ADVERTISEMENT

മമ്മികളുടെ മായാലോകം സിനിമകളിലൂടെയും പുസ്തകങ്ങളിലൂടെയും മറ്റും സുപരിചിതമാണ്. ഈജിപ്തിലെ മമ്മികള്‍ ലോകപ്രസിദ്ധമാണ്. എന്നാല്‍ മൃതദേഹങ്ങള്‍ മമ്മികളായി സൂക്ഷിക്കാന്‍ തുടങ്ങിയത് ഈജിപ്തുകാരല്ല എന്ന കാര്യം അറിയാമോ? മൃതദേഹങ്ങള്‍ കാലങ്ങളോളം കേടുകൂടാതെ മമ്മികളായി സൂക്ഷിക്കാനുള്ള ‘ടെക്നോളജി’ കണ്ടുപിടിച്ചത് തെക്കേ അമേരിക്കയിലെ ആന്‍ഡീസ് പര്‍വതനിരയ്ക്കും പസിഫിക് സമുദ്രത്തിനും ഇടയില്‍ ജീവിച്ചിരുന്ന ചിന്‍ചോരോ ഗോത്രക്കാരായിരുന്നു. ഇന്നത്തെ ചിലെയിലാണ് ഇവര്‍ ജീവിച്ചിരുന്നത്. ഈജിപ്ഷ്യന്‍ മമ്മികള്‍ ഉണ്ടാകുന്നതിനും ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്ക് മുന്‍പു തന്നെ ചിന്‍ചോരോ വര്‍ഗക്കാര്‍ നിർമിച്ച മമ്മികള്‍ ഗവേഷകര്‍ ഇവരുടെ അധിവാസ പ്രദേശങ്ങളില്‍നിന്നു കണ്ടെടുത്തിട്ടുണ്ട്.

ഈജിപ്ഷ്യന്‍ മമ്മികള്‍ക്കു നാലായിരം വര്‍ഷം മുമ്പ്

chile-travel1
Shutterstock

ഈജിപ്തില്‍ കണ്ടെത്തിയ ഏറ്റവും പഴക്കമേറിയ മമ്മി ബിസി 3000ല്‍ നിന്നുള്ളതാണ്. ചിലെയിലെ അറ്റക്കാമ മരുഭൂമിയില്‍നിന്ന്, ബിസി 5050 മുതല്‍ ബിസി 7020 വരെയുള്ള കാലഘട്ടങ്ങളില്‍ നിന്നുള്ള മമ്മികള്‍ ലഭിച്ചിട്ടുണ്ട്. അറ്റക്കാമ മേഖലയിലെ ആദ്യകാല കുടിയേറ്റക്കാരായിരുന്നു ചിന്‍ചോരോ ഗോത്രക്കാര്‍ എന്ന് ഗവേഷകര്‍ പറയുന്നു. ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യം കണക്കിലെടുത്ത്, അരിക്കയിലെയും പരിനാക്കോട്ടയിലെയും ചിന്‍ചോരോ അധിവാസകേന്ദ്രങ്ങള്‍ 2021ൽ യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായി പ്രഖ്യാപിച്ചു.

സഞ്ചാരികള്‍ക്ക് കാണാന്‍ കണ്‍നിറയെ കാഴ്ചകള്‍

സഞ്ചാരികള്‍ക്ക്, മമ്മികള്‍ ലഭിച്ച സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരം പ്രാദേശിക സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. സന്ദര്‍ശകര്‍ക്കായി, പുരാതന മമ്മികളുടെ വന്‍ ശേഖരമുള്ള സാൻ മിഗുവൽ ഡി അസാപ മ്യൂസിയവും അരികയിലെയും കലേറ്റ കാമറൂണ്‍സിലെയും പുരാവസ്തു കേന്ദ്രങ്ങളും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് ഒരു ടൂറിസം സര്‍ക്യൂട്ട് ഉണ്ടാക്കിയിട്ടുണ്ട്. ചിന്‍ചോരോ ഗോത്രക്കാരുടെ പ്രകൃതിദത്ത മമ്മികളും കറുത്ത മമ്മി, ചുവന്ന മമ്മി, ചെളിയില്‍ പൊതിഞ്ഞു സൂക്ഷിച്ചതും ബാന്‍ഡേജ് കൊണ്ട് ചുറ്റിക്കെട്ടി സൂക്ഷിച്ചതുമായ മമ്മികള്‍ എന്നിവയെല്ലാം ഇവിടെ കാണാം.

ചിലെയിലെ മറ്റു കാഴ്ചകള്‍

chile-travel
Image From Shutterstock

അഗ്നിപർവതങ്ങൾ, മഴക്കാടുകൾ, പർവത നിരകൾ, തടാകങ്ങൾ, ചെറുദ്വീപുകൾ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയുള്ള ചിലെ ലോകത്തിലെ ഏറ്റവും സുന്ദരമായ ഭൂപ്രദേശങ്ങളിലൊന്നാണ്.  ലോകത്തെ ഏറ്റവും വരണ്ട മരുഭൂമിയായ അറ്റക്കാമ മുതൽ മെഡിറ്ററേനിയന്‍ പോലെയുള്ള കാലാവസ്ഥയുള്ള മധ്യഭാഗവും മഞ്ഞുമൂടിയ തെക്കുഭാഗവും ഈ രാജ്യത്തുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകള്‍ എത്തുന്ന രാജ്യങ്ങളില്‍ ഒന്നാണ് ചിലെ. ഒരു വർഷം 20 ലക്ഷത്തോളം ആളുകൾ ഇവിടം സന്ദര്‍ശിക്കുന്നു എന്നാണു കണക്ക്.

ഇന്‍കായിക് വാസ്തുവിദ്യയും മൂണ്‍ വാലിയും ആൽറ്റിപ്ലാനോ തടാകങ്ങളും ചുങ്കാര തടാകവും പരിനാക്കോട്ട, പോമറേപ്പ് അഗ്നിപർവതങ്ങളും ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളാണ്. കൂടാതെ, അരൗക്കാനയിലെ കോങ്ഗില്ലോ, ഇസ‌്‌ലാ മോച്ച, നഹുൽബൂട്ട, ലഗുണ സാൻ റാഫേൽ, ടോറസ് ഡെൽ പെയിൻ എന്നിങ്ങനെയുള്ള നിരവധി നാഷനൽ പാർക്കുകളും ചിലോസ് ദ്വീപസമൂഹവും ഈസ്റ്റര്‍ ദ്വീപുമെല്ലാം നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള വേനല്‍ക്കാലത്താണ് ഇവിടേക്ക് കൂടുതല്‍ സഞ്ചാരികള്‍ എത്തിച്ചേരുന്നത്.

Image From Shutterstock
Image From Shutterstock

English Summary: The world's oldest mummies are not in Egypt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com