ADVERTISEMENT

യൂറോപ്പിലെ ഏറ്റവും വലുതും ലോകത്തെ നാലാമത്തെ വലിയ ഫുട്‌ബോൾ സ്റ്റേഡിയവുമാണ് ബാഴ്‌സലോണയുടെ ഔദ്യോഗിക മൈതാനമായ ന്യു ക്യാംപ് സ്‌റ്റേഡിയം. ലോകകപ്പ് മൽസരങ്ങൾക്കും കാൽ പന്തിലെ ഒട്ടേറെ ഫൈനലുകൾക്കും നിർണായക മത്സരങ്ങൾക്കും അനേകം തവണ ഈ മൈതാനം വേദിയായിരിക്കുന്നു. ഫുട്ബോള്‍ ലോകത്തെ എച്ച്സി ബാഴ്സലോണയുടെ ക്യാംപ് ന്യൂ സ്റ്റേഡിയത്തിലേക്ക് ഒരു യാത്ര.

കളി മാത്രമല്ല, ചില കാഴ്ചകളുമുണ്ട്

barcelona-nou-camp-stadium
Image From Shutterstock

ഒരുപാട് ഗേറ്റുകള്‍ ഉള്ള ഈ മഹാ സ്റ്റേഡിയമാണ് ന്യു ക്യാംപ്. ഒന്‍പതാം നമ്പര്‍ ഗേറ്റിലാണ് സ്റ്റേഡിയം സന്ദർശിക്കാനെത്തുന്ന ആളുകളെ കടത്തിവിടുന്നത്. കയറിച്ചെല്ലുമ്പോള്‍ ഇടതുവശത്തായി ബാഴ്സയുടെ സ്റ്റോര്‍ കാണാം. വലതുവശത്തായി റോബോകീപ്പര്‍ എന്ന് പേരുള്ള ചെറിയ ഗെയിം പ്ലാറ്റ്ഫോം ഒരുക്കിയിരിക്കുന്നു. ഇരുപത്തിയാറു യൂറോ ആണ് ടൂറിനുള്ള ഫീസ്‌ ആയി ഈടാക്കുന്നത്. ഇത് ഇവിടെ നിന്നുതന്നെ എടുക്കാം, അല്ലെങ്കില്‍ ഓണ്‍ലൈനില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുകയുമാവാം.

മ്യൂസിയം

Barcelona
ടിജി മറ്റം

ബാഴ്സയുടെ നിറങ്ങളായ കടുംനീല, കടും ചുവപ്പ് എന്നീ നിറങ്ങളില്‍ ആണ് ഇതിനുള്ളിലെ കളര്‍ കോമ്പിനേഷന്‍. ബാഴ്സയുടെ മ്യൂസിയത്തിനുള്ളിലൂടെ കടന്നാണ് സ്റ്റേഡിയത്തിനുള്ളില്‍ എത്തുന്നത്. മ്യൂസിയത്തിനുള്ളില്‍ നിരവധി ട്രോഫികളും ഫുട്ബോള്‍ ചരിത്രവുമായി ബന്ധപ്പെട്ട നിരവധി വസ്തുക്കളും കാണാം. 1902 മുതലുള്ള ട്രോഫികളും അതാതു മത്സരങ്ങളിലെ കളിക്കാരുടെയും ഗോളിയുടെയും ജേഴ്സികളും ബൂട്ടുകളും പന്തുകളും അവയുമായി ബന്ധപ്പെട്ട രേഖകളും വിവരങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. മെസ്സി നേടിയ ആറു ഗോള്‍ഡന്‍ ഷൂകളും ആറു ഗോള്‍ഡന്‍ ബോളുകളുമാണ് ഇവിടുത്തെ മറ്റൊരു പ്രധാന ആകര്‍ഷണം. പുരുഷടീമുകളുടെ മാത്രമല്ല, വനിതാ ടീമുകള്‍ നേടിയ ട്രോഫികളും ഇവിടെ കാണാം.

ഓർമകളുറങ്ങുന്ന സ്വപ്ന മൈതാനം

മ്യൂസിയത്തില്‍ നിന്നും പുറത്തേക്ക് കടക്കുന്നത് നിരവധി ഫുട്ബോൾ ഓർമകൾ ഉറങ്ങുന്ന സ്റ്റേഡിയത്തിന്‍റെ മധ്യഭാഗത്തേക്കാണ്. ബാഴ്സയുടെ നിറങ്ങളായ ഡാര്‍ക്ക്‌ ബ്ലൂ, ഡാര്‍ക്ക്‌ റെഡ്, ഡാര്‍ക്ക് യെല്ലോ എന്നീ നിറങ്ങളിലാണ് ഇവിടുത്തെ ഇരിപ്പിടങ്ങള്‍ എല്ലാം ഒരുക്കിയിരിക്കുന്നത്. യൂറോപ്പിലെ ഏറ്റവും വലുതും ലോകത്തിലെ ഏറ്റവും വലുപ്പമേറിയ നാലാമത്തെതുമായ സ്റ്റേഡിയമാണിത്. ഒരു ലക്ഷത്തിനടുത്ത് ആളുകള്‍ക്ക് ഇവിടെ ഇരിക്കാം.

