നിലേക്ക്

ഒരു മരത്തിനു ചുറ്റും കൂട്ടിയിട്ടിരിക്കുന്ന ഉരുളൻ കല്ലുകളും അടുത്ത് തന്നെ ചുവന്ന ചായവുമുണ്ട്. നമുക്കിഷ്ടമുള്ള രൂപങ്ങൾ കല്ലുകളിൽ വരച്ചെടുക്കാം, പുരാതന മനുഷ്യർ അണിഞ്ഞിരുന്ന കല്ല് കൊണ്ടുള്ള ആഭരങ്ങളാക്കാം. ചില കല്ലുകൾ മുൻപ് വന്നു പോയവർ പകുതി ചായം തേച്ചു ഉപേക്ഷിച്ചിരിക്കുന്നു ,മറ്റു ചിലത് തൊട്ടടുത്തുള്ള മരച്ചില്ലകളിൽ തൂക്കിയിട്ടിരിക്കുന്നു ,ഏതോ ഗോത്ര ആചാരത്തിന്റെ ബാക്കി എന്ന പോലെ. ഒരു കല്ലിനെ മറ്റൊന്നു കൊണ്ടുരച്ച് തുളയുണ്ടാക്കി ചീകിയെടുത്ത മരത്തൊലി കൊണ്ടുള്ള നീളൻ മാലയുണ്ടാക്കി ആഭരണമണിയാം . തീ കായാനുള്ള സൗകര്യങ്ങളും മരത്തൊലി കൊണ്ടുള്ള വാതിൽ തൂക്കിയ ചെറു കുടിലുകളും ചെറുതും വലുതുമായ മൃഗങ്ങളെ വേട്ടയാടാനുള്ള കെണികൾ പ്രദർശിപ്പിച്ചിരിക്കുന്നതും ഒക്കെ കണ്ടു തിരിച്ചു നടന്നു. ചതുപ്പിൽ മാത്രം വളരുന്ന ഓറഞ്ചു നിറത്തിലുള്ള ക്ലൗഡ് ബെറികൾ കെട്ടിപ്പൊക്കിയ തടിപ്പാതയുടെ അടിയിലൂടെ തല നീട്ടുന്നുണ്ട്.

finland-travel5

കുറച്ചു മണിക്കൂറുകൾ  അവിടെ ചെലവഴിച്ച ശേഷം തിരിച്ചിറങ്ങി ശീതീകരിച്ച ബസിലേക്കു കയറുമ്പോൾ നഗര ജീവിതത്തിന്റെ സൗകര്യങ്ങളിൽ നിന്നു നൂറ്റാണ്ടുകൾ പിന്നിലേക്കു യാത്ര ചെയ്തു തിരിച്ചെത്തിയ പ്രതീതിയായിരുന്നു‌.

finland-travel6

ഡോ. ആശ അരവിന്ദ്, നോർത്തേൺ ഫിൻലൻഡിലെ യൂണിവേഴ്സിറ്റി ഓഫ് ഔളുവിൽ ഗവേഷകയാണു ലേഖിക

English Summary: Finland ranked happiest country in the world

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA