പ്രേതക്കോട്ടകളിൽ കയറാൻ ധൈര്യമുണ്ടോ?

Predjama-Castle,-Slovenia
Image From Shutterstock
SHARE

എത്ര വിലക്കിയാലും ഭയപ്പെടുത്തുന്നതിനെ ഒന്നറിയാനും കാണാനും ആകാംക്ഷയുള്ളവരാണ് മനുഷ്യർ. ഭയത്തെയെയും ഭയപെടുത്തുന്നതിനെയും സ്നേഹിച്ചുകൊണ്ടു സ്വീകരിക്കാൻ ചിലർക്ക് ഏറെയിഷ്ടമാണ്. അങ്ങനെയുള്ളവർക്ക് താൽപര്യം ജനിപ്പിക്കുന്ന നിരവധിയിടങ്ങൾ നമ്മുടെ നാട്ടിലുണ്ട്. അസ്ഥികൂടങ്ങൾ നിറഞ്ഞ തടവറകളിലൂടെയും ജയിലുകളിലൂടെയും സഞ്ചരിക്കുന്ന, പ്രേതക്കഥകളാൽ ഭയപ്പെടുത്തുന്ന ചില കോട്ടകളുമുണ്ട്. 

ബ്രാൻ കോട്ട, റൊമാനിയ 

ബ്രാൻ കോട്ടയ്ക്ക് ആമുഖം ആവശ്യമില്ല. ഡ്രാക്കുളയുടെ കോട്ട എന്നും അറിയപ്പെടുന്ന ഇവിടം പ്രശസ്ത ഹൊറർ കഥപാത്രം വ്ലാഡ് III ഡ്രാക്കുള അല്ലെങ്കിൽ വ്ലാഡ് ദി ഇംപീലറുമായി ബന്ധപ്പെട്ടിരിക്കുന്നു. ഡ്രാക്കുളയെ കുറിച്ച് പറയുമ്പോഴൊക്കെ ആദ്യം മനസ്സിൽ തെളിയുന്നത് കോട്ടയുടെ ചിത്രമായിരിക്കും. സഞ്ചാരികളെ മോഹിപ്പിക്കുന്ന ഡ്രാക്കുള കൊട്ടാരം ഇന്നൊരു മ്യൂസിയമാണ്. നല്ല ധൈര്യമുണ്ടെങ്കിലേ കോട്ടയ്ക്കകത്ത് കയറാൻ പലരും തയാറാകാറുള്ളൂ. 

ഒരു ദിവസം കൊണ്ട് കണ്ടു തീർക്കാൻ കഴിയുന്നതല്ല ഡ്രാക്കുള കോട്ട. ടൂർ ഗൈഡ് ഉണ്ടെങ്കിൽ കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമാണ്. കോട്ടയ്ക്കു പുറത്തു നിന്നു ലഭിക്കുന്ന ഭക്ഷണത്തെ കുറിച്ച് അത്ര മികച്ച അഭിപ്രായം യാത്രികരിൽ നിന്നു തന്നെ ഇല്ലാത്തതിനാൽ ഇവിടേക്ക് എത്തുന്നതിനു മുൻപ് തന്നെ കയ്യിൽ ഭക്ഷണം കരുതുന്നത് നന്നാവും. ഇപ്പോൾ സ്വകാര്യ ഗ്രൂപ്പാണ് കോട്ടയുടെ നടത്തിപ്പ്. അതും ഇവിടുത്തെ ടൂറിസം പ്രോത്സാഹിപ്പിക്കാൻ വേണ്ടിയാണ്. റൊമാനിയയിൽ നിന്നു ബ്രാനിലെത്താൻ അത്ര ബുദ്ധിമുട്ടൊന്നുമില്ല. ബുച്ചാറെസ്റ്റിൽ നിന്നും ട്രെയിനില്‍  ബ്രസൂവിൽ എത്താം. ബ്രസൂവിൽ നിന്നു ബ്രാനിലേക്ക് സിറ്റി ബസുകൾ ലഭ്യമാണ്. വസന്തകാലത്തിൽ ബ്രാൻ കോട്ട സന്ദർശിക്കുന്നതാണ് ഏറ്റവും നല്ലത്. 

