ADVERTISEMENT

ബീച്ചുകളില്‍ വെയില്‍ കായാന്‍ കിടക്കുന്ന സഞ്ചാരികളെ കണ്ടിട്ടില്ലേ? സായിപ്പിന്‍റെ ഭാഷയില്‍ ഇതിനു 'സണ്‍ബാത്ത്' എന്നു പറയും. എന്നാല്‍ തെക്കന്‍ ജപ്പാനില്‍ ഉള്ളവര്‍ക്ക് ഈ വെയില്‍ക്കുളിയോട് അത്ര പ്രിയമില്ല. പകരം, മണല്‍ക്കുളിയാണ് ഇവര്‍ക്കിഷ്ടം. ജാപ്പനീസ് ഭാഷയില്‍ ഇതിനൊരു പേരുമുണ്ട്- സുന-മുഷി. തെക്കൻ ജപ്പാനിലെ ഇബുസുകി ബീച്ചിലെത്തിയാല്‍ ഇങ്ങനെ മണലില്‍ മുങ്ങിക്കിടക്കുന്ന നിരവധിപ്പേരെ കാണാം.

എവിടെയാണ് ഈ ബീച്ച്?

തെക്കൻ ജപ്പാനിലെ ക്യുഷു ദ്വീപിലാണ് ഇബുസുകി ബീച്ച്. കഗോഷിമയ്ക്ക് തെക്കും മകുരാസാക്കിക്ക് കിഴക്കുമായി സ്ഥിതിചെയ്യുന്ന ഈ പ്രദേശം അഗ്നിപർവ്വത പ്രവർത്തനങ്ങള്‍ക്ക് പേരുകേട്ടതാണ്. ബീച്ചിൽ നിന്ന് വളരെ അകലെയല്ലാതെ, കൈമോണ്ടാകെ എന്നു പേരുള്ള സജീവ അഗ്നിപര്‍വ്വതമുണ്ട്. അതുകൊണ്ടുതന്നെ ഇവിടെയുള്ള മണലില്‍ നിരവധി ധാതുക്കള്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. കറുത്ത നിറമുള്ള മണലാണ്‌ ഇവിടെയുള്ളത്. അഗ്നിപർവ്വത പ്രവർത്തനങ്ങൾ മൂലം മണലിന് ചെറിയ ചൂടും കാണും. ഇക്കാരണങ്ങളെല്ലാം കൊണ്ടുതന്നെ ഈ മണലിന് ഔഷധഗുണം ഉണ്ടെന്നും ഇതില്‍ മുങ്ങിക്കിടന്നാല്‍ അസുഖങ്ങള്‍ മാറി ആരോഗ്യം കൈവരുമെന്നും ആളുകള്‍ വിശ്വസിക്കുന്നു.

പ്രമേഹവും അമിതവണ്ണവും മാറ്റുന്ന മണല്‍

ആസ്തമ, പ്രമേഹം, വന്ധ്യത, വിളർച്ച, പൊണ്ണത്തടി, നടുവേദന, ആർത്തവ ക്രമക്കേടുകൾ തുടങ്ങി, ജീവിത ശൈലി മൂലമുണ്ടാകുന്നതും അല്ലാത്തതുമായ ഒട്ടേറെ രോഗങ്ങള്‍ക്ക് ഇവിടുത്തെ മണല്‍ മരുന്നാണ് എന്നാണ് പ്രദേശവാസികള്‍ അവകാശപ്പെടുന്നത്. ഈ കഥയ്ക്ക് ഏറെ പ്രചാരം ഉള്ളതു കൊണ്ടുതന്നെ, ഏകദേശം മുന്നൂറോളം വര്‍ഷങ്ങളായി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളും ഇബുസുകി ബീച്ചിലേക്ക് ഒഴുകിയെത്തുന്നു. ഇവിടുത്തെ മണല്‍ ശരീരസൗന്ദര്യം കൂട്ടാനും നല്ലതാണത്രേ.

japan-sandbath-1
brize99/Shutterstock

എന്നാല്‍ ഈ വാദങ്ങള്‍ക്ക് ശാസ്ത്രീയമായ തെളിവുകളൊന്നുമില്ല. കഗോഷിമ യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ഇതേക്കുറിച്ച് പഠനം നടത്തിയിരുന്നു. രോഗമൊന്നും മാറ്റില്ലെങ്കിലും ഈ മണല്‍ക്കുളി കാരണം രക്തയോട്ടം വര്‍ധിക്കുമെന്ന് അവര്‍ കണ്ടെത്തി.

റിസോര്‍ട്ടുകളിലെ മണല്‍ക്കുളി

ഇബുസുകി ബീച്ചില്‍ ജനപ്രിയമായ ധാരാളം റിസോര്‍ട്ടുകള്‍ ഉണ്ട്. ഇവിടങ്ങളില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് മണല്‍ക്കുളിക്കായി പ്രത്യേകം ഒരുക്കിയ സുന-മുഷി പവലിയനുകള്‍ സജ്ജീകരിച്ചിരിക്കുന്നു. റിസോര്‍ട്ടുകളില്‍ താമസിക്കുന്നവര്‍ക്ക് മാത്രമല്ല, പകല്‍സമയത്ത് ഇവിടം സന്ദര്‍ശിക്കുന്നവര്‍ക്കും പവലിയനുകളില്‍ മണല്‍ക്കുളി നടത്താം.

ഇതിനായി മണലിന്‍റെ ചൂട് ശരീരത്തിലേക്ക് നേരിട്ട് പകരാന്‍ സഹായിക്കുന്ന തരം പ്രത്യേക വസ്ത്രം ധരിക്കണം. അതിനു ശേഷം ബീച്ചിലെ ഏതെങ്കിലും ഒരു സ്പോട്ടില്‍ മണലില്‍ മുങ്ങി കിടക്കണം. ഏകദേശം ഇരുപതു മിനിറ്റോളം ഇങ്ങനെ കിടക്കുന്നതാണ് ശരീരത്തിന് ഗുണഫലങ്ങള്‍ നല്‍കുന്നത് എന്ന് ഇവര്‍ അവകാശപ്പെടുന്നു. ശരീരത്തിലെ ടോക്സിനുകള്‍ മുഴുവന്‍ നീക്കി, പുത്തനുണര്‍വ് നല്‍കുന്ന അനുഭവമാണ് ഇതെന്നാണ് പറയപ്പെടുന്നത്. അതിനു ശേഷം ചുറ്റുമുള്ള ഉഷ്ണ നീരുറവകളിലെ വെള്ളത്തില്‍ ഒരു കുളി കൂടി പാസാക്കിയാല്‍ മണല്‍ക്കുളി പൂര്‍ത്തിയായി.

എങ്ങനെ എത്താം?

ക്യൂഷു ദ്വീപിന്‍റെ വടക്കൻ ഭാഗത്തായി സ്ഥിതിചെയ്യുന്ന ഫുകുവോക്ക വിമാനത്താവളമോ, അല്ലെങ്കിൽ ദ്വീപിന്‍റെ മധ്യഭാഗത്തുള്ള കുമാമോട്ടോ വിമാനത്താവളമോ വഴി ഇവിടെയെത്താം. ഇവിടങ്ങളില്‍ നിന്നും ഇബുസുകിയിലേക്ക് ട്രെയിനുകള്‍ ലഭ്യമാണ്.

English Summary: Ibusuki Beach: Sand bathing in southern Japan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com