ADVERTISEMENT

ലോകത്തിലെ ഏറ്റവും വലിയ ഉഷ്ണമരുഭൂമിയായ സഹാറയെക്കുറിച്ച് കേള്‍ക്കാത്തവര്‍ ഉണ്ടാവില്ല.  ആഫ്രിക്കൻ ഭൂഖണ്ഡത്തിന്‍റെ ഉത്തര ഭാഗത്തായി സ്ഥിതിചെയ്യുന്ന സഹാറയില്‍ വൈവിധ്യമാര്‍ന്നതും കൗതുകമുണര്‍ത്തുന്നതുമായ നിരവധി കാഴ്ചകളുണ്ട്. അത്തരത്തില്‍ ഒരു കാഴ്ചയാണ് 'റിഷാറ്റ് സ്ട്രക്ചര്‍' എന്ന് വിളിക്കപ്പെടുന്ന വിചിത്ര വലയം. മരുഭൂമിക്ക് നടുവില്‍ ഒരു വമ്പന്‍ ബുള്‍സൈ ഉണ്ടാക്കി വച്ചതു പോലെ കാണപ്പെടുന്ന ഈ ഘടന, ബഹിരാകാശത്ത് നിന്നു നോക്കിയാല്‍ വരെ കാണാം! നാസ ആണ് ഇൗ ചിത്രങ്ങൾ പകർത്തിയത്.

സഞ്ചാരികള്‍ക്ക് ഇവിടേക്ക് യാത്ര ചെയ്യാം. എന്നാല്‍, മരുഭൂമി പ്രദേശമായതിനാല്‍ ഇതത്ര സുഖകരമായ യാത്രയായിരിക്കില്ല എന്നതാണ് സത്യം. ഇവിടേക്ക് യാത്ര ചെയ്യാന്‍ താല്‍പര്യം ഉള്ള വിനോദസഞ്ചാരികള്‍ ആദ്യം തന്നെ മൗറിറ്റാനിയൻ വീസ നേടുകയും ഒരു പ്രാദേശിക സ്പോൺസറെ കണ്ടെത്തുകയും വേണം. ഇക്കാര്യങ്ങള്‍ ലഭിച്ചു കഴിഞ്ഞാല്‍ ടൂറിസ്റ്റുകൾക്ക് പ്രാദേശിക ടൂര്‍ ഏജന്‍സികളുമായി ബന്ധപ്പെട്ട് യാത്രാ ക്രമീകരണങ്ങള്‍ നടത്താം. മുകളില്‍ നിന്നുള്ള കാഴ്ച കാണാനായി എയ്റോപ്ലേന്‍, ഹോട്ട് എയർ ബലൂൺ യാത്രകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

eye-of-the-sahara1
Image From Shutterstock

ഇതിവിടെയാണ്

കൃത്യമായി പറഞ്ഞാല്‍ മൗറിറ്റാനിയയിലെ ഒവാഡെയ്‌നടുത്തുള്ള സഹാറ പ്രദേശത്ത്, അഡ്രാർ പീഠഭൂമിയിലാണ് റിഷാറ്റ് സ്ട്രക്ചര്‍ ഉള്ളത്. ഏകദേശം നാല്‍പ്പതു കിലോമീറ്ററോളം വരും ഇതിന്‍റെ വ്യാസം. മില്യന്‍ കണക്കിന് വര്‍ഷങ്ങളായി ഉണ്ടായ അഗ്നിപർവത പ്രവർത്തനങ്ങൾ മൂലമാണ് ഈ രൂപം ഉടലെടുത്തത് എന്ന് ഗവേഷകര്‍ കണ്ടെത്തി. ഈ രൂപത്തിന്‍റെ സമമിതി കാലങ്ങളായി ഗവേഷകര്‍ക്ക് അദ്ഭുതമാണ്.

ഭൗമശാസ്ത്രജ്ഞര്‍ക്ക് മാത്രമല്ല, ചരിത്രാന്വേഷകര്‍ക്കും ഏറെ പ്രിയപ്പെട്ട ഒരു ഇടം കൂടിയാണ് ഇവിടം. അഷൂലിയന്‍ ശിലാ ഉപകരണങ്ങളുടെ വമ്പന്‍ ചരിത്രശേഖരം ഈ പ്രദേശത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. ഈ ഉപകരണങ്ങള്‍ ഉണ്ടാക്കാനായി ആദിമമനുഷ്യര്‍ ഉപയോഗിച്ചിരുന്നതും ഇവിടെ നിന്നുതന്നെ ശേഖരിച്ച പാറകളാണ് എന്നാണ് ഗവേഷകരുടെ നിഗമനം. എന്നാല്‍ ഉപകരണ നിര്‍മാണത്തിനുള്ള പാറകള്‍ ശേഖരിക്കാന്‍ വേണ്ടി മാത്രമായിരിക്കാം ആളുകള്‍ ഇവിടെ എത്തിയിരുന്നതെന്നും ചില കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നു. 

English Summary: Richat Structure,A geological bull's-eye visible from outer space

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com