Bran-Castle,-Romania
Image From Shutterstock

ഹിമേജി കോട്ട, ജപ്പാൻ 

പ്രേതബാധയുള്ള സ്ഥലങ്ങൾക്ക് പേരുകേട്ടതാണ് ജപ്പാൻ. അത്തരത്തിലൊരു സ്ഥലമാണ് ഹിമേജി കോട്ടയും. 1333 മുതലുള്ള ഈ കോട്ട ജാപ്പനീസ് വാസ്തുവിദ്യയുടെ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നാണ്. ജപ്പാനിലെ ഹൈഗോ പ്രിഫെക്ചറിൽ ഹിമേജി  നഗരത്തിലെ കുന്നിൻ മുകളിലാണ് ഇൗ കോട്ട. ജപ്പാനിലെ ഏറ്റവും വലുതും ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്നതുമായ കോട്ടയാണിത്. 1993-ൽ രാജ്യത്തെ ആദ്യത്തെ യുനെസ്കോ ലോക പൈതൃക സൈറ്റുകളിൽ ഒന്നായി ഇത് റജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.

പണ്ട് മോഷണം ആരോപിച്ച് ഒകികു എന്നൊരു യുവതിയെ കോട്ടയ്ക്കുള്ളിൽ വച്ച് കൊലപ്പെടുത്തി. ചെയ്യാത്ത തെറ്റിന് മരണപ്പെട്ട ഒകികുവിന്റെ ആത്മാവ് ഇവിടെ അലഞ്ഞു തിരിയുന്നുവെന്നാണ് പറയുന്നത്. പുറമേ നോക്കുമ്പോൾ തന്നെ ഭയപ്പെടുത്തുന്ന അനുഭവമാണ് ഈ കോട്ടയ്ക്ക്. 

Himeji-Castle,-Japan
Image From Shutterstock

വോർഗാർഡ് കോട്ട, ഡെൻമാർക്ക്

മനോഹരമായ നാടാണ് ഡെൻമാർക്ക്. സഞ്ചാരികൾക്ക് നിറയെ കാഴ്ചകൾ ഒരുക്കിവച്ചിരിക്കുന്ന ഡെൻമാർക്കിന്റെ മനോഹരമായ ഇടവഴികളിൽ ഇത്രയധികം പ്രേതക്കഥകൾ ഉണ്ടാകുമെന്ന് ആരെങ്കിലും ഓർക്കുമോ? ഡാനിഷ് പട്ടണമായ ഡ്രോണിംഗ്ലണ്ടിലെ വോർഗാർഡ് കോട്ട, ഇരുണ്ട ഭൂതകാലമുള്ള ഒരു കലാസൃഷ്ടിയാണ്.

1578 -ൽ കോട്ട പണിത ഇംഗെബോർഗ് സ്കീൽ എന്നയാൾ, ആ കോട്ട പോലെ മറ്റൊന്ന് ചെയ്യാതിരിക്കാൻ അതിന്റെ ശില്‍പിയെ കിണറ്റിൽ മുക്കിക്കൊന്നു എന്നാണ് പറയപ്പെടുന്നത്. രാത്രിയായാൽ കോട്ടയിൽ അലഞ്ഞുതിരിയുന്ന ശിൽപിയുടെ പ്രേതത്തെ കാണാറുണ്ടത്രേ. 

Voergaard-Castle,-Denmark
Image From Shutterstock

ലീപ് കാസിൽ, അയർലൻഡ്

പതിമൂന്നാം നൂറ്റാണ്ടിനും പതിനഞ്ചാം നൂറ്റാണ്ടിനും ഇടയിൽ നിർമിച്ച ലീപ് കാസിൽ എന്ന ഐറിഷ് കോട്ട, ചോരപുരണ്ട ചാപ്പലിന് കുപ്രസിദ്ധമാണ്. ലീപ് കോട്ടയുമായി ബന്ധപ്പെട്ട് നിരവധി രക്തരൂക്ഷിതമായ കഥകളുണ്ട്. ഇവിടെ താമസിച്ചിരുന്ന ഒകരോൾ വംശജർക്ക് അതിഥികൾക്ക് വിഷം കൊടുക്കാൻ വളരെ ഇഷ്ടമായിരുന്നു. 