Barcelona1
ടിജി മറ്റം

വിവിധ ടീമുകളും കോച്ചുമെല്ലാം മീഡിയയെ അഭിസംബോധന ചെയ്യുന്ന പ്രസ് കോണ്‍ഫറന്‍സ് റൂമും ഡ്രസിംഗ് റൂമുമെല്ലാം സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാം. അതിനു ശേഷം ഒരു ടണലിലൂടെ പോയാല്‍ ഗ്രൗണ്ടില്‍ എത്താം. ടിവിയിലും മറ്റും ഒരുപാട് തവണ കണ്ടുപരിചയിച്ച ഈ ഗ്രൗണ്ടിനു മുന്നില്‍ നിന്നും ഫോട്ടോയെടുക്കുക എന്നത് ലോകത്തെ എല്ലാ ഫുട്ബോള്‍ പ്രേമികളുടെയും സ്വപ്നമായിരിക്കും. ഗ്രൗണ്ടിനരികില്‍ സഞ്ചാരികള്‍ക്കായി ബാഴ്സയുടെ ഓര്‍മകൾ എന്നും കാത്തുസൂക്ഷിക്കുന്നതിനായി കീചെയിന്‍, കോയിന്‍, മാഗ്നറ്റ് മുതലായ സുവനീറുകള്‍ വില്‍ക്കുന്ന ഒരു ചെറിയ സ്റ്റാളും കാണാം.

ബാഴ്സ ഷോപ്പിങ് സോൺ

അതു കഴിഞ്ഞു നേരെ ചെല്ലുന്നത് ബാഴ്സയുടെ സുവര്‍ണ്ണ കാലഘട്ടത്തിലെ കളിക്കാരുടെ ചിത്രങ്ങളും വിഡിയോകളും പ്രദര്‍ശിപ്പിക്കുന്ന നിരവധി സ്ക്രീനുകള്‍ അടങ്ങിയ ഏരിയയിലേക്കാണ്. പിന്നീട് മൂന്നു നിലകളിലായി ഒരുക്കിയിട്ടുള്ള ബാഴ്സ ഷോപ്പിങ് സോണും സന്ദര്‍ശിക്കാം. ബാഴ്സയുമായി ബന്ധപ്പെട്ട ജേഴ്സികള്‍ മുതലായ എല്ലാത്തരം സാധനങ്ങളും സന്ദര്‍ശകര്‍ക്ക് ഈ മെഗാസ്റ്റോറില്‍ നിന്നു വാങ്ങാം. ഷോപ്പിങ് ചെയ്തു തളരുമ്പോള്‍ വിശ്രമിക്കാന്‍ ഗാലറി മോഡലില്‍ ഒരുക്കിയിരിക്കുന്ന ഇരിപ്പിടങ്ങളും ഇവിടെയുണ്ട്.

സ്റ്റേഡിയത്തിന്‍റെ ഏറ്റവും മുകള്‍ഭാഗത്തായി പ്രസ് ഗാലറിയുണ്ട്. സ്റ്റേഡിയത്തിന്‍റെ ഇടതു വശത്തായാണ് ഇത് സെറ്റ് ചെയ്തിരിക്കുന്നത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ കളി കാണുന്നത് ഇവിടെ നിന്നാണ്.

ഒരു സിനിമ കാണുന്നതു പോലെ ബാഴ്സയുടെ ചരിത്രത്തിലെ അപൂര്‍വ മുഹൂര്‍ത്തങ്ങള്‍ ആരാധകരുടെ മുന്നിലേക്ക് എത്തിക്കുന്ന തിയേറ്റര്‍ ഏരിയയാണ് അടുത്ത ആകര്‍ഷണം. ഇതിനരികിലായി ബാഴ്സയുടെ പുതിയ സ്റ്റേഡിയത്തിന്‍റെ ഒരു മോഡലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഒരു ലക്ഷത്തിലേറെ ആളുകള്‍ക്ക് ഒരുമിച്ചിരുന്നു കളി കാണാന്‍ പറ്റുന്നതും അത്യാധുനിക സൗകര്യങ്ങളോട് കൂടിയതുമായ സ്റ്റേഡിയമാണിത്.

English Summary: Travel to Barcelona Camp Nou Stadium

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com