ADVERTISEMENT

വിർജീനിയയില്‍, പ്രകൃതി സൗന്ദര്യത്തിനും ചരിത്രമുറങ്ങുന്ന സ്ഥലങ്ങൾക്കും കെട്ടിടങ്ങള്‍ക്കുമെല്ലാം പേരുകേട്ട മനോഹരമായ താഴ്‌വരയാണ് ഷെനാൻദോവ. മാത്രമല്ല, കലകളുടെയും സംസ്കാരത്തിന്‍റെയും സമ്പന്നതയും പ്രാദേശിക പാനീയങ്ങളും വിഭവങ്ങളും സാഹസികര്‍ക്കായുള്ള ഔട്ട്ഡോര്‍ വിനോദങ്ങളുമെല്ലാം ഇവിടം കൂടുതല്‍ ആകര്‍ഷകമാക്കുന്നു. വിർജീനിയയിലെ പ്രശസ്തമായ ഷെനാൻദോവ താഴ്‌വരയുടെ തെക്കൻ ഭാഗത്ത് ഒരു വിര്‍ച്വല്‍ ടൂര്‍ നടത്തിയാലോ?

സ്റ്റോണ്‍ടണ്‍, വിര്‍ജീനിയ

ഒട്ടനവധി സവിശേഷതകള്‍ നിറഞ്ഞ ഒരു കൊച്ചു പട്ടണമാണ് സ്റ്റോണ്‍ടണ്‍. സംഗീതവും കലയും ഇവിടത്തെ കാറ്റില്‍പ്പോലുമുണ്ട് എന്ന് തോന്നും. ചരിത്രമുറങ്ങുന്ന തെരുവോരങ്ങളില്‍ അവിടവിടെയായി കടകളും ഗാലറികളുമെല്ലാം കാണാം. ലോകനിലവാരത്തിലുള്ള തിയേറ്ററും കൗതുകമുണര്‍ത്തുന്ന മ്യൂസിയങ്ങളും മറ്റൊരു കാഴ്ചയാണ്. രുചികരമായ നാടന്‍ ഭക്ഷണത്തിനും ഇവിടം പേരുകേട്ടതാണ്. സാഹസിക വിനോദങ്ങളും പ്രകൃതിഭംഗി ആസ്വദിച്ചു കൊണ്ടുള്ള ഡ്രൈവുമെല്ലാം സഞ്ചാരികള്‍ക്ക് ഏറെ ഇഷ്ടപ്പെടും.

7Main-Downtown-shot

അമേരിക്കൻ ഷേക്സ്പിയർ സെന്റേഴ്സ് ബ്ലാക്ക്ഫ്രിയേഴ്സ് പ്ലേഹൗസ്

സ്റ്റോണ്‍ടണില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു കാഴ്ചയാണ് അമേരിക്കൻ ഷേക്സ്പിയർ സെന്റേഴ്സ് ബ്ലാക്ക്ഫ്രിയേഴ്സ് പ്ലേഹൗസ്. ഷേക്സ്പിയറുടെ ഇൻഡോർ തിയേറ്ററിന്‍റെ ലോകത്തിലെ ഏക പുനർനിർമ്മാണമാണിത്. ഷേക്സ്പിയറിന്‍റെ യഥാർത്ഥ ബ്ലാക്ക്ഫ്രിയേഴ്സ് തിയേറ്റർ 13 -ആം നൂറ്റാണ്ടില്‍ ഒരു ആശ്രമത്തിലായിരുന്നു ഉണ്ടായിരുന്നത്. 1666- ല്‍ ലണ്ടനിലുണ്ടായ വലിയ തീപ്പിടുത്തത്തില്‍ ഇത് കത്തി നശിച്ചു. 

4Frontier-Culture-Museum-2

വർഷങ്ങളുടെ ഗവേഷണത്തിനും കഠിനാധ്വാനത്തിനും ശേഷമാണ് 2001ൽ സ്റ്റോണ്‍ടണ്‍ ബ്ലാക്ക്ഫ്രിയേഴ്സ് പ്ലേഹൗസ് നിർമ്മിച്ചത്. ഇവിടെ ഷേക്സ്പിയറുടെ നാടകങ്ങളുടെയും സമകാലിക സൃഷ്ടികളുടെയും  വർഷം മുഴുവനും പ്രദർശിപ്പിക്കുന്നു. ഇവിടുത്തെ കാഴ്ചകള്‍ കാണാം.

ഫ്രണ്ടിയർ കൾച്ചർ മ്യൂസിയം, വിര്‍ജീനിയ

കൊളോണിയൽ അമേരിക്കയിലേക്ക് കുടിയേറിയ ആയിരക്കണക്കിന് ആളുകളുടെയും അവരുടെ ജീവിതത്തിന്‍റെയും കഥ പറയുന്ന ഫ്രണ്ടിയർ കൾച്ചർ മ്യൂസിയമാണ് മറ്റൊരു പ്രധാന കാഴ്ച. 1600 ലും 1700 കളിലുമായാണ് ഇവര്‍ അമേരിക്കയിലേക്ക് എത്തുന്നത്. ഇതില്‍ മിക്കവാറും കർഷകരും ഗ്രാമീണ കരകൗശലത്തൊഴിലാളികളുമായിരുന്നു. 