അങ്ങനെ ഒട്ടനവധിപ്പേർ മരിച്ചിട്ടുണ്ടെന്നും , കോട്ടയുടെ ചാപ്പലിൽ രണ്ട് സഹോദരന്മാർ അധികാരത്തിനായി പരസ്പരം കൊലചെയ്ത കഥകളുമെല്ലാം പ്രചാരത്തിലുണ്ട്, ഈ ചാപ്പൽ ഇപ്പോൾ അറിയപ്പെടുന്നത് ബ്ലഡി ചാപ്പൽ എന്നാണ്. ഇവിടെയുള്ള മനുഷ്യ തടവറയിൽ നിന്നും നിരവധി മനുഷ്യ അസ്ഥികൂടങ്ങളും കണ്ടെത്തിയിട്ടുണ്ട്. 

Predjama-Castle,-Slovenia1
Image From Shutterstock

പ്രെഡ്ജാമ കോട്ട, സ്ലൊവേനിയ

സ്ലോവേനിയയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രമാണ് പ്രെഡ്ജാമ കോട്ട. അടിസ്ഥാനപരമായി ഇതൊരു ഗുഹ കോട്ടയാണ്. പ്രെഡ്ജാമ കോട്ട സ്ഥിതിചെയ്യുന്നത് പ്രെഡ്ജാമ പട്ടണത്തിലാണ്. എത്തിച്ചേരാൻ വളരെ എളുപ്പമാണ്. സ്ലൊവേനിയൻ റോബിൻ ഹുഡായ നൈറ്റ് ഇറാസെമിന്റെ കുടുംബ എസ്റ്റേറ്റായിരുന്നു പ്രെഡ്ജാമ കോട്ട.  ചുണ്ണാമ്പുകല്ല് പാറയിലാണ് ഇൗ കോട്ട നിർമിച്ചിരിക്കുന്നത്.

പതിമൂന്നാം നൂറ്റാണ്ടിൽ ഒരു ചുണ്ണാമ്പ് പാറയിൽ നിന്നു എങ്ങനെ ഇത്തരമൊരു കോട്ട കൊത്തിയെടുത്തു എന്നത് ഇന്നും നിഗൂഡമാണ്. പകൽ സാധാരണ പോലെ കഴിഞ്ഞു പോകുമെങ്കിലും ഈ മ്യൂസിയത്തിലെ ജീവനക്കാർ പോലും സൂര്യാസ്തമയത്തിന് മുമ്പ് പുറത്തുകടക്കും. കാരണം സ്വന്തം അനുയായികളാൽ മരണപ്പെട്ട ഇറാസെമിന്റെ ആത്മാവ് ഇവിടെ അലഞ്ഞു തിരിഞ്ഞു നടപ്പുണ്ടെന്നാണ് വിശ്വാസം

ലാർനാച്ച് കോട്ട, ന്യൂസിലാൻഡ് 

ലാർനാച്ച് കോട്ട കൊട്ടാരം ഒരു പ്രാദേശിക രാഷ്ട്രീയക്കാരനായ വില്യം ലാർനാച്ചിന്റെ വസതിയായിരുന്നു. 26 വയസിൽ ടൈഫോയ്ഡ് ബാധിച്ച് മരണമടഞ്ഞ ലാർനാച്ചിന്റെ മകൾ കേറ്റ് കോട്ടയിൽ അലഞ്ഞു നടപ്പുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഒരു കാലത്ത് മനുഷ്യവാസമുണ്ടായിരുന്ന ഇവിടം ഇന്ന് ആരും പേടിക്കുന്ന പ്രേതാലയമായി മാറിയിരിക്കുന്നു. 

ഹൗസ്ക കോട്ട, ചെക്ക് റിപ്പബ്ലിക് 

ഈ കോട്ടയുടെ നിർമാണത്തിന് പിന്നിലെ കഥ തന്നെ ഭയപ്പെടുത്തുന്നതാണ്. നരകത്തിലേക്കുള്ള പ്രവേശന കവാടം എന്ന് വിളിക്കുന്ന ഭൂമിയിലെ ഒരു വലിയ ദ്വാരത്തിന് മുകളിലായാണ് ഈ കോട്ട. നിര്‍മാണ ശൈലിയിൽ കോട്ടയുണ്ടെന്ന് പോലും തോന്നിപ്പിക്കില്ല. നരക കവാടം കടന്നെത്തുന്ന നിരവധി ഭൂതങ്ങൾ കോട്ടയുടെ മതിലുകൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നുവെന്ന് ആളുകൾ വിശ്വസിക്കുന്നു.

English Summary: Visit Haunted Castles 

Houska-Castle
Image From Shutterstock
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA