ADVERTISEMENT

‘യാത്രകൾ ഒരുപാട് ഇഷ്ടമാണ്. പുതിയ നാടുകളുടെ കാഴ്ചകളും സൗന്ദര്യവും തേടിയുള്ള സഞ്ചാരത്തിലാണ് യാത്രകളെ ഇത്രയധികം പ്രണയിക്കാൻ തുടങ്ങിയത്’ – മലയാളികളുടെ പ്രിയങ്കരിയായ നടി ശിവദ പറയുന്നു. ശിവദയ്ക്ക് കൂട്ടായി എത്തിയതും യാത്രകളെ പ്രണയിക്കുന്നയാള്‍ തന്നെ, ഭർത്താവ് മുരളി കൃഷ്ണ. ജയസൂര്യയും മഞ്ജുവാര്യരും അഭിനയിക്കുന്ന മേരി ആവാസ് സുനോ എന്ന ചിത്രത്തില്‍ ശക്തമായൊരു കഥാപാത്രവുമായി, നീണ്ട ഇടവേളയ്ക്കു ശേഷം തിരിച്ചെത്തുകയാണ് ശിവദ. യാത്രകളെപ്പറ്റി താരം സംസാരിക്കുന്നു.

collage-05

മകളുടെ വരവോടെ ഞങ്ങളുടെ ജീവിതത്തിൽ ഒട്ടേറെ മാറ്റങ്ങൾ വന്നു. യാത്രകളിൽ കൂടുതൽ കരുതൽ ഇപ്പോൾ ആവശ്യമാണ്. മോൾക്ക് വേണ്ടി പ്ലാൻ ചെയ്തിരുന്ന യാത്ര കൊറോണ വെള്ളത്തിലാക്കിയതിന്റെ സങ്കടത്തിലാണിപ്പോൾ. ഒരു സ്ത്രീയുടെ ജീവിതകാലത്തെ രണ്ടു രീതിയിൽ അടയാളപ്പെടുത്താം. ഒറ്റയ്ക്കുള്ള ജീവിതവും അമ്മയായതിന് ശേഷമുള്ളതും. എന്റെ കാര്യത്തിലും ഇത് ഏറെക്കുറെ ശരിയാണ്. ആദ്യമൊക്കെ ഷൂട്ടിങ് കഴിഞ്ഞു റൂമിൽ എത്തുമ്പോൾ സ്വന്തം കാര്യം മാത്രം നോക്കിയാൽ മതിയായിരുന്നു. ഇപ്പോൾ അങ്ങനെയല്ല, രണ്ടു വയസ്സുള്ള മകൾ കൂടെയുണ്ട്.

collage-03

കൊറോണയുടെ പിടി അയഞ്ഞു തുടങ്ങുകയും ഷൂട്ടിങ്ങുകള്‍ പുനരാരംഭിക്കുകയും ചെയ്തപ്പോൾ  ജീവിതം തിരക്കിലായി. പഴയ പോലെ മകളുടെ അടുത്തേക്ക് ചെല്ലാനൊക്കില്ലല്ലോ. ഞാൻ റൂമിൽ എത്തും മുമ്പ് അവളെ മാറ്റണമെന്ന് അമ്മയോടു പറയും. കുളിച്ച് ഫ്രഷാവാതെ എങ്ങനെയാണ് കുഞ്ഞിന്റെ അടുത്തേക്ക് പോവുക? ഇപ്പോഴത്തെ സാഹചര്യം അങ്ങനെയല്ലേ,

collage-01

ആദ്യ കൊറോണക്കാലം ബുദ്ധിമുട്ടേറിയതായിരുന്നു. പക്ഷേ ഞാൻ വെറുതെയിരുന്നില്ല. യോഗ പഠിക്കുകയും കുട്ടികളെ പഠിപ്പിക്കുകയും ചെയ്തു, പോസ്റ്റ് ഗ്രാജ്വേറ്റ് പഠനം പൂർത്തിയാക്കി. പക്ഷേ ഏറ്റവുമധികം മിസ്സ് ചെയ്തത് യാത്രകൾ തന്നെയാണ്. എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യങ്ങളിലൊന്നാണ് യാത്ര. പണ്ട് അച്ഛനും അമ്മയും കൊണ്ടു പോകുന്ന യാത്രകൾ പ്ലാൻ ചെയ്തുള്ളവയായിരുന്നു. പോകുന്ന സ്ഥലവും താമസവുമെല്ലാം ബുക്ക് ചെയ്യും. ആ യാത്രകൾക്ക് വേറേ ഒരു സുഖമാണ്. എന്നാൽ വിവാഹശേഷം ഞാനും മുരളിയും നടത്തിയ യാത്രകളൊക്കെ പെട്ടെന്നുള്ളതായിരുന്നു. 

collage-04

ബാഗ് പാക്ക് ചെയ്തോ? പോയേക്കാം– ഇങ്ങനെയാണ് ഞങ്ങളുടെ മിക്ക യാത്രകളുടെയും തുടക്കം. സാധാരണ യാത്രക്കാരെപ്പോലെ പ്ലാൻ ചെയ്ത യാത്രകളൊന്നും ഞങ്ങളുടെ ലിസ്റ്റിലില്ലായിരുന്നു. ഒരു യാത്രയിലാണ് അടുത്ത സ്ഥലം മനസ്സിൽ വരുക. അപ്പോൾ അവിടേക്ക് പോകും. കൂടുതലും ഡ്രൈവ് ചെയ്തുള്ള യാത്രകളാണ് ഞങ്ങൾ നടത്തിയിട്ടുള്ളത്. ജീവിതത്തിലേക്ക് കുട്ടിത്താരത്തിന്റെ കടന്നുവരവോടെ യാത്രകൾക്കും നിയന്ത്രണങ്ങളായി. മകൾ അരുന്ധതിയുടെ ആരോഗ്യവും മറ്റും കണക്കിലെടുത്താണ് ഇപ്പോൾ യാത്രകൾ പ്ലാൻ ചെയ്യുന്നത്. 

ഞങ്ങളെ മാത്രം കണ്ട് അരുന്ധതിക്കു ബോറടിച്ചിട്ടുണ്ടാകും

കൊറോണ വന്നതോടെ എല്ലാവരും വീട്ടിൽ തന്നെയാണല്ലോ. മോളാണ് ഞങ്ങളുടെ വീട്ടിൽ ഏറ്റവുമധികം ബോറടിച്ചയാൾ. അവൾ ഞങ്ങളുടെയും അച്ഛന്റെയും അമ്മയുടെയും മുഖങ്ങൾ മാത്രമല്ലേ കാണുന്നുള്ളൂ. അതുകൊണ്ട് ലോക്ഡൗണിൽ ഇളവുകൾ വന്നപ്പോൾ അവളോടൊപ്പം ചെറു യാത്രകൾ നടത്തി. ഒന്ന് ആലപ്പുഴയിലെ റിസോർട്ടിലേക്കും മറ്റൊന്ന് മൂന്നാറിലേക്കുമായിരുന്നു. രണ്ടു ദിവസം റിസോർട്ടിൽ താമസിച്ചു. അവൾക്കൊപ്പം ഇനിയുമേറെ യാത്ര ചെയ്യണമെന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യം മാറിയാൽ ഒരുപാട് ഇടത്തേക്കു പോകണം. പ്രകൃതിയിലെ ഒാരോ സുന്ദരകാഴ്ചയും മനോഹര ഇടങ്ങളും അവൾ കണ്ടാസ്വദിക്കണം.

മകൾക്കുവേണ്ടി സ്പെയിൻ -പോർച്ചുഗൽ ട്രിപ്പ് പ്ലാൻ ചെയ്തു, പക്ഷേ ...

അരുന്ധതിക്കു വേണ്ടി ഞങ്ങൾ സ്പെയിൻ – പോർച്ചുഗൽ യാത്ര പ്ലാൻ ചെയ്തിരുന്നു. 20 ദിവസത്തെ ട്രിപ്പായിരുന്നു. താമസവും ഫ്ലൈറ്റ് ടിക്കറ്റുമൊക്കെ റെഡിയായിരുന്നു. ആ സമയത്താണ് കൊറോണയുടെ വരവ്. ഇതുവരെ ആ യാത്ര പോകാനായില്ല. അരുന്ധതിയെയും കൂട്ടി ഒരു വിദേശയാത്ര പോകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. ലോക്ഡൗൺ കാലത്ത് ഒന്നു രണ്ട് ചെറിയ യാത്രകൾ നടത്തിയതല്ലാതെ വലിയ ട്രിപ്പുകൾ ഒന്നും പോകാൻ സാധിച്ചില്ല. മുൻപു ഞങ്ങൾക്ക് മാസത്തിൽ ഒരു യാത്ര പതിവാണ്. ഇപ്പോൾ ഒന്നും നടക്കുന്നില്ല. കുറച്ച് പദ്ധതികൾ തയാറാക്കി വച്ചിട്ടുണ്ട്. ഇന്ത്യ മുഴുവനും കാണണം. അതുപോലെ കന്യാകുമാരി -കശ്മീർ റോഡ് ട്രിപ്പ്. അത് എന്ന് നടക്കുമെന്നറിയില്ല; മകൾക്കൊപ്പമുള്ള വിദേശയാത്രയും. 