9Staunton-Museum-Festival

മെച്ചപ്പെട്ട ജീവിതത്തിനുള്ള അവസരങ്ങള്‍ തേടിഅമേരിക്കൻ കോളനികളിലേക്ക് എത്തിയതായിരുന്നു അവര്‍. കൂടാതെ, കൃഷിയിടങ്ങളിലും തോട്ടങ്ങളിലും ജോലി ചെയ്യാൻ തയ്യാറാകാത്ത ആളുകളെ തടവുകാരായി ഇവിടേക്ക് കൊണ്ടുവരികയും ചെയ്യാറുണ്ടായിരുന്നു. ഇംഗ്ലണ്ട്, ജർമ്മനി, അയർലൻഡ്, പടിഞ്ഞാറൻ ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള പരമ്പരാഗത ഗ്രാമീണ കെട്ടിടങ്ങളുടെ ഉദാഹരണങ്ങൾ ഇവിടെയുണ്ട്. മ്യൂസിയത്തിലെ മനോഹര കാഴ്ചകള്‍ കാണാം.

ദി ഷാക്ക്

ടൂറിനിടെ വിശന്നു തുടങ്ങിയോ? എങ്കില്‍ നേരെ 'ദി ഷാക്കി'ലേക്ക് പോകാം! വലിപ്പത്തില്‍ ചെറുതാണെങ്കിലും രുചിയുടെ കാര്യത്തില്‍ ഈ റസ്‌റ്റോറന്‍റിനു യാതൊരു വിട്ടുവീഴ്ചയുമില്ല. അപ്പലേഷ്യന്‍ പർവതനിരകളുടെ താഴ്വരകളില്‍ നിന്നുള്ള ഗുണമേന്മയേറിയ പച്ചക്കറികളും മറ്റും ഉപയോഗിച്ചാണ് ഇവിടെ രുചികരമായ വിഭവങ്ങള്‍ തയ്യാറാക്കുന്നത്. വാഷിംഗ്ടൺ പോസ്റ്റിൽ നിന്ന് രണ്ട് ജെയിംസ് ബിയേർഡ് നോമിനേഷനുകളും ത്രീ സ്റ്റാർസ് റാങ്കിംഗും നേടിയ പ്രശസ്ത ഷെഫ് ഇയാൻ ബോഡൻ ആണ് ഇവിടുത്തെ വിഭവങ്ങള്‍ തയ്യാറാക്കുന്നത്. കിഴക്കൻ യൂറോപ്പിലെ ജൂതന്മാരുടെ ശൈലിക്കൊപ്പം പ്രാദേശിക രുചികളും കൂടി സംയോജിപ്പിച്ചാണ് ഇദ്ദേഹത്തിന്‍റെ പാചകരീതി. ഷെഫ് ബോഡനെക്കുറിച്ചും ഷാക്കിനെക്കുറിച്ചും കൂടുതൽ വിവരങ്ങള്‍ അറിയാം. 

2Virtual-Tour

വെയ്ൻസ്ബോറോയിലെ സൗത്ത് നദി

വെർജീനിയ സംസ്ഥാനത്തെ രണ്ട് അര്‍ബന്‍ ട്രൗട്ട് ഫിഷറികളിൽ ഒന്നാണിത്. നല്ല വലിപ്പമുള്ള ട്രൗട്ട് മത്സ്യങ്ങള്‍ ഇവിടെ പിടിക്കാം. വര്‍ഷംതോറും മത്സ്യബന്ധന പരിപാടികളും ഇവിടെ അരങ്ങേറാറുണ്ട്. മീന്‍പിടുത്ത പ്രേമികളുടെ പറുദീസയായ സൗത്ത് നദിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാം. 

5Frontier-Culture-Museum

ഐറിസ് ഇന്‍

വെയിൻസ്ബോറോയിലെ മികച്ച താമസസ്ഥലങ്ങളില്‍ ഒന്നാണ് പുതുതായി നവീകരിച്ച ഐറിസ് ഇൻ. 19 ഏക്കറിനുള്ളില്‍ ഒരു ബോട്ടിക് ഹോട്ടലിന്‍റെ സൗകര്യങ്ങളും ഉയർന്ന നിലവാരത്തിലുള്ള സേവനങ്ങളും ഉൾക്കൊള്ളുന്നതാണ് ഐറിസ് ഇൻ. ചുറ്റും മനോഹരമായ മലനിരകളുടെ കാഴ്ചകളും കാണാം. ആകർഷണീയമായ ക്യാബിനുകളും രുചികരമായ പ്രഭാതഭക്ഷണവുമെല്ലാം ഇവിടം സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു. ഇവിടുത്തെ കാഴ്ചകള്‍ കാണാം.