വാഹനത്തിന്റെ അവസ്ഥ കണ്ടാൽ ആളുകൾ ജീവനോടെ ഇല്ലെന്നു പറയും

യാത്രകളിൽ മറക്കാനാവാത്ത ഒത്തിരി നല്ല നിമിഷങ്ങൾ ഉണ്ടെങ്കിലും ഓർക്കാൻ സുഖമില്ലാത്ത ഓർമകളും ഉണ്ടാകും. അതുപോലെ ഒരു യാത്രയായിരുന്നു കശ്മീരിലേക്ക് നടത്തിയത്. വിവാഹശേഷം ഞാനും മുരളിയും ആറുപേരടങ്ങുന്ന സുഹൃത്ത് സംഘവും കശ്മീരിലേക്ക് യാത്ര തിരിച്ചു. സ്വന്തമായി ഡ്രൈവ് ചെയ്തുള്ള യാത്രയായിരുന്നു. ഡൽഹി വഴി പഞ്ചാബ്, പിന്നെ കശ്മീർ- ഇതായിരുന്നു പ്ലാൻ. ഡൽഹി എയർപോർട്ടിൽനിന്നു കാറിലായിരുന്നു യാത്ര.

collage-06

പഞ്ചാബിലെത്തിപ്പോഴായിരുന്നു ടെന്‍ഷനടിപ്പിച്ച ആ സംഭവം ഉണ്ടായത്. കാറിന് സുഗമമായി പോകാവുന്ന നല്ല റോഡാണ് പഞ്ചാബിലേത്. എന്നാൽ ചുറ്റും കുറ്റിക്കാടുകളുള്ള റോഡിൽ വാഹനത്തിന്റെ മുമ്പിലേക്കു പെട്ടെന്നൊരു കാള വട്ടം ചാടി. പെട്ടെന്നു വാഹനം ബ്രേക്കിട്ടെങ്കിലും അതിനെ ഇടിച്ചുവീഴ്ത്തി. ഭാഗ്യം തുണച്ചെന്നു പറയാം, വണ്ടി പൂർണമായും തകർന്നെങ്കിലുംഞങ്ങള്‍ക്ക് ആറുപേർക്കും ഒരു പോറലുപോലും ഉണ്ടായില്ല.

collage-02

വാഹനത്തിന്റെ അവസ്ഥ കണ്ടാൽ ഞങ്ങള്‍ അതിശയകരമായി രക്ഷപ്പെട്ടു എന്നേ പറയാനാവൂ. ആ കാളയും ചത്തു. യാത്രയുടെ തുടക്കമായതുകൊണ്ട് മനസ്സിനു വല്ലാതെ വിഷമം തോന്നി. കാർ അടുത്തുള്ള വർക്ക്ഷോപ്പിൽ കൊടുത്തിട്ട് മറ്റൊരു വാഹനത്തിലാണ് പിന്നീട് സഞ്ചരിച്ചത്. കുറേക്കാലം വീട്ടുകാർക്കൊന്നും ഈ സംഭവം അറിയില്ലായിരുന്നു. എന്നാൽ ഇപ്പോൾ ഞങ്ങളത് അവരോട് പറഞ്ഞു. 

collage-07

കശ്മീരും ന്യൂസീലൻഡും ഇനിയും കാണണം

ഞാൻ നമ്മുടെ നാട് തന്നെ ശരിക്കും കണ്ടിട്ടില്ലെന്ന് പറയാം. ഇന്ത്യയ്ക്കകത്ത് കുറേ യാത്രകൾ നടത്തിയിട്ടുണ്ട്. എങ്കിലും വീണ്ടും പോകണമെന്ന് തോന്നിയത് കശ്മീരിലും തവാങ്ങിലുമാണ്. ഈ രണ്ട് സ്ഥലങ്ങളിലും അങ്ങനെ പെട്ടെന്ന് പോയിവരാനും പറ്റില്ലല്ലോ. സുരക്ഷയും മറ്റും നോക്കി വേണം യാത്രചെയ്യാൻ. ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ സ്ഥലങ്ങളാണിത്. 

വിദേശരാജ്യങ്ങളിൽ വച്ചേറ്റവും ഇഷ്ടം ന്യൂസീലൻഡാണ്. ഞങ്ങൾ മുമ്പ് അവിടെ പോയിട്ടുള്ളതാണ്. 20-25 ദിവസം അവിടെ നിന്നിട്ടും മുഴുവൻ ന്യൂസീലൻഡും കാണാൻ സാധിച്ചില്ല. ഒരിക്കൽക്കൂടി അവിടെ പോകണം, ആ നാട് മുഴുവൻ കാണണം.’

English Summary:English Summary:   Celebrity Travel Experiences by Shivada

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com