ബ്ലൂ റിഡ്ജ് ടണൽ

ഇരുട്ടിനെ പേടിയില്ലാത്തവര്‍ക്ക് മികച്ച ഒരു അനുഭവമായിരിക്കും ബ്ലൂ റിഡ്ജ് ടണലിലൂടെയുള്ള യാത്ര. റോക്ക്ഫിഷ് ഗ്യാപ്പിന് താഴെയായി, 1858 ലാണ് ക്ലോഡിയസ് ക്രോസെറ്റ് ബ്ലൂ റിഡ്ജ് ടണൽ നിര്‍മ്മിച്ചത്. അക്കാലത്ത് വടക്കേ അമേരിക്കയിലെ ഏറ്റവും ദൈർഘ്യമേറിയ റെയിൽ‌വേ തുരങ്കമായി അറിയപ്പെട്ടിരുന്നു. 

6Iris-Inn-view

അഫ്‌ടൺ പർവതത്തിലൂടെ നിര്‍മിച്ച ഒരു മൈൽ ദൈർഘ്യമുള്ള ഈ പാത ഇപ്പോൾ മധ്യ വെർജീനിയയിലെ നിലവിലുള്ള ട്രയലുകളുമായിബന്ധിപ്പിച്ചിട്ടുണ്ട്. ഇരുട്ടായതിനാല്‍ ഇതിനുള്ളിലൂടെ യാത്ര ചെയ്യാന്‍ ഫ്ലാഷ്ലൈറ്റുകൾ ആവശ്യമാണ്. 

ദി ഗോര്‍ജസ്

തെക്കോട്ട് ലെക്സിംഗ്ടണിലേക്കും റോക്ക്ബ്രിഡ്ജ് കൗണ്ടിയിലേക്കും പോയാല്‍ ഷെനാൻദോവ താഴ്വരയിലേക്കുള്ള തെക്കൻ കവാടത്തിലെത്താം. 100,000 ഏക്കർ വിസ്തൃതിയുള്ള പ്രദേശത്ത് പൊതു വനങ്ങൾ, പാർക്കുകൾ, വിനോദ മേഖലകൾ, രണ്ട് നദികൾ എന്നിവയെല്ലാം ചേര്‍ന്ന് അതിമനോഹരമാണ് ഈ പ്രദേശം. ഹൈക്കിങ്, ബൈക്കിംങ്, ഫിഷിങ്, ക്യാമ്പിങ് തുടങ്ങിയവക്കെല്ലാം ഇവിടെ സൗകര്യമുണ്ട്. ട്രാവല്‍+ലീഷറിന്‍റെ അവാര്‍ഡ് നേടിയ ദി  ഗോര്‍ജസ് ബുട്ടീക് ഇന്‍ ആണ് ഇവിടുത്തെ മറ്റൊരു കാഴ്ച. പാരമ്പര്യവും ആധുനികതയും കൈകോര്‍ക്കുന്ന ഇവിടുത്തെ കാഴ്ചകള്‍ കാണാം. 

8NaturalBridge_NancySorrells

നാച്ചുറൽ ബ്രിഡ്ജ് സ്റ്റേറ്റ് പാർക്ക്

വിർജീനിയയിലെ ഏറ്റവും പ്രശസ്തമായ ലാൻഡ്‌മാർക്കുകളിലൊന്നായ നാച്ചുറൽ ബ്രിഡ്ജ് സ്റ്റേറ്റ് പാർക്കിലാവട്ടെ യാത്രയുടെ അവസാനം. 1988 -ൽ നാഷണൽ ഹിസ്റ്റോറിക് ലാൻഡ്മാർക്ക് ആയി നാഷണൽ രജിസ്റ്ററി ഓഫ് ഹിസ്റ്റോറിക് ലസ്റ്റിൽ ലിസ്റ്റ് ചെയ്യുകയും 2016 -ൽ വിർജീനിയയുടെ 37 -ാമത് സ്റ്റേറ്റ് പാർക്കായി മാറുകയും ചെയ്ത പാര്‍ക്കാന്‍ നാച്ചുറൽ ബ്രിഡ്ജ്. 

1Blue-Ridge-Tunnel-18

215 അടി ഉയരമുള്ള ഒരു പ്രകൃതിദത്ത പാലമാണ് ഇവിടെ കാണാനുള്ളത്. ഒരു ഗുഹയുടെയോ തുരങ്കത്തിന്‍റെയോ മേൽക്കൂരയുടെ അവശിഷ്ടമെന്ന് കരുതാവുന്ന വിധം തിരശ്ചീനമായി ചുണ്ണാമ്പുകല്ലുകൾ കാണാം. ഈ പാർക്ക് അടുത്തിടെ വിർജീനിയയുടെ അഞ്ചാമത്തെ ഔദ്യോഗിക ഡാർക്ക് സ്കൈ പാർക്ക് ആയി മാറി. പകൽ മാത്രമല്ല, രാത്രി ചെലവഴിക്കാനും ഇവിടം ഒരു മികച്ച സ്ഥലമാണ്. പാര്‍ക്കിലൂടെ ഒന്നു നടന്നാലോ?

Emglish Summary:A Virtual Tour of Virginia's Splendid Southern Shenandoah Valley

